•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഹൃദയപക്ഷത്തെ നെടുവീര്‍പ്പുകള്‍

  • കേരളത്തില്‍ ഹൃദ്രോഗികളുടെ എണ്ണം അതിഭീഷണമായി ഉയരുന്നു
  • സെപ്റ്റംബര്‍ 29 : ലോകഹൃദയദിനം

ബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും സംയുക്തമായി ഇന്ത്യയിലെ 27 സംസ്ഥാനങ്ങളില്‍നിന്നുള്ള എട്ടുലക്ഷം പേരെ ഉള്‍പ്പെടുത്തി നടത്തിയ ബൃഹത്തായ ഗവേഷണനിരീക്ഷണങ്ങളുടെ ഫലം കഴിഞ്ഞ വര്‍ഷം പ്ലോസ് മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 34 - 70 വയസ്സിനിടയ്ക്കുള്ളവരെയാണ് മൂന്നു വര്‍ഷക്കാലത്തോളം പഠനവിധേയമാക്കിയത്. ഇന്ത്യയില്‍ അപകടകരമാംവിധം വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗികളുടെ എണ്ണവും  അതിനുള്ള പ്രധാന കാരണങ്ങളുമായിരുന്നു പഠനവിഷയം.
നഗരവാസികളെയും ഗ്രാമീണരെയും വേര്‍തിരിച്ചുനടത്തിയ പഠനത്തില്‍ ഏറെ വിസ്മയിപ്പിക്കുന്ന വിവരങ്ങളാണു പുറത്തുവന്നത്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി നോക്കിയപ്പോള്‍ ഹൃദ്രോഗതീവ്രതയുടെ കാര്യത്തില്‍ കേരളം തന്നെ ഏറ്റവും മുന്നില്‍. കേരളത്തിലെ 19.90 ശതമാനം ആള്‍ക്കാരിലും ഹൃദ്രോഗസാധ്യത ആപത്കരമാംവണ്ണം വര്‍ദ്ധിച്ചുകണ്ടു. തൊട്ടുപിന്നില്‍ പശ്ചിമബംഗാള്‍ (19.12), ഹിമാചല്‍പ്രദേശ് (18.97 ശതമാനം). 1993 ല്‍ കേരളത്തിലെ ഹൃദ്രോഗസാധ്യത 1.4 ശതമാനം മാത്രമായിരുന്നുവെന്നോര്‍ക്കണം. അവിടെനിന്ന് രണ്ടര ദശകംകൊണ്ട് 19.90 ശതമാനത്തിലേക്കുള്ള കുതിപ്പു നിര്‍ണായകമായി. പഠനത്തില്‍, സാമ്പത്തികമായി താഴേക്കിടയിലുള്ളവരില്‍ പുകവലി പ്രധാന ഹൃദ്രോഗകാരണമായി പരിഗണിക്കപ്പെട്ടപ്പോള്‍, മേല്‍ത്തട്ടിലുള്ളവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദവും വര്‍ദ്ധിച്ച കൊളസ്‌ട്രോളും പ്രമേഹവും അമിതവണ്ണവും ഹൃദ്രോഗത്തിനു കാരണമായി.
2016 ല്‍ നടന്ന മറ്റൊരു പഠനത്തില്‍ ഇന്ത്യയില്‍ ഹൃദയധമനീരോഗങ്ങളുള്ളവരുടെ സംഖ്യ 54.5 ദശലക്ഷമാണ്. നാലില്‍ ഒരാളെന്ന കണക്കിനാണ് ഹൃദയധമനീരോഗങ്ങള്‍ ജീവനപഹരിച്ചെടുക്കുന്നത്. ഹൃദ്രോഗാനന്തരമുള്ള മരണം 1980 ല്‍ 15 ശതമാനമായിരുന്നത് 2013 ആയപ്പോള്‍ 32 ശതമാനമായി ഉയര്‍ന്നു. 2018-19 ലെ ഒരു സര്‍വേപ്രകാരം 40-69 വയസ്സിനിടയ്ക്കുള്ളവരിലുള്ള ഹൃദ്രോഗാനന്തരമരണസംഖ്യ കേരളത്തില്‍ 37.8 ശതമാനം വരെയെത്തി. 70 വയസ്സു കഴിഞ്ഞവരില്‍ ഈ സംഖ്യ 45.7 ശതമാനത്തോളമായി. 63,000 പേരാണ് ഹാര്‍ട്ടറ്റാക്കുമൂലം കേരളത്തില്‍ പ്രതിവര്‍ഷം മരണമടയുന്നത്. ഇന്ത്യയില്‍ ശരാശരി 29 ശതമാനംപേര്‍ ഹൃദ്രോഗാനന്തരം മരിക്കുമ്പോള്‍ കേരളത്തിലത് 40 ശതമാനത്തില്‍ കൂടുന്നു. 2030 ആകുമ്പോള്‍ ഇന്ത്യയിലാകമാനം 35 ശതമാനം പേര്‍ ഹൃദയാഘാതം മൂലം മരണപ്പെടുമെന്നു കണക്കാക്കപ്പെടുന്നു.
30 വയസ്സിനു താഴെയുള്ളവര്‍ ഹൃദയാഘാതവുമായി ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിക്കപ്പെട്ട് ചികിത്സ ലഭിച്ചശേഷം അടുത്ത പത്തുവര്‍ഷക്കാലത്തെ അതിജീവനസ്വഭാവം നിരീക്ഷിച്ചപ്പോള്‍ 30 ശതമാനംപേരും മരണത്തിനു കീഴടങ്ങിയതായിക്കണ്ടു. 20 വര്‍ഷം കഴിഞ്ഞപ്പോള്‍ 48 ശതമാനംപേര്‍ മരണപ്പെട്ടു.
മുതിര്‍ന്നവരെക്കാള്‍ വളരെക്കൂടുതലായി ചെറുപ്പക്കാരില്‍ കണ്ട ഹൃദ്രോഗാനന്തരമരണസംഖ്യയുടെ കാരണം പ്രധാനമായും ചികിത്സ ലഭിക്കുന്നതിലുള്ള താമസമായിരുന്നു. 38 ശതമാനം പേരും ചികിത്സ പ്രയോജനപ്പെടുന്നതിന്റെ സമയപരിധികഴിഞ്ഞാണ് ആശുപത്രിയിലെത്തിയത്. ഹാര്‍ട്ടറ്റാക്കുണ്ടായശേഷം പ്രാഥമികചികിത്സകള്‍ (പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി, രക്തക്കട്ട അലിയിപ്പിച്ചുകളയുന്ന ത്രോംബോലൈറ്റിക് തെറാപ്പി) ഒരു നിശ്ചിതസമയപരിധിക്കുള്ളില്‍ ലഭിച്ചാലേ പ്രയോജനമുണ്ടാകൂ എന്നു മനസ്സിലാക്കണം. 'ഗോള്‍ഡന്‍ പീരീഡ്' ഒന്നര മണിക്കൂറാണ്. ഈ സമയപരിധിക്കുള്ളില്‍ രോഗിയെ പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്യാന്‍ സാധിച്ചാല്‍, കട്ടിയാകാത്ത രക്തക്കട്ട മാറ്റി ഇടുങ്ങിയ കൊറോണറി ആര്‍ട്ടറി വികസിപ്പിച്ച് അവിടെ കൃത്യമായി ഒരു സ്റ്റെന്റ് സ്ഥാപിക്കാന്‍ സാധിക്കും. മൃതപ്രായമായെങ്കിലും ഇനിയും ചത്തിട്ടില്ലാത്ത ഹൃദയകോശങ്ങളിലേക്കും രക്തമെത്തിച്ചുകൊടുക്കാന്‍ ഇതുവഴി സാധിക്കും. രക്തദാരിദ്ര്യത്താല്‍ ശ്വാസംമുട്ടുന്ന ഹൃദയകോശങ്ങള്‍ പ്രാണവായുവും പോഷകപദാര്‍ത്ഥങ്ങളും സ്വീകരിച്ച്  പൂര്‍വസ്ഥിതിയിലാകുകയും ഹൃദയപ്രവര്‍ത്തനം സന്തുലിതമാകുകയും ചെയ്യും.
ഹാര്‍ട്ടറ്റാക്കുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 95 ശതമാനം ആള്‍ക്കാരിലും പരമ്പരാഗതമായ ആപത്ഘടകങ്ങളുടെ അതിപ്രസരം കണ്ടു. 88.3 ശതമാനം പേരില്‍ കൊളസ്‌ട്രോള്‍ അമിതമായി വര്‍ദ്ധിച്ചതായി കാണുകയുണ്ടായി. പുകവലി (63.5 ശതമാനം), മദ്യപാനം (20.8 ശതമാനം), അമിതരക്തസമ്മര്‍ദം (8.8 ശതമാനം), പ്രമേഹം (4.4 ശതമാനം) എന്നിങ്ങനെ വിവിധ ആപത്ഘടകങ്ങള്‍ ഹൃദ്രോഗത്തിനു കാരണമായി. 4.4 ശതമാനം പേരില്‍ വ്യക്തമായ ആപത്ഘടകങ്ങള്‍ കാണുവാന്‍ സാധിച്ചില്ല. മറ്റൊരു സവിശേഷത കണ്ടത്, ഹാര്‍ട്ടറ്റാക്കിനുള്ള ചികിത്സകഴിഞ്ഞ് ആശുപത്രി വിട്ടുപോയതിനുശേഷവും നല്ലൊരു ശതമാനം പേര്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ തങ്ങളുടെ ദുശ്ശീലങ്ങള്‍ തുടര്‍ന്നുകൊണ്ടുപോയി എന്നതാണ്. തുടര്‍ന്ന് പുകവലിച്ചുകൊണ്ടിരുന്നവര്‍ 34 ശതമാനം, മദ്യപിച്ചവര്‍ 16.8 ശതമാനം, വ്യായാമം ചെയ്യാതിരുന്നവര്‍ 50 ശതമാനം, ചികിത്സകന്‍ നിഷ്‌കര്‍ഷിച്ച മരുന്നുകള്‍ നിര്‍ത്തിയവര്‍ 41 ശതമാനം, ഭക്ഷണച്ചിട്ടകള്‍ പാലിക്കാത്തവര്‍ 79 ശതമാനം. അപ്പോള്‍ ചെറുപ്പക്കാരിലെ വര്‍ദ്ധിച്ച മരണശതമാനത്തിന്റെ കാരണങ്ങള്‍ ഇവയൊക്കെത്തന്നെ.
സാക്ഷരതയിലും ആയുര്‍ദൈര്‍ഘ്യത്തിലും വേറിട്ടുനില്‍ക്കുന്ന കേരളത്തില്‍ ഹൃദ്രോഗവും മറ്റു ജീവിതശൈലീരോഗങ്ങളായ രക്താതിമര്‍ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയവയും കുറഞ്ഞ തോതിലേ കാണുകയുള്ളൂവെന്ന് അനുമാനിക്കേണ്ടതാണ്. എന്നാല്‍, വാസ്തവം അതിനു വിപരീതം. അതുതന്നെയാണ് കേരളപാരഡോക്‌സ്. ഹൃദ്രോഗവും അതിലേക്കു നയിക്കുന്ന അനുബന്ധജീവിതശൈലീരോഗങ്ങളും ഇന്ത്യന്‍ ശരാശരിയെക്കാള്‍ ഏറെ മുന്നില്‍. വളരെ ചെറുപ്പത്തിലേ തുടങ്ങുന്ന ധമനികളിലെ ജരിതാവസ്ഥയുടെ അനന്തരഫലമായി ഹൃദ്രോഗാനന്തരമരണം കേരളത്തിലെ പുരുഷന്മാരില്‍ 60 ശതമാനവും സ്ത്രീകളില്‍ 40 ശതമാനവും 65 വയസ്സിനു മുമ്പായി സംഭവിക്കുന്നു. ഇവിടെ ആദ്യത്തെ ഹാര്‍ട്ടറ്റാക്കുണ്ടാകുന്നത് ഇതര സംസ്ഥാനങ്ങളിലുള്ളവരെക്കാള്‍ പത്തു വയസ്സിനു മുമ്പായിട്ടാണ്.
രോഗങ്ങളെ പേടിക്കാത്തവരാണ് മലയാളികള്‍. പ്രത്യേകിച്ചും ജീവിതശൈലീരോഗങ്ങളെയും പകര്‍ച്ചവ്യാധികളെയും. കൊവിഡ്-19 രോഗം തുടങ്ങിയശേഷം ഈ സെപ്റ്റംബര്‍ അവസാനംവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ലോകത്തു മരണപ്പെട്ടത് ഒരു ദശലക്ഷം പേരാണ്. ഇതില്‍ നല്ലൊരു ശതമാനം പേര്‍ക്ക് ഹൃദ്രോഗംകൂടിയുണ്ടായിരുന്നുവെന്നോര്‍ക്കണം. വാസ്തവം അറിയേണ്ടത് ഹൃദ്രോഗാനന്തരം പ്രതിവര്‍ഷം ലോകത്ത് 17.9 ദശലക്ഷം പേര്‍ മൃത്യുവിനിരയാകുന്നുവെന്നതാണ്.
ഹൃദ്രോഗത്തെ പ്രതിരോധിക്കുവാന്‍ സാധിക്കുമോ? തീര്‍ച്ചയായും! ജീവിതക്രമം ചിട്ടയിലാക്കി ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ആപത്ഘടകങ്ങളുണ്ടെങ്കില്‍ അവയെ കാലോചിതമായി പിടിയിലൊതുക്കി മുമ്പോട്ടു പോയാല്‍ ഹൃദ്രോഗം വരാതിരിക്കാന്‍ 90 ശതമാനംവരെ സാധിക്കും.
52 രാജ്യങ്ങളില്‍നിന്നായി 27,000 ആള്‍ക്കാരെ ഉള്‍പ്പെടുത്തി, കാനഡയിലുള്ള മലയാളിയായ പ്രഫ. സലിം യൂസഫ് നടത്തിയ ബൃഹത്തായ 'ഇന്റര്‍ഹാര്‍ട്ട്' പഠനത്തില്‍ ഒന്‍പത് ആപത്ഘടകങ്ങളുടെ (പുകവലി, രക്താതിമര്‍ദം, വര്‍ദ്ധിച്ച കൊളസ്‌ട്രോള്‍, പ്രമേഹം, ദുര്‍മേദസ്സ്, വ്യായാമരാഹിത്യം, വികലമായ ഭക്ഷണരീതി, മദ്യസേവ, സ്‌ട്രെസ്സ്) അതിപ്രസരം 90 ശതമാനത്തോളം ഹൃദ്രോഗമുണ്ടാക്കുവാന്‍ ഹേതുവാകുന്നുവെന്നു തെളിഞ്ഞു. ഈ ആപത്ഘടകങ്ങളെ കണ്ടെത്തി സമുചിതമായി നിയന്ത്രിക്കുകവഴി 90 ശതമാനംവരെ ഹൃദ്രോഗത്തിന്റെ പിടിവിട്ട് നില്‍ക്കാമെന്നു തെളിഞ്ഞു. ഹൃദ്രോഗത്തിനു കാരണമാകുന്ന പാരമ്പര്യസഹജവും ജനിതകവുമായ 10 ശതമാനം ഘടകങ്ങളെ മാത്രമാണു നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തവ. ഇന്ത്യന്‍ ശരാശരിയെക്കാള്‍ വളരെക്കൂടുതലായി മലയാളികളില്‍ കാണുന്ന ആപത്ഘടകങ്ങളുടെ രൂക്ഷത അറിയേണ്ടേ? വര്‍ദ്ധിച്ച കൊളസ്‌ട്രോള്‍ 52.3 ശതമാനം, അമിതരക്തസമ്മര്‍ദം 38.6 ശതമാനം, പ്രമേഹം 15.2 ശതമാനം, പുകവലി 28.1 ശതമാനം. കേരളത്തില്‍ പ്രതിവര്‍ഷം 65,600 പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ പ്രത്യാഘാതംമൂലം  മരണപ്പെടുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഇന്നു കേരളത്തില്‍ ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ പരിശോധനകള്‍ക്കായി എത്തുന്ന 40 ശതമാനം പേര്‍ക്കും ഉയര്‍ന്ന പ്രഷറുണ്ട്. 2016 ല്‍ നടന്ന ഒരു സര്‍വെയില്‍ രക്താതിമര്‍ദമുള്ളവരില്‍ 66.1 ശതമാനം പേരും ചികിത്സയെടുക്കുന്നില്ലായെന്നോര്‍ക്കണം. ഇനി 40 ശതമാനത്തോളം പേര്‍ക്ക് തങ്ങള്‍ക്ക് പ്രഷര്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് അറിയില്ല. അതുപോലെ, ഭക്ഷണഭ്രാന്തരായ മലയാളികളില്‍ പകുതിയിലധികംപേര്‍ക്കും വര്‍ദ്ധിച്ച കൊളസ്‌ട്രോളുമുണ്ട്.
ഹൃദ്രോഗചികിത്സയുടെ കടിഞ്ഞാണ്‍ പ്രതിരോധപ്രക്രിയയിലാണിരിക്കുന്നതെന്നോര്‍ക്കണം. അതിനുള്ള അവബോധം മലയാളികള്‍ക്കുണ്ടാകണം. ഹൃദ്രോഗപരിശോധനയും ചികിത്സയും ഏറെ ചെലവുള്ളതാണ്. ചികിത്സിച്ച് കുടുംബത്തിന്റെ നടുവൊടിക്കുന്നതിനെക്കാള്‍ഭേദം രോഗം വരാതെ നോക്കുകയാണ്. നല്ലൊരു ഡോക്ടറും വലിയൊരാശുപത്രിയും അടുത്തുണ്ടെങ്കില്‍ പിന്നൊന്നും പേടിക്കേണ്ട എന്ന തെറ്റായ ധാരണ വെടിയണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)