•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ധീരമാനസനായ കര്‍മയോഗി

ജൂലൈ 20 ന് അന്തരിച്ച പ്രമുഖ വിദ്യാഭ്യാസപ്രവര്‍ത്തകന്‍ റവ. ഡോ. ആന്റണി നിരപ്പേലിനെക്കുറിച്ച്

ധ്യകേരളത്തിന്റെ വിദ്യാഭ്യാസരംഗത്തു വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വിത്തുപാകിയ റവ. ഡോ. ആന്റണി നിരപ്പേലച്ചന്റെ നിര്യാണം സഭയ്ക്കും സമുദായത്തിനും ഒരു തീരാനഷ്ടമാണ്. കൈവച്ച മേഖലകളിലെല്ലാം തന്റെ കഴിവു തെളിയിച്ച ഒരു പ്രഗല്ഭമതിയായിരുന്നു അദ്ദേഹം. ''സെന്റ് ആന്റണീസ്'' എന്ന വിശുദ്ധനാമാക്ഷരത്തെ കേരളത്തിന്റെ വിദ്യാഭ്യാസഭൂപടത്തില്‍ അദ്ദേഹം പതിപ്പിച്ചുറപ്പിച്ചു.
പരിമിതമായ സാഹചര്യങ്ങളിലായിരുന്നു അച്ചന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളുെടയെല്ലാം തുടക്കം. പിന്നീട്, അവയെല്ലാം മഹാപ്രസ്ഥാനങ്ങളായി മാറി. സി.ബി.എസ്.ഇ. സ്‌കൂളുകള്‍ സംസ്ഥാനത്തു താരതമ്യേന അപരിചിതമായിരുന്ന കാലത്താണ് 1986 ല്‍ കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ആരംഭിക്കുന്നത്. മോണ്ടിസോറി, പ്രൈമറിതലത്തില്‍ വളരെ ലളിതമായി തുടങ്ങിയ സ്‌കൂള്‍ പിന്നീട് ലോകമാകെ അറിയപ്പെടുന്ന വിദ്യാലയമായി മാറി. ഏറെ കഷ്ടനഷ്ടങ്ങള്‍ സഹിച്ചാണ് സ്‌കൂളിന്റെ അഫിലിയേഷനും മറ്റും നേടിയെടുത്തത്. മികച്ച വിദ്യാലയമന്വേഷിക്കുന്ന കേരളത്തിലങ്ങോളമിങ്ങോളമുള്ള കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും മാത്രമല്ല, പ്രവാസികളായ മലയാളികളുടെയും ഒന്നാം നമ്പര്‍ പട്ടികയില്‍ ഈ മഹാവിദ്യാലയം നിലകൊള്ളുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നാണിത്. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമുള്‍പ്പെടെ വിവിധ രംഗങ്ങളില്‍ പതിനയ്യായിരത്തോളം പ്രഫഷണലുകളെ ലോകത്തിനു സമ്മാനിക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
ദീര്‍ഘവീക്ഷണപടുവായിരുന്നു നിരപ്പേലച്ചന്‍. ജനം കമ്പ്യൂട്ടറിനെക്കുറിച്ചു കേട്ടുതുടങ്ങിയതേയുള്ളൂ, അപ്പോഴേക്കും 1992 ല്‍ കാഞ്ഞിരപ്പള്ളിയില്‍ ഒരു വാടകക്കെട്ടിടത്തില്‍ അദ്ദേഹം സെന്റ് ആന്റണീസ് കംപ്യൂട്ടര്‍ കോളജ് സ്ഥാപിച്ചു. ഇതേപോലെതന്നെ 1994 ല്‍, നിലച്ചുപോയ ഒരു ട്യൂട്ടോറിയല്‍ കോളജ് കെട്ടിടം വാടകയ്‌ക്കെടുത്തായിരുന്നു സെന്റ് ആന്റണീസ് കോളജിന്റെയും തുടക്കം. പലരില്‍നിന്നായി പിരിച്ചെടുത്ത അരലക്ഷം രൂപയായിരുന്നു മൂലധനം. ആകെ 180 വിദ്യാര്‍ത്ഥികള്‍. ഇന്ന് സെന്റ് ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളജസ് എന്ന പേരില്‍ പെരുവന്താനം, മുക്കൂട്ടുതറ, പൊന്‍കുന്നം എന്നിവിടങ്ങളില്‍ അതു പടര്‍ന്നുപന്തലിച്ചിരിക്കുന്നു. ചിറക്കടവ് സെന്റ് എഫ്രേംസ് ഹൈസ്‌കൂള്‍, ഇടക്കുന്നം മേരി മാതാ പബ്ലിക് സ്‌കൂള്‍, ചെങ്ങളം എസ്.എച്ച്. സ്‌കൂള്‍ എന്നിവയുടെയും സ്ഥാപകനാണു നിരപ്പേലച്ചന്‍. ചെങ്ങളം മേഴ്‌സി, ചിറക്കടവ് മാര്‍ എഫ്രേംസ് ആശുപത്രികളുടെ സ്ഥാപനത്തിലും നേതൃത്വം വഹിച്ചു. സാധാരണക്കാര്‍ക്കു കുറഞ്ഞ ചെലവില്‍ ഉന്നതപഠനാവസരം പ്രദാനം ചെയ്യുന്നതില്‍ അച്ചന്‍ വഹിച്ച പങ്ക് നിസ്തുലമാണ്.
1936 സെപ്റ്റംബര്‍ എട്ടിന് ചെങ്ങളം നിരപ്പേല്‍ മത്തായി-റോസ ദമ്പതികളുടെ പുത്രനായി ജനനം. ചങ്ങനാശേരി പാറേല്‍, ആലുവ സെന്റ് ജോസഫ്‌സ്  സെമിനാരികളില്‍ പരിശീലനത്തിനുശേഷം 1963 മാര്‍ച്ച് 11 നു ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ മാത്യു കാവുകാട്ടില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. 1971 ല്‍ ബെല്‍ജിയത്തിലെ ലുവെയ്ന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടി. ചങ്ങനാശേരി അതിരൂപത മതബോധനകേന്ദ്രം ഡയറക്ടറും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമായി. കാഞ്ഞിരപ്പള്ളി രൂപതയില്‍ ചിറക്കടവ്, പൊന്‍കുന്നം, ആനക്കല്ല്, വെളിച്ചിയാനി, എലിക്കുളം, കൂവപ്പള്ളി  പള്ളികളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. അമേരിക്കയിലെ മോബിന്‍ രൂപതയിലും ശുശ്രൂഷ ചെയ്തിട്ടിട്ടുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)