•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പ്രത്യാശയുടെ വാതില്‍

ജീവനുള്ള സകലതും ഉദ്ഭവം, വളര്‍ച്ച, ക്ഷയം എന്നീ മൂന്നവസ്ഥകളിലൂടെ കടന്നുപോകണമെന്നുള്ളത് ജൈവപരമായ പ്രകൃതിനിയമമാണ്. എന്നാല്‍, സ്രഷ്ടാവായ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചതും തന്മൂലം ദൈവാംശം കുടികൊള്ളുന്നതും ആത്മാവും ശരീരവുമുള്ളതുമായ മനുഷ്യര്‍ മാത്രം തങ്ങളുടെ ജഡമുപേക്ഷിച്ചു സ്രഷ്ടാവിലേക്കുതന്നെ മടങ്ങിപ്പോകുന്നു. സഭാപ്രസംഗകന്‍ ഇപ്രകാരം ആലേഖനം ചെയ്തിരിക്കുന്നു: ''ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങുന്നു. ആത്മാവ് തന്റെ ദാതാവായ ദൈവത്തിലേക്കു തിരിച്ചുപോകുകയും ചെയ്യുന്നു.''
ചരിത്രാതീതകാലംമുതല്‍ വിവിധ ഘട്ടങ്ങളില്‍ അനന്തകോടി ജനങ്ങള്‍ ഈ ഭൂമുഖത്തു ജനിച്ചു മരിച്ചു മണ്ണോടു ചേര്‍ന്നിട്ടുണ്ട്. അവരില്‍ അമാനുഷികരെന്നവകാശപ്പെടുന്ന  ആള്‍ദൈവങ്ങള്‍ തുടങ്ങി പ്രഗല്ഭരും പ്രസിദ്ധരുമായ രാജാക്കന്മാര്‍, പ്രഭുക്കള്‍, ഗുരുക്കന്മാര്‍, ശാസ്ത്രജ്ഞര്‍, ഭിഷഗ്വരര്‍, ദാര്‍ശനികര്‍, വിജ്ഞാനികള്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നു. കല്ലറകള്‍ക്കുള്ളില്‍ കാലങ്ങളായി അഴുകാത്ത ഭൗതികശരീരത്തോടുകൂടിയ മഹാവിശുദ്ധര്‍ വസിക്കുന്നു. അവരും പഞ്ജരം ഉപേക്ഷിച്ചു പറന്നുപോകുന്ന പക്ഷിയെപ്പോലെ സ്വര്‍ഗം പൂകിയവരാണ്. എന്നാല്‍, മേല്‍പ്പറഞ്ഞവരാരും  മരിച്ചതിനുശേഷം ഈ ഭൂമിയിലേക്കു തിരിച്ചുവന്നിട്ടില്ല. പക്ഷേ, ലോകചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരേ ഒരാള്‍ മാത്രം മരിച്ച് മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുക!... അവനാണു നസ്രായനായ യേശുക്രിസ്തു. അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തിലെ സമസ്തസമസ്യകള്‍ക്കും സങ്കീര്‍ണപ്രശ്‌നങ്ങള്‍ക്കും സകലസംശയങ്ങള്‍ക്കുമുള്ള ഉത്തരം യേശുക്രിസ്തുവിന്റെ ഉത്ഥാനത്തില്‍ നിക്ഷിപ്തമാണ്. കാരണം, അവന്‍ ലോകഗുരുവും നാഥനും രക്ഷകനുമാണ്.
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു: ''മരണത്തിന്റെ നിമിഷങ്ങളില്‍ ഓരോ മനുഷ്യനും അവന്റെ നിത്യസമ്മാനം അനശ്വരമായ ആത്മാവില്‍ ലഭ്യമാവുന്നു. ക്രിസ്തുവുമായുള്ള അവന്റെ ജീവിതത്തെ ബന്ധപ്പെടുത്തിയാണത്. ഒരു ശുദ്ധീകരണപ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം അല്ലെങ്കില്‍ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം'' (സി.സി.സി. 1022). ഈശോ പറഞ്ഞ ലാസറിന്റെയും ധനവാന്റെയും ഉപമ ഈ യാഥാര്‍ത്ഥ്യമാണു നമ്മെ ഓര്‍മപ്പെടുത്തുന്നത്. ആരും സ്വര്‍ഗത്തില്‍നിന്ന് ഒരടയാളവും നോക്കിയിരിക്കേണ്ടതില്ല. അതിനാണല്ലോ നിയമവും പ്രവാചകരും ദൈവവചനങ്ങളും. കൂടാതെ, ആത്മീയഗുരുക്കന്മാരും കൂദാശകളും ധാര്‍മികശക്തിയെയും ആധ്യാത്മികമൂല്യങ്ങളെയും പോഷിപ്പിക്കുന്നു. ഒരുവന്‍ പുതിയ സൃഷ്ടിയാവുകയെന്നതാണ് പരമപ്രധാനം!
യേശു വിഭാവനം ചെയ്ത രക്ഷ സാര്‍വത്രികമാണ്. ആരും മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല. കാരണം, മാനവരാശി മുഴുവന്‍ ഒരേ പിതാവിന്റെ മക്കളാണ്, പ്രാന്തസ്ഥരായ രോഗികള്‍, പാപികള്‍, ചുങ്കക്കാര്‍, ദരിദ്രര്‍, നിരക്ഷരര്‍ തുടങ്ങിയവര്‍ക്കിടയില്‍ സ്‌നേഹവിപ്ലവത്തിന്റെ തിരികൊളുത്തി അവരുടെ പക്ഷം ചേര്‍ന്ന് അവരിലൊരാളെപ്പോലെ സമൂഹത്തിന്റെ വിളുമ്പുകളില്‍ അവന്‍ ചുറ്റിസഞ്ചരിച്ചു. തന്റെ പരസ്യജീവിതത്തിന്റെ പരിസമാപ്തി വി. കുര്‍ബാന സ്ഥാപിക്കലായിരുന്നല്ലോ. തന്റെ രക്തവും ശരീരവുംവഴി മനുഷ്യവംശം മുഴുവന്‍ ഒരു പിതാവിന്റെ മക്കളായി, സഹോദരീസഹോദരന്മാരായി ജീവിക്കണമെന്നവിടുന്നു തീവ്രമായി ആഗ്രഹിച്ചു. അതിന്റെ മുന്നാസ്വാദനമായിരുന്നു പെസഹാവ്യാഴാഴ്ചത്തെ പീഡാസഹനവും കുരിശുമരണവും. പിതാവായ ദൈവം മനുഷ്യമക്കള്‍ക്കായി അനാദിയിലേ ഒരുക്കിയിരുന്ന രക്ഷാകരപദ്ധതി അതിന്റെ പരിസമാപ്തിയിലെത്തിയത് തന്റെ ഏകജാതന്റെ തിരുവുത്ഥാനംകൂടി നിറവേറിയതിലൂടെയാണ്!
യേശുവിന്റെ ഉത്ഥാനം കണ്ടവരാരുമില്ല. അതു ത്രിതൈ്വകദൈവത്തില്‍ അധിഷ്ഠിതമായ നിഗൂഢരഹസ്യമാണ്. എന്നാല്‍, അടയാളങ്ങള്‍ കാണപ്പെട്ടിരുന്നു. കല്ലറയുടെ മുകളില്‍നിന്നു കല്ല് ഉരുട്ടിമാറ്റപ്പെട്ടിരുന്നു. തിരുശരീരം പൊതിഞ്ഞിരുന്ന തിരുക്കച്ച മാറിക്കിടന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ തനിയെ കിടക്കുന്നതുമാണ് അടയാളമായി കാണപ്പെട്ടത്. അവനെ മരണശിക്ഷയ്ക്കു വിധിച്ചവരെയും അവന്റെ രക്തത്തിനായി മുറവിളി കൂട്ടിയവരെയും കല്ലറയ്ക്കു കാവല്‍നിന്നവരെയുമെല്ലാം ഭയവിഹ്വലരും അദ്ഭുതപരതന്ത്രരുമാക്കി എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് മൂന്നാം ദിവസം വിജയശ്രീലാളിതനായി ഉത്ഥാനം ചെയ്തു! തിന്മയ്ക്കും അനീതിക്കും അസത്യത്തിനും ശാശ്വതമായ നിലനില്പ് ഇല്ലെന്നുള്ള തിരിച്ചറിവാണ് യേശുവിന്റെ ശൂന്യമായ കല്ലറ നമ്മെ ഓര്‍മപ്പെടുത്തുന്നത്.
ഉത്ഥാനശേഷം തന്റെ അമ്മയായ പരിശുദ്ധ മറിയത്തിന് ഈശോ ആദ്യമായി പ്രത്യക്ഷപ്പെട്ടുവെന്ന് വിശുദ്ധപാരമ്പര്യങ്ങള്‍ എക്കാലവും വിശ്വസിച്ചുപോരുന്നു. അതിനുശേഷം ഉത്ഥാനപ്പുലരിയില്‍ത്തന്നെ അവനെ കാണാനുള്ള ഭാഗ്യം ലഭിച്ചത് മഗ്ദലനമറിയത്തിനാണ്. അവിടുന്ന് അവളെ പേരുചൊല്ലി വിളിച്ചു. ഉത്ഥാനദൂത്  ശിഷ്യരെ അറിയിക്കാന്‍ ആദ്യനിയോഗം ലഭിച്ചതും അവള്‍ക്കുതന്നെ. അങ്ങനെ, അവള്‍ ആദ്യത്തെ അപ്പസ്‌തോലയായി. മാത്രമല്ല, സ്ത്രീത്വത്തിന്റെ മഹത്ത്വവും ഔന്നത്യവും അവളിലൂടെ യേശു ലോകത്തിന്റെ മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചു. സ്ത്രീത്വത്തിന് അവിടുന്ന് അംഗീകാരവും ആദരവും നല്‍കി.
യേശു തന്റെ ഉത്ഥാനത്തിനുശേഷം പല രൂപഭാവങ്ങളില്‍ സ്ഥലകാലഭേദമില്ലാതെ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഈ പ്രത്യക്ഷീകരണങ്ങളുടെ ചുവടുപിടിച്ചാണ് തിരുസ്സഭ രൂപംകൊണ്ടതും പടര്‍ന്നുപന്തലിച്ചതും. ആദിമക്രൈസ്തവരുടെ ചുടുനിണം വീണു കുതിര്‍ന്ന വളക്കൂറുള്ള മണ്ണിലാണ് സഭയുടെ വേരോട്ടം! ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു സമാധാനമായി, സന്തോഷമായി സന്തതസഹചാരിയായി നമ്മോടൊപ്പമുണ്ട്. ''നമ്മള്‍ പുനരുത്ഥാനത്തിന്റെ മക്കളാണ്. ഹല്ലേലുയ്യായുടെ ഗീതമാണ്'' -വി. അഗസ്റ്റിന്റെ വാക്കുകളാണിത്.
യേശുവിന്റെ പീഡാസഹനവും കുരിശുമരണവും നമ്മുടെ ജീവിതത്തെ സമൂലം മാറ്റിമറിക്കണം. അതു മാത്രമാണ് യേശു നല്‍കുന്ന രക്ഷ സ്വന്തമാക്കാനുള്ള മാര്‍ഗം. യേശു നേടിത്തന്നതാണ് നാം പ്രാപിക്കാന്‍ കാത്തിരിക്കുന്ന നിത്യജീവന്‍! തന്മൂലം നശ്വരമായ ജീവിതത്തെ മറന്ന് അനശ്വരമായ ആത്മാവിനെ പുല്‍കി ജാഗരൂകരായി സ്വര്‍ഗീയതുറമുഖം ലക്ഷ്യമാക്കി യാത്ര തുടരാം: ''ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലമൊരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാന്‍ വീണ്ടും വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.'' സുന്ദരമായ ഈ വാഗ്ദാനം നമ്മുടെ പാഥേയമായിരിക്കട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)