•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഗത്‌സമേനിലെ വിയര്‍പ്പുതുള്ളികള്‍

വിശുദ്ധ ലൂക്കായുടെ സുവിശേഷം 22-ാം അധ്യായത്തില്‍ യേശുവിന്റെ ഗത്‌സമേന്‍ തോട്ടത്തിലെ പ്രാര്‍ത്ഥനയെപ്പറ്റി വിശദീകരിക്കുന്നു. ഗത്‌സമേന്‍ എന്ന  വാക്കിന്റെയര്‍ത്ഥം ''ഒലിവ് ആട്ടുന്ന ചക്കുള്ള സ്ഥലം'' എന്നാണ്. അവിടെ യേശു എത്തിച്ചേരുന്നു. കമിഴ്ന്നുവീണു പ്രാര്‍ത്ഥിക്കുന്ന യേശുവിനെയാണ് നാമിവിടെ കാണുന്നത്. കമിഴ്ന്നുവീഴുകയെന്നത്  പ്രാര്‍ത്ഥനയുടെ ശരീരഭാഷയാണ്. ഗത്‌സമേനിലേക്കെത്തുന്നതിനുമുമ്പ് യേശു ശിഷ്യന്മാരില്‍നിന്ന് ഒരു കല്ലേറുദൂരം മാറിനിന്നു. 46-ാം സങ്കീര്‍ത്തനം 10-ാം വാക്യത്തില്‍ പറയുന്നു: ''നീ ശാന്തമാവുക, ഞാന്‍ ദൈവമാണെന്ന് അറിയുക.'' ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ദൈവത്തിന്റെ സ്വരം കേള്‍ക്കാനാവില്ല. ചുറ്റുപാടുകളില്‍ നിശബ്ദതയുണ്ടാകുമ്പോഴാണ് ദൈവത്തെ ശ്രവിക്കാന്‍ കഴിയുന്നത്. മാമ്മോദീസാ കഴിഞ്ഞ ശേഷം യേശു മരുഭൂമിയിലേക്കു പോയി. ഗത്‌സമേന്‍തോട്ടത്തിലേക്കു പോകുമ്പോള്‍ പ്രിയശിഷ്യരില്‍നിന്ന് ഒരു കല്ലേറുദൂരം  പോയി. ചില മനുഷ്യരില്‍നിന്നും അകന്നുനിന്നാലേ ദൈവത്തോട് അടുക്കുവാന്‍ കഴിയൂ. ദൈവത്തോട് അടുപ്പിക്കാത്ത മനുഷ്യരില്‍നിന്നും പരമാവധി അകലണം. ദൈവത്തോട് അടുപ്പിക്കുന്നവരോട് പരമാവധി അടുത്തുനില്‍ക്കണം.
പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍ ഇവിടെ നാം കാണുന്നുണ്ട്. പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ചില ചിന്തകളും നമുക്കു ലഭ്യമാണ്. നാളെ ഒരു കാല്‍വരിയും കുരിശും എനിക്കുണ്ടെങ്കില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വിയര്‍ത്തുപോകും. യേശുവിന്റെ മുമ്പില്‍  കുരിശും കാല്‍വരിയുമുണ്ട്. അതു മുന്നില്‍ കണ്ട യേശു പ്രാര്‍ത്ഥിച്ചപ്പോള്‍ രക്തം വിയര്‍ത്തു. ഭീതിജനകവും വേദനിപ്പിക്കുന്നതുമായ അനുഭവമുണ്ടെങ്കില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നാം വിയര്‍ക്കും. ബാങ്കുജപ്തിയുടെ ഭീഷണി, മാരകമായ രോഗത്തിന്റെ സൂചന, മക്കളുടെ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ മുമ്പില്‍ വരുമ്പോള്‍ പ്രാര്‍ത്ഥനയില്‍ നാം വിയര്‍ത്തുപോകും. കടുകുമണിപോലെ നിറഞ്ഞ വിശ്വാസം നമുക്കുണ്ടാകാത്തതിന്റെ കാരണം മാറാന്‍ മലയില്ലാത്തതാണ്. നാളെ കാല്‍വരിയും കുരിശുമില്ലാത്തവര്‍ക്ക് പ്രാര്‍ത്ഥന ഉറക്കത്തിന്റെ സമയമാണ്. പത്രോസിനും കൂട്ടര്‍ക്കും നാളെ കാല്‍വരി കയറേണ്ട ആവശ്യമില്ല. അവര്‍ തളര്‍ന്ന് ഉറങ്ങുന്നതായി കാണുന്നു.
ദുഃഖവെള്ളിയാഴ്ച മറ്റൊരു രംഗത്തിന് നാം സാക്ഷ്യംവഹിക്കുന്നു.  പ്രാര്‍ത്ഥിച്ച് മനസ്സിനെ പാകപ്പെടുത്താത്ത രണ്ടു കള്ളന്മാര്‍ കാല്‍വരിയിലേക്കു വന്നു. കുരിശില്‍ തറച്ചപ്പോഴും ആണിയടിച്ചപ്പോഴും അവര്‍ പിറുപിറുത്തു. പ്രാര്‍ത്ഥിക്കാത്ത കള്ളന്മാര്‍ക്ക് 'കുരിശ്' ശാപവും ശല്യവുമായിരുന്നു. അനുദിനജീവിതത്തില്‍ പ്രാര്‍ത്ഥനയില്ലാതായാല്‍ നമ്മള്‍ ശാപവാക്കുകള്‍ പറയും. എന്തിലും ഏതിലും അസ്വസ്ഥത കാണിക്കും. എന്നാല്‍, പ്രാര്‍ത്ഥിച്ച് ഒരുങ്ങിയ യേശു കാല്‍വരിയില്‍ വന്നപ്പോഴുള്ള കാഴ്ച വ്യത്യസ്തമാണ്. പിതാവായ ദൈവം വിരിച്ചുപിടിച്ച കരങ്ങളായി കുരിശിനെ അവന്‍ കണ്ടു. വേദനിപ്പിക്കുന്ന കുരിശിനും വേദനിക്കുന്ന ശരീരത്തിനുമിടയില്‍ ദൈവസാന്നിധ്യം അനുഭവിച്ചും നമ്മള്‍  പ്രാര്‍ത്ഥിക്കുന്നവരല്ലെങ്കില്‍ തകര്‍ച്ചകളില്‍ കുരിശിനെ കണ്ടെത്തും. പ്രാര്‍ത്ഥിക്കുന്ന വ്യക്തികളാണെങ്കില്‍ എനിക്കും കുരിശിനുമിടയില്‍ ക്രൂശിതനായ കര്‍ത്താവിനെ കണ്ടെത്തും.
പ്രാര്‍ത്ഥിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഗത്‌സമേന്‍തോട്ടം പഠിപ്പിക്കുന്നു. ചില പ്രാര്‍ത്ഥനകള്‍ പ്രത്യക്ഷത്തില്‍ കേള്‍ക്കാത്ത പ്രാര്‍ത്ഥനകളായി തോന്നാം. 'കാസാ മാറ്റിത്തരണമേ' എന്ന യേശുവിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടതായി തോന്നില്ല. പക്ഷേ, കുടിക്കുവാന്‍ പാനപാത്രങ്ങള്‍ നല്‍കുന്ന ദൈവം പ്രാര്‍ത്ഥിക്കുന്ന മനുഷ്യരെ ആശ്വസിപ്പിക്കുവാന്‍ മാലാഖമാരെ അയച്ചുകൊടുക്കും. ഒത്തിരി വേദനകൊണ്ടു മുറിയുമ്പോള്‍ ഒരു ധ്യാനപ്രസംഗം ദൈവം നമ്മെ കേള്‍പ്പിക്കും. തിരുവചനമായും ആത്മീയഗീതങ്ങളായും കര്‍ത്താവു നമ്മെ ആശ്വസിപ്പിക്കും. ഒരു കാര്യത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ ആ കാര്യം സാധിച്ചില്ലെങ്കിലും പ്രാര്‍ത്ഥിക്കുന്ന മനുഷ്യന് ആന്തരികമായ കരുത്തു ലഭിക്കും. പ്രതിസന്ധികള്‍ തീര്‍ന്നില്ലെങ്കിലും അവയുടെമേല്‍ ചിറകുവിരിച്ച് പറന്നുയരാന്‍ ശക്തി ലഭിക്കും. ജീവിതപ്രതിസന്ധികളില്‍ തളരാതെ നില്‍ക്കുവാന്‍ മറിയത്തിനു കരുത്തു നല്‍കിയത് പ്രാര്‍ത്ഥനയാണ്. അപ്പസ്‌തോലന്മാര്‍ തളരാതെ നിന്നത് പ്രാര്‍ത്ഥനയുടെ ബലത്തിലാണ്.
ഗത്‌സമേന്‍ നമ്മെ പഠിപ്പിക്കുന്ന പാഠം എപ്രകാരം ഉപസംഹരിക്കണമെന്നതാണ്. പാനപാത്രം മാറ്റിത്തരണമേ എന്നു പ്രാര്‍ത്ഥിച്ച യേശു അവസാനം പറയുന്നത് 'നിന്റെ ഇഷ്ടം നിറവേറട്ടെ' എന്നാണ്.
നമ്മുടെ ആഗ്രഹങ്ങള്‍ ദൈവത്തിന്റെ മുമ്പില്‍ പറയാം. പക്ഷേ, അവസാനം യേശു പറഞ്ഞതുപോലെ നമ്മളും കൂട്ടിച്ചേര്‍ക്കണം. ഞാന്‍ പരിമിതിയുള്ള മനുഷ്യനാണ്. എന്റെ പരിമിതിക്കുള്ളില്‍ നിന്നു ഞാന്‍ കാണുന്നു. ദൈവം അനന്തതയെ കാണുന്നു. എനിക്കുപരി നന്മ വരുന്നതെന്തെന്ന് ദൈവം അറിയുന്നു. അപ്രകാരം അവിടുന്നു പ്രവര്‍ത്തിക്കും. ആവശ്യങ്ങള്‍ അവതരിപ്പിച്ചശേഷം ദൈവഹിതത്തിന് സമ്പൂര്‍ണമായി വിട്ടുകൊടുക്കുവാന്‍ നമുക്കു കഴിയട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)