മഴക്കാലമായിരുന്നെങ്കിലും 1946 ജൂലൈ 28-ാം തീയതി പ്രസന്നമായിരുന്നു. ഞാനും ചേച്ചിയും ഒരുങ്ങി പ്രഭാതഭക്ഷണം കഴിച്ച് പൊതിച്ചോറും പുസ്തകക്കെട്ടും എടുത്ത് സ്‌കൂളിലേക്കു പുറപ്പെട്ടു. മറ്റത്തില്‍കുന്നിന്റെ മുകളിലെത്തിയപ്പോള്‍ എതിരേ വന്ന ഒരാള്‍ ഞങ്ങളെ വിളിച്ചുപറഞ്ഞു: മഠത്തില്‍ ഒരു കന്യാസ്ത്രീ മരിച്ചു. ഇന്നു പള്ളിക്കൂടമില്ല. ഞാന്‍ വീട്ടിലേക്കു മടങ്ങാന്‍ തുടങ്ങി. പെങ്ങള്‍ പറഞ്ഞു: നിന്റെ പുസ്തകവും പൊതിച്ചോറും ഇങ്ങു തന്നേക്ക്. ഞാന്‍ കൊണ്ടുവന്നുകൊള്ളാം. ഞാന്‍ വരുന്നില്ല എന്നു കട്ടായം പറഞ്ഞു. പെങ്ങള്‍ പറഞ്ഞു: എടാ, നമ്മളെ പഠിപ്പിക്കുന്ന സിസ്റ്റര്‍മാരുടെ കൂട്ടത്തിലുള്ള ഒരു സിസ്റ്ററാണു മരിച്ചത്. പോയി അടക്കുകൂടണം, അതാണു മര്യാദ. ഞങ്ങള്‍ സ്‌കൂളിലേക്കു നടന്നു. ശവമഞ്ചം ചാപ്പലില്‍ സ്ഥാപിച്ചിരിക്കുകയാണ്.
ഞങ്ങള്‍ ചാപ്പലിലേക്കു നടന്നു. ഞങ്ങള്‍ വിസ്മയിച്ചു. അവര്‍ മാറിപ്പോയപ്പോള്‍ ഞങ്ങള്‍ ചാപ്പലില്‍ പ്രവേശിച്ച് അല്‍ഫോന്‍സാമ്മയെ കണ്ടു. ആ മുഖത്തു കളിയാടിയ പ്രഭ വര്‍ണ്ണിക്കുക അസാധ്യം. ആ ദിവ്യസുന്ദരമുഖം ഇന്നും എന്റെ മനസ്സിലുണ്ട്. ഞങ്ങള്‍ മുട്ടിന്മേല്‍നിന്ന് പ്രാര്‍ത്ഥിച്ചു.
ഞങ്ങള്‍ ചാപ്പലില്‍നിന്നിറങ്ങിയപ്പോള്‍ മുറ്റം നിറയെ കുട്ടികള്‍. അടക്കിന്റെ സമയം കുറേപ്പേര്‍ തിരക്കി. ഉടനെതന്നെയെന്ന് ആരൊക്കെയോ മറുപടി പറഞ്ഞു. എന്നാല്‍, അടക്കു കൂടണം. കുട്ടികള്‍ പുസ്തകവും പൊതിച്ചോറും അവരവരുടെ ക്ലാസ്സുകളില്‍ കൊണ്ടുപോയി വച്ചു. ആളു തീരെ ചെറുപ്പമാണല്ലോ. മരണകാരണം എന്താണ്? അല്‍ഫോന്‍സാമ്മ പുണ്യവതിയാണ് എന്നായിരുന്നു മറുപടി. പുണ്യവതിയുടെ മൃതസംസ്‌കാരം എങ്ങനെയാണ്? മണ്ണിടുകില്ല. പൂക്കള്‍ ഇടും. ഈന്തില വച്ചു മൂടും. പലകവച്ചുമൂടും. ഇത് സാധാരണ മരിച്ചടക്കല്ല. ചേച്ചിയുടെ കൂടെ പഠിക്കുന്ന മുണ്ടും ചട്ടയും സാരിയും ധരിച്ച ചേടത്തിമാരാണ് ഈ അഭിപ്രായങ്ങള്‍ എല്ലാം തട്ടിവിട്ടത്. എനിക്കു ചിരിവന്നു. അല്‍ഫോന്‍സാമ്മ പുണ്യവതിയാണ് എന്ന ധാരണയുടെ ബഹിര്‍പ്രകടനമായിരുന്നു അവരുടെ അഭിപ്രായങ്ങള്‍. സാധാരണ മരിച്ചടക്കിലല്ല സംബന്ധിക്കുന്നത് എന്നൊരു ബോധ്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നു.
തിരുക്കര്‍മ്മങ്ങളുടെ സമയമായപ്പോള്‍ ആളുകള്‍ ചാപ്പലില്‍ കയറി. ചാപ്പല്‍ നിറഞ്ഞു. കുറേപ്പേര്‍ മുറ്റത്തു നിന്നു. ശുശ്രൂഷകള്‍ സുറിയാനിഭാഷയിലായിരുന്നു. ചാപ്പലിലെ ശുശ്രുഷകഴിഞ്ഞപ്പോള്‍ ആളുകള്‍ പുറത്തിറങ്ങി രണ്ടു ലൈനായി പള്ളിയിലേക്കു പുറപ്പെട്ടു. അല്‍ഫോന്‍സായുടെ മൃതദേഹം ബ. സിസ്റ്റേഴ്‌സ് സംവഹിച്ചു. മൃതദേഹം പള്ളിയില്‍ എത്തി. വന്ദ്യനായ ഫാദര്‍ റോമുളൂസ് സി.എം.ഐ. പ്രസംഗപീഠത്തില്‍ കയറിനിന്ന് ചരമപ്രഭാഷണം നടത്തി. അല്‍ഫോന്‍സാമ്മയുടെ ജീവിതവിശുദ്ധിയെക്കുറിച്ചാണ് അച്ചന്‍ പ്രസംഗിച്ചത്. ഈ വസ്തുത അറിഞ്ഞിരുന്നെങ്കില്‍ മെത്രാന്മാരും കര്‍ദ്ദിനാള്‍മാരും വന്‍ജനാവലിയും ഇവിടെ എത്തുമായിരുന്നു. ഇനി എത്തുകതന്നെ ചെയ്യും. ഈ യുവതി ഒരു വിശുദ്ധയല്ലെങ്കില്‍ ആരാണ്? എന്ന് ബ. റോമുളൂസച്ചന്‍ അല്‍ഫോന്‍സാമ്മയെ ചൂണ്ടിക്കൊണ്ട് ചോദിക്കുന്നതു ഞാന്‍ കൃത്യമായി ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം ജനത്തിന്റെ ധാരണ ഇരട്ടിയാക്കി. യോഗ്യതയില്ലാത്ത മഹാകാര്യത്തിലാണ് പങ്കുകൊള്ളുന്നത് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായി. ഒരു പ്രത്യേക മുഖഭാവം എല്ലാവരിലും ദൃശ്യമായി. ഇതിനെ അല്‍ഫോന്‍സാനുഭവം എന്നു വിളിക്കാം.
വി. അല്‍ഫോന്‍സാമ്മയുടെ കബറടക്കശുശ്രൂഷയ്ക്ക് ആളുകള്‍ കുറവായിരുന്നു എന്നു പൊതുവേ ഒരു പറച്ചിലുണ്ട്. എന്നാല്‍, എന്റെ അഭിപ്രായത്തില്‍, അന്നത്തെ സാമൂഹികസ്ഥിതി വച്ചു നോക്കിയാല്‍ വി. അല്‍ഫോന്‍സാമ്മയുടെ അടക്കിന് ആളുകള്‍ ഒട്ടും കുറവല്ലായിരുന്നു. പത്തഞ്ഞൂറ് സ്‌കൂള്‍ കുട്ടികളുമുണ്ടായിരുന്നു. അല്‍ഫോന്‍സാമ്മ എളിമയുടെ വിളനിലമായിരുന്നെങ്കിലും മൃതസംസ്‌കാരശുശ്രൂഷ ആഡംബരപൂര്‍വ്വമായിരുന്നുവെന്നു പറയണം. പുതിയ സിമിത്തേരിപ്പളളിയിലെ പുതിയ കല്ലറയില്‍ അല്‍ഫോന്‍സാമ്മയെ അടക്കി. അല്‍ഫോന്‍സാമ്മയെ ബ. സിസ്റ്റേഴ്‌സാണ് സംവഹിച്ചത്. ഞാന്‍ ആദ്യമായി പങ്കെടുത്ത, ഒരു സിസ്റ്ററിന്റെ ശവസംസ്‌കാരമായിരുന്നു അല്‍ഫോന്‍സാമ്മയുടേത്. ആളില്ലാഞ്ഞതുകൊണ്ടാണ് അല്‍ഫോന്‍സാമ്മയുടെ ശവമഞ്ചം ബ. സിസ്റ്റേഴ്‌സ് എടുത്തതെന്ന് ആക്ഷേപം ഉണ്ടായപ്പോള്‍ അന്ന് മഠത്തിലുണ്ടായിരുന്ന അമ്മമാരോടു ഞാന്‍ അന്വേഷിച്ചു. അവര്‍ പറഞ്ഞു: അല്‍ഫോന്‍സാമ്മ മരിച്ചപ്പോള്‍ ബ. സിസ്റ്റേഴ്‌സും കുശിനിജോലിക്കാരും കൊന്ത, കുരിശ്, വെന്തിങ്ങ് തുടങ്ങിയ ഭക്തസാധനങ്ങള്‍ വിശുദ്ധയെ തൊടുവിച്ച് എടുത്തു. മൃതദേഹം മറ്റുളളവരെക്കൊണ്ടു എടുപ്പിക്കണ്ടാ എന്നു തീരുമാനിച്ചു. തീരുമാനം വടക്കേലച്ചനെ അറിയിച്ചു. അല്‍ഫോന്‍സായെ നിങ്ങള്‍തന്നെ എടുത്താല്‍ മതി എന്ന് വടക്കേലച്ചന്‍ പറഞ്ഞു.
ദൈവജനത്തിനു ലഭിച്ച അല്‍ഫോന്‍സാനുഭവമാണ് കബറിടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കാനും തിരി കത്തിക്കാനും ആളുകളെ പ്രേരിപ്പിച്ചത്. പ്രാര്‍ത്ഥിക്കാന്‍ വന്നവരെ അധികാരികള്‍ നിരുത്സാഹപ്പെടുത്തി എന്ന് ചിലര്‍ പറയുന്നത് സത്യവിരുദ്ധമാണ്. സിമിത്തേരിച്ചാപ്പലില്‍ വി. കുര്‍ബാന തുടങ്ങിയത് ആരാണ്? കുമ്പസാരിക്കുന്നതിനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതാരാണ്? തീര്‍ത്ഥാടകര്‍ക്കു താമസിക്കാനും മറ്റും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് പെ. ബ. പ്ലാത്തോട്ടത്തില്‍ കുരുവിളയച്ചനാണ്. അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ നേ ര്‍ച്ചയായി ലഭിച്ച പണം അല്‍ഫോന്‍സാഫണ്ടായി സൂക്ഷിച്ചതും അദ്ദേഹം തന്നെ.
ചാത്തം തുടങ്ങിയതും അല്‍ഫോന്‍സാനുഭവമാണ്. ഇടവകജനം അരിയും കറിസാധനങ്ങളും ചെമ്പും വാര്‍പ്പും മറ്റും കൊണ്ടുവന്ന് ഭക്ഷണം തയ്യാറാക്കി ചാത്തം നടത്തി. പെ. ബ. പ്ലാത്തോട്ടത്തില്‍ കുരുവിളയച്ചന്‍ നേതൃത്വം വഹിച്ചു. വിശുദ്ധയുടെ നാമകരണനടപടിക്കായി, അല്‍ഫോന്‍സാമ്മയെ ദൈവദാസിയെന്നു വിളിക്കുകയും നാമകരണച്ചടങ്ങുകളുടെ ആദ്യഭാഗമായി രൂപതാക്കോടതി സ്ഥാപിക്കുകയും ചെയ്തു. വൈസ് പോസ്റ്റുലേറ്റര്‍ നിയമിതനാകുന്നതുവരെ വെ. ബ. വികാരിയച്ചനാണ് കാര്യങ്ങള്‍ എല്ലാം നടത്തിയിരുന്നത്.
പെരിയ ബഹുമാനപ്പെട്ട കുരുവിളയച്ചന്‍ കറതീര്‍ന്ന വിശ്വാസത്തില്‍ അല്‍ഫോന്‍സാഭക്തിക്ക് അടിത്തറയിട്ടു. നാമകരണനടപടികള്‍ വേഗം തുടങ്ങാനും വിജയകരമായി പര്യവസാനിക്കാനും കാരണം നല്ല അടിത്തറയിലുളള തുടക്കമാണ്.