•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ആയുസ്സെടുക്കുന്ന പൊടിപടലങ്ങള്‍

ജീവന്റെ നിലനില്പിന് പ്രാണവായു അനിവാര്യമാണ്. ശുദ്ധമല്ലാത്തതും മലിനവുമാണ് ശ്വസിക്കുന്ന വായുവെങ്കില്‍ ജീവന് അത് ഭീഷണി സൃഷ്ടിക്കുന്നു. ആഗോളജനതയില്‍ 90 ശതമാനവും ശ്വസിക്കുന്നത് മാലിന്യം കലര്‍ന്ന വായുവാണ്. മണ്ണ്, ജലം എന്നിവയിലെ മലിനീകരണത്തെക്കാള്‍ അപകടകരമാണ് വായുമലിനീകരണമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.
ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന പൊടി 
ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം 54,000 പേരാണ് മരിച്ചത്. പി.എം. 2.5 പൊടി കാരണമാണ് മരണസംഖ്യ ഇത്രയും ഉയര്‍ന്നതെന്ന് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സാങ്കേതികവിദ്യയായ ഐക്യൂ എയര്‍ ഉപയോഗിച്ചു നടത്തിയ പഠനം കാണിക്കുന്നു. വായുമലിനീകരണത്തിന്റെ പ്രധാന ഘടകമാണ് 2.5 മൈക്രോണ്‍ വലിപ്പമുള്ള പര്‍ട്ടിക്കുലേറ്റര്‍ മാറ്റര്‍ പൊടി. വലിപ്പം കുറവായതിനാല്‍ ഇവ ശ്വാസകോശത്തിലേക്കു കയറി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. മുംബൈ 20,000, ബംഗളൂരു 12,000, ചെന്നൈ 10,910, ഹൈദരാബാദ് 11,637, ലക്‌നോ 6,700 എന്നിങ്ങനെയാണ് 2020 ലെ വായുമലിനീകരണത്തെത്തുടര്‍ന്നുള്ള രാജ്യത്തെ മറ്റു മുഖ്യനഗരങ്ങളിലെ മരണസംഖ്യ.
ആയുസ്സ് ചുരുങ്ങുന്ന നമ്മള്‍
വായുമലിനീകരണം കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന രാജ്യങ്ങളില്‍ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ നടത്തിയ പഠനം കാണിക്കുന്നത്. 1988 മുതല്‍ 2018 വരെയുളള മൂന്നു പതിറ്റാണ്ടിനിടയില്‍ ഇന്ത്യയില്‍ വായുമലിനീകരണം 42 ശതമാനം വര്‍ധിച്ചു. ഇത് ഇന്ത്യക്കാരുടെ ആയുസ്സ് ശരാശരി 5.2 ശതമാനം കുറയ്ക്കുന്നുണ്ടെന്നാണു കണ്ടെത്തല്‍. ഒന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശില്‍ ഇത് 6.2 വര്‍ഷമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായുമലിനീകരണം അനുഭവിക്കുന്ന ഡല്‍ഹിക്കാരുടെ ആയുസ്സ് 9.4 വര്‍ഷം കുറയുമെന്നും പഠനം പറയുന്നു.
ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ അസുഖങ്ങള്‍ക്കു വലിയൊരളവോളം കാരണം മലിനവായുവാണ്. ശ്വാസകോശാരോഗ്യത്തില്‍ ഇന്ത്യക്കാര്‍ ഏറെ പിന്നിലാണെന്നും ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു. ലോകത്തെ 300 ദശലക്ഷം കുട്ടികളും ശ്വസിക്കുന്നത് മാലിന്യം കലര്‍ന്ന വായുവാണെന്നും ഇവരില്‍ 222 ദശലക്ഷവും സൗത്ത് ഏഷ്യയിലെ കുട്ടികളാണെന്നുമാണ് യൂനിസെഫിന്റെ പഠനറിപ്പോര്‍ട്ട്. കുട്ടികളില്‍ ഇത് മാരകമായ രോഗങ്ങളുണ്ടാക്കുന്നതോടൊപ്പം ബുദ്ധിശക്തിക്ഷയത്തിനും വഴിവയ്ക്കുന്നു.
വ്യവസായശാലകള്‍ പുറത്തുവിടുന്ന വിഷവാതകങ്ങള്‍, വാഹനഗതാഗതംമൂലമുണ്ടാകുന്ന പുക, പാഴ്വസ്തുക്കളും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്, വായുവില്‍ പടരുന്ന പൊടിപടലങ്ങള്‍ തുടങ്ങിയവയാണ് വായുമലിനീകരണത്തിനു മുഖ്യകാരണങ്ങള്‍. കീടനാശിനികള്‍, കളനാശിനികള്‍ തുടങ്ങിയവയുടെ പ്രയോഗവും അന്തരീക്ഷം മലിനമാക്കുന്നു. മോട്ടോര്‍വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ മലിനീകരണം സൃഷ്ടിക്കുന്നത്. അമേരിക്കയിലെ വായുമലിനീകരണത്തില്‍ 65 ശതമാനവും വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയും വാതകങ്ങളും കാരണമാണ്.
മരണസംഖ്യ കൂട്ടുന്ന കൊലയാളി
സാര്‍സ്, കൊവിഡ്-19 തുടങ്ങിയ പകര്‍ച്ചവ്യാധികളെ ഭീതിയോടെ നോക്കുന്ന ലോകം വായുമലിനീകരണത്തെ പലപ്പോഴും ലാഘവത്തോടെയാണ് കാണുന്നത്. എന്നാല്‍, ഗുരുതര പകര്‍ച്ചവ്യാധികളോളംതന്നെ മാരകമാണ് വായുമലിനീകരണമെന്ന് അവ സൃഷ്ടിക്കുന്ന മരണനിരക്കുകള്‍ ബോധ്യപ്പെടുത്തുന്നു. ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുപ്രകാരം 2012 ല്‍ 70 ദശലക്ഷം ആളുകളാണ് അന്തരീക്ഷമലിനീകരണത്തെത്തുടര്‍ന്ന് മരിച്ചത്. പകര്‍ച്ചവ്യാധികള്‍ വളരെപ്പെട്ടെന്നാണ് മനുഷ്യനെ കൊല്ലുന്നതെങ്കില്‍ വായുമാലിന്യങ്ങള്‍ ഇഞ്ചിഞ്ചായാണെന്നു മാത്രം. 
പ്രതിവിധികള്‍ നിരവധി
മരങ്ങളും ചെടികളും ധാരാളമായി നട്ടുപിടിപ്പിക്കുക, പൊതുവാഹനഗതാഗതം ശീലമാക്കി സ്വകാര്യവാഹനങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കുക, വ്യവസായശാലകളില്‍ വിഷപ്പുക കുറയ്ക്കാനാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കത്തിക്കുന്ന പ്രവണത കര്‍ശനമായി നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ അന്തരീക്ഷമലിനീകരണം വലിയൊരളവോളം കുറയ്ക്കാന്‍ സാധിക്കും. 
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്ത് ഓക്‌സിജന്‍ പുറന്തള്ളുന്ന അമൂല്യ പ്രകൃതിസമ്പത്താണ് മരങ്ങളും ചെടികളും. വ്യവസായാവശ്യത്തിനും നഗരവത്കരണത്തിനുമായി വനങ്ങളും മരങ്ങളും ധാരാളമായി നശിപ്പിക്കപ്പെടുന്നത് ശുദ്ധമായ അന്തരീക്ഷത്തിനു സൃഷ്ടിച്ച ആഘാതം കുറച്ചൊന്നുമല്ല. വഴിയോരങ്ങളിലും പൊതു-സ്വകാര്യസ്ഥലങ്ങളിലും മരങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ ഇതിനു വലിയൊരളവോളം പ്രായശ്ചിത്തമാകും. സ്വകാര്യവാഹനങ്ങള്‍ക്കുപകരം പൊതുവാഹനങ്ങള്‍ ഉപയോഗിച്ചാല്‍ വാഹനപ്പെരുപ്പത്തിനും അതുവഴിയുണ്ടാകുന്ന മലിനീകരണത്തിനും ഒരു പരിധിവരെ മാറ്റം വരുത്താം.
നടപടികള്‍ വേണം
പൊതുവിടങ്ങളിലും മറ്റും  മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവുകാഴ്ചയാണ്. ഇത്തരം കാര്യങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവണം.
അന്തരീക്ഷമലിനീകരണം കൊണ്ട് ഏറ്റവും കൂടുതല്‍ പൊറുതിമുട്ടുന്ന രാജ്യതലസ്ഥാനത്ത്മലിനീകരണം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയ്‌ക്കെതിരേ 2019 നവംബറില്‍ ഡല്‍ഹി ഹൈക്കോടതി ശക്തമായി പ്രതികരിച്ചിരുന്നു. മലിനീകരണനിയന്ത്രണപദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തല്‍. ഭരണകൂടങ്ങള്‍ക്കൊപ്പം പൗരന്മാരും ഉള്‍പ്പെടെ ഇക്കാര്യത്തില്‍ സജീവപങ്കാളിത്തം വഹിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 
സന്നദ്ധസംഘടനകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും സഹകരണവും ഏറെ ഗുണം ചെയ്യും. ചില പ്രദേശങ്ങളില്‍ പരിസ്ഥിതി കൂട്ടായ്മകള്‍ രൂപപ്പെട്ടുവരുന്നുണ്ട്. ഇവ വ്യാപകമാക്കാനുള്ള നടപടികളും സ്വീകരിക്കാവുന്നതാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)