•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നിങ്ങള്‍ എന്തിനെയെങ്കിലും പേടിക്കുന്നുണ്ടോ?

യം ഒരു വികാരമാണ്. എന്നാല്‍,  അകാരണമായ ഭയമോ? അത് പല രൂപത്തിലാകാം ഓരോരുത്തരിലും പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും അവയുടെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ അതൊരു രോഗമാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയാറില്ല.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മാനസികാരോഗ്യപ്രശ്‌നമായ സാമൂഹികോത്കണ്ഠാരോഗം(social anxiety disorder) യുഎസിലെ ജനസംഖ്യയില്‍ ഏഴു ശതമാനവും അനുഭവിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലതരത്തിലുള്ള ആശങ്കകളുടെ സങ്കരമാണ് ഈ രോഗാവസ്ഥ. ഓരോ കാര്യം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ നമ്മെക്കുറിച്ച് എന്തുപറയുമെന്ന് അമിതമായി ആശങ്കപ്പെടുന്നത് ഇതിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരോട് ഇടപഴകാന്‍തന്നെ പേടിയായിരിക്കും. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ താഴ്ത്തിക്കെട്ടുമെന്നുള്ള ഭയംമൂലം പൊതുപരിപാടികളില്‍ പങ്കെടുക്കാനും പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും ഇവര്‍ വിമുഖത കാണിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍നിന്നുമൊക്കെ ഒറ്റപ്പെട്ട ജീവിതത്തോടായിരിക്കും ഇവര്‍ക്കു താത്പര്യം. ചില കൗമാരക്കാരില്‍ ഈ രോഗാവസ്ഥ കാണാമെങ്കിലും പലപ്പോഴും അത്തരക്കാരെ നാണംകുണുങ്ങികളായി തെറ്റിദ്ധരിക്കുകയാണു പതിവ്. 
ഉത്കണ്ഠ തോന്നുന്ന സാഹചര്യങ്ങള്‍
•     മറ്റുള്ളവരോട് ആധികാരികമായി സംസാരിക്കേണ്ടി   വരുമ്പോള്‍
•    ഫോണ്‍ വിളിക്കുമ്പോള്‍, വരുന്ന ഫോണ്‍ കോളുകള്‍   അറ്റന്‍ഡ് ചെയ്യുമ്പോള്‍
•    അഭിമുഖം നടത്തുമ്പോഴും അഭിമുഖത്തില്‍      പങ്കെടുക്കുമ്പോഴും.
•    ക്ലാസെടുക്കുമ്പോഴും ക്ലാസില്‍ പങ്കെടുക്കുമ്പോഴും 
•    അപരിചിതരുമായി സംസാരിക്കുമ്പോള്‍
•    പുതിയ ആളുകളെ പരിചയപ്പെടുമ്പോള്‍
•    പൊതുസദസ്സില്‍ വച്ച് കഴിക്കുകയോ കുടിക്കുകയോ   എഴുതുകയോ ചെയ്യുമ്പോള്‍
•    പൊതുകക്കൂസും മറ്റും ഉപയോഗിക്കുമ്പോള്‍.
•    വണ്ടിയോടിക്കുമ്പോള്‍.
• ഷോപ്പിങ് നടത്തുമ്പോള്‍
ഇങ്ങനെ പല സാഹചര്യങ്ങളിലും അകാരണമായ ഭയവും ഉത്കണ്ഠയും വേട്ടയാടുകയാണെങ്കില്‍ നിങ്ങളും ഈ രോഗാവസ്ഥയുടെ ഇരയാണെന്നു തിരിച്ചറിയുക. 
പാരമ്പര്യം, കുടുംബപശ്ചാത്തലം, സംഘര്‍ഷഭരിതമായ ജീവിതശൈലി തുടങ്ങിയ ഘടകങ്ങളെല്ലാം ഈയൊരവസ്ഥയിലേക്കു നയിക്കുന്ന കാരണങ്ങളാണ്.
ലക്ഷണങ്ങള്‍ 
•    നെഞ്ചിടിപ്പു കൂടുക
•    തണുത്ത കാലാവസ്ഥയിലും അമിതമായി വിയര്‍ക്കുക
•    മസിലുകള്‍ വലിഞ്ഞുമുറുകുക.
•    വയറ്റില്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കുക.
•    ശബ്ദം ഇടറുക,     തൊണ്ട വരളുക.
•    കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍     കഴിയാതിരിക്കുക 
•    പെട്ടെന്ന് കണ്ണുചിമ്മുക.
തുടങ്ങിയ ലക്ഷണങ്ങളെല്ലാം സാമൂഹികോത്കണ്ഠാരോഗമുള്ളവര്‍ മുമ്പു പറഞ്ഞ സാഹചര്യങ്ങളില്‍ പെടുമ്പോള്‍ പ്രകടമാവുന്നതാണ്. പരീക്ഷ എഴുതിയാല്‍ തോല്‍ക്കുമോയെന്ന ഭയത്താല്‍ പരീക്ഷ എഴുതാതിരിക്കുക, തോല്‍വി ഭയന്ന് അഭിമുഖങ്ങളില്‍ പങ്കെടുക്കാതിരിക്കുക, ജീവിതയാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ മദ്യത്തിലും ലഹരിമരുന്നിലും അഭയം കണ്ടെത്തുക, ആത്മഹത്യ ഒഴിവാക്കുക എന്നിവയെല്ലാം ഈ രോഗാവസ്ഥയുടെ ഫലമായുണ്ടാകാം. 
ചികിത്സ
നമ്മുടെ ഈയവസ്ഥയ്ക്കു മാറ്റം വരുത്താനാകുമെന്നു സ്വയം വിശ്വസിക്കുകയാണ് ഇത്തരക്കാര്‍ ആദ്യം ചെയ്യേണ്ടത്. കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയാണ് (സിബിടി) ഇത്തരക്കാര്‍ക്കായി പൊതുവേ ഉപയോഗപ്പെടുത്താറുള്ള ചികിത്സാരീതി. ഈയവസ്ഥയിലുള്ള വ്യക്തികളുടെ നിഷേധാത്മകമായ ചിന്താരീതിയെ മാറ്റുകയാണ് ഈ തെറാപ്പിയില്‍ ചെയ്യുന്നത്. ഓരോ സാഹചര്യത്തിലും ഒരു വ്യക്തി എങ്ങനെ ചിന്തിക്കുന്നു വെന്ന് ഈ ചികിത്സാരീതിയില്‍ പരിശോധിച്ചശേഷം അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റം നിര്‍ദേശിക്കുന്നു. ഓരോ സാഹചര്യത്തിലും സാധാരണരീതിയിലല്ല നിങ്ങളുടെ പ്രതികരണമെങ്കില്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തിക്കൊണ്ട് ചിന്താരീതിയെ സാധാരണനി ലയിലാക്കി നിങ്ങളില്‍ മാറ്റമുണ്ടാക്കുന്നു. ശാരീരികവും ആത്മീയവുമായ ഘടകങ്ങളും മാനസികോല്ലാസവും വ്യായാമവുമെല്ലാം കൂടിച്ചേരുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ ധാരണകള്‍ തിരുത്തപ്പെടുകയും ആത്മവിശ്വാസവും ആത്മാഭിമാനവും വളര്‍ന്ന് സാധാരണനിലയിലേക്കു മാറ്റപ്പെടുകയും ചെയ്യുന്നു.
ഉത്കണ്ഠാരോഗങ്ങള്‍
(ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ - ഒസിഡി) 

അനാവശ്യചിന്തകളും ആവര്‍ത്തനസ്വഭാവവുംമൂലം ഒരു വ്യക്തിയില്‍ രൂപപ്പെടുന്ന രോഗാവസ്ഥയാണിത്. സംശയത്തിന്റെ മറ്റൊരു പതിപ്പാണ് ഈ രോഗം. ഏതു കാര്യം ചെയ്താലും അത് ശരിയായോ എന്ന സംശയം വീണ്ടും വീണ്ടും അതേ പ്രവൃത്തിതന്നെ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണിവിടെ. 
ലക്ഷണങ്ങള്‍
•    പല തവണ കൈ കഴുകുക - പല പാവശ്യം കൈ കഴുകിയാലും ഇത്തരക്കാരുടെ ചിന്ത അഴുക്ക് കൈയില്‍ ത്തന്നെയുണ്ടെന്നായിരിക്കും. അതിനാല്‍ വീണ്ടും വീണ്ടും കൈ കഴുകുന്നു. അമിതമായ വൃത്തി തേടുന്നവരായിരിക്കും ഇവര്‍. 
•    നോട്ടുകളും മറ്റും എണ്ണുമ്പോള്‍ സംശയംമൂലം പല ആവൃത്തി എണ്ണി ഉറപ്പാക്കുന്നു.
•    വീട്ടില്‍നിന്നു പുറത്തേക്കുപോകുമ്പോഴും മറ്റും വാതില്‍ അടച്ചോയെന്ന സംശയം പൊതുവേ ഇത്തരക്കാരില്‍ കാണുന്നു. വാതില്‍ അടച്ചശേഷം ഗേറ്റുവരെയെത്തുമ്പോഴായിരിക്കും മനസ്സില്‍ വീണ്ടും സംശയം കയറുന്ന ത്. ഉടന്‍ തിരിച്ചുവന്ന് വാതില്‍ തള്ളി നോക്കി ഒന്നുകൂടി ഉറപ്പാക്കും. ചിലപ്പോള്‍ ബസില്‍ കയറിയ ശേഷമായിരിക്കും ഇത്തരം സംശയം മനസ്സില്‍ ശക്തമാകുന്നത്. ഉടന്‍ അടുത്ത സ്റ്റോപ്പിലിറങ്ങി തിരിച്ചു വീട്ടില്‍ വന്ന് നോക്കിയശേഷമായിരിക്കും ഇവര്‍ യാത്ര തുടരുന്നത്. ചിന്തിച്ചു കാടുകയറി അവസാനം സംശയനിവൃത്തി വരുത്തുന്നതുവരെ ഇവരുടെ മറ്റു പ്രവൃത്തികളുടെയും ചിന്തകളുടെയും പെരുമാറ്റത്തിന്റെയുമെല്ലാം താളം തെറ്റുന്നു.
ജനറലൈസ്ഡ് ആങ്‌സൈറ്റി ഡിസോഡര്‍ 
(Generallised anxiety disorder)
കടുത്ത ഉത്കണ്ഠയുടെ ഫലമായുണ്ടാകുന്ന മാനസികപ്രശ്‌നമാണിത്. മനസ്സിനു പ്രകോപനമുണ്ടാക്കുന്ന യാതൊരു സാഹചര്യങ്ങളും നിലവിലില്ലാത്തപ്പോള്‍പോലും കഠിനമായ വിഷമത്താലും മാനസികസംഘര്‍ഷത്താലും വലയുന്നതാണ് ഇതിന്റെ പ്രത്യേകത. 
ലക്ഷണങ്ങള്‍: തലവേദന, പേശി വലിഞ്ഞുമുറുകല്‍, പേശിവേദന, അകാരണമായ വിയര്‍ക്കല്‍, സംസാരിക്കുമ്പോള്‍ ഇടയ്ക്കു വിഴുങ്ങല്‍.
പാനിക് ഡിസോഡര്‍ ((Panic disorder)
തുടര്‍ച്ചയായതും അപ്രതീക്ഷിതവുമായ ഭയത്തില്‍ നിന്നുണ്ടാകുന്ന മാനസികപ്രശ്‌നമാണിത്. നെഞ്ചുവേദന, ഹൃദയമിടിപ്പുകൂടല്‍, ശ്വാസോച്ഛ്വാസം കുറയല്‍, വയറ്റിലെ പ്രശ്‌നം എന്നിവയെല്ലാം ഈ പ്രശ്‌നത്തിനൊപ്പം ഉണ്ടാകുന്ന ലക്ഷണങ്ങളാണ്.
പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍ 
(Post traumatic stress disorder) 
ഭയാനകമായ ഏതെങ്കിലും സംഭവമുണ്ടായതിനെത്തുടര്‍ന്നുണ്ടാകുന്ന മാനസികപ്രശ്‌നമാണിത്. 
വീടിനും മറ്റും നേര്‍ക്കു നടക്കുന്ന അപ്രതീക്ഷിത ആക്രമണം, വര്‍ഗീയകലാപം, രാഷ്ട്രീയാക്രമണം, പ്രകൃതിദുരന്തം, അപകടം എന്നിവയെത്തുടര്‍ന്ന് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്.
പൊതുവേ ആത്മാഭിമാനം കുറഞ്ഞവരിലാണ് ഉത്കണ്ഠാരോഗങ്ങള്‍ കൂടുതലായും കാണുന്നത്. വാക്കാലോ വൈകാരികമായോ ശാരീരികമായോ ലൈംഗികമായോ പീഡിപ്പിക്കപ്പെട്ട കുട്ടികളിലും ആത്മാഭിമാനം കുറഞ്ഞിരിക്കും. വീട്ടിലും സ്‌കൂളിലും സമൂഹത്തിലും സ്‌നേഹവും സ്വീകാര്യതയും ലഭിക്കാത്തവര്‍ക്കും ആത്മാഭിമാനം കുറവായിരിക്കും.
തങ്ങളുടെ വിലയും കഴിവുകളും ഇത്തരക്കാര്‍ തിരിച്ചറിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളെ ഒന്നിനും കൊള്ളില്ലെന്നു ചിന്തിക്കുകയും തങ്ങളുടെ കുറവുകളിലേക്കു മാത്രം നോക്കുകയും നേട്ടങ്ങള്‍ കൈവരിച്ചവരെ തങ്ങളുമായി താരതമ്യപ്പെടുത്തി വിഷാദിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി കുറവുകളിലേക്കു നോക്കുന്നതിനുപകരം തങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവിടെ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചാല്‍ അംഗീകാരവും മറ്റും ഇത്തരക്കാരെ തേടിയെത്തും. ഒപ്പം ചെറിയ തോതിലുള്ള പ്രോത്സാഹനവും മറ്റും ഇത്തരക്കാരുടെ ആത്മവിശ്വാസം കൂട്ടാന്‍ സഹായകമാവും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)