•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇരുളില്‍ തെളിയട്ടെ കുടുംബവിളക്കുകള്‍

ഞ്ചുനേരം നിസ്‌കരിച്ചിരുന്ന മുസല്‍മാനും സന്ധ്യയ്ക്കു പള്ളിമണി മുഴങ്ങുമ്പോള്‍ വീട്ടില്‍ തമ്പുരാന്റെ മുമ്പില്‍ മുട്ടുകുത്താന്‍ മറക്കാറില്ലായിരുന്ന നസ്രാണിയും വ്രതശുദ്ധിയോടെ മലചവിട്ടി ആത്മസുഖത്തോടെ സ്വാമിസന്നിധി വിട്ടിറങ്ങിയിരുന്ന ഹൈന്ദവനുമെല്ലാം ചേര്‍ന്ന് ഇന്നലെകളില്‍ ഈ നാടിനു നല്കിയതും നാടിനെ പഠിപ്പച്ചതും എന്തായിരുന്നുവെന്ന്  ആലോചിക്കേണ്ട സമയമാണിത്. ''കെട്ടുറപ്പ്'' എന്ന വാക്കില്‍ എല്ലാ ഉത്തരങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതാണ് ഉചിതം. ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന വാക്കും ഇതുതന്നെയല്ലേ!
സമുദായങ്ങള്‍ തമ്മിലും മതങ്ങള്‍ തമ്മിലും മനുഷ്യര്‍ തമ്മിലും നമ്മുടെ നാട്ടില്‍ അസൂയാര്‍ഹമായ തരത്തില്‍ കെട്ടുറപ്പ് നിലനിന്നിരുന്നെങ്കില്‍ അവയുടെ ആധാരമായി വര്‍ത്തിച്ചിരുന്നത് കുടുംബത്തിന്റെ ഉള്ളറകളില്‍ നിലനിന്നിരുന്ന ഉറപ്പുള്ള ചില കെട്ടുകളായിരുന്നു. അതിലേറ്റവും സുപ്രധാനം മനുഷ്യനും ദൈവവും തമ്മിലുള്ള ഒരിക്കലും അയഞ്ഞുപോകാന്‍ പാടില്ലാത്ത കടുംകെട്ടുകളായിരുന്നു. മറ്റാരെയും തോല്പിക്കാനായിരുന്നില്ല, ദൈവത്തിന്റെ മുമ്പില്‍ സ്വയം തോറ്റുപോകാതിരിക്കാനായിരുന്നു നമ്മുടെ പൂര്‍വികര്‍ മലകയറിയതും മുട്ടുകുത്തിയതും ശിരസ്സുകുനിച്ചു ഭൂമിയോളം വിനീതരായതുമെല്ലാം. ഓരോ പ്രാര്‍ത്ഥനയും ഓരോ ആചാരവും കുടുംബത്തിനുള്ളില്‍ നടത്തിയിരുന്ന ആത്മീയപരിശീലനങ്ങളില്‍നിന്നു കിട്ടിയിരുന്ന ഓരോ ബോധ്യവും തമ്പുരാനുമായുള്ള മനുഷ്യന്റെ 'കെട്ടുമുറുക്കലു'കളായിരുന്നു. മതം അവനവനെ തിന്മയില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള പരിചയായിരുന്നു. നമുക്ക് അപരനു നേര്‍ക്കുയര്‍ത്താനുള്ള ആയുധമായി നാമതിനെ ഒരിടത്തും ഒരിക്കലും ഉപയോഗിച്ചിട്ടുമില്ല. ഒന്നിച്ചുള്ള അധ്വാനവും ഒന്നിച്ചുള്ള ഭോജനവും കൊച്ചുകൊച്ചു യാത്രകളും ഗൃഹസന്ദര്‍ശനങ്ങളും തീര്‍ത്ഥാടനങ്ങളും ഉചിതമായ സമയത്തു വിവേകത്തോടെ നടത്തിയിരുന്ന തിരുത്തലുകളും ചെറിയ ശിക്ഷകളും ഒറ്റയ്ക്കല്ല എന്നു നിരന്തരം ഓര്‍മപ്പെടുത്തിയിരുന്ന ചേര്‍ത്തുപിടിക്കലുകളും സ്‌നേഹചുംബനങ്ങളുമെല്ലാം കുടുംബത്തിനുള്ളില്‍ മനുഷ്യര്‍ തമ്മിലുണ്ടായിരിക്കേണ്ട ആത്മബന്ധത്തിന്റെ ഉറപ്പുള്ള കെട്ടുകളായിരുന്നു.
കുടുംബത്തിനുള്ളില്‍ മാതാപിതാക്കള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങള്‍ തമ്മിലും ഉണ്ടായിരുന്ന, കുടുംബത്തിനാകെ ദൈവത്തോടുണ്ടായിരുന്ന 'കടുംകെട്ടുകള്‍' ഒറ്റവലിക്ക് ഊരിപ്പോയേക്കാവുന്ന കെട്ടുകള്‍ മാത്രമായിപ്പോയതിന്റെ പ്രത്യാഘാതങ്ങളല്ലേ നാം അഭിമുഖീകരിക്കുന്നത്? ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നാമിത് ഓര്‍മിക്കേണ്ടതും ഓര്‍മിപ്പിക്കേണ്ടതും?
വിദൂരമോ ഉന്നതമെന്നു നമുക്കു തോന്നുന്നതോ ആയ ഏതൊക്കെയോ ലക്ഷ്യങ്ങളിലേക്കു തൊടുത്തുവിടാനുള്ള അസ്ത്രങ്ങള്‍ മാത്രമായി മക്കളെ പരുവപ്പെടുത്തുന്നതിനുള്ള വ്യഗ്രതകള്‍ക്കിടയില്‍ കുടുംബങ്ങള്‍ പുലര്‍ത്തേണ്ട കാലോചിതമായ ജാഗ്രതയെ ഓര്‍മിക്കുന്നതും ഓര്‍മിപ്പിക്കുന്നതും പിഴവോ വീഴ്ചയോ അല്ല, ദൈവികമായ കടമയുടെയും കരുത്തിന്റെയും പ്രതിഫലനമാണ്. അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ടുപിതാവിന്റെ വാക്കുകളെ നാം സ്വീകരിക്കേണ്ടത് ഈയൊരു മനസ്സോടെയാവണം. അപകടകരമായ രീതിയില്‍ നമ്മുടെ ലോകം മാറിക്കൊണ്ടിരിക്കുന്നുവെന്നും അവിശ്വസനീയമായ തരത്തില്‍ ലോകത്തിന്റെ വിദൂരമായ ദിക്കുകളില്‍നിന്നുപോലും തിന്മയുടെ പല രൂപത്തിലുള്ള കെണികള്‍ നമ്മുടെ കുടുംബങ്ങളിലേക്കെത്തുന്നുവെന്നും ജാതിമതഭേദമെന്യേ എല്ലാവരും തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്. നമ്മുടെ സമൂഹത്തിലെ ഒരു കുഞ്ഞിനെപ്പോലും നഷ്ടമാകാന്‍ ഇടയാകാത്തവിധം യഥാര്‍ത്ഥമായ മനുഷ്യസ്‌നേഹത്തിന്റെയും ശരിയായ ലക്ഷ്യബോധത്തിന്റെയും വിവേകപൂര്‍ണമായ തീരുമാനങ്ങളുടെയും ആരോഗ്യകരമായ കുടുംബാന്തരീഷങ്ങളുടെയും ഊര്‍ജവും വെളിച്ചവുമാണ് നാമവരുടെ മനസ്സില്‍ നിറയ്‌ക്കേണ്ടത്. കുടുംബങ്ങള്‍ ദുര്‍ബലമാകുമ്പോഴാണ് അനഭിലഷണീയമായ ഒട്ടേറെ പ്രവണതകള്‍ നമുക്കു ചുറ്റും കരുത്താര്‍ജിക്കുന്നത്. ഇത്തരം പ്രവണതകളെ നിര്‍വീര്യമാക്കേണ്ടത് ഒരു കൂട്ടമാളുകളുടെ മാത്രമാവശ്യമല്ലെന്നും കലാപത്തിന്റെയോ വിദ്വേഷത്തിന്റെയോ നിറം അതിനു ചാര്‍ത്തേണ്ടതില്ലെന്നും ഇന്നാട്ടിലെ ഓരോ മനുഷ്യനുമറിയാം.
കെട്ടുറപ്പുള്ള കുടുംബങ്ങളിലൂടെ മാത്രമേ കാലത്തിന്റെ വെല്ലുവിളികളെ നമുക്ക് അതിജീവിക്കാനാകൂ എന്ന സന്ദേശത്തിന് ഒരു ചാനല്‍ ചര്‍ച്ചകളിലും ഇടം കിട്ടാതെ പോയതെന്തുകൊണ്ടാണ്? അരമന ഉയരുംമുമ്പേ പടുത്തുയര്‍ത്തപ്പെട്ട മഹത്തായ ഒരു കലാലയത്തെയും കാലാകാലങ്ങളില്‍ സമൂഹനന്മയ്ക്കുതകുംവിധം പടുത്തുയര്‍ത്തപ്പെട്ട അനേകായിരം വിദ്യാഭ്യാസസ്ഥാപനങ്ങളെയും ആതുരാലയങ്ങളെയും ആശ്രയകേന്ദ്രങ്ങളെയും മറ്റനേകം സേവനപ്രസ്ഥാനങ്ങളെയും ചൂണ്ടിക്കാട്ടി വിനയത്തോടെ വ്യക്തമാക്കട്ടെ; നാടിനെ ശരിയായ ദിശയില്‍ത്തന്നെ പഠിപ്പിക്കുകയും നയിക്കുകയും കളങ്കമേശാതെ പരിപാലിക്കുകയും ചെയ്യുന്ന ഒരാത്മീയനേതൃത്വത്തെ ആദരവോടെ മാത്രമേ നമുക്കു സമീപിക്കാനാവൂ. ഈ പ്രബോധനത്തിന് നാം അര്‍ത്ഥം ആരായേണ്ടത് തെരുവുകളിലല്ല. കൊടിപിടിച്ചും വടിചുഴറ്റിയുമല്ല ഈ വാക്കുകളുടെ അന്തസ്സത്തയെ നാം സ്വീകരിക്കേണ്ടത്. മതമോ രാഷ്ട്രീയമോ ഏതുമായിക്കൊള്ളട്ടെ, ഈ തെരുവുകളില്‍നിന്നു നാം വീട്ടിലേക്കു മടങ്ങിയെത്തുമ്പോള്‍ നമ്മുടെ യുവതയിലൊന്നുപോലും ലക്ഷ്യവും മാര്‍ഗവും പിഴച്ച് വേട്ടക്കാരന്റെയോ ഇരയുടെയോ വഴികളില്‍ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നിടത്താണ് അഭിവന്ദ്യപിതാവിന്റെ വാക്കുകളോടു നമുക്കു നീതിപുലര്‍ത്തനാവുന്നത്. ഒറ്റപ്പെടുത്തലിന്റെയോ മുറിപ്പെടുത്തലിന്റെയോ മുതലെടുപ്പിന്റെയോ ഭാഷ്യങ്ങള്‍ നാമതിനു ചമയ്ക്കരുത്. കാരണം, ലാഭനഷ്ടങ്ങള്‍ കൃത്യമായി കണക്കുകൂട്ടി കരുതലോടെ നടത്തുന്ന രാഷ്ട്രീയപ്രസ്താവനകള്‍ക്കപ്പുറത്താണ് അതിന്റെ സ്ഥാനം. ഏല്പിക്കപ്പെട്ടവയില്‍ ഒന്നുപോലും നഷ്ടമാകരുതേ എന്നു തീവ്രമായി ഇച്ഛിക്കുന്ന ഇടയഹൃദയത്തോടു ചേര്‍ന്നു നില്ക്കാം. വര്‍ത്തമാനകാലസമൂഹത്തെ വിഴുങ്ങുന്ന തിന്മകള്‍ ഏതുതന്നെയായാലും അവയ്ക്കെല്ലാമുള്ള പരിഹാരം കുടുംബത്തിനുള്ളില്‍ മനുഷ്യര്‍ തമ്മിലും മനുഷ്യരും ദൈവവും തമ്മിലുമുള്ള ദൃഢബന്ധമാണ് അഥവാ ഉപാധികളില്ലാത്ത സ്‌നേഹവും ഉറച്ച ദൈവവിശ്വാസവുമുള്ള കെട്ടുറപ്പുള്ള കുടുംബങ്ങളാണ് എന്ന ശ്രേഷ്ഠമായ ചിന്തയെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്താം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)