വിളക്കു കത്തിച്ചുവച്ചാല്‍ പ്രാണികള്‍ തീയില്‍ വീണു ചാകുമെന്നോര്‍ത്തു സന്ധ്യയാകുമ്പോഴേക്കും അത്താഴം കഴിച്ച് ഉറങ്ങാന്‍ കിടന്നിരുന്ന ജൈനന്മാരുടെ പാരമ്പര്യമുള്ള ഒരു ഗ്രാമം കേരളത്തിലുണ്ടായിരുന്നു. എട്ടുഭാഷകളുടെയും എട്ടു ഭാഗ്യങ്ങളുടെയും നാട് എന്നു വിശേഷിപ്പിക്കപ്പെട്ട ഗ്രാമം. അന്യഗ്രഹജീവികളെപ്പോലെ വിചിത്രമായ ഉടലും വലിയ തലയും ശോഷിച്ച കൈകാലുകളുമായി പിറന്നുവീണ് ഇഴഞ്ഞും കിടന്നും നരകിച്ചു മരിച്ചുപോകുന്ന കുഞ്ഞുങ്ങളുടെ പേരിലാണ് ആ ഗ്രാമം ഇന്നറിയപ്പെടുന്നത്. കാസര്‍ഗോഡ് ജില്ലയിലെ ''എന്‍മകജെ'' എന്ന ഗ്രാമത്തിനുമുകളില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള, എന്‍ഡോസള്‍ഫാന്റെ വിഷപ്പെയ്ത്തു നടത്തിയത് 1976 മുതലുള്ള തുടര്‍ച്ചയായ 25 വര്‍ഷമാണ്. അമിതോത്പാദനത്തിന്റെയും ലാഭത്തിന്റെയും അനായാസവഴികള്‍ തേടി നടത്തിയ അന്നത്തെ വിഷവര്‍ഷത്തിന്റെ ദുരന്തങ്ങള്‍ ഇന്നും ആ ഗ്രാമത്തെ വിട്ടൊഴിയാത്തതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം മരിച്ച ഹര്‍ഷിത എന്ന ഒന്നരവയസ്സുകാരിയെക്കുറിച്ചുള്ള വാര്‍ത്തയും ചിത്രങ്ങളും.
നോക്കൂ, എന്‍മകജെ എന്ന ഗ്രാമത്തിനു സംഭവിച്ചതുപോലെയുള്ള ഹിംസാത്മകമായ, വിഷലിപ്തമായ പരിണാമം വര്‍ത്തമാനകാലത്തെ നമ്മുടെ സര്‍വജീവിതമേഖലകളിലും കാണാനാകുന്നില്ലേ? ഐ.സി.എം.ആറിന്റെ നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം അനുസരിച്ചുള്ള പുതിയ കണക്കനുസരിച്ച് ഒരു വര്‍ഷം അറുപതിനായിരത്തിലധികം ക്യാന്‍സര്‍ രോഗികളാണ് കേരളത്തില്‍ ഉണ്ടാകുന്നത്. വിഷം മുക്കിയ പച്ചക്കറികളും കറിപ്പൊടികളും ധാന്യപ്പൊടികളുമുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഇടം പിടിക്കുന്ന നമ്മുടെ അടുക്കളകള്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നു പറയാനാകുമോ? അന്നവിചാരത്തില്‍പോലും നാം തേടിയ അനായാസവഴികള്‍ നമ്മെ രോഗാതുരമായ ഒരു സമൂഹമാക്കി മാറ്റിയിരിക്കുന്നു.
ജീവിതം മനുഷ്യരെ എഴുത്തിനിരുത്തുന്ന വൈകാരികപ്രതിസന്ധിയുടെ പരീക്ഷണഘട്ടങ്ങളിലെല്ലാം മരണം എന്ന ഒറ്റവാക്കുത്തരത്തിന്റെ തീര്‍പ്പിലേക്ക് എത്ര അനായാസമാണ് നാം ചെന്നു ചേരുന്നത്. ഒന്നുകൂടി ആലോചിക്കാനോ തിരുത്താനോ പ്രാര്‍ത്ഥിക്കാനോ ഉള്ള സാവകാശം സ്വയം നല്കാതെ, മറ്റുള്ളവര്‍ക്കനുവദിക്കാതെ പ്രാകൃതമായ യുദ്ധഭൂമികളില്‍ അരങ്ങേറിയതിനെക്കാള്‍ ക്രൂരമായി ഉറ്റവരുടെ ജീവനറുത്തെടുക്കുന്നവരെ നമുക്കിന്നു കാണേണ്ടിവരുന്നത് അത്രമേല്‍ പ്രിയപ്പെട്ട ഇടങ്ങളിലാണെന്നതു മറന്നുപോകരുത്.
ആശയങ്ങള്‍ക്കല്ല ആയുധങ്ങള്‍ക്കാണു നാം മൂര്‍ച്ച കൂട്ടേണ്ടത് എന്ന് അണികളെ വ്യംഗ്യഭംഗിയില്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയകൗശലം അവസാനിക്കാത്തിടത്തോളം കാലം കുടിലുകളില്‍ കൊടി പുതച്ചുറങ്ങുന്ന യുവത്വത്തിന്റെ ദുര്‍വിധികള്‍ക്കും ഉറ്റവരുടെ നിലവിളികള്‍ക്കും ഒടുക്കമുണ്ടാകില്ല. ഒരു നാട് അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനെക്കാള്‍ എത്രയോ എളുപ്പമാണ് ശിരോവസ്ത്രത്തിന്റെ പേരിലോ ഭക്ഷണത്തിന്റെ പേരിലോ ആചാരങ്ങളുടെയോ ആരാധനാലയങ്ങളുടെയോ പേരിലോ കൊടിയുടെ നിറത്തിന്റെ പേരിലോ പരസ്പരം പോരടിക്കുന്ന ഒരു ജനതയെ സൃഷ്ടിച്ചെടുക്കുക എന്നത്. രാഷ്ട്രീയത്തിലെ അനായാസവഴികള്‍ക്കു പിഴയൊടുക്കേണ്ടി വരുന്നത് രാഷ്ട്രം ഒന്നടങ്കമല്ലേ എന്നുകൂടി ചിന്തിക്കുക.
മനസ്സുപായുന്ന വഴികളിലേക്കെല്ലാം ജീവിതത്തെ കെട്ടഴിച്ചു വിടുന്നതിന്റെ അവസാനനിലവിളികളല്ലേ കുടുംബങ്ങളില്‍ ഇന്നുയരുന്നത്? കുടുംബങ്ങള്‍ക്കുള്ളില്‍ കുഞ്ഞുങ്ങള്‍ ഇതുപോലെ കൊലചെയ്യപ്പെടുകയോ അനാഥരാക്കപ്പെടുകയോ ചെയ്യുന്ന കാലം ഇതിനുമുമ്പുണ്ടായിട്ടുണ്ടോ?
തളര്‍ന്നു കിടപ്പിലായിരുന്ന നല്ലപാതിയെ കൊന്നതിനുശേഷം മുറ്റത്തെ മാങ്കൊമ്പില്‍ ജീവിതമവസാനിപ്പിച്ച ഒരു വൃദ്ധപിതാവിനെക്കുറിച്ചുള്ള വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. മക്കളില്ലാഞ്ഞിട്ടായിരുന്നില്ല, കാര്യപ്രാപ്തിയുള്ള മക്കള്‍ പലരുണ്ടായിട്ടും ഒറ്റയ്ക്കായിപ്പോയതിന്റെ നിസ്സഹായതയില്‍നിന്നാണ് അയാള്‍ക്കതു ചെയ്യേണ്ടിവന്നതത്രേ. അച്ഛനുമമ്മയ്ക്കുമൊപ്പം ഒന്നിച്ചുണ്ടും ഉറങ്ങിയും തല്ലുകൂടിയും കരഞ്ഞും ചിരിച്ചും പഠിച്ചും വളര്‍ന്നും മിടുക്കരായി പടിയിറങ്ങിപ്പോയ വീട് എന്ന വൈകാരികാനുഭവത്തെ എത്ര അനായാസമായാണ് മക്കള്‍ ഇന്നു വലിച്ചെറിയുന്നത്. സി.സി.ടി.വി. ക്യാമറകള്‍ മാത്രം കണ്ണുമിഴിച്ചിരിക്കുന്ന ഏകാന്തതയുടെ തണുപ്പുമാത്രം നിറഞ്ഞ വൃദ്ധസദനങ്ങളായി കേരളത്തിന്റെ തറവാടുകള്‍ മാറാന്‍ ഇനിയെത്ര സമയം വേണം?
ജീവിക്കാനും ജോലി ചെയ്യാനും കൊള്ളാത്ത ഇടമായി സ്വന്തം നാടിനെ കരുതുകയും അന്യരാജ്യങ്ങളിലെ മെച്ചങ്ങളുടെ കേട്ടറിവുകള്‍ മാത്രം ആശ്രയിച്ചു നാടുവിടുകയും ചെയ്യുന്ന യുവതയുടെ ചിത്രവും ഇതോടു ചേര്‍ത്തു വയ്‌ക്കേണ്ടതുണ്ട്. കഠിനാധ്വാനം ചെയ്താല്‍ മാന്യമായും അന്തസ്സോടെയും ജീവിക്കാന്‍ പറ്റിയ നാടാണ് എന്റേത് എന്ന ആത്മവിശ്വാസം നമ്മുടെ ചെറുപ്പക്കാരുടെ മനസ്സില്‍ നിക്ഷേപിക്കുന്നതിലല്ലേ ഭരണകൂടത്തിന്റെ യഥാര്‍ത്ഥ മികവു പ്രതിഫലിക്കേണ്ടത്? സ്‌കൂള്‍ മാഷായിരുന്ന അച്ഛന്‍ ഉപയോഗിച്ചിരുന്ന ഗ്ലോബിലേക്കു നോക്കിയിരുന്ന് സദാസമയവും വിദേശജോലിയും വിദേശവാസവും സ്വപ്നം കണ്ടിരിക്കുന്ന പ്രകാശന്‍ എന്ന ചെറുപ്പക്കാരനെ സത്യന്‍ അന്തിക്കാട് നമുക്കു മുന്നിലവതരിപ്പിച്ചത് (ഞാന്‍ പ്രകാശന്‍) എത്ര കൃത്യതയോടെയായിരുന്നു. ബി.എസ്.സി. നഴ്‌സിങ് പാസായിട്ടും 'നാട്ടിലൊന്നും നിന്നിട്ടു കാര്യമില്ലന്നേ' എന്ന തിരിച്ചറിവിന്റെ കൊടിപിടിച്ച് എങ്ങനെയെങ്കിലും 'അക്കരെ' കടക്കാനുള്ള കുറുക്കുവഴികളാരായുന്ന, പ്രകാശന്‍ എന്ന പേരുപോലും പി.ആര്‍. ആകാശ് എന്ന് ഗസറ്റില്‍ പരസ്യപ്പെടുത്തുന്ന മലയാളിയുവാവിന്റെ മാനറിസങ്ങളെ ഫഹദ് ഫാസില്‍ അവിസ്മരണീയമാക്കി.
പരിസ്ഥിതിയില്‍, ആരോഗ്യമേഖലയില്‍, രാഷ്ട്രീയത്തില്‍, കുടംബഘടനകളില്‍, വിദ്യാഭ്യാസ തൊഴില്‍മേഖലകളില്‍ ഒക്കെ നാം തേടുന്ന അനായാസവഴികള്‍ മരണത്തിന്റെ ഗന്ധമുള്ളതാണെന്നറിഞ്ഞ് ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ.
ജോര്‍ജ് ക്രൗസോ സംവിധാനം ചെയ്ത 'വെയ്ജസ് ഓഫ് ഫിയര്‍' എന്ന ഫ്രഞ്ചുചിത്രമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള തെക്കേ അമേരിക്കയിലെ ഒരു ഗ്രാമമാണ് പശ്ചാത്തലം. ദാരിദ്ര്യവും തൊഴിലില്ലായ്മയുംകൊണ്ടു വീര്‍പ്പുമുട്ടുന്ന കുറെ മനുഷ്യര്‍. 250 കി.മീ. അകലെയുള്ള ഫാക്ടറിയില്‍ അഗ്നിബാധ ഉണ്ടാകുന്നതും അത് അണയ്ക്കാനുള്ള നൈട്രോഗ്ലിസറിന്‍ നിറച്ച ട്രക്കുകളുമായി ഗ്രാമത്തിലെ നാലു ചെറുപ്പക്കാര്‍ യാത്ര നടത്തുന്നതുമാണ് സിനിമയുടെ പ്രമേയം. ദുര്‍ഘടമായ വഴികളിലൂടെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള രാസവസ്തുവുമായി പോകുന്നത് അപകടമാണെന്നറിഞ്ഞിട്ടും ജീവിക്കാനുള്ള ആര്‍ത്തികൊണ്ട് ദൗത്യമേറ്റെടുക്കുന്ന ചെറുപ്പക്കാരില്‍ മൂന്നുപേരും ലക്ഷ്യസ്ഥാനത്തെത്തുംമുമ്പേ പൊട്ടിത്തെറിച്ചു ചാമ്പലാകുന്നു. നാലാമത്തവനാവട്ടെ, മനഃസാന്നിധ്യം കൈവിടാതെ ആ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ വാഹനമോടിച്ച് ലക്ഷ്യം സാധിക്കുന്നു. എന്നാല്‍, തിരിച്ചുപോകുന്ന വഴിയില്‍ അശ്രദ്ധമായ ഡ്രൈവിങ് വരുത്തിവച്ച അപകടത്തില്‍ അയാള്‍ക്കും ജീവന്‍ നഷ്ടമാകുന്നിടത്താണ് 'വെയ്ജസ് ഓഫ് ഫിയര്‍' അവസാനിക്കുന്നത്.
ജീവിക്കാനുള്ള ത്വരയില്‍ മരണത്തെ കൂടെക്കൊണ്ടുനടക്കുന്ന മനുഷ്യരാണോ നാം എന്നോര്‍ക്കുന്നതു നല്ലതായിരിക്കും.