മൂന്നു തലമുറകളുടെ ജീവിതത്തില്‍ തേനും വയമ്പും ചാലിച്ച ഗാനരചയിതാവും കവിയുമായ
ബിച്ചു തിരുമലയ്ക്ക് അന്ത്യാഭിവാദ്യം
ശ്രുതിയില്‍നിന്നുയര്‍ന്ന നാദശലഭങ്ങളായിരുന്നു ബിച്ചു തിരുമലയുടെ പാട്ടുകള്‍. ലളിതമധുരമായ ഗാനങ്ങള്‍ മലയാളിയുടെ കരളില്‍ അമൃതമഴയായി വര്‍ഷിച്ച ബിച്ചു തിരുമല ഓര്‍മകളില്‍. പക്ഷേ, അനശ്വരനാണ്.
കലാസാഹിത്യപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമല. ഭാഷാപണ്ഡിതനായിരുന്ന പ്രൊഫ. സി.ഐ. ഗോപാലപിള്ളയുടെ കൊച്ചുമകനാണ്. ഗാനരചയിതാവാകാനായിരുന്നില്ല ബിച്ചുവിന് ആഗ്രഹം. സിനിമാസംവിധായകനാകാനാണ് ചെന്നൈയിലേക്കു വണ്ടികയറിയത്.
സി.ആര്‍.കെ. നായര്‍ ഒരുക്കിയ 'ശബരിമല ശ്രീധര്‍മശാസ്താ' എന്ന ചിത്രത്തില്‍ സഹസംവിധായകനായിട്ടാണു തുടക്കം. പാട്ടെഴുതാനുള്ള കഴിവുണ്ടെന്നു മനസ്സിലാക്കിയ സി.ആര്‍.കെ. നായരാണ് 'ഭജഗോവിന്ദം' എന്ന ചിത്രത്തില്‍ പാട്ടെഴുതിച്ചത്. അതൊരു നല്ല തുടക്കമായിരുന്നു.
ഗായിക സുശീലാദേവി സഹോദരിയായിരുന്നു. സുശീലാദേവിക്കു മത്സരങ്ങള്‍ക്കു കവിതകളെഴുതിയാണ് ബിച്ചുവിന്റെ കാവ്യജീവിതം ആരംഭിച്ചത്. ഭജഗോവിന്ദത്തില്‍ തുടങ്ങിയ ബിച്ചുവിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ആയിരക്കണക്കിനു ഗാനങ്ങള്‍ സിനിമയിലും നാടകങ്ങളിലും ആല്‍ബങ്ങളിലുമായി ബിച്ചു ഒരുക്കി. വളരെ പ്രശസ്തമായ നിരവധി ക്രൈസ്തവഭക്തിഗാനങ്ങള്‍ ബിച്ചുവിന്റെതായുണ്ട്. ഇളയരാജ, കെ.പി. ഉമ്മര്‍, ജെറി അമല്‍ദേവ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍ തുടങ്ങി പ്രഗല്ഭരായ മിക്ക സംഗീതസംവിധായകര്‍ക്കുമൊപ്പം ബിച്ചു പ്രവര്‍ത്തിച്ചു.
പതിനേഴു വര്‍ഷംമുമ്പ് തിരുമലയിലെ വീട്ടില്‍ വച്ച് ബിച്ചു തിരുമലയെ കാണുമ്പോള്‍ ശാരീരികമായി ഏറെ അവശതയുണ്ടായിരുന്നു അദ്ദേഹത്തിന്. ''ഞാന്‍ ജീവനോടെ കാണുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഈശ്വരന്‍ എനിക്ക് ജീവനും ജീവിതവും ഒരുപാട് ബോണസ്സായിത്തന്നു.'' അദ്ദേഹം പറഞ്ഞു.
1994 ല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണുണ്ടായ അപകടത്തിന്റെ ആഘാതത്തില്‍നിന്ന് അപ്പോഴും മോചിതനാകാതിരുന്ന ബിച്ചു തിരുമല ഈശ്വരകൃപയ്ക്കു മുന്നില്‍ ഒരുപാടു പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ എഴുതിയ കൈകള്‍ കൂപ്പിനിന്നു.
''ഞാന്‍ സംഗീതം പഠിച്ചിട്ടുണ്ട്. ഒരുവിധം നന്നായി പാടുകയും ചെയ്യുമായിരുന്നു. അതുപോലെ ട്യൂണ്‍ അനുസരിച്ചു പാട്ടെഴുതണമെന്ന രീതി വന്നപ്പോള്‍ എനിക്ക് ഒരുപാട് അവസരങ്ങള്‍ കിട്ടി.''
തിരുമലയിലെ 'സുമതി'യിലിരുന്ന് തന്റെ പല പാട്ടുകള്‍ വന്ന വഴി വിവരിക്കുമ്പോള്‍ ആരോഗ്യത്തിന്റെ അവശതകള്‍ക്കിടയിലും ആവേശത്തിന്റെ ലഹരിയിലായിരുന്നു ബിച്ചു തിരുമല.
'നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും... ' എന്ന പ്രസിദ്ധമായ പാട്ടിന്റെ തുടക്കം കൊല്ലത്തെ നാടകസമിതിയുടെ 'നീലജലം' എന്ന നാടകത്തിന്റെ പേരില്‍നിന്നാണ്. ഈ നീലജലം എന്ന പേര് ഓര്‍ത്തുവച്ചുകൊണ്ടാണ് പിന്നീട് നീലജലാശയത്തില്‍ എഴുതിയതെന്ന് ബിച്ചു പറഞ്ഞു.
മണിച്ചിത്രത്താഴിലെ 'പഴന്തമിഴ്പാട്ടിഴയും...' എന്ന പാട്ടിലെ പഴന്തമിഴ് എന്ന പ്രയോഗം തമിഴ്നാട്ടിലെ 'പളംതമിള്‍' എന്ന ഒരു ഹോട്ടലിന്റെ പേരില്‍നിന്നാണു തുടങ്ങിയത്. തഞ്ചാവൂരിലേക്കുള്ള ഒരു യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലിന്റെ പേരായിരുന്നു പളംതമിളെന്ന് ബിച്ചു സാര്‍ പറഞ്ഞു. പിന്നീട് മണിച്ചിത്രത്താഴിനുവേണ്ടി പാട്ടെഴുതുമ്പോള്‍ ഈ പേര് മലയാളീകരിച്ച് 'പഴന്തമിഴ്' എന്നാക്കി.
പഴയ മദ്രാസിലെ ഹോട്ടല്‍മുറിയില്‍ കഴിയുമ്പോള്‍ ഒരു രാത്രി പുറത്തേക്കു നോക്കിയ ബിച്ചു രണ്ടു പറമ്പ് അപ്പുറത്തുള്ള ഒരു വാകമരം കണ്ടു. ഇതിനു സമീപത്തുകൂടി രാത്രി ഒന്‍പതുമണിയോടെ ഒരു പെണ്‍കുട്ടി അതിനടുത്തുള്ള വീട്ടിലേക്കു കയറിപ്പോകുന്നതും കണ്ടു. അപ്പോള്‍ തോന്നിയ വരികളാണ് 'വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍...'' എന്ന പ്രസിദ്ധമായ പാട്ട്.
പപ്പയുടെ സ്വന്തം അപ്പൂസിലെ 'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ...... എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടടീ...' എന്ന പ്രശസ്തമായ പാട്ട് സ്വന്തം കുടുംബത്തിലെ ഒരു കാഴ്ചയുടെ പ്രതിഫലനമാണെന്ന് അഭിമുഖത്തിനിടെ ബിച്ചു സാര്‍ പറഞ്ഞു. കുട്ടിക്കാലത്തുതന്നെ മരിച്ചുപോയ അനുജന്‍ ബാലഗോപാലനെ അമ്മ എണ്ണതേച്ചു കുളിപ്പിക്കുന്ന ആ കാഴ്ച ഓര്‍ത്തെടുത്താണ് ഈ പാട്ടെഴുതിയതെന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്‍കോണുകളില്‍ നേരിയ ഒരു നനവു പടരുന്നതു കണ്ടു. തലമുറകളെ ആകര്‍ഷിച്ച നൂറുകണക്കിനു പാട്ടുകള്‍ ബിച്ചു തിരുമല കുറിച്ചിട്ടുണ്ട്.
ബിച്ചു തിരുമല അധികം കവിതകള്‍ എഴുതിയിട്ടില്ല. ഹൃദയം ദേവാലയം..., നക്ഷത്രദീപങ്ങള്‍ തെളിഞ്ഞു..., ഒറ്റക്കമ്പിനാദം..., വാകപ്പൂമരം... തുടങ്ങിയവ ബിച്ചു തിരുമലയുടെ ഉന്നത കാവ്യഭംഗിയുള്ള പാട്ടുകളാണ്.
സിനിമാഗാനങ്ങള്‍ക്കൊപ്പം ആല്‍ബം പാട്ടുകളും ഒരുപാടെഴുതി. 'വലംപിരിശംഖില്‍, ശങ്കരധ്യാനപ്രകാരം..., മാമാങ്കം പലകുറി കൊണ്ടാടി...' തുടങ്ങി, വസന്തഗീതങ്ങള്‍, ഹൃദയാഞ്ജലി, ദീപം മകരദീപം തുടങ്ങിയ ആല്‍ബങ്ങളിലെ പാട്ടുകള്‍ മലയാളികളുടെ ചുണ്ടില്‍ എന്നുമുണ്ട്.
കാവ്യമധുരം പാട്ടുകള്‍ക്കൊപ്പം പെട്ടെന്ന് ആരെയും ആകര്‍ഷിക്കുന്ന പാട്ടുകളും ഒരേ കൈവേഗത്തില്‍ അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. 'സുന്ദരീ സുന്ദരീ ഒന്നൊരുങ്ങിവാ..., പടകാളി ചണ്ടിച്ചങ്കരി പോര്‍ക്കലി....' തുടങ്ങിയ അടിപൊളി പാട്ടുകളും ബിച്ചു തിരുമല എഴുതിയിട്ടുണ്ടെന്ന് ഓര്‍ക്കണം.
പ്രണയഗാനങ്ങളും വിരഹഗാനങ്ങളും ഹാസ്യഗാനങ്ങളും താരാട്ടുപാട്ടുകളുമൊക്കെ ഒരുപാടു കുറിച്ച കൈകളാണ് ബിച്ചു തിരുമലയുടേത്.
എന്‍ പൂവേ പൊന്‍പൂവേ..., കിലുകില്‍ പമ്പരം..., ഓലത്തുമ്പത്തിരുന്നൂയലാടും..., തുടങ്ങിയ താരാട്ടുപാട്ടുകളും പെണ്ണിന്റെ ചെഞ്ചുണ്ടില്‍..., എന്‍ സ്വരം പൂവിടും..., ഓളങ്ങള്‍ താളം തല്ലുമ്പോള്‍..., ഒരു മധുരക്കിനാവിന്‍... തുടങ്ങിയ പ്രണയഗാനങ്ങളും മകളേ, പാതി മലരേ..., പാല്‍നിലാവിനും..., കളിപ്പാട്ടമായ് കണ്‍മണീ... തുടങ്ങിയ വിരഹഗാനങ്ങളും, പച്ചക്കറിക്കായത്തട്ടില്‍..., ആളൊരുങ്ങി അരങ്ങൊരുങ്ങീ..., ഉണ്ണികളേ ഒരു കഥ പറയാം... തുടങ്ങിയ കുട്ടികളുടെ പാട്ടുകളും മലയാളി എങ്ങനെ മറക്കും! ഏഴു സ്വരങ്ങളെയും തഴുകിയുണര്‍ത്തിയ അക്ഷരപുണ്യമായിരുന്നൂ ഈ പാട്ടെഴുത്തുകാരന്റെ വരപ്രസാദം.
''മലയാളിയുടെ സാഹിത്യാസ്വാദനതലം വളരെ വലുതാണ്. മനോഹരങ്ങളായ എന്തിനെയും സ്വന്തമെന്നപോലെ മലയാളികള്‍ സ്വീകരിക്കും. എന്റെ ഗാനങ്ങളെ ഇരുകൈയും നീട്ടി മലയാളികള്‍ സ്വീകരിച്ചുവെന്നുള്ളത് ജീവിതത്തിലെ മഹാഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു.''
പതിനേഴു വര്‍ഷംമുമ്പ് നടത്തിയ അഭിമുഖത്തിന്റെ അവസാനം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ബിച്ചുസാര്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുകയാണ്. ആ വാക്കുകള്‍ അക്ഷരംപ്രതി ശരിയാണെന്നുള്ളത് ഈ നവംബര്‍ 28 ന് തിരുമല വേട്ടമുക്കിലെ 'സുമതി' എന്ന വീട്ടില്‍ ബിച്ചുസാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ നീണ്ട നിര ഒന്നുകൂടി തെളിയിക്കുന്നു.