•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഹൃദയാനന്ദത്തില്‍ നിറയാന്‍

ബലവാനു മാത്രമല്ല, ബലഹീനനുംകൂടിയുള്ളതാണീ ലോകം. സ്വന്തം വീടും നാടും രാജ്യവും അമൂല്യമെന്നു മക്കളെ ബോധ്യപ്പെടുത്തണം.നമ്മുടെ മക്കളെ നമ്മുടെ രാജ്യത്തുതന്നെ നിലനിര്‍ത്തി നാടിന്റെ പുരോഗതിയില്‍ പങ്കാളികളാക്കാന്‍ സാധിക്കാത്തതു ചിന്തയ്ക്കു വിധേയമാക്കണം. രാജ്യം ഓരോ പൗരന്റെയും സ്വന്തമാണെന്ന ബോധ്യമുണ്ടാകണം.

രോഗ്യത്തിനും ആയുസ്സിനും ഭീഷണിയുയരുന്ന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന ഭയാശങ്കയോടെ വിലയിരുത്തുന്ന കാലം. എല്ലാം മിഥ്യയെന്നു ചുരുക്കിപ്പറയാന്‍ മനസ്സു പാകപ്പെടുന്ന കാലം. ആരോഗ്യപ്രശ്‌നങ്ങള്‍ മനുഷ്യരെയാകമാനം അലട്ടിക്കൊണ്ടിരിക്കുന്നു. നാം നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നം സര്‍വസാധാരണമാകുന്ന ഹൃദ്രോഗവും അതിനനുബന്ധമാകുന്ന സങ്കീര്‍ണജീവിതക്ലേശങ്ങളുമാണ്.
മനുഷ്യനെന്ന ''മഹാദ്ഭുത''ത്തെ എല്ലായ്‌പ്പോഴും നിയന്ത്രിക്കാന്‍ നിയുക്തമാക്കിയിരിക്കുന്നത്, ''ഹൃദയ''മെന്ന ശക്തികേന്ദ്രത്തെയാണ്. മനുഷ്യരിലെ ഹൃദ്രോഗവും  അതിലേക്കു നയിക്കുന്ന സാധ്യതകളും അനിയന്ത്രിതമാംവിധം  വര്‍ദ്ധിക്കുകയാണെന്നു വിദഗ്ധര്‍ കണ്ടെത്തിക്കഴിഞ്ഞു. കണ്ടെത്തലുകള്‍ക്കു നടുവിലും നാമെല്ലാം മണ്ടന്മാരെപ്പോലെ എന്തിന്റെയൊക്കെയോ പിന്നാലെ നിരര്‍ത്ഥകമായി ഓടുകയാണ്. ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും നഷ്ടമാകുന്നു.
ഏറ്റവും പുതിയ കണ്ടെത്തല്‍
കുടുംബാധിഷ്ഠിതമായ ഇടപെടലുകള്‍ ഓരോ വ്യക്തിയിലും ഹൃദ്രോഗസാധ്യതകള്‍ കുറയ്ക്കുന്നതില്‍ വളരെ ഫലപ്രദമാണെന്ന ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഹൃദയസംബന്ധമായ രോഗങ്ങളുടെ  സാധ്യതകളും സൗഖ്യങ്ങളും കുടുംബാധിഷ്ഠിത ഇടപെടലുകളിലൂടെ മാറിമറിയുമെന്നുതന്നെയാണു പഠനങ്ങള്‍. പൊതുജനാരോഗ്യരംഗത്തെ വിജയത്തിലേക്ക് എത്തിക്കുന്നതിന് കുടുംബമെന്ന മഹായാഥാര്‍ത്ഥ്യം ഊട്ടിയുറപ്പിക്കണം. ഇതു പ്രതിസന്ധികളെ തരണം ചെയ്യാന്‍ മനുഷ്യരെ പ്രാപ്തരാക്കും.
മനസ്സ്
പല രോഗാവസ്ഥകളുടെയും അടിസ്ഥാനസഞ്ചാരം മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നത്. മനുഷ്യനെന്ന വാക്കും മനസ്സെന്ന പദവും തമ്മില്‍ ഒന്നുചേര്‍ന്നു പോകുന്നതാണ്. മറ്റൊരു ജീവിയെക്കുറിച്ചുള്ള പ്രതിപാദനത്തിലും മനസ്സെന്ന പദം കടന്നുവരാറില്ലല്ലോ! മനസ്സും മനഃസാക്ഷിയും ദൈവോന്മുഖമായ സഞ്ചാരത്തിലാകുമ്പോഴാണ് ഹൃദയമെന്ന കേന്ദ്രം പ്രബലമായ പ്രവര്‍ത്തനക്ഷമത നേടുന്നത്. ഇതൊക്കെ നേര്‍സഞ്ചാരത്തിലാകണമെങ്കില്‍ ദൈവം തന്ന നല്ല സാധ്യതകളെ മനസ്സോടു ചേര്‍ത്തുവച്ച് ക്രമപ്പെടുത്താനും ഉപയുക്തമാക്കാനുമാകണം. പ്രതിസന്ധികളെ ചോദിച്ചുവാങ്ങാന്‍ ഇറങ്ങിപ്പുറപ്പെടരുത്. മനസ്സാണ് ഏറ്റവും വലിയ കോട്ട. ഇതു സുശക്തമായി നിലകൊള്ളണമെങ്കില്‍ മനുഷ്യന്റെ ജീവിതസാഹചര്യം മനസ്സോട് ഇഴചേരുംവിധം സുഖദായകമാകണം.
കുടുംബം
ഹൃദയമെവിടെയോ അവിടെയാണു ഭവനം. സ്വന്തം കുടുംബസങ്കല്പം ഹൃദയത്തില്‍ സംവഹിക്കുന്നവരാണ് മനുഷ്യര്‍. മുത്തച്ഛന്‍, മുത്തശ്ശി, മക്കള്‍, കൊച്ചുമക്കള്‍ എന്നിങ്ങനെ സ്‌നേഹവും വാത്സല്യവും ഇഴചേര്‍ന്ന, ദൈവത്താല്‍ ഒന്നിപ്പിക്കപ്പെട്ട അതുല്യഹൃദയ ഒരുമയുടെ ഇടമാണ് കുടുംബം.
കുറവുകളിലും നിറവുകളിലും കൂടാരം വിടാത്ത ഒരു ബന്ധത്തിന്റെ ഊഷ്മളത കുടുംബത്തില്‍ നിലനിന്നിരുന്നു. ദാരിദ്ര്യമെന്നതിലും 'സമൃദ്ധി' കണ്ടെത്തിയിരുന്ന നല്ല മനുഷ്യരുടെ ചേര്‍ന്നിരിപ്പായിരുന്നു കുടുംബങ്ങളുടെ ബലം. ആശയും ആശ്രയവും പാരസ്പരികതയുടെ നൂലിഴയില്‍ കോര്‍ത്ത് മുന്നേറിയിരുന്ന മനുഷ്യര്‍. സ്‌നേഹമെന്നത് തനിക്കൊപ്പമുള്ളവരുടെ കൂടാരത്തിലായിരിക്കുന്നതാണെന്ന് ഓരോ മനുഷ്യനും വിശ്വസിക്കുന്നു. ഒന്നിച്ചുള്ള വാസം മനുഷ്യരില്‍ ഹൃദയവിശാലതയും സഹിഷ്ണുതയും സമാധാനവും നല്കിയിരുന്നു. ദുഃഖം പങ്കുവച്ചു കുറയ്ക്കുകയും സന്തോഷം പങ്കിട്ടു വളര്‍ത്തുകയും ചെയ്തിരുന്ന ദൈവസ്‌നേഹനിറവുള്ള കുടുംബപശ്ചാത്തലം ഹൃദയധമനികളില്‍ പിരിമുറുക്കം ഇല്ലാതാക്കിയിരുന്നു. പ്രതിസന്ധികളെ തരണം ചെയ്തിരുന്നതു ധീരതകൊണ്ടായിരുന്നില്ല; ഒരുമയും ദൈവകൃപയും കൊണ്ടുമാത്രമായിരുന്നു.
വീടും കെട്ടിടങ്ങളും
ഇന്ന് വീടുകള്‍ കുറയുകയും കെട്ടിടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒട്ടനവധി മാതാപിതാക്കളും വൃദ്ധജനങ്ങളും നാട്ടിലെ 'കെട്ടിട'ങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്നു. സകലര്‍ക്കുംവേണ്ടി ജീവിച്ചവര്‍ക്കു ശേഷിപ്പുകാലം ഏകാന്തതയുടെതാകുമ്പോള്‍ രക്തധമനികളില്‍ രക്തം കട്ടപിടിക്കുകയോ ഹൃദയത്തിന്റെ താളം തെറ്റുകയോ ചെയ്യുന്നതില്‍ അദ്ഭുതമുണ്ടോ?
മനുഷ്യര്‍ ഹൃദയമുള്ളവരായിരിക്കണമെന്നു നാം പറയാറുണ്ട്. കാരണം, ഹൃദയമാണ് മനുഷ്യപ്പറ്റിന്റെ മൂലഘടകമെന്നു സാരം. ഒറ്റപ്പെട്ടുപോകുന്ന വൃദ്ധജനങ്ങളുടെ നെഞ്ചിടിപ്പിന്റെ താളഗതി അനാരോഗ്യത്തിലേക്കുള്ളതാകും. വേഴാമ്പല്‍ കാത്തിരിക്കുന്നത് വാട്ട്‌സാപ്പില്‍ പെയ്തിറങ്ങുന്ന മഴയെയല്ല; മറിച്ച്, നനഞ്ഞിറങ്ങുന്ന 'ലൈവ് മഴ' യെയാണ്. ഉറ്റവരുടെയും ഉടയവരുടെയും സജീവസാന്നിധ്യത്തിലാണ് സര്‍വതിനെയും പ്രതിരോധിക്കുന്ന 'ഇമ്യൂണിറ്റി' പവര്‍ മനുഷ്യരില്‍ രൂപംകൊള്ളുന്നത്. ഏകാന്തതയുടെ 'തടവറ' രൂപംകൊടുക്കുന്ന രോഗാതുരമായ 'സമൃദ്ധി'  മനുഷ്യരില്‍ ചിരിക്കുന്ന മുഖമുള്ള കരയുന്ന ഹൃദയത്തെ വളര്‍ത്തിയെടുക്കും.
സകല ഭാഗ്യങ്ങളുടെയും നടുവില്‍ ശൂന്യതാബോധം സൃഷ്ടിക്കുന്ന വൈകാരികതയില്‍  ബിപിയും ഷുഗറും കൊളസ്‌ട്രോളും തുടങ്ങി രോഗങ്ങളെല്ലാം  കൂട്ടായെത്തും. ചികിത്സയും  മൃതസംസ്‌കാരവും കെങ്കേമമാകും... ജീവിതം വെറുമൊരു മിഥ്യയും പാഴ്‌വേലയുമാകും.
സന്തോഷം
സന്തോഷവാനായ മനുഷ്യന്‍ ദീര്‍ഘകാലം ജീവിക്കുന്നുവെന്നാണ് ഷേക്‌സ്പിയര്‍ പറയുന്നത്. ആള്‍ക്കൂട്ടത്തിന്റെ നടുവിലെ ആരവമല്ല സന്തോഷമെന്നത്, വ്യക്തിപരമായ അനുഭവത്തിലെ ആനന്ദം നിറഞ്ഞ അനുഭൂതിയാണ്. നമുക്കൊപ്പമുള്ളവര്‍ നമ്മോടൊത്താകുമ്പോള്‍ ഹൃദയാനന്ദം വന്നുചേരും. ഉറ്റവരുടെ കൈത്താങ്ങിന് ഉയിരുള്ള ഹൃദയസ്പന്ദനമുണ്ട്; വീഴില്ലെന്നൊരു ആത്മവിശ്വാസവുമുണ്ട്. അതുകൊണ്ടാണല്ലോ പഴമക്കാര്‍ പറയുന്നത്, സന്തോഷത്തോടെ വഹിക്കുന്ന ചുമടിനു ഭാരം കുറഞ്ഞിരിക്കുമെന്ന്. രാജ്യത്തിന്റെ സമ്പത്തും പുരോഗതിയുടെ അടിസ്ഥാനവുമാണ്  യുവജനങ്ങള്‍. യുവത്വം നഷ്ടപ്പെടുമ്പോള്‍ കര്‍മശേഷിയും വളര്‍ച്ചയും തകരാറിലാകുന്നു; താളം തെറ്റുന്നു. സമൂഹത്തിനു തന്നെ സന്തോഷവും ആത്മവിശ്വാസവും നഷ്ടപ്പെടുന്നു. ക്ലേശപൂര്‍ണമായ അവസാനകാലവും വിദേശത്തുവച്ചുള്ള മരണവും ഇന്നു സര്‍വസാധാരണമാകുന്നു. നാടിന്റെ 'പ്രവാസത്വര' നല്ലതിനോ സന്തോഷം കൊണ്ടെത്തിക്കുന്നതിനോ എന്നു ചിന്തിക്കേണ്ട കാലം വളരെ വൈകിയിരിക്കുന്നു.
പഠനം
നല്ല ജീവിതത്തിനുള്ള പരിശീലനമാകണം വിദ്യാഭ്യാസമെന്ന ചിന്ത കൈമോശം വന്നുകഴിഞ്ഞു. സാക്ഷരതയ്ക്കും സംസ്‌കാരത്തിനും ഏറെ പേരുകേട്ട നമ്മുടെ നാട് യോഗ്യതാസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ ഏറെ മുന്നിലാണ്. കേരളത്തിലെ പഠനംകൊണ്ട് ഈ നാട്ടിലോ മറുനാട്ടിലോ ജീവിതഗന്ധിയായ പുരോഗതിക്ക് അവസരമുണ്ടോയെന്നു ചിന്തിക്കണം. 'പഠനമെങ്കില്‍ വിദേശപഠനം' എന്നുള്ള ആധുനികയുവതയുടെയും കൗമാരക്കാരുടെയും ചിന്തയില്‍ ഒരു 'സാമ്പത്തികവിജയം' പതിയിരിക്കുന്നുവെന്നതു മറക്കരുത്. ഇവിടെ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് വൈറ്റ്‌കോളര്‍ ജോബ് തേടുന്ന യുവത വിദേശത്തുപോയി വ്യക്തമായ 'തൊഴിലിട'ത്തിലേക്കുള്ള പഠനം സാധ്യമാക്കുന്നു. ഒപ്പം, എന്തു തൊഴില്‍ ചെയ്തും പണം നേടുന്നു; പഠനശേഷം സ്ഥിരം തൊഴിലും സ്വന്തമാക്കുന്നു. ഇവിടെ തൊഴിലില്ലെന്നു യുവത പറയുന്നു. എന്നാല്‍, പഠനം ചെലവേറിയതുമാകുന്നു. പഠനവും തൊഴിലും ഇഴചേരാത്തതുമൂലം ജീവിതം അസംതൃപ്തമാകുന്നു. ഹൃദയത്തിന്റെ സുഖം നഷ്ടമായി പലവിധ രോഗങ്ങള്‍ക്കും അടിമകളാകുന്നു. കുടുംബാധിഷ്ഠിത ഇടപെടലുകള്‍ തീര്‍ത്തും നഷ്ടമായി നാട്ടില്‍ ഒറ്റപ്പെട്ട് 'മരിക്കാത്തതുകൊണ്ട് ജീവിക്കുന്ന'വരുടെ എണ്ണമേറുന്നു.
എന്താണു പരിഹാരം?
ആരോഗ്യകരമായ കുടുംബാന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടണം. ബലവാനു മാത്രമല്ല, ബലഹീനനുംകൂടിയുള്ളതാണീ ലോകം. സ്വന്തം വീടും നാടും രാജ്യവും അമൂല്യമെന്നു മക്കളെ ബോധ്യപ്പെടുത്തണം. വിദേശങ്ങളെക്കുറിച്ചുള്ള ഭാഷണത്തിനു നൂറു നാവുള്ള നമുക്കും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും നമ്മുടെ നാട് വിദേശത്തെപ്പോലുള്ള പുരോഗമനസിദ്ധാന്തങ്ങളിലേക്കു വളരാത്തതിനെക്കുറിച്ചു ചിന്തിച്ച് പരിഹാരം കണ്ടുകൂടേ? തൊഴില്‍മേഖലയെക്കുറിച്ച് വിശാലമായ കര്‍മപദ്ധതിയും ആസൂത്രണവും എന്തുകൊണ്ടുണ്ടാകുന്നില്ല? രാജ്യത്തിന്റെ വൈവിധ്യങ്ങളെ പുരോഗതിയുടെ വൈവിധ്യങ്ങളിലേക്കു ചിട്ടപ്പെടുത്തിയാല്‍ വിദേശരാജ്യങ്ങളെ ഞെട്ടിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഉടലെടുക്കും. കമ്പനികളുടെയും രാജ്യത്തിന്റെയും ആകമാനമുള്ള പുരോഗതിയിലേക്കു നമ്മുടെ മനുഷ്യവിഭവശേഷിയെ ഉപയുക്തമാക്കിയാല്‍ പഠനം കാലികവും പ്രായോഗികവും ചെലവു കുറഞ്ഞതുമാകും. സ്ഥിരജോലിയും ദിവസംമുഴുവനുമുള്ള ജോലിയുമെന്ന സങ്കല്പംവിട്ട് ദിവസത്തിലെ ഓരോ മണിക്കൂറും മത്സരിച്ചു ജോലിയെടുക്കാന്‍ ഓടിനടക്കുന്ന കര്‍മോത്സുകരായ യുവതയെ രൂപപ്പെടുത്തണം.
നമ്മുടെ മക്കളെ നമ്മുടെ രാജ്യത്തുതന്നെ നിലനിര്‍ത്തി നാടിന്റെ പുരോഗതിയില്‍ പങ്കാളികളാക്കാന്‍ സാധിക്കാത്തതു ചിന്തയ്ക്കു വിധേയമാക്കണം. അധികാരഭ്രമവും സമ്പത്തിനോടുള്ള ആര്‍ത്തിയും അഴിമതിയും ധൂര്‍ത്തും പക്ഷപാതങ്ങളും അക്രമരാഷ്ട്രീയചിന്തകളും ജാതിമതവര്‍ഗവര്‍ണവൈജാത്യങ്ങളിലൂന്നിയുള്ള മുതലെടുപ്പുമൊക്കെ മാറണം. രാജ്യം ഓരോ പൗരന്റെയും സ്വന്തമാണെന്ന ബോധമുണ്ടാകണം. ചരിത്രകാരന്മാരെ ഇകഴ്ത്താനും രാജ്യത്തെ മുന്നില്‍നിന്നു നയിച്ചവരെ അവഗണിക്കാനും പാടുപെടുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുന്നതു നന്ന്. അവരുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്നത്. 'നമ്മുടെ മനോഭാവവും പ്രവര്‍ത്തനങ്ങളും ലോകഗതിക്കനുസരണം വ്യത്യാസപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നാം ലോകത്തിന്റെ പിന്നിലാകുന്നവെന്നാണ്' എന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകളോര്‍ക്കുക.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)