•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ജനിതകപാരമ്പര്യത്തിന്റെ തടവറയ്ക്കുള്ളിലോ?

ലീനയുടെ അപ്പൂപ്പന്റെ വലതുകൈയില്‍ ആറു വിരലുകള്‍ ഉണ്ടായിരുന്നു. അവള്‍ ചിന്തിക്കുകയായിരുന്നു എന്തുകൊണ്ട് അപ്പൂപ്പന്റെ കൊച്ചുമക്കളില്‍ ആര്‍ക്കും ഈ ആറാം വിരല്‍ കാണുന്നില്ല എന്ന്. ഒടുവില്‍ ഏറെ അന്വേഷണങ്ങള്‍ക്കുശേഷം അവള്‍ കണ്ടെത്തി, നാലാം തലമുറയില്‍ ഈ അദ്ഭുതവിരലുമായി ഇതാ ഒരു കുട്ടി ജനിച്ചിരിക്കുന്നു.
അവളുടെ കൂട്ടുകാരിയുടെ വീട്ടില്‍  ഒരിക്കല്‍ ഒരു പൂച്ചക്കണ്ണി ജനിച്ചു. കുടുംബത്തില്‍ മറ്റാര്‍ക്കും ഇന്നേവരെ കാണാത്ത  ഈ പ്രതിഭാസം - ഇതെങ്ങനെ സംഭവിച്ചു എന്ന് എല്ലാവരും അദ്ഭുതപ്പെട്ടു. പാരമ്പര്യം പകര്‍ന്നുകിട്ടണമെങ്കില്‍ ഏതെങ്കിലും പൂര്‍വികര്‍ക്കു  ഈ സംഭവം വേണ്ടേ?
അങ്ങനെ ഉത്തരം കിട്ടാതെ വിഷമിക്കുമ്പോള്‍ അയല്‍പക്കത്തുള്ള ഒരമ്മൂമ്മ  ഉത്തരവുമായി എത്തി. അവളുടെ ഏതോ മുതുമുത്തശ്ശിക്കു പൂച്ചക്കണ്ണുണ്ടായിരുന്നത്രേ.
മറ്റു ജീവികളില്‍ കാണാത്ത  ചില പ്രത്യേകതകള്‍  മനുഷ്യരിലുണ്ട്. നമ്മള്‍ ഓരോരുത്തരിലും ചില അനുപമങ്ങളായ  പ്രത്യേകതകളും വിശേഷഗുണങ്ങളുമുണ്ട്. അതില്‍ ചിലതൊക്കെ  നമുക്കു നൈസര്‍ഗികമായി നമ്മുടെ  പൂര്‍വികരില്‍നിന്നു  ലഭിച്ചവയാണ്. ചില ശാരീരികലക്ഷണങ്ങളും സ്വഭാവസവിശേഷതകളുമൊക്കെ നമുക്കു ജനിതകമായി  പകര്‍ന്നുകിട്ടിയതാണ് എന്നു നമുക്കറിയാം.
നുണക്കുഴികളും ചുരുളന്‍മുടിയും
നുണക്കുഴികളെക്കുറിച്ചുള്ള 'ഡിംപിള്‍  ചീക്‌സ്' എന്നു തുടങ്ങുന്ന നഴ്‌സറിഗാനം ഓര്‍ക്കുന്നുണ്ടോ? കവിളുകളില്‍ അതിമോഹനമാംവണ്ണം പ്രത്യക്ഷപ്പെടുന്ന നുണക്കുഴികളെപ്പറ്റി നമ്മുടെ കവികളും  ധാരാളം പാടിയിട്ടുണ്ട്. ചിലര്‍ക്ക് ഇതൊരു വരദാനം പോലെ ജന്മനാ ലഭിക്കുന്നു. മറ്റുചിലര്‍ക്കാകട്ടെ  ബാല്യകാലത്തെപ്പോഴെങ്കിലും ഇതു രൂപപ്പെടാന്‍ തുടങ്ങുന്നു. നിങ്ങള്‍ അങ്ങനെ ഒരു ഭാഗ്യവാനെങ്കില്‍ അത് ഏത് അപ്പൂപ്പന്റെ, അമ്മൂമ്മയുടെ പാരമ്പര്യത്തിലൂടെ കൈവന്നതാണ് എന്നു കണ്ടുപിടിക്കാം. നുണക്കുഴികള്‍ ഉണ്ടാകുന്നതു പ്രധാനമായും ഒരൊറ്റ ജീന്‍ കാരണമാണ്.
അതുപോലെ നമുക്കറിയാം, ചിലര്‍ ജന്മനാ ഇടതു കൈയന്മാരാണ്. പരമ്പരാഗതമായി ലഭിക്കുന്ന മറ്റൊരു പ്രത്യേകതയാണ്  ചുരുളന്‍ മുടി. ഇത് പരമ്പരാഗതമാണെങ്കിലും അതിന്റെ വരവിനെ പൂര്‍ണമായും നിര്‍വചിക്കാന്‍ സാധ്യമല്ല. ജനിതകമായ  അന്തരം കാരണം പല ഭൂഖണ്ഡങ്ങളിലും വ്യത്യസ്തമായ നിറങ്ങളും ഘടനയുമൊക്കെ മുടിയുടെ കാര്യത്തില്‍ കാണാവുന്നതാണ്.
നേരത്തേ പറഞ്ഞ ഇടതുകൈയന്മാരുടെ ഗുണവിശേഷം നിയന്ത്രിക്കുന്നത്  ഒന്നിലധികം ജീനുകളാണ്. ഇതിനോടു സമന്വയപ്പെട്ടുകൊണ്ടാണ്  അത്തരം വ്യക്തികളുടെ മസ്തിഷ്‌കവികസനവും  സംഭവിക്കുക എന്നാണു ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍.
ജപ്പാനിലും  ചീനയിലും നാം കൊച്ചുകണ്ണുകളുള്ള മനുഷ്യരെക്കാണുന്നു. ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ വലിയ കണ്ണുകളും കൃഷ്ണമണിയും ഉള്ളവരാണ്  കൂടുതലും. ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം, തീര്‍ച്ചയായും വളരെ സങ്കീര്‍ണമായ ഒരു ബന്ധം  പരിതസ്ഥിതിയും ജനിതകഘടനയും തമ്മില്‍ ഉണ്ടെന്നുള്ളതാണ്.
കുട്ടയ്ക്കുള്ളിലെ  വിശേഷഗുണങ്ങള്‍
ജനിതകപ്രവണതകളെപ്പറ്റി എളുപ്പത്തില്‍ മനസ്സിലാക്കാന്‍ നാം സ്‌കൂളില്‍ പഠിച്ച മെന്‍ഡല്‍സ് പരീക്ഷണം ഓര്‍ത്താല്‍ മതി. ജനിതകത്തിന്റെ കുട്ടയില്‍ തലമുറകളിലൂടെ ചൊരിഞ്ഞുകിട്ടുന്ന ചില പ്രതിഭാസങ്ങളും വിശേഷഗുണങ്ങളും കിടക്കുന്നുണ്ട്. അതില്‍നിന്നാണ് യാതൊരു ക്രമങ്ങളും ഇല്ലാതെ, ആകസ്മികമായി ചിലതു നമുക്കുള്ളിലേക്കു കടന്നു വരുന്നത്. ഒരാള്‍ക്കു തന്റെ കുടുംബത്തില്‍ മറ്റൊരാള്‍ക്കു കിട്ടിയ സവിശേഷത കിട്ടാതെപോകുന്നതിനു കാരണം അതാണ്. ചില സാധ്യതകള്‍ മാത്രമേ ഇവിടെയുള്ളൂ എന്നു ചുരുക്കം.
പരമ്പരാഗതരോഗങ്ങള്‍
ചില പ്രത്യേകതകള്‍ നമുക്ക് നമ്മുടെ വംശപാരമ്പര്യത്തിലൂടെ ലഭിക്കുന്നുണ്ട്. ചില രോഗസാധ്യതകളും. പക്ഷേ, വ്യാകുലപ്പെടാന്‍ ഒന്നുമില്ല അവിടെ പാരമ്പര്യം മാത്രമല്ല പലപല ഘടകങ്ങളാണു പ്രവര്‍ത്തിക്കുക. പല ജീനുകളുടെ സംയുക്തമായ യോജനം, ജീവിതശൈലിയും പരിതസ്ഥിതികളും തുടങ്ങിയവയുടെയെല്ലാം സങ്കീര്‍ണമായ ഒരു സങ്കലനമാണിവിടെ നടക്കുക. സര്‍വസാധാരണമായ ഡയബെറ്റിസ്, ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍ എന്നിയവയെല്ലാം അപ്പനപ്പൂപ്പന്മാരില്‍നിന്ന്   ഓട്ടോമാറ്റിക് ആയി വരുകയില്ല. ആധുനികവൈദ്യശാസ്ത്രവും രോഗനിര്‍ണയോപാധികളും മെച്ചപ്പെട്ട നമ്മുടെ ജീവിതസാഹചര്യങ്ങളുമൊക്കെ  ഈ ഭയപ്പാടുകളെ വലിച്ചെറിയാന്‍ നമ്മെ പര്യാപ്തരാക്കുന്നു. 23  വീതമുള്ള രണ്ടു ജോഡി ക്രോമോസോമുകള്‍, അതായത് 46 എണ്ണമാണ് മനുഷ്യശരീരത്തിലുള്ളത്. ഓരോ ക്രോമോസോമിലും ആയിരക്കണക്കിനു ജീനുകള്‍ കുടികൊള്ളുന്നു. ഇവരാണ് ശരീരത്തിലെ പ്രൊട്ടീനിന്റെ 'കോഡ്' കുറിക്കുന്നതും  ശാരീരികപ്രക്രിയകളെ നിയന്ത്രിക്കുന്നതും.
പാരമ്പര്യത്തിന്റെ ജയിലഴിക്കുള്ളിലോ?
നമ്മുടെ ജീവിതത്തിന്റെ ഗതിവിശേഷം ഒരു കംപ്യൂട്ടര്‍ ചിപ്പിലെന്നപോലെ മുന്‍കൂട്ടി തയ്യാറാക്കിയിരിക്കുന്നു. ഇത് ചിലപ്പോള്‍ സംഘര്‍ഷങ്ങളെ നേരിടാനുള്ള ശക്തിയാവാം, ബുദ്ധികൂര്‍മതയാകാം, നിമിഷകോപമാകാം, സാഹസികതയാകാം.
മോശം കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നത് എന്റെ  പാരമ്പര്യത്തിന്റെ പ്രശ്‌നത്തിലാണ്, എനിക്കിതില്‍നിന്നു മോചനമില്ല എന്നു പറയുന്നവരുമുണ്ട്.  നമ്മുടെ ജീവശാസ്ത്രപരമായ  അംശങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ ഗതി നിശ്ചയിക്കുക എന്നൊക്കെ പറയുന്നത് മൗഢ്യമാണ്!
ജീനുകള്‍ ഒന്നിന്റെയും അവസാനവാക്കല്ല. നമ്മുടെ ബോധപൂര്‍വമുള്ള, കാരണവിചാരണശേഷിയോടെയുള്ള, അവധാനപൂര്‍വമായ ആലോചനയും തീരുമാനങ്ങളുമാണ് നമ്മെ നയിക്കുക.
എന്റെ പാരമ്പര്യം ഇത്തരത്തില്‍ കല്ലില്‍ കൊത്തിവച്ചിരിക്കുന്നു. ഞാനിനി എങ്ങനെ മാറും? ഈ ചോദ്യത്തിന് ബ്രൂസ് ലിപ്ടണ്‍ മറുപടി പറയുന്നതിങ്ങനെ: നാം ജനിതകപാരമ്പര്യങ്ങളിലൂടെ നിയന്ത്രിക്കപ്പെടുന്നു എന്ന അനുമാനം പാടേ തെറ്റാണ്. ജീനുകള്‍ നാമെല്ലാവരെയും ഇരകളാക്കുന്നില്ല. നമ്മുടെ സാഹചര്യങ്ങളെല്ലാം നമ്മുടെ സൃഷ്ടികളാവണമെന്നില്ല. ജീനുകള്‍ പക്ഷേ, രൂപരേഖകള്‍ മാത്രം. ചുക്കാന്‍ നമ്മുടെ കൈകളിലാണ്; നമുക്കു രൂപരേഖകളില്‍ മാറ്റങ്ങള്‍ വരുത്താം. എന്തിനേറെ, വേണ്ടിവന്നാല്‍ അതിനെ പൂര്‍ണമായും മാറ്റിവരയ്ക്കുകയും ചെയ്യാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)