•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നമ്മുടെ ചെറുപ്പക്കാരധികവും ഹൃദ്രോഗികളാണെന്നോ?

നടന്‍ പുനീത് ജിമ്മിലെ വ്യായാമത്തെത്തുടര്‍ന്ന് മരിച്ചശേഷം ഇപ്പോള്‍ ബംഗളൂരുവിലെ ജിമ്മുകളെല്ലാം കാലിയാണ്. വര്‍ക്ക് ഔട്ട് ചെയ്യാന്‍ ഏവര്‍ക്കും പേടി. പരിശോധനകള്‍ക്കായി ചെറുപ്പക്കാരെല്ലാം ആശുപത്രികളിലേക്കോടുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍മാത്രം കണ്ണു തുറക്കുന്നവരാണു നമ്മള്‍. അമിതമായ വര്‍ക്ക് ഔട്ടുകള്‍ക്കുമുമ്പ് വൈദ്യപരിശോധന ചെയ്യണം. ഇ.സി.ജി., ട്രെഡ്മില്‍, എക്കോകാര്‍ഡിയോഗ്രാം തുടങ്ങിയ പരിശോധനകള്‍ ചെയ്യണം. രക്തപരിശോധന നടത്തി ആപത്ഘടകങ്ങള്‍ നിയന്ത്രിക്കണം. അമിതരക്തസമ്മര്‍ദമുണ്ടോയെന്നു കണ്ടെത്തി അതു ക്രമപ്പെടുത്തണം. കൊളസ്‌ട്രോള്‍ പരിധിക്കുള്ളില്‍ നിര്‍ത്തണം.

കന്നഡനടന്‍ പുനീത് രാജ്കുമാറിന്റെ ആകസ്മികമരണവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകള്‍ ആരോഗ്യരംഗത്തു നടന്നുകൊണ്ടിരിക്കുന്നു. യാതൊരു രോഗവും ഇല്ലാതിരുന്ന, ആരോഗ്യപരമായി തികച്ചും ''ഫിറ്റ്'' എന്നു കരുതിയിരുന്ന, കേവലം നാല്പത്തിയാറുവയസ്സുള്ള ചെറുപ്പക്കാരന്‍ എപ്രകാരം മരിച്ചു? പ്രമേഹവും പ്രഷറുമുള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബഡോക്ടര്‍ പറഞ്ഞു. ജിമ്മിലെ വ്യായാമശേഷമുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് പെട്ടെന്നുള്ള മരണം. പുനീത് മാത്രമല്ല, ചെറുപ്പക്കാരായ പല സെലിബ്രിറ്റികളും  അടുത്തകാലത്ത് തികച്ചും അപ്രതീക്ഷിതമായി മരണപ്പെട്ടു. വൈദ്യശാസ്ത്രപരമായി ഇതിനു വിശദീകരണങ്ങളുണ്ടോ?
ഹാര്‍ട്ടറ്റാക്കും പെട്ടെന്നുള്ള മരണവും സംഭവിക്കുന്ന 50 ശതമാനത്തോളം ആളുകളിലും നേരത്തേ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ ഹാര്‍ട്ടറ്റാക്കുണ്ടാകുന്ന 40-50 ശതമാനത്തോളം രോഗികള്‍ക്കും സാധാരണ ആപത്ഘടകങ്ങള്‍ ഉണ്ടാകണമെന്നില്ല. നാം സാധാരണ പറയാറുള്ള 'ഫിസിക്കല്‍ ഫിറ്റ്‌നസ്' എന്ന പ്രതിഭാസവും ഹൃദയാരോഗ്യവുമായി വലിയ ബന്ധമില്ലെന്നോര്‍ക്കണം. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ശാരീരികമായി ഏറെ 'ഫിറ്റ്' ആയ ഒരാള്‍ക്ക് ഹൃദ്രോഗം ഉണ്ടാകില്ലെന്ന ധാരണയും തെറ്റ്.
രോഗം ഗുരുതരമായവര്‍ക്ക് വളരെ ചെലവേറിയ ചികിത്സകള്‍ നല്‍കുന്ന സമ്പ്രദായമാണ് ഇന്നു പ്രബലമായിക്കൊണ്ടിരിക്കുന്നത്. രോഗാതുരതയിലേക്കു നയിക്കുന്ന കാതലായ ആപത്ഘടകങ്ങളെ നേരത്തേ തിരിച്ചറിഞ്ഞ്  അവയെ പിടിയിലൊതുക്കാനുള്ള  ക്രിയാത്മകവും ചെലവു കുറഞ്ഞതുമായ പ്രതിരോധനടപടികള്‍ സ്വീകരിക്കുന്ന പ്രവണത കുറവാണെന്നു പറയേണ്ടിയിരിക്കുന്നു. രോഗാവസ്ഥ മൂര്‍ച്ഛിച്ച് ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ ചികിത്സാപദ്ധതി സംവിധാനം ചെയ്യാന്‍ അത്ര പ്രയാസമില്ല. എന്നാല്‍, രോഗലക്ഷണങ്ങളൊന്നും പ്രകടമാകാത്ത അവസ്ഥയില്‍, രോഗമാരംഭിച്ചിട്ടുണ്ടോയെന്നും അതു ഗുരുതരമാകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നും തിരിച്ചറിയുക ശ്രമകരമാണ്.
പുകവലി, അമിതരക്തസമ്മര്‍ദം, വര്‍ദ്ധിച്ച കൊളസ്‌ട്രോള്‍, പ്രമേഹം എന്നീ ആപത്ഘടകങ്ങളുടെ അതിപ്രസരം വിലയിരുത്തി മാത്രം ഹൃദ്രോഗസാധ്യത നിര്‍ണയിക്കുന്നതില്‍ അപര്യാപ്തതയുണ്ടെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഹാര്‍ട്ടറ്റാക്കുണ്ടായ 695 രോഗികളെ ഉള്‍പ്പെടുത്തി സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തില്‍ 132 പേര്‍ക്ക് യാതൊരു ആപത്ഘടകങ്ങളും ഉണ്ടായിരുന്നില്ല. ഹൃദയധമനികളിലെ ജരിതാവസ്ഥ ബാല്യകാലത്തില്‍ ആരംഭിക്കും. അതിന്റെ വളര്‍ച്ചയും അപകടാവസ്ഥയും വിലയിരുത്താന്‍, സിറ്റി-ആന്‍ജിയോഗ്രാഫി, പോസിട്രോണ്‍ എമിഷന്‍ ടൊമോഗ്രാഫി (പെറ്റ്), ഇന്‍ട്രാവാസ്‌കുലര്‍ അള്‍ട്രാസൗണ്ട് തുടങ്ങിയ ആധുനികപരിശോധനാസംവിധാനങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ പരിശോധനകള്‍കൊണ്ട് ഹൃദയധമനികളിലെ ഘടനാവ്യതിയാനങ്ങളും കാത്സ്യം സ്‌കോറും നിരീക്ഷിക്കാം. അതുവഴി ഭാവിയില്‍ ഹാര്‍ട്ടറ്റാക്കും പെട്ടെന്നുള്ള മരണവും ഉണ്ടാകാനുള്ള സാധ്യത ഏറെ സൂക്ഷ്മതയോടെ വിലയിരുത്താന്‍ പറ്റുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചുവേദനയനുഭവപ്പെടാത്ത അവസ്ഥയാണ് സൈലന്റ് ഹാര്‍ട്ടറ്റാക്ക്. നെഞ്ചുവേദനയ്ക്കു പകരം ചിലരില്‍ ഓക്കാനം, ദഹനപ്രശ്‌നങ്ങള്‍, ഗ്യാസ്, തളര്‍ച്ച, ശ്വാസതടസ്സം തുടങ്ങിയ അസ്പഷ്ടലക്ഷണങ്ങള്‍ ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ ഇതു കൂടുതലായി കാണുന്നു. പ്രമേഹബാധിതരില്‍ നെഞ്ചുവേദന അനുഭവപ്പെടാത്തതിന്റെ കാരണം ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന സിരകള്‍ക്കുണ്ടാകുന്ന അപചയമാണ്. സൈലന്റ് അറ്റാക്കിന്റെ മറ്റൊരു കാരണം, ചിലരിലെ നിഷേധമനോഭാവമാണ് (ഡിനയല്‍ സിന്‍ഡ്രോം). രോഗാവസ്ഥ അംഗീകരിക്കാനുള്ള മടി അഥവാ, രോഗങ്ങളോടുള്ള അവഗണന.
എത്രയായാലും ഹാര്‍ട്ടറ്റാക്കിനു പിന്നില്‍ ഇനിയും അറിയപ്പെടാത്ത പല നിഗൂഢതകളും സംഭവിക്കുന്നുണ്ടെന്ന രീതിയില്‍ ആപത്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനില്‍ക്കുന്നു. പറയത്തക്ക ആപത്ഘടകങ്ങളുടെ അഭാവത്തിലുള്ള ഹൃദയാഘാതത്തിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഏറെ ശാരീരികഫിറ്റ്‌നസ്  ഉള്ളവരില്‍ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്റെ തോത് എട്ടുവര്‍ഷംകൊണ്ട് (2006-2014) 11 ല്‍ നിന്ന് 27 ശതമാനമായി ഉയര്‍ന്നെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനം  സ്ഥിരീകരിക്കുന്നു. ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും അപ്രതീക്ഷിതമായി ഹൃദയധമനികളില്‍ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) ഉണ്ടാകുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ അനിവാര്യത  പ്രസക്തമാകുന്നു.
ഹൃദയധമനികളില്‍ കാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതമുണ്ടാകാമെന്ന തിരിച്ചറിവു പ്രബലമാകുന്നു. ഈ അവസ്ഥയെ മിനോക്ക എന്നു പറയുന്നു. 5-6 ശതമാനം ആള്‍ക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്; പ്രത്യേകിച്ചും പ്രായം കുറഞ്ഞവരില്‍. ഇതിനുള്ള കാരണങ്ങള്‍ പലതാണ്. താത്കാലികമായ ചെറിയ ബ്ലോക്കുകള്‍ ഹൃദയധമനികളില്‍ ഉണ്ടായി അവിടെ ചെറിയ രക്തക്കട്ടകള്‍ പ്രത്യക്ഷപ്പെടുന്നു. ചിലരില്‍ കുറച്ചുനേരത്തേക്ക്  ഹൃദയധമനികള്‍ ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു. സൂക്ഷ്മധമനികളെ  ബാധിക്കുന്ന മൈക്രോവാസ്‌കുലര്‍ രോഗമാണ് മറ്റൊന്ന്. ചിലരില്‍ സ്‌ട്രെസ് കൊണ്ട് ഹൃദയധമനി പെട്ടെന്നു വിണ്ടുകീറുന്നു (ഡൈസെക്ഷന്‍). കൂടാതെ, ശരീരത്തിന്റെ ഇതരഭാഗങ്ങളില്‍നിന്ന് ചെറിയ രക്തക്കട്ടകള്‍ ഒഴുകിവന്ന് കൊറോണറികളെ അടയ്ക്കുന്നു. ഇത്തരം രോഗികളില്‍ ആന്‍ജിയോഗ്രാഫി ചെയ്താല്‍ 50 ശതമാനത്തില്‍ കുറഞ്ഞ അപ്രധാന ബ്ലോക്കുകള്‍ മാത്രമേ കാണുകയുള്ളൂ. ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ട അവസ്ഥയേ ഉണ്ടാകില്ല.
ഹൃദ്രോഗത്തിനു ഹേതുവായ അജ്ഞാതജീനുകളുടെ പ്രാധാന്യം ഇതുവരെ വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ടോ? ഹൃദയാഘാതമുണ്ടാക്കുന്നതില്‍ ജനിതകസ്വാധീനം എത്രത്തോളമുണ്ടെന്ന് വസ്തുനിഷ്ഠമായി പഠിക്കുന്നതിനായി നടത്തിയ ഗവേഷണപരമ്പരയുടെ ഫലം 'ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനി'ല്‍ 2016 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 685 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ജനിതകപ്രവണതയും ആപത്ഘടകങ്ങളുടെ സ്വാധീനവും വേര്‍തിരിച്ചു വിശകലനം ചെയ്യപ്പെട്ടു. ഹൃദ്രോഗത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ജീനുകളുടെ പ്രഭാവം മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന വ്യക്തികളില്‍ ഹൃദ്രോഗസാധ്യത 91 ശതമാനംവരെ ഉയര്‍ന്നുകണ്ടു. ഇക്കൂട്ടരില്‍ സുപ്രധാന ആപത്ഘടകങ്ങള്‍ (പുകവലി, അമിതവണ്ണം, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണശൈലി) കൃത്യമായി നിയന്ത്രിക്കപ്പെട്ടവരില്‍ അറ്റാക്കുണ്ടാകാനുള്ള സാധ്യത 50 ശതമാനം കുറയുന്നതായി കണ്ടു. ജീനുകളുടെ സ്വാധീനത്തോടൊപ്പം ആപത്ഘടകങ്ങളുടെ അതിപ്രസരം അതിരുകടന്നപ്പോള്‍ ഹൃദ്രോഗസാധ്യത പതിന്മടങ്ങായി. തോക്കു നിറയ്ക്കുന്നത് ജീനുകളാണ്, എന്നാല്‍, കാഞ്ചി വലിക്കുന്നത് ആപത്ഘടകങ്ങളാണ്. അതായത്, ജനിതകവിധിയെ മാറ്റിമറിക്കാന്‍ ജീവിതശൈലിയുടെ കര്‍ശനമായ നിയന്ത്രണം കൊണ്ടു സാധിക്കുമെന്നു സാരം. ഒരു ജീനല്ല, പല ജീനുകളുടെ സംയുക്തമാണ് ഹൃദ്രോഗത്തിനുള്ള വിത്തു വിതയ്ക്കുന്നത്. വരുംവര്‍ഷങ്ങളില്‍ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന 200 ല്‍പ്പരം ജനിതകസൂചകങ്ങളെ കണ്ടുപിടിക്കാനുള്ള ഗവേഷണപദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
ഹൃദ്രോഗമുണ്ടാക്കുന്നതില്‍ ഏറ്റവും അപകടകാരിയെന്നു പരക്കെ മുദ്ര കുത്തപ്പെടുന്ന കൊളസ്‌ട്രോള്‍ ഹാര്‍ട്ടറ്റാക്കുണ്ടാകുന്ന 40-50 ശതമാനം പേരിലും സാധാരണ നിലയിലായിരിക്കുമെന്നതാണു വസ്തുത. പക്ഷേ, ഹൃദ്രോഗം തടയാനും അറ്റാക്ക് വീണ്ടും വരുന്നതു പ്രതിരോധിക്കാനും എല്ലാ വൈദ്യശാസ്ത്രസംഘടനകളും ഉന്നംവയ്ക്കുന്നത് രക്തത്തിലെ എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ പരമാവധി കുറയ്ക്കാനാണ്. നവജാതശിശുക്കളില്‍ എല്‍.ഡി.എല്‍. 25 മില്ലിഗ്രാം/ഡെസിലിറ്ററാണ്. അതുകൊണ്ട് നവജാതര്‍ക്ക് ഹൃദയാഘാതമേ ഉണ്ടാകുന്നില്ല എന്നു വാദിക്കുന്നു. അപ്പോള്‍ ഹൃദ്രോഗത്തെ ഒഴിച്ചുനിര്‍ത്താന്‍ എല്‍.ഡി.എല്‍. എത്രത്തോളം കുറയ്ക്കാമോ അത്രയും നന്ന് എന്നു പലരും വാദിക്കുന്നു. പക്ഷേ, അപ്പോഴൊക്കെ പ്രസക്തമാകുന്ന ചോദ്യമിതാണ്: കൊളസ്‌ട്രോള്‍ കുറവായിട്ടും അറ്റാക്ക് ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍?
ഈ സാഹചര്യത്തിലാണ് ഹൃദ്രോഗസാധ്യത മുന്‍കൂട്ടി തിരിച്ചറിയാന്‍ ബയോസൂചകങ്ങളുടെ പ്രസക്തി കടന്നുവരുന്നത്. ഹൃദയധമനികളിലെ പരോക്ഷമായ ജരിതാവസ്ഥയുടെ പ്രാധാന്യം എത്രത്തോളമുണ്ട്? കോശങ്ങളുടെ വീക്കത്തോടെ സജീവമാകുന്ന സി. റിയാക്ടീവ് പ്രോട്ടീന്‍, ഇന്റര്‍ ലുക്കിന്‍-6, ഫോസ്‌ഫോലിപ്പെയ്‌സ് എ രണ്ട്, ഓക്‌സീകരിക്കപ്പെട്ട എല്‍.ഡി.എല്‍., നൈട്രോ തൈറോസിന്‍, ലെപ്പോ പ്രോട്ടീന്‍-എ, ഡി-ഡൈമര്‍, ഹോമോസിസ്റ്റീന്‍, മൂത്രത്തിലെ മൈക്രോ ആല്‍ബുമിന്‍, ബി.എന്‍.പി., ട്രോപോണിന്‍ തുടങ്ങിയ സൂചകങ്ങളെല്ലാം ഭാവിയിലുണ്ടാകാന്‍ പോകുന്ന ഹൃദയാഘാതം കണ്ടുപിടിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നു.
ഹാര്‍ട്ടറ്റാക്കുണ്ടാകുന്നത് പല മാനസിക-ശാരീരിക-ജനിതകഘടകങ്ങളുടെ ഉദ്ദീപനപ്രക്രിയയിലെ അവസാന അധ്യായമായിട്ടാണ്. ഇനിയും അനാവരണം ചെയ്യപ്പെടാത്ത പല അജ്ഞാതഘടകങ്ങളും ഈ രോഗത്തിന് ഉത്തേജകമാകുന്നു. ആര്‍ക്കൊക്കെ അറ്റാക്കു വരും, ആര്‍ക്കു വരില്ല എന്നു കൃത്യമായി പറയാനെളുപ്പമല്ല. ഒന്നും ഒന്നും രണ്ട് എന്നു കണക്കു കൂട്ടുന്നതുപോലെ ഈ നിഗൂഢപ്രതിഭാസത്തെ നിര്‍വചിക്കുക സാധ്യമല്ല. നടന്‍ പുനീത് ജിമ്മിലെ വ്യായാമത്തെത്തുടര്‍ന്ന് മരിച്ചശേഷം ഇപ്പോള്‍ ബംഗളൂരുവിലെ ജിമ്മുകളെല്ലാം കാലിയാണ്. വര്‍ക്ക് ഔട്ട് ചെയ്യാന്‍ ഏവര്‍ക്കും പേടി. പരിശോധനകള്‍ക്കായി ചെറുപ്പക്കാരെല്ലാം ആശുപത്രികളിലേക്കോടുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍മാത്രം കണ്ണു തുറക്കുന്നവരാണു നമ്മള്‍. അമിതമായ വര്‍ക്ക് ഔട്ടുകള്‍ക്കുമുമ്പ് വൈദ്യപരിശോധന ചെയ്യണം. ഇ.സി.ജി., ട്രെഡ്മില്‍, എക്കോകാര്‍ഡിയോഗ്രാം തുടങ്ങിയ പരിശോധനകള്‍ ചെയ്യണം. രക്തപരിശോധന നടത്തി ആപത്ഘടകങ്ങള്‍ നിയന്ത്രിക്കണം. അമിതരക്തസമ്മര്‍ദമുണ്ടോയെന്നു കണ്ടെത്തി അതു ക്രമപ്പെടുത്തണം. കൊളസ്‌ട്രോള്‍ പരിധിക്കുള്ളില്‍ നിര്‍ത്തണം. വേണ്ടിവന്നാല്‍ സ്റ്റാറ്റിന്‍ മരുന്നുകള്‍ കഴിച്ച് എല്‍.ഡി.എല്‍. 50 ല്‍ താഴെയാക്കണം. നെഞ്ചില്‍ അസ്വാസ്ഥ്യം ഇ.സി.ജി.യില്‍ വ്യതിയാനങ്ങള്‍, പാരമ്പര്യപ്രവണത, ആപത്ഘടകങ്ങളുടെ സാന്നിധ്യം, ഇവയിലേതെങ്കിലുമുണ്ടെങ്കില്‍ സി.റ്റി. ആന്‍ജിയോഗ്രാഫി ചെയ്തുനോക്കണം; പ്രത്യേകിച്ച് കഠിനവ്യായാമങ്ങള്‍ ചെയ്യുന്നതിനുമുമ്പ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)