തിരുവനന്തപുരം കരമന സര്‍ക്കാര്‍ സ്‌കൂളിലെ മലയാളം മീഡിയത്തില്‍ പത്താംക്ലാസുവരെ ഇല്ലായ്മകളുടെ ബാല്യത്തിലൂടെ നടന്നുകയറിയ ഒരു വിദ്യാര്‍ത്ഥി പ്രപഞ്ചവിജ്ഞാനീയത്തില്‍ ലോകത്തെ മികച്ച ശാസ്ത്രജ്ഞരില്‍ ഒരാളായ കഥയാണ് അകാലത്തില്‍ പൊലിഞ്ഞ ശാസ്ത്രനക്ഷത്രം താണു പത്മനാഭന്റേത്. പച്ചമലയാളത്തില്‍ ഭൗതികശാസ്ത്രം വിശദീകരിക്കുന്ന കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഈ അതുല്യപ്രതിഭ പുണെ ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഗണിതതത്പരനായ പിതാവ് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായി 1957 മാര്‍ച്ച് 10 ന് ജനിച്ച ഇദ്ദേഹത്തിന് സ്വാഭാവികമായും ചെറുപ്പകാലത്ത് ഗണിതത്തോടായിരുന്നു ആഭിമുഖ്യം. പിന്നീട് ദി ഫെന്‍മാന്‍ ലക്‌ചേഴ്‌സ് ഇന്‍ ഫിസിക്‌സ് എന്ന ഗ്രന്ഥം വായിച്ചതോടെ അനന്തമായ ആകാശവും അതിന്റെ അതിരുകള്‍ക്കപ്പുറമുള്ള കാഴ്ചകളും അറിയണമെന്ന ആകാംക്ഷ ആ കുഞ്ഞുമനസ്സില്‍ മൊട്ടിട്ടുവന്നു. അങ്ങനെ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് ബിഎസ്‌സി, എംഎസ്‌സി ബിരുദങ്ങള്‍ സ്വര്‍ണമെഡലോടെ നേടി. ഇരുപതാമത്തെ വയസ്സില്‍ സാമാന്യആപേക്ഷികതയില്‍ ആദ്യത്തെ റിസര്‍ച്ച് പേപ്പര്‍ പ്രസിദ്ധീകരിക്കുമ്പോള്‍തന്നെ ഗ്രാവിറ്റി ആ യുവാവിനെ പൂര്‍ണമായും ആവേശിച്ചുകഴിഞ്ഞിരുന്നു. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ചില്‍നിന്ന് പിഎച്ച്ഡി നേടിയശേഷവും പുതുവിവരങ്ങള്‍ തേടിയുള്ള ഗവേഷണങ്ങള്‍ അദ്ദേഹത്തിനു സൗരയൂഥത്തിനപ്പുറത്തേക്കുള്ള വാതായനങ്ങള്‍ തുറന്നുകൊണ്ടേയിരുന്നു.
ശാസ്ത്രലോകത്തിനു പൂര്‍ണമായും പിടികിട്ടാത്ത തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പല സമസ്യകളും പുത്തന്‍ അറിവുകള്‍ തേടിയലഞ്ഞ ആ ശാസ്ത്രമനസ്സ് ചുരുളഴിച്ചെടുത്തു. പ്രപഞ്ചത്തിന്റെ ഉദ്ഭവം, പരിണാമം, ക്വാണ്ടം ഫിസിക്‌സ്, ഗുരുത്വാകര്‍ഷണ പ്രതിഭാസം എന്നീ വഴികളിലെ ഗവേഷണമേഖലകളില്‍ താണു എന്ന പേര് മായാതെ കുറിച്ചിട്ടാണ് അദ്ദേഹത്തിന്റെ മടക്കം.
രാജ്യാന്തരതലത്തില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഒരുമിക്കണമെന്നാഗ്രഹിച്ച താണു പത്മനാഭന്‍ ഈ മേഖലയിലെ കൂട്ടായ്മയുടെ അഭാവത്താലാണ് ശാസ്ത്രലോകത്ത് നാം തിരസ്‌കരിക്കപ്പെടുന്നതെന്ന് ഒരിക്കല്‍ പറയുകയുണ്ടായി. പ്രപഞ്ചത്തിലെ തമോര്‍ജത്തെക്കുറിച്ച് ന്യൂസിലന്‍ഡുകാരന്‍ ഗവേഷകന്‍ ഡേവിസ് വില്‍ഷൈനുമായി പന്തയം വച്ച് പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം അതില്‍ വിജയിച്ച ഒരു ചരിത്രംകൂടിയുണ്ട് താണു പത്മനാഭന്. ജ്യോതിശാസ്ത്രത്തിലെ എണ്ണപ്പെട്ട ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം പതിനൊന്നോളം പ്രശസ്ത വിദേശ സര്‍വകലാശാലകളോടു ചേര്‍ന്നു പ്രവര്‍ത്തിച്ചു. ലക്ചര്‍ ബോര്‍ഡുകളില്‍ ഇരുകൈകളും മാറി മാറി തന്മയത്വത്തോടെ പ്രയോഗിച്ച് ഗവേഷണപാഠങ്ങള്‍ പങ്കുവച്ച, വിനയാന്വിതനായ ആ വ്യക്തിത്വം ഇനി ഓര്‍മയായി മാറുന്നു. 2017 ല്‍ പ്രാപഞ്ചികസിദ്ധാന്തത്തെക്കുറിച്ച് മകള്‍ ഡോ. ഹംസവാഹിനി പത്മനാഭനുമായി ചേര്‍ന്നു പ്രസിദ്ധീകരിച്ച പഠനം ഇപ്പോഴും ശാസ്ത്രലോകത്തിന്റെ ചര്‍ച്ചാവിഷയമാണ്. ഒട്ടനവധി പുരസ്‌കാരങ്ങളും നേട്ടങ്ങളും താണു പത്മനാഭനെ തേടിയെത്തിയപ്പോഴും, പത്മശ്രീ, ഭട്‌നഗര്‍ പുരസ്‌കാരം എന്നിവ അദ്ദേഹത്തിന്റെ ശിരസ്സിലെ പൊന്‍തൂവലുകളായിരുന്നു. പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തുന്നതിലെ നിര്‍വൃതിയാണ് ഏറ്റവും വലിയ പ്രതിഫലമെന്ന് വിശ്വസിച്ചിരുന്നു. യുവതലമുറയ്ക്കുള്ള സന്ദേശവും ഈ ജീവിതപാഠംതന്നെയായിരുന്നു. ആജീവനാന്തഗവേഷണനേട്ടം പരിഗണിച്ച് കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശാസ്ത്രപുരസ്‌കാരം ഏറ്റുവാങ്ങാതെ താണു പത്മനാഭന്‍ വിട വാങ്ങിയത് ശാസ്ത്രകുതുകികള്‍ക്ക് ഒരു നൊമ്പരമായി അവശേഷിക്കുന്നു.