•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നിലപാടുതറയില്‍ ഉലകമുറപ്പിച്ച ഉലകംതറ

''മാനവികധര്‍മങ്ങള്‍ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും ക്രിസ്തീയവിശ്വാസതാത്പര്യങ്ങള്‍ക്കും വേണ്ടിയുള്ള ന്യായവാദങ്ങളാണ് ഉലകംതറയുടെ കൃതികളിലുള്ളത്; അവയ്ക്കു ശക്തിപകരുന്നതാകട്ടെ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും.'' മഹാകവി എം. പി. അപ്പന്റെ ഈ നിരീക്ഷണം അന്വര്‍ത്ഥമാകുമാറ് ഒമ്പതുദശകങ്ങള്‍ പൂര്‍ത്തിയാക്കിയ ധന്യജീവിതത്തിനു ഫെബ്രുവരി 24 നു തിരശ്ശീല വീണു. മലയാളസാഹിത്യചരിത്രത്തിലും ക്രൈസ്തവസഭാചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രഗല്ഭനായ അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനും പത്രാധിപരുമായിരുന്ന പ്രൊഫ. മാത്യു ഉലകംതറ നിത്യതയിലേക്കു കൂടുമാറുന്നു!
    1931 ജൂണ്‍ 6 ന് വൈക്കത്തു ജനിച്ച മാത്യു ഉലകംതറ അയ്യരുകുളങ്ങര ഗവ. മിഡില്‍ സ്‌കൂള്‍, വൈക്കം ഗവ. ഹൈസ്‌കൂള്‍, പാലാ സെന്റ് തോമസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നിര്‍വഹിച്ചു. ഡബിള്‍ ഫസ്റ്റ് ക്ലാസോടെ മലയാളസാഹിത്യത്തില്‍ ബിരുദം നേടിയ അദ്ദേഹം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ മലയാളം അധ്യാപകനായി ചേര്‍ന്നു. ഒപ്പം, മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൈവറ്റായി എംഎ പഠനം തുടങ്ങി. 1959 ല്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി.  സുദീര്‍ഘമായ 33 വര്‍ഷം തേവര കോളജില്‍ അധ്യാപകനായും വകുപ്പധ്യക്ഷനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, കുറച്ചുകാലം മാനന്തവാടി ന്യൂമാന്‍സ് കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. പിന്നീട് ദീപിക ആഴ്ചപ്പതിപ്പിന്റെ മുഖ്യപത്രാധിപരായി ചുമതലയേറ്റതോടെ കോട്ടയത്തു സ്ഥിരതാമസമാക്കി. കാലടി സംസ്‌കൃതസര്‍വകലാശാലയുടെ ഏറ്റുമാനൂര്‍ കേന്ദ്രത്തില്‍ ഓണററി പ്രൊഫസറായും ഉലകംതറ സേവനമനുഷ്ഠിച്ചു.
    പ്രാരബ്ധങ്ങളും പ്രതിസന്ധികളും നിറഞ്ഞ ബാല്യകൗമാരയൗവനങ്ങളില്‍, ഇച്ഛാശക്തിയും കഠിനപ്രയത്‌നവും ദൈവാശ്രയബോധവും കൈമുതലാക്കി മുന്നേറിയാണ് നേട്ടങ്ങളെല്ലാം സ്വായത്തമാക്കിയത്. സാമൂഹിക സാഹിത്യ സാംസ്‌കാരിക സഭാവേദികളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞത് അവനവന്റെ ലോകം സൃഷ്ടിക്കാന്‍ എന്നും അദ്ദേഹം തയ്യാറായതുകൊണ്ടാണ്. എംജി, കേരള സര്‍വകലാശാലകളില്‍ ചീഫ് എക്‌സാമിനര്‍, എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റിയംഗം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉപദേശകസമിതിയംഗം, സമസ്തകേരള സാഹിത്യപരിഷത്ത് ജനറല്‍ സെക്രട്ടറി, കേരളസാഹിത്യ അക്കാദമിയംഗം, കേരള റൈറ്റേഴ്‌സ് ഫെല്ലോഷിപ്പ് പ്രസിഡന്റ് മുതലായ സ്ഥാനങ്ങള്‍ വഹിക്കുകയും വിവിധ രംഗങ്ങളില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്തു. സെന്റ് പോള്‍സ് പബ്ലിക്കേഷന്‍സിന്റെ ചെയര്‍മാനായും താലന്ത് മാസികയുടെ സഹപത്രാധിപരായും വിവിധ സെമിനാരികളില്‍ അധ്യാപകനായും കോട്ടയം കവിതാമണ്ഡലത്തിന്റെ അമരക്കാരനായും പ്രവര്‍ത്തിച്ചു. റേഡിയോ പ്രഭാഷകനായും അദ്ദേഹം മികവുകാട്ടി.
    ഹൈസ്‌കൂള്‍ അധ്യാപികയായ പി.എ. ത്രേസ്യാമ്മയാണു ഭാര്യ. ഉലകംതറയ്ക്ക് നാലു മക്കളാണുള്ളത്.
ക്രിസ്തുഗാഥയും ഇതരകൃതികളും
    മാത്യു ഉലകംതറയുടെ സേവനങ്ങളെയും സംഭാവനകളെയും വിലയിരുത്തുമ്പോള്‍ അധ്യാപനം വര്‍ണശോഭയോടെ തിളങ്ങിനില്‍ക്കും. പ്രഭാഷണങ്ങളാവട്ടെ ഓര്‍മകളില്‍ തങ്ങിനില്‍ക്കുന്നവയും കാലഘട്ടത്തിന്റെ ആവേശവും ആവശ്യവുമായി മാറിയവയുമാണ്. എന്നാല്‍, പ്രഥമ പരിഗണനയ്ക്കര്‍ഹമാകുന്നത് ആ പ്രതിഭാശാലിയുടെ ഗദ്യപദ്യകൃതികള്‍തന്നെയാണ്. വിശ്വാസികളുടെ ഹൃദയത്തില്‍ ഇടംനേടിയ 'ക്രിസ്തുഗാഥ' എന്ന മഹാകാവ്യം ഉലകംതറയെ മഹാകവിയാക്കി മാറ്റി. പതിനായിരത്തില്‍പ്പരം വരികളിലൂടെ ക്രിസ്തുവിന്റെ ജനനംമുതല്‍ സ്വര്‍ഗാരോഹണംവരെയുള്ള കാര്യങ്ങള്‍ ലളിതവും സുന്ദരവുമായി കാവ്യവത്കരിക്കുന്നതിനു കേവലം പത്തുമാസങ്ങളാണ് അദ്ദേഹം ചെലവഴിച്ചത്. പുത്തന്‍പാനയ്ക്കുശേഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ക്രിസ്തീയകാവ്യമിതാണ്. പല പ്രസാധകരിലൂടെ  പല പതിപ്പുകളാണ് ക്രിസ്തുഗാഥയ്ക്കുണ്ടായത്. ക്രിസ്തുവിന്റെ സമ്പൂര്‍ണകാവ്യജീവചരിത്രമെന്നു വിശേഷിപ്പിക്കാവുന്ന ക്രിസ്തുഗാഥയുടെ പ്രാരംഭമിങ്ങനെയാണ്:
    അക്ഷരാനന്ദമായ് മേവും വചനമേ!
    അക്ഷയസാന്ത്വന സങ്കേതമേ
    ആദിയില്‍ ദൈവത്തോടൊത്തു വസിച്ചൊരു
    നാദസ്വരൂപമേ കൈതൊഴുന്നേന്‍.
മഹാകാവ്യം സമാപിക്കുന്നത് ഇപ്രകാരം:
    പാട്ടായിപ്പാടാനും വേണ്ടയോ നമ്മള്‍ക്കു
    വീട്ടിലിന്നേശുവിന്‍ സദ്വിശേഷം?
    ഈ വിചാരംകൊണ്ടിറങ്ങിപ്പുറപ്പെട്ടേന്‍
    കാവ്യരചനയ്ക്കശക്തനാം ഞാന്‍.
    പറ്റുന്നതൊക്കെ നാം ചെയ്യേണ്ടേ ഭൂമിയില്‍
    കുറ്റങ്ങള്‍ പോക്കുന്നതീശനല്ലേ?
    സത്യസ്വരൂപമാം ത്രിതൈ്വക ദൈവമേ
    സ്തുത്യം തിരുനാമമെന്നുമെന്നും.
    മഹാകാവ്യരചനയുടെ ലക്ഷ്യസൂചനയാണീ വരികള്‍. സുവിശേഷവത്കരണത്തിനായുള്ള ഈ കാവ്യപൂജയെ തിരിച്ചറിഞ്ഞുകൊണ്ടാണ് ഡോ. എം ലീലാവതി, താലന്തുകള്‍ പലമടങ്ങാക്കാന്‍ പരിശ്രമിക്കുന്ന കവിയെ അവതാരികയില്‍ ശ്ലാഘിക്കുന്നത്. നമ്മുടെ കവിതാലാപനവേദികളില്‍ ക്രിസ്തുസാന്നിധ്യമേകാന്‍ ക്രിസ്തുഗാഥയിലെ വരികള്‍ അനേകര്‍ക്കു പ്രചോദനമായെങ്കില്‍ ഉലകംതറയുടെ കര്‍മം അര്‍ത്ഥവത്തായി.  
    അമ്പതോളം കൃതികളാണ് മാത്യു ഉലകംതറ രചിച്ചിട്ടുള്ളത്. വിമര്‍ശനസോപാനം, ആലോചനാമൃതം, സാഹിത്യപീഠിക എന്നിവ മൂന്നു സര്‍വകലാശാലകളില്‍ പാഠപുസ്തകങ്ങളായി. രണ്ടു ദശകങ്ങളില്‍ ആകാശവാണിയിലവതരിപ്പിച്ച സുഭാഷിതങ്ങള്‍ അടങ്ങുന്ന 'കഥാസുഭാഷിതസാഗരം' ലളിതസുഭഗമായ ഗദ്യരചനയ്ക്കു മികച്ച ഉദാഹരണമാണ്. ബാലസാഹിത്യകാരനായ ഉലകംതറയെ അധികമാര്‍ക്കും പരിചയമില്ല. എന്നാല്‍, ഈയിടെ ഡോ. കെ. ശ്രീകുമാര്‍ തയ്യാറാക്കിയ 'മലയാളസാഹിത്യചരിത്ര'മെന്ന ബൃഹദ്ഗ്രന്ഥത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ 'കതിരുള്ള രചനകള്‍' എന്ന തലക്കെട്ടില്‍ മാത്യു ഉലകംതറയുടെ 'വീരബാലകഥകള്‍' പരാമര്‍ശിച്ചുകാണുന്നത് ശ്രദ്ധേയമാണ്. ഇന്ദിരാഗാന്ധി, ഐ സി ചാക്കോ, കൊച്ചുതലവന്‍ എന്നീ ജീവചരിത്രഗ്രന്ഥങ്ങളും, വ്യാകരണദീപം, സാഹിത്യപീഠിക തുടങ്ങിയ പാഠ്യഗ്രന്ഥങ്ങളും ആ തൂലികയില്‍ വിരിഞ്ഞവയാണ്.
പ്രേഷിതനായ സഭാതനയന്‍
    ''പരമ്പരാഗതമായി എനിക്കു ലഭിച്ച കത്തോലിക്കാവിശ്വാസം ഉത്തമമായ സാമൂഹികധര്‍മാനുഷ്ഠാനത്തിനും ആത്യന്തികമായ മോക്ഷപ്രാപ്തിക്കും ആവശ്യമുള്ളതെല്ലാം എനിക്കു നല്‍കുന്നുണ്ട്.'' ഉലകംതറയുടെ ഉറച്ച ബോധ്യമാണിത്. അതില്‍നിന്നാണ് സഭയുടെ അല്മായപ്രേഷിതത്വത്തെ സ്വധര്‍മമായി അദ്ദേഹം സ്വീകരിച്ചനുഷ്ഠിച്ചുപോന്നത്. അതിന്റെ സദ്ഫലങ്ങളായി ഈടുറ്റ ചില ഗ്രന്ഥങ്ങള്‍ നമുക്കു ലഭിച്ചു. ''വിമര്‍ശിക്കപ്പെടുന്ന വിശ്വാസം'' ഈ ഗണത്തിലെ ആദ്യകൃതിയാണ്. ''ക്രൈസ്തവസത്യാന്വേഷണം-ഏകദൈവം ഏകാവതാരം'' , ''സത്യവിശ്വാസവും വ്യാജപ്രവാചകരും'' എന്നിവയാണ് മറ്റു കൃതികള്‍. ക്രിസ്തീയവിശ്വാസത്തിന്റെ സവിശേഷതകളെ പാണ്ഡിത്യത്തിന്റെ ഭാരങ്ങളില്ലാതെ അവതരിപ്പിക്കുന്നതിനാല്‍ സാധാരണവിശ്വാസികള്‍ക്ക് ഇവ ഏറെ ഉപകരിക്കുന്നു. 'ക്രിസ്തുബിംബങ്ങള്‍ മലയാളത്തില്‍' എന്ന കൃതിയുടെ പേരില്‍ കൈരളി ഉലകംതറയോടു കടപ്പെട്ടിരിക്കുന്നു. തന്റെ സാഹിത്യജീവിതത്തിന്റെ മുഖ്യപ്രമേയം ഈ അന്വേഷണമാണെന്ന് ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. ക്രിസ്തീയചിന്തകളെ തള്ളിപ്പറയാത്ത യാഥാസ്ഥിതികനായി അറിയപ്പെടുന്നതില്‍ അദ്ദേഹം വ്യാകുലപ്പെട്ടിരുന്നില്ല.
    'ഹൈന്ദവം ക്രൈസ്തവം' എന്ന കൃതി ഇക്കാലത്ത് പ്രത്യേക പ്രസക്തിയുള്ളതാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനങ്ങളില്‍നിന്ന് അണുപോലും വ്യതിചലിക്കാതെ, സാംസ്‌കാരികാനുരൂപണം എന്ന വിഷയത്തെ സമഗ്രമായും പ്രായോഗികമായും കൈകാര്യം ചെയ്യുന്ന ഗ്രന്ഥമാണിത്.
     ഉലകംതറ രചിച്ച അര്‍ണോസ് പാതിരിയുടെ ജീവചരിത്രം, അമ്മത്രേസ്യയുടെ ജീവചരിത്രഭാഷാന്തരം, വര്‍ത്തമാനപ്പുസ്തകത്തിന്റെ ഭാഷാന്തരം മുതലായ കൃതികള്‍ ക്രിസ്തീയസാഹിത്യത്തിലേക്കുള്ള ഈടുവയ്പുകളാണ്. ചരിത്ര-സാഹിത്യപ്രാധാന്യമുള്ള എത്രയോ ഗ്രന്ഥങ്ങള്‍ക്കാണ് അദ്ദേഹം പീഠികയോ പഠനമോ ആസ്വാദനമോ തയ്യാറാക്കി പ്രസിദ്ധീകരണയോഗ്യമാക്കിയിട്ടുള്ളത്. എത്രയെത്ര കനപ്പെട്ട കൃതികളെ പ്രസാധകര്‍ക്കും അധികാരികള്‍ക്കും പരിചയപ്പെടുത്തി വെളിച്ചത്തുകൊണ്ടുവന്നു. 'സംക്ഷേപവേദാര്‍ത്ഥ'വും 'കുമ്പസാര'വുമൊക്കെ ഉദാഹരണങ്ങളാണ്. സാഹിത്യവേദിയിലും സഭാവേദിയിലും ഒരുപോലെ സ്വീകാര്യത നേടിയ ഉലകംതറയെന്ന വിശ്വാസിയായ എഴുത്തുകാരന്‍, ഉള്ളിന്റെയുള്ളില്‍ പ്രേഷിതജ്വാല കെടാതെ സൂക്ഷിച്ചു.
ആദരവും അംഗീകാരവും
    കൗമാരകാലത്ത് കാവ്യരചനയ്ക്കു മഹാകവി കട്ടക്കയം സ്വര്‍ണമെഡല്‍ നേടിയ മാത്യു ഉലകംതറയ്ക്ക് ഉള്ളൂര്‍ അവാര്‍ഡ്, കെസിബിസി അവാര്‍ഡ്, കെ.വി. സൈമണ്‍ അവാര്‍ഡ്, കുടുംബദീപം അവാര്‍ഡ്, ഐ. സി. ചാക്കോ അവാര്‍ഡ്, സിസ്റ്റര്‍ മേരി ബനീഞ്ഞ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1992 ല്‍ കേരള കത്തോലിക്കാമെത്രാന്മാര്‍ ചേര്‍ന്ന് അദ്ദേഹത്തിന് ഷഷ്ട്യബ്ദപൂര്‍ത്തിയാശംസകള്‍ നല്‍കി ആദരിച്ചു. 2001 ല്‍ കോട്ടയത്തുവച്ച് ദ്വിദിനസപ്തതിയാഘോഷം വിപുലമായി നടന്നു. ''ഉലകംതറ: കവിയും നിരൂപകനും'' എന്ന പഠനഗ്രന്ഥം അന്നു പ്രകാശനം ചെയ്യപ്പെട്ടു. 2021 ല്‍ നവതിയോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉലകംതറയെ ആദരിക്കാനെത്തി.     കേരള കത്തോലിക്കാസഭയുടെ അഭിമാനതാരമായിരുന്ന മാത്യു ഉലകംതറയെ 2019 ല്‍ സീറോമലബാര്‍സഭ 'സഭാതാര'പുരസ്‌കാരം നല്‍കി ബഹുമാനിച്ചു. അദ്ദേഹം എക്കാലവും സഭയുടെ ഒരു യഥാര്‍ത്ഥ താരം തന്നെയായിരുന്നു. നിലപാടുകളുടെ ഉറച്ച തറയില്‍ സ്വന്തം ഉലകം ഉറപ്പിച്ച സഭാതനയനും സാഹിത്യപ്രതിഭയുമായ പ്രൊഫ. മാത്യു ഉലകംതറയെന്ന ആചാര്യേശ്രഷ്ഠനു പ്രണാമമര്‍പ്പിക്കുന്നു!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)