വാഗ്ദാനപ്പെരുമഴകൊണ്ട് തോമസ് ഐസക്കിന്റെ ബജറ്റ് ശ്രദ്ധ നേടിയപ്പോള്‍ അവ നടപ്പാക്കുന്നതിനുള്ള സാമ്പത്തിക സ്രോതസ്സ് എവിടെയെന്നതായിരുന്നു മുഖ്യവിമര്‍ശനം. കടം എന്ന ഒറ്റമൂലിതന്നെയാണു പഴയതും പുതിയതുമായ ധനമന്ത്രിമാരുടെ ആശയങ്ങള്‍. സര്‍ക്കാരിന്റെ കടം ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുതയാണെന്ന് ഐ.എം.എഫ്. പോലും കരുതുമ്പോള്‍ ധനകമ്മിക്കു പ്രത്യേക പ്രസക്തിയൊന്നുമില്ല. പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം പരമപ്രധാനമാണെന്നും ഐ.എം.എഫ്. പറയുന്നു. പഴയ കടം വീട്ടാന്‍ വീണ്ടും കടം വാങ്ങേണ്ടതായും വരാം. എത്രകാലം ഈ അവസ്ഥ തുടരാന്‍ കഴിയുമെന്നത് രാഷ്ട്രീയനേതൃത്വം ഒന്നടങ്കം ഉത്കണ്ഠയോടെയാണു കാണുന്നത്.
നികുതിപിരിവിലെ കാര്യക്ഷമതയില്ലായ്മതന്നെയാണ് നികുതിവെട്ടിപ്പിന്റെ മറുവശവും. അര്‍ഹതപ്പെട്ട നികുതി പിരിച്ചെടുക്കുമെന്ന രാഷ്ട്രീയ ഇച്ഛാശക്തിയും, അതു നടപ്പാക്കാനുള്ള കരളുറപ്പുമാണ് ഇക്കാര്യത്തില്‍ ആവശ്യം. പൊതുവിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ അമിതമായി ഫീസ് അടിച്ചേല്പിക്കുന്നത് സര്‍ക്കാരിന് ആശാസ്യമല്ല. എന്നാല്‍, ദീര്‍ഘകാലമായി സര്‍ക്കാര്‍ഭൂമി കൈവശം വച്ചനുഭവിക്കുന്നവരുടെ തുച്ഛമായ പാട്ടക്കൂലി വര്‍ദ്ധിപ്പിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
വില്പനികുതിക്കു പകരം മൂല്യവര്‍ദ്ധിതനികുതി കൊണ്ടുവന്നപ്പോള്‍ത്തന്നെ സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ തഴയപ്പെട്ടിരുന്നു. ഈ ആവലാതികള്‍ നിലനില്ക്കുമ്പോഴാണ് ജി.എസ്.ടി. യും നടപ്പിലാക്കിയത്.
ഫെഡറല്‍ സംവിധാനത്തിന്റെ അടിത്തറ പിഴുതെറിഞ്ഞുകൊണ്ട് സംസ്ഥാനങ്ങളുടെ നാമമാത്രമായ ധനകാര്യാവകാശങ്ങള്‍പോലും ഇല്ലാതാക്കുന്ന സാമ്പത്തികക്രമമാണ് ഇന്ത്യയില്‍ ഇപ്പോള്‍ വേരൂന്നിക്കൊണ്ടിരിക്കുന്നത്. സ്വന്തമായി നികുതി പിരിക്കാനുള്ള അവകാശങ്ങള്‍ കേന്ദ്രത്തിന് അടിയറവു വച്ചതോടെ സംസ്ഥാനങ്ങള്‍ കടക്കെണിയില്‍ കുരുങ്ങുകയായിരുന്നു.
ഇതില്‍നിന്നെല്ലാം രക്ഷപ്പെടാനുള്ള ഒരു കുറുക്കുവഴിയായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള രണ്ടു മേഖലകളാണ് മദ്യവും ലോട്ടറിയും. 2015-16 ലെ കണക്കുപ്രകാരം സംസ്ഥാനത്തിന്റെ തനതുവരുമാനത്തിന്റെ 34 ശതമാനം സംഭാവന ചെയ്യുന്നത് മദ്യവും ലോട്ടറിയുമാണ്. 1960-61 ല്‍ 25 ശതമാനമായിരുന്ന മദ്യനികുതി അതിന്റെ പതിന്മടങ്ങായി ഇന്നു വര്‍ദ്ധിപ്പിച്ചിരിക്കുന്നു. കുടി നിറുത്താനുള്ള 'പിഴ നികുതി'യാണ് സര്‍ക്കാരിന്റെ ബംപര്‍ വരുമാനം. ഇതു മദ്യനിരോധനത്തെ പ്രോത്സാഹിപ്പിക്കാനാണെന്നുള്ള അവകാശവാദം വേറേയും. പക്ഷേ, ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഒരുപാധിയുണ്ട്. മദ്യപര്‍ക്കെല്ലാം വര്‍ഷാവര്‍ഷം പുതുക്കേണ്ട ഒരു ലൈസന്‍സ് ഏര്‍പ്പെടുത്തി, ബയോമെട്രിക് കാര്‍ഡു കൊടുക്കാം. ഈ ലൈസന്‍സ് ഭാര്യയുടെ പേരിലോ സംയുക്തമായോ ആണെങ്കില്‍ കടിഞ്ഞാണിനു ബലം കൂടുകയും ചെയ്യും. 25 ശതമാനം നികുതി ഈടാക്കിക്കൊണ്ട്, ആഴ്ചതോറും നിലവാരമുള്ള ഓരോ കുപ്പി മദ്യം നല്‍കി ഈ 'അവശ്യതിന്മ' പരിഹരിക്കുകയും ചെയ്യാം.
പക്ഷേ, ഭാഗ്യക്കുറിയുടെ കാര്യം ഇങ്ങനെയൊന്നുമല്ല. 2000-2001 ല്‍ 134.17 കോടി വരുമാനം 2005-2006 ല്‍ 229.57 കോടിയായി മാറി. 2010-11 ല്‍ 571.46 കോടി എന്നത് 2015-16 ല്‍ 6,398 കോടിയായി വര്‍ദ്ധിച്ചു. 2021-22 ല്‍ 15,000 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്ന വരുമാനം. കൊവിഡ് അതിന് മങ്ങലേല്പിച്ചു.
എല്ലാവരും ഒരുപോലെ വിജയിക്കുന്നതും നിരുപദ്രവകരവുമായ ഒരു വിഭവസമാഹരണമായിട്ടാണ് ഭാഗ്യക്കുറിയെ ചിത്രീകരിച്ചിട്ടുള്ളത്. പാലവും പാതയും പള്ളിക്കൂടവും ആശുപത്രിയുമെല്ലാം പണിയാനാണത്രേ ഭാഗ്യക്കുറി. വൃദ്ധജനങ്ങളും വികലാംഗരും ഉപജീവനം കഴിയുന്നു. കാരുണ്യാപദ്ധതി പുണ്യസുകൃതം...!!! ഏതെല്ലാം മേഖലകളില്‍ ഇതു പരീക്ഷിച്ചുകൂടാ? പക്ഷേ, എന്തുകൊണ്ട് തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും ഉള്‍പ്പെടെ 95 ശതമാനം സംസ്ഥാനങ്ങളും ഈ 'ദുര്‍ഭൂത'ത്തെ ആട്ടിപ്പുറത്താക്കി.
ഭാഗ്യക്കുറി സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടകരമായ പ്രവണതകളെ ന്യായീകരിക്കാവുന്നതല്ല. ആരാണു ഭാഗ്യക്കുറിയെന്ന ലഹരിയുടെ അടിമകള്‍? ദിവസക്കൂലിക്കാരും തുച്ഛവരുമാനക്കാരുമായ അജ്ഞാനികള്‍!!! അധ്വാനമല്ല ഭാഗ്യമാണ് എല്ലാറ്റിന്റെയും അടിസ്ഥാനമെന്നു സര്‍ക്കാര്‍തന്നെ മാധ്യമങ്ങളിലൂടെ അവരെ ബോധവത്കരിക്കുന്നു. സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട സര്‍ക്കാര്‍തന്നെയാണ് ഭാഗ്യക്കുറിയുടെ ലഹരി നീട്ടി അവരെ പ്രലോഭിപ്പിക്കുന്നത് എന്നതും നാം കൂട്ടിവായിക്കണം.
നികുതിപിരിവിലൂടെ പൊതുവിഭവസമാഹരണം നടത്തി സാധിച്ചെടുക്കേണ്ട പൗരജനങ്ങളുടെ ആരോഗ്യസംരക്ഷണം, വൃദ്ധജനങ്ങളുടെയും വികലാംഗരുടെയും സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഭാഗ്യക്കുറിയെ ആശ്രയിക്കേണ്ടിവരുന്നത് ഒരു സമൂഹത്തിന്റെ പരാജയത്തെയാണു കാണിക്കുന്നത്.
നാളെ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍വേണ്ടിപ്പോലും ലോട്ടറി തുടങ്ങേണ്ടിവരില്ല എന്നാരു കണ്ടു?
ഒരുപദ്രവവുമില്ലാതെ നികുതിപിരിവിലൂടെ വിഭവസമാഹരണം നടത്താവുന്ന മേഖലകളുടെ നേരേ നാം എന്തിനു കണ്ണടയ്ക്കുന്നു? സമൃദ്ധമായ കായല്‍ത്തീരങ്ങളും കടല്‍ത്തീരങ്ങളും എത്രയോ നമുക്കുണ്ട്? വിദേശരാജ്യങ്ങളിലുള്ള തരത്തില്‍ വിനോദസഞ്ചാരമേഖലയിലൂടെ ആരെയും നൊമ്പരപ്പെടുത്താതെ ഏവര്‍ക്കും സന്തോഷം മാത്രം പകുത്തുനല്കി കോടികള്‍ കൊയ്യാം.
ഖജനാവിലെ കോടികള്‍ മുടക്കിപ്പണിത ഇന്‍ഡോര്‍-ഔട്ട് ഡോര്‍ സ്റ്റേഡിയങ്ങള്‍ ഇവിടെ തരിശായിക്കിടക്കുന്നു? കാണികള്‍ക്കോ കായികതാരങ്ങള്‍ക്കോ പഞ്ഞമുണ്ടോ? 365 ദിവസവും മൂന്നു നേരം വീതം എല്ലാ സ്റ്റേഡിയത്തിലും വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, കബടി- ഗുസ്തി മത്സരങ്ങള്‍ ഒക്കെ നടക്കട്ടെ. അങ്ങനെ നാനാതരത്തിലുള്ള എത്രയെത്ര സ്രോതസ്സുകള്‍ വേണം?
വിനാശം വിതയ്ക്കുന്ന മദ്യത്തെയും ലോട്ടറിയെയും വിട്ടിട്ട് നന്മ നിറഞ്ഞ വിഭവസമാഹരണത്തിലൂടെ നമുക്കു വിതച്ചുകൊയ്യാവുന്ന കോടികള്‍ എത്രയെത്ര?