ജോസഫിന്റെ കടയിലേക്ക് ആര്‍ക്കും പ്രവേശിക്കാം. വര്‍ഗവര്‍ണഭേദമവിടെയില്ല. കുബേരകുചേലവ്യത്യാസമില്ല. കൈയില്‍ ഒരു സഞ്ചി കരുതിയിരിക്കണം എന്നു മാത്രം.
ജോസഫിന്റെ കട അവശ്യസാധനങ്ങളുടെ ഒരു കലവറയാണ്. ആവശ്യക്കാര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ അവിടെനിന്നു ലഭിക്കും; ആവശ്യത്തിനു മാത്രം! എല്ലാം സൗജന്യമാണ്.
കൊറോണ വരുത്തിവച്ച തൊഴിലില്ലായ്മയും ദാരിദ്ര്യവും മറികടക്കാന്‍ ഒരു ശ്രമം; അതാണ് ജോസഫിന്റെ കട.
കൊറോണയെ പിടിച്ചുകെട്ടാനും കൊറോണ വരുത്തിയ കെടുതികളെ മറികടക്കാനും ഒത്തുപിടിച്ച ശ്രമങ്ങള്‍ രാജ്യമെമ്പാടും നടക്കുന്നതിനിടെ ജോസഫിന്റെ കടയ്‌ക്കെന്താണു പ്രസക്തി?
ഒരു ജിജ്ഞാസ മനസ്സിലുദിക്കുകയായിരുന്നു. ആരാണീ ജോസഫ്? ജോസഫ് ഒരു വ്യക്തിയല്ല; ഒരു കൂട്ടായ്മയാണ്. കരുണയും കരുതലുമുള്ളവരുടെ കൂട്ടായ്മ! അവരാണ് ഈ കലവറ ഒരുക്കിയതും നടത്തിക്കൊണ്ടിരിക്കുന്നതും! എന്നിട്ടും, ജിജ്ഞാസ അടങ്ങുന്നില്ല. മനസ്സ് പഴയ ചില ഓര്‍മകളിലേക്ക് ഊര്‍ന്നിറങ്ങി. ചെന്നെത്തിയത് പഴയനിയമപുസ്തകത്താളുകളിലായിരുന്നു. ഭൂമിയിലെമ്പാടും പച്ചനാമ്പുകളെ ഉണക്കിക്കളഞ്ഞ അതിവരള്‍ച്ചയുടെ ഓര്‍മകളിലേക്ക്. അതുണ്ടാക്കിയ ദുര്‍ഭിക്ഷതയെയും ദാരിദ്ര്യത്തെയും പട്ടിണിയെയും അതിസമര്‍ത്ഥമായി, മാതൃകാപരമായി എന്നല്ല അതീവഫലവത്തായി നേരിട്ട സംഭവത്തിന്റെ ഓര്‍മകളിലേക്ക്. ഈജിപ്തിന്റെ നദീതടങ്ങളും വയലേലകളും ഉണങ്ങിക്കരിഞ്ഞ ആ കറുത്തനാളുകള്‍ നേരിടാന്‍ കാണിച്ച ദീര്‍ഘവീക്ഷണവും ചാരുതയും! ഈജിപ്തിലെ ഭരണാധികാരിയായ ഫറവോപോലും വറ്റിവരണ്ട നീര്‍ച്ചാലുകള്‍ക്കുമുമ്പില്‍ നിസ്സഹായനായി നിന്നപ്പോള്‍, ബുദ്ധിപൂര്‍വം പദ്ധതികള്‍ തയ്യാറാക്കി ജനങ്ങളെ പട്ടിണിയില്‍നിന്നു രക്ഷിച്ച ഒരു ഇസ്രായേല്‍ക്കാരന്റെ പേര് ഓര്‍മയിലെത്തുകയാണ് - ജോസഫ്.
അതേ, പൂര്‍വയൗസേപ്പ് എന്ന് അറിയപ്പെടുന്ന പഴയനിയമത്തിലെ ജോസഫ്. ഉത്പത്തിപ്പുസ്തകം 37-ാം അധ്യായംമുതല്‍ 50-ാം അധ്യായംവരെ നീളുന്ന ജോസഫിന്റെ ചരിത്രം! ''പിതാവ് ജോസഫിനെ തങ്ങളെക്കാളധികമായി സ്‌നേഹിക്കുന്നു എന്നു കണ്ടപ്പോള്‍ സഹോദരന്മാര്‍ അവനെ വെറുത്തു.'' ജോസഫിന്റെ ജീവിതത്തിലെ നിര്‍ണായകമായ വഴിത്തിരിവ് ഇതോടെ ആരംഭിക്കുകയായി. അക്കഥയൊക്കെ ഉത്പത്തിപ്പുസ്തകത്തില്‍ വളരെ സരസമായി രേഖപ്പൈടുത്തിയിരിക്കുന്നു.
എത്രയോ ആയിരമാണ്ടുകള്‍ക്കുമുമ്പു ജീവിച്ചിരുന്ന ജോസഫ് ആവിഷ്‌കരിച്ചു നടപ്പാക്കിയ ഒരു മാതൃകാസമ്പ്രദായം! ലഭ്യമാകുമ്പോള്‍ ശേഖരിക്കുക, സൂക്ഷിക്കുക. ആവശ്യമനുസരിച്ച് ആവശ്യക്കാര്‍ക്കു വിതരണം ചെയ്യുക. ഇതായിരുന്നു ആ സമ്പ്രദായം! ജോസഫിന്റെ പ്രവൃത്തിയെക്കുറിച്ചു വിശുദ്ധഗ്രന്ഥം രേഖപ്പെടുത്തുന്നു: ''കൂടുതലുണ്ടായ ഭക്ഷ്യസാധനങ്ങളെല്ലാം അവന്‍ നഗരങ്ങളില്‍ സംഭരിച്ചു. ഓരോ നഗരത്തിനു ചുറ്റുമുള്ള വയലുകളിലെ ധാന്യങ്ങള്‍ അതതു നഗരങ്ങളില്‍ത്തന്നെ സൂക്ഷിച്ചു. കടല്‍ക്കരയിലെ മണലുപോലെ കണക്കറ്റ ധാന്യം ജോസഫ് ശേഖരിച്ചുവച്ചു. അത് അളക്കാന്‍ വയ്യാത്തതുകൊണ്ട് അവന്‍ അളവു നിര്‍ത്തി.
ഈജിപ്തില്‍ സമൃദ്ധിയുടെ ഏഴു വര്‍ഷത്തിനുശേഷം ക്ഷാമത്തിന്റെ ഏഴു വര്‍ഷങ്ങള്‍ ആരംഭിച്ചു. ഫറവോ ജനങ്ങളോടു പറഞ്ഞു: ''ജോസഫിന്റെ അടുക്കലേക്കു ചെല്ലുക. അവന്‍ പറയുന്നതുപോലെ ചെയ്യുക.'' പിന്നീട് സംഭവിച്ചത് വിശുദ്ധഗ്രന്ഥത്തില്‍ ഇങ്ങനെ വായിക്കാം: ദേശത്തെല്ലാം പട്ടിണി വ്യാപിച്ചപ്പോള്‍ ജോസഫ് കലവറ തുറന്നു. ജോസഫിന്റെ പക്കല്‍നിന്ന് ധാന്യം വാങ്ങാന്‍ എല്ലാ ദേശങ്ങളിലുംനിന്ന് ആളുകള്‍ ഈജിപ്തിലെത്തി.
നോക്കൂ... ബുദ്ധിപൂര്‍വകമായ ആസൂത്രണത്തിന്റെ മികവ്. സംഭരണത്തിന്റെയും ക്രമമായ വിതരണത്തിന്റെയും മികച്ച മാതൃക. ജോസഫ് ലോകത്തിനു നല്കുന്ന മഹത്തായ സന്ദേശം. ലോകത്തിലെ ആദ്യത്തെ പൊതുവിതരണ വകുപ്പ് ജോഫസിന്റെതാണ്. ആദ്യത്തെ സിവില്‍ സപ്ലൈസ് മന്ത്രിയും ജോസഫ് തന്നെ! അതേ, ആ ജോസഫ് മന്ത്രിയുടെ പേരില്‍ ഒരു കട. ജോസഫിന്റെ കട! കൊറോണക്കാലത്തെ അഭയസ്ഥാനം!
കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിലാണ് 'ജോസഫിന്റെ കട' നടത്തിവരുന്നത്.