നിരപരാധരായ ജനങ്ങളെ നിഷ്ഠുരം കൊന്നൊടുക്കുന്ന യുദ്ധക്കൊതിയിലേക്കു ലോകം ഒരിക്കല്‍ക്കൂടി പ്രവേശിച്ചിരിക്കുന്നു. ലോകം മുഴുവന്‍ ഒരേസമയം പടര്‍ന്നുപിടിച്ച കൊവിഡ്-19 മഹാമാരിക്കെതിരേ സകല രാജ്യങ്ങളും ഒന്നിച്ചുനിന്നു പോരാടുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
യുദ്ധംകൊണ്ട് ആര്‍ക്കും ഒരു നേട്ടവുമില്ലെന്ന തിരിച്ചറിവ് നേതാക്കള്‍ക്കില്ലാതെ പോകുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. ആധുനികലോകം കണ്ടിട്ടുള്ള പ്രധാന യുദ്ധങ്ങളിലെ ജീവഹാനിയുടെ കണക്കുകള്‍ ആരെയും ഞെട്ടിക്കാന്‍ പോന്നതാണ്. ഒന്നാംലോകമഹായുദ്ധത്തില്‍ 97 ലക്ഷം സൈനികരും ഒരു കോടി ജനങ്ങളുമാണ് കൊല്ലപ്പെട്ടത്. രണ്ടു കോടിയോളം പേര്‍ക്ക് മാരകമായി പരിക്കേറ്റു. 1939 മുതല്‍ 1945 വരെ നീണ്ട രണ്ടാം ലോകമഹായുദ്ധത്തില്‍ രണ്ടു കോടി സൈനികരും നാലു കോടി സാധാരണക്കാരുമാണ് ജീവന്‍ വെടിഞ്ഞത്. യുദ്ധത്തിനൊടുവില്‍ 1945 ഓഗസ്റ്റ് 6നും 9 നും ആറ്റംബോംബു വര്‍ഷിക്കപ്പെട്ട ഹിരോഷിമയിലും നാഗസാക്കിയിലും യഥാക്രമം 1,40,000 വും 74,000 വും പേരാണ് നിമിഷനേരംകൊണ്ട് ചാമ്പലായി മാറിയത്. ആറ്റംബോംബുകളില്‍നിന്നുള്ള അണുപ്രസരമേറ്റ് അംഗവൈകല്യം സംഭവിച്ചവരും ശരീരം മുഴുവന്‍ വടുക്കള്‍ പേറുന്നവരുമായ അനേകം വയോധികര്‍ ജപ്പാനില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് യുദ്ധക്കെടുതിയുടെ നേര്‍സാക്ഷ്യമാണ്.
1950-53 വര്‍ഷങ്ങളിലെ കൊറിയന്‍ യുദ്ധത്തില്‍ ഇരുകൊറിയകളിലുമായി മരണപ്പെട്ടത് 50 ലക്ഷം പേര്‍. ദക്ഷിണ കൊറിയയുടെ പക്ഷം പിടിക്കാനെത്തിയ യു.എസ്. സൈനികരില്‍ 40,000 പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. 1955 ല്‍ തുടങ്ങിയ വിയറ്റ്‌നാം യുദ്ധത്തിലെ ആകെ ആള്‍നാശം 40 ലക്ഷമായിരുന്നു. സോവിയറ്റ് യൂണിയന്റെ വിയറ്റ്‌നാമിലേക്കുള്ള കടന്നുകയറ്റം തടയാനായി അമേരിക്കയും യുദ്ധത്തിനിറങ്ങി. ഗൊറില്ലാ യുദ്ധമുറകളില്‍ പ്രാവീണ്യം നേടിയിരുന്ന വിയറ്റ് കോംഗ് പോരാളികള്‍ക്കുമുമ്പില്‍ യുഎസ് സൈന്യം അടിപതറി. 20 വര്‍ഷം നീണ്ട യുദ്ധത്തിലെ നാണംകെട്ട തോല്‍വിക്കുശേഷം നാട്ടിലേക്കു തിരികെപ്പോകുമ്പോഴേക്കും 58,220 സൈനികരെയാണ് അവര്‍ക്കു നഷ്ടമായത്.
1979 മുതല്‍ പത്തു വര്‍ഷം അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയ സോവിയറ്റ് യൂണിയനെ തുരത്താന്‍ അമേരിക്ക കൂട്ടുപിടിച്ചത് സൗദി അറേബ്യയെയും പാക്കിസ്ഥാനെയും വിവിധ ഭീകരഗ്രൂപ്പുകളെയുമായിരുന്നു. തീവ്രവാദിഗ്രൂപ്പുകളായ മുജാഹിദ്ദീനും അല്‍ക്വയ്ദയും പിന്നീട് ജന്മംകൊണ്ട താലിബാനും അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരേ തിരിയാന്‍ അധികകാലം വേണ്ടിവന്നില്ല. 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം അഫ്ഗാനിസ്ഥാനില്‍ കടന്നുകയറിയ പാശ്ചാത്യസേനകള്‍ 20 വര്‍ഷങ്ങള്‍ക്കുശേഷം 2021 ഓഗസ്റ്റ് 15 ന് നിരുപാധികം പിന്‍വാങ്ങുമ്പോഴേക്കും 2,41,000 പേര്‍ മരിച്ചുവീണിരുന്നു. 2,401 യു.എസ്. സൈനികരുള്‍പ്പെടെ 3,502 പേരാണ് സഖ്യസേനയ്ക്കു നഷ്ടമായത്.
എട്ടുവര്‍ഷം നീണ്ട ഇറാന്‍-ഇറാക്ക് യുദ്ധത്തിലെ ജീവഹാനി പത്തു ലക്ഷമായിരുന്നുവെന്നു കണക്കാക്കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ സ്വാധീനമുറപ്പിക്കാനും സമ്പന്നമായ പ്രകൃതിവാതകങ്ങളും എണ്ണയും കൈവശപ്പെടുത്താനുമായിരുന്നു ഇറാക്കിലേക്കുള്ള യുഎസ് അധിനിവേശം. രാസായുധം കൈവശം വച്ചുവെന്നാരോപിച്ച് ഏകാധിപതിയായിരുന്ന സദാം ഹുസൈനെ തൂക്കിലേറ്റിയത് 2003 ലാണ്. ഇറാക്ക് അധിനിവേശത്തിനിടയില്‍ 4,825 യുഎസ് സൈനികരുടെയും 4,60,000 സാധാരണക്കാരുടെയും ജീവന്‍ പൊലിഞ്ഞു. ഇവരില്‍ പകുതിയിലേറെപ്പേരും വധിക്കപ്പെട്ടത് വിവിധ അക്രമസംഭവങ്ങളിലാണ്. 2011ല്‍ തുടക്കമിട്ട സിറിയയിലെ ആഭ്യന്തരകലാപങ്ങളില്‍ ഇതിനോടകം 2,41,000 പേര്‍ മരണമടഞ്ഞതായാണ് ഏകദേശ കണക്കുകള്‍. പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ നിലനിറുത്താന്‍ റഷ്യയും പുറത്താക്കാന്‍ പാശ്ചാത്യശക്തികളും ഇടപെട്ടുവെങ്കിലും മേല്‍ക്കൈ നേടിയത് റഷ്യയാണ്. വൈദേശികശക്തികളുടെ അധിനിവേശങ്ങള്‍ക്കെതിരേ ഇറാക്കിലെയും സിറിയയിലെയും മതമൗലികവാദികള്‍ രൂപംകൊടുത്ത തീവ്രവാദസംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്റ് സിറിയ (ഐ.എസ്.ഐ.എസ്.). 1999 ല്‍ അബു മുസാബ് സര്‍ഖാവി ജന്മംനല്‍കിയ ഈ ഭീകരസംഘടന ഇറാക്കിലെയും സിറിയയിലെയും വിശാലമായ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുത്ത് 2014 ല്‍ ഇസ്ലാമിക് ഖാലിഫേറ്റ് പ്രഖ്യാപിക്കുകയും ചെയ്തു. കഴുത്തറുത്തും ജീവനോടെ കുഴിച്ചുമൂടിയും ചാവേര്‍ ആക്രമണങ്ങളിലൂടെയും ശത്രുക്കളെ ഇല്ലായ്മ ചെയ്യുന്ന ഐ.എസ്. പോരാളികള്‍ എല്ലാ രാജ്യങ്ങളിലും സജീവസാന്നിധ്യമായി വളര്‍ന്നിരിക്കുന്നു.
1967 ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ അറബ് രാജ്യങ്ങളുടെ 20,000 സൈനികരും ഇസ്രായേലിന്റെ 776 ഭടന്മാരുമാണു കൊല്ലപ്പെട്ടത്. 7,50,000 പലസ്തീന്‍കാര്‍ അഭയാര്‍ത്ഥികളായി. 1965 ലും 1971 ലും 1999 ലുമായി നടന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധങ്ങളില്‍ ഇരുരാജ്യങ്ങളിലുമായി 24,250 സൈനികരാണു മരിച്ചത്. ബംഗ്ലാദേശ് വിമോചനത്തിനായുള്ള 1971 ലെ യുദ്ധത്തില്‍ 30 ലക്ഷം ബംഗ്ലാദേശികളാണ് ജീവന്‍ വെടിഞ്ഞത്. ആണവശക്തികളായ ഇന്ത്യയും പാക്കിസ്ഥാനുമായി വീണ്ടും ഒരേറ്റുമുട്ടലുണ്ടാകുന്നപക്ഷം 12.50 കോടി ജനങ്ങളെങ്കിലും കൊല്ലപ്പെടുമെന്നു നിരീക്ഷിക്കുന്നവരുണ്ട്. 1962 ലെ ഇന്ത്യാ-ചൈനായുദ്ധത്തില്‍ മരിച്ച ആകെ സൈനികര്‍ 2,105. ഏറ്റവുമൊടുവില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ രണ്ടു രാജ്യങ്ങളിലെയും സൈനികര്‍ മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍ 38 ചൈനീസ് ഭടന്മാരും 20 ഇന്ത്യന്‍ സൈനികരുമാണ് വധിക്കപ്പെട്ടത്.
യുക്രെയ്ന്‍ യുദ്ധം
ഇക്കഴിഞ്ഞ ഫെബ്രുവരി 24-ാം തീയതി തുടങ്ങിയ യുക്രെയ്ന്‍ യുദ്ധം എത്ര പേരുടെ ജീവനെടുത്തുവെന്ന് കൃത്യമായി അറിയാറായിട്ടില്ലെങ്കിലും പതിനായിരങ്ങള്‍ മരണപ്പെട്ടിരിക്കാ നാണു സാധ്യത. മരണഭയംമൂലം നാടും വീടുമുപേക്ഷിച്ച് അയല്‍രാജ്യങ്ങളിലേക്കു പലായനം ചെയ്തവര്‍ 40 ലക്ഷത്തിലേറെ വരുമെന്നു വാര്‍ത്തയുണ്ട്. ഇവരില്‍ പകുതിയിലേറെയും കുട്ടികളാണെന്നും അറിയുന്നു.
ചരിത്രം മറന്നുകൊണ്ടുള്ള അനാവശ്യമായ ഒരു യുദ്ധമായി റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്ത വിലയിരുത്തുന്ന രാഷ്ട്രീയനിരീക്ഷകരുണ്ട്. മിസൈല്‍വര്‍ഷംകൊണ്ട് ഒരു രാജ്യത്തെ മുഴുവന്‍ ചുട്ടുചാമ്പലാക്കുന്ന ദയനീയമായ കാഴ്ച ഏതു ശിലാഹൃദയന്റെയും കരളലയിക്കും. തകര്‍ന്നുതരിപ്പണമായ വീടുകളില്‍നിന്നുയരുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ദീനരോദനങ്ങള്‍ ചക്രവാളങ്ങളെ കീറിമുറിക്കുംവിധമാണ് ഉയരുന്നത്. ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ബങ്കറുകളിലും ഭൂഗര്‍ഭമെട്രോ ടണലുകളിലും ഒളിച്ചുകഴിയുന്നത് ലക്ഷങ്ങളാണ്. കരിങ്കടല്‍ത്തീരത്തെ തുറമുഖനഗരമായ മരിയുപോളില്‍ 1,600 പേര്‍ അഭയം തേടിയിരുന്ന ഒരു തിയേറ്റര്‍ മിസൈലുകളയച്ചു തകര്‍ത്തപ്പോള്‍ 300 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കുഞ്ഞുങ്ങള്‍ ധാരാളമുണ്ടായിരുന്നതിനാല്‍ 'ഇവശഹറൃലി' എന്നെഴുതിയ ബോര്‍ഡ് പുറത്തുസ്ഥാപിച്ചിരുന്നെങ്കിലും തിയേറ്റര്‍ നശിപ്പിക്കുകയായിരുന്നു. കുട്ടികളും സ്ത്രീകളും വയോധികരുമടങ്ങുന്ന 400 പേര്‍ അഭയം തേടിയിരുന്ന ഒരു സ്‌കൂളിലേക്ക് മിസൈല്‍ വര്‍ഷമുണ്ടായതായി യുക്രെയ്ന്‍ അധികൃതര്‍ വെളിപ്പെടുത്തി. അത്യന്താധുനിക ഹൈപ്പര്‍സോണിക് മിസൈലുകളാണ് സ്‌കൂളില്‍ പതിച്ചതെന്നും വാര്‍ത്തയുണ്ട്. ലക്ഷ്യസ്ഥാനം കൃത്യതയോടെ കണ്ടുപിടിച്ചു നശിപ്പിക്കാന്‍ കഴിയുന്ന 'കിന്‍ഷാല്‍' ഹൈപ്പര്‍സോണിക് മിസൈലുകളാണ് വിക്ഷേപിച്ചത്. റൊമേനിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഒരു ആയുധ ഡിപ്പോ ആക്രമിക്കാനാണ് കിന്‍ഷാല്‍ മിസൈലുകള്‍ ആദ്യം പ്രയോഗിച്ചത്. തലസ്ഥാനമായ കീവിനു വടക്കുള്ള ചെര്‍ണിഗിവ് നഗരത്തിലെ ഒരാശുപത്രി ഷെല്ലാക്രമണത്തില്‍ തകര്‍ന്ന് അനേകം രോഗികള്‍ മരണമടഞ്ഞതായി സ്ഥലം മേയറും വെളിപ്പെടുത്തുകയുണ്ടായി. സ്‌കൂളുകളും ആരാധനാലയങ്ങളും ആശുപത്രികളും നശിപ്പിക്കുകയും പലായനം ചെയ്യുന്നവരെപ്പോലും പിന്തുടര്‍ന്ന് ആക്രമിക്കുകയും ചെയ്യുന്ന റഷ്യന്‍സൈന്യത്തിന്റെ നടപടിയെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നിശിതമായി വിമര്‍ശിച്ചു. ബങ്കറുകള്‍ തകര്‍ത്തും മെട്രോ ടണലുകള്‍ നശിപ്പിച്ചും നിരപരാധരായ മനുഷ്യരെ കൊന്നൊടുക്കുന്ന റഷ്യയുടെ നടപടികള്‍ യുദ്ധക്കുറ്റങ്ങളാണെന്നും റഷ്യയ്‌ക്കെതിരേ അന്താരാഷ്ട്രകോടതിയില്‍ പരാതി നല്‍കുമെന്നും സെലെന്‍സ്‌കി അറിയിച്ചു.
യുക്രെയ്ന്‍ അധിനിവേശത്തിന് ഉത്തരവിട്ട റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നിയന്ത്രണത്തില്‍നിന്ന് യുദ്ധഗതി വ്യതിചലിച്ചുവെന്ന് വിശ്വസിക്കുന്നവരുണ്ട്. ഒരു ലക്ഷത്തിലധികം സൈനികരെ സര്‍വസന്നാഹങ്ങളുമായി യുക്രെയ്‌നിലേക്കയച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കീഴടക്കാമെന്ന പുടിന്റെ വ്യാമോഹം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നേക്കാമെന്ന സൂചനയാണ് യുദ്ധമുഖത്തുനിന്നു വരുന്നത്. യുക്രെയ്ന്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകളാല്‍ വീര്‍പ്പുമുട്ടുന്ന കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ അനുകൂലവിമതരുടെ രക്ഷയ്ക്കുവേണ്ടി ഒരു 'സമാധാനസേന' വിനിയോഗിക്കുകയാണു ചെയ്തതെന്ന് പുടിന്‍ പറയുന്നു. 2014 ല്‍ ക്രീമിയ ഉപദ്വീപ് യുകെയ്‌നില്‍നിന്നു പിടിച്ചെടുത്തതും റഷ്യന്‍ അനുകൂലികളുടെ പിന്തുണയോടെയായിരുന്നു.
യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തില്‍ അംഗത്വം വേണമെന്ന 2008 മുതലുള്ള യുക്രെയ്‌ന്റെ നിലപാടിനെതിരേ പുടിന്‍ കര്‍ശനമായ താക്കീതു നല്‍കിയിരുന്നതാണ്. പുതിയ അംഗങ്ങളെ ചേര്‍ക്കുകയില്ലെന്നും പുതിയ അപേക്ഷകളൊന്നും പരിഗണിക്കുകയില്ലെന്നുമുള്ള 2007 ലെ മ്യൂണിക് ഉടമ്പടി പാലിക്കാതെ യുക്രെയ്‌ന്റെ അപേക്ഷ സജീവപരിഗണനയിലെടുത്ത നാറ്റോയുടെ നീക്കങ്ങള്‍ക്കെതിരേ പുടിന്‍ കടുത്ത അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു. കമ്യൂണിസ്റ്റുരാജ്യങ്ങളുടെ ചേരിയായ 'വാഴ്‌സോ' സഖ്യത്തിലുള്ളവര്‍പോലും നാറ്റോയില്‍ അംഗത്വം നേടിയതും പുടിനെ ചൊടിപ്പിച്ചു. 1991 ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് പിരിഞ്ഞുപോയ 14 റിപ്പബ്ലിക്കുകളില്‍ പലതും നാറ്റോയില്‍ അംഗങ്ങളായി. പടിഞ്ഞാറ് ബാള്‍ട്ടിക് കടല്‍ത്തീരം പങ്കിടുന്ന എസ്റ്റോണിയ, ലാത്‌വിയ, ലിത്‌വാനിയ എന്നിവയും കിഴക്കന്‍ കരിങ്കടല്‍ത്തീരത്തെ അര്‍മേനിയയും നാറ്റോ അംഗങ്ങളായി. കരിങ്കടല്‍ത്തീത്തിന്റെ പടിഞ്ഞാറുള്ള റൊമേനിയയും ബള്‍ഗേറിയയും മുന്‍പേതന്നെ നാറ്റോ അംഗങ്ങളാണ്. 1997 നു ശേഷം അംഗത്വം നേടിയ അവര്‍ നാറ്റോയില്‍നിന്നു രാജിവയ്ക്കണമെന്ന മുന്നറിയിപ്പും പുടിന്‍ നല്‍കിക്കഴി ഞ്ഞു. നാറ്റോയില്‍ അംഗത്വം തേടിയുള്ള ജോര്‍ജിയയുടെ അപേക്ഷ പരിഗണനയിലിരിക്കുന്നതിനാല്‍ അവരും ഭീതിയിലാണ്.