•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അരുതുകളുടെ അതിരുകടക്കുന്ന ന്യൂജെന്‍ചിന്തകള്‍

സിനിമാലോകത്തും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഒരു സിനിമയാണ് 'സാറാസ്'. ജൂഡ് ആന്റണി സംവിധാനം ചെയ്ത പ്രസ്തുത സിനിമയിലെ സാറാ എന്ന കഥാപാത്രം വശ്യമായ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും സംഭാഷണങ്ങളുടെ തീവ്രതകൊണ്ടുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെടുന്നു. സ്‌കൂള്‍ പ്രായത്തില്‍ത്തന്നെ സമപ്രായക്കാരായ ആണ്‍കുട്ടികളോട് അടുപ്പവും സൗഹൃദവും സൂക്ഷിക്കുന്ന അവള്‍ ''സിംഗിള്‍'' ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, ഒരു സിനിമാസംവിധായിയാകുക എന്ന തന്റെ കരിയര്‍ തേടിയുള്ള സ്വപ്നയാത്രയില്‍ ജീവന്‍ എന്ന യുവാവുമായി അവള്‍ പരിചയത്തിലാകുന്നു. അവര്‍ വിവാഹിതരാകുന്നു. അമ്മയാകാന്‍ ആഗ്രഹിക്കാത്ത അവള്‍ താന്‍ ഗര്‍ഭിണിയാണെന്ന് യാദൃച്ഛികമായി തിരിച്ചറിയുമ്പോള്‍ ഏറെ അസ്വസ്ഥയാകുന്നു. വിദഗ്ധരുടെ ഉപദേശങ്ങളുടെ വെളിച്ചത്തില്‍ അബോര്‍ഷന്‍ നടത്തുന്നു. ഇതാണ് സിനിമയുടെ പ്രധാന പ്രമേയം.
കരിയറിനു പ്രഥമസ്ഥാനം നല്കുന്ന ഈ പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന പുതിയ ചിന്ത പുലര്‍ത്തുന്ന ഒരാളാണ്. യുവതലമുറയില്‍ മാറിവരുന്ന വഴിവിട്ട സ്വതന്ത്രചിന്താരീതികള്‍ ഈ ചലച്ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. സാമ്പ്രദായികചിന്താരീതികളില്‍നിന്നു വിട്ട് മാറ്റങ്ങള്‍ക്കായി കൊതിക്കുന്ന യുവതയില്‍ കുറെപ്പേരെങ്കിലും  ഈ സിനിമയിലെ നൂതന കാഴ്ചപ്പാടുകളെ സ്വാഗതം ചെയ്യുന്നുമുണ്ട്. സാറാസ് എന്ന സിനിമ പുലര്‍ത്തുന്ന ചില നിലപാടുകളോടുള്ള പ്രതിഷേധമാണ് ഈ ലേഖനം. 
അമ്മയാകുന്നതിന്റെ സന്തോഷം
കുട്ടികളുണ്ടാകുന്നത് ഭാരമാണെന്ന നവചിന്താധാരയെ ഈ സിനിമ അവതരിപ്പിക്കുന്നു. ശരീരം തങ്ങളുടെ മാത്രം അവകാശമാണെന്നും പ്രസവിക്കുവാന്‍ തങ്ങള്‍ക്കു മനസ്സില്ലെന്നും പ്രസവം തങ്ങളുടെ സ്വാതന്ത്ര്യമാണെന്നും വാദിക്കുന്നവര്‍ തിരിച്ചറിയേണ്ടത് നമ്മുടെ അമ്മമാര്‍ ഈ വിശുദ്ധനിയോഗം ഉദാരതയോടെ ത്യാഗപൂര്‍വമായി ഏറ്റെടുത്തതുകൊണ്ടല്ലേ നാം ഇന്ന് ഈ ഭൂമിയില്‍ ആയിരിക്കുന്നത് എന്ന വസ്തുതയാണ്. സ്രഷ്ടാവായ ദൈവം മനുഷ്യനെ തന്റെ ഛായയിലും സ്വാദൃശ്യത്തിലും സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ച് അവര്‍ക്കു നല്കിയ ഉദാത്തമായ നിയോഗമാണ് മാതൃത്വവും പിതൃത്വവും. തലമുറകളും മനുഷ്യവംശവും അനുസ്യൂതം തുടരുന്നത് നമ്മുടെ മാതാപിതാക്കള്‍ ഈ ദൗത്യം ഉത്തരവാദിത്വപൂര്‍വം സന്മനസ്സോടെ നിര്‍വഹിക്കുന്നതുകൊണ്ടാണ്. ഒരു വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയ്ക്കും സാമൂഹിക ഉള്‍ച്ചേരലിനും മാതാവും പിതാവും അത്യന്താപേക്ഷിതമാണ്. 'കുഞ്ഞുങ്ങള്‍ വേണ്ട, പ്രണയം മാത്രം മതി' എന്നു പറയുന്ന ചിന്ത സമകാലികലോകത്തില്‍ വളര്‍ന്നുവരുന്ന സ്വാര്‍ത്ഥതയുടെയും താന്‍പോരിമയുടെയും പ്രതിഫലനമല്ലേ?
കുഞ്ഞുങ്ങള്‍ അനുഗൃഹീതഫലങ്ങള്‍
'സാറാസ്' സിനിമയിലെ ശക്തമായ മറ്റൊരു പ്രമേയമാണ് കുഞ്ഞുങ്ങള്‍ കരിയറിനു തടസ്സമാകുമെന്ന ചിന്ത. ലോകമെമ്പാടുമുള്ള അമ്മമാരില്‍ ഏറിയ പങ്കും വീടിനു പുറത്ത് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിസ്തുലമായ ശുശ്രൂഷകള്‍ ചെയ്യുന്നവരാണ്. അധ്യാപകര്‍, ആതുരശുശ്രൂഷകര്‍, ബാങ്ക് ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കോടതി ജഡ്ജിമാര്‍, നിയമവിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍, കമ്പനി മാനേജര്‍മാര്‍, ഭരണചക്രം തിരിക്കുന്നവര്‍, നയതന്ത്രജ്ഞര്‍, കായികതാരങ്ങള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, സാംസ്‌കാരികനായകര്‍, സാഹിത്യകാരികള്‍, സിനിമാസംവിധായകര്‍, ബഹിരാകാശയാത്രികര്‍ തുടങ്ങി രാഷ്ട്രത്തലവന്മാര്‍വരെ അമ്മമാരായ പ്രമുഖരില്‍പ്പെടും. അവരാരും കുഞ്ഞുങ്ങള്‍ തങ്ങളുടെ കരിയറിനു തടസ്സമാകുന്നുവെന്ന് പരാതി പറഞ്ഞു കേട്ടിട്ടില്ല. നേരേ മറിച്ച് കരിയറും മാതൃത്വവും പരമാവധി സമന്വയിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് അവരെല്ലാവരും.
ഓരോ കുഞ്ഞും ദൈവത്തിന്റെ സജീവമായ സാക്ഷ്യമാണെന്ന് വി. ജോണ്‍പോള്‍ മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നുണ്ട്. മഹാകവി രവീന്ദ്രനാഥ ടാഗോറും ഈ ചിന്തതന്നെ ഗീതാഞ്ജലിയില്‍ പങ്കുവയ്ക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ ഓടിക്കളിച്ചുല്ലസിക്കുന്ന കുടുംബങ്ങളിലെ സന്തോഷവും സംതൃപ്തിയും അവര്‍ണനീയമാണ്. കുഞ്ഞുങ്ങളുടെ പുഞ്ചിരിയില്‍ എത്ര കഠിനഹൃദയമുള്ള മനുഷ്യനും തരളിതനാകുന്നു. ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ പേറുന്ന നാമെല്ലാം കുറച്ചുസമയത്തേക്കെങ്കിലും അവയെല്ലാം മറന്നുപോകുന്നു. ഉദരഫലങ്ങള്‍ ദമ്പതികളുടെ അവകാശമോ കേവലം സ്വകാര്യവസ്തുവോ അല്ല; മറിച്ച്, അമൂല്യമായ ദൈവദാനമാണെ ചിന്ത വേദപുസ്തകവും കത്തോലിക്കാധാര്‍മികപ്രബോധനങ്ങളും പുലര്‍ത്തുന്ന സ്ഥായിയായ ചിന്തയാണ്. വിവാഹം ഫലദായകമാകുന്നത് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴാണ്. മാതൃത്വവും പിതൃത്വവും എല്ലാ കാലങ്ങളിലും എല്ലാ ദേശങ്ങളിലും ആഘോഷിക്കപ്പെടേണ്ട ഒരു യാഥാര്‍ത്ഥ്യമാണ്. മാതാപിതാക്കളുടെ ത്യാഗവും ശുശ്രൂഷകളും എന്നും നന്ദിയോടെ ഓര്‍ക്കേണ്ടവതന്നെ. ഒരു കൂട്ടര്‍ കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്ക്കുമ്പോഴും, കുഞ്ഞുങ്ങളെ നശിപ്പിക്കുമ്പോഴും, ഒരു കുഞ്ഞിക്കാലു കാണാന്‍ കൊതിക്കുന്ന ധാരാളം ദമ്പതികള്‍ നമ്മുടെ ഇടയിലുണ്ട് എന്നു നാം വിസ്മരിക്കരുത്. കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരുടെ വ്യക്തിത്വവളര്‍ച്ചയും കുടുംബബന്ധങ്ങളും കൂടുതല്‍ ഊഷ്മളമാകുന്നു. ഇതു പറയുമ്പോഴും കുടുംബാസുത്രണം വേണ്ടെന്നല്ല വിവക്ഷിക്കുന്നത്. ഉത്തരവാദിത്വപൂര്‍ണമായ മാതൃത്വവും പിതൃത്വവുമാണ് ഉണ്ടാകേണ്ടത്.
മനുഷ്യജീവന്‍ എന്ന അമൂല്യദാനം
ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശവുമാണ് ഗര്‍ഭച്ഛിദ്രം എന്ന ചിന്തയും ഈ ചലച്ചിത്രത്തിലുണ്ട്. ഈ ചിന്താരീതി പുലര്‍ത്തുന്നവര്‍ പറയുന്ന ന്യായം മനുഷ്യജീവന്‍ അതിന്റെ ഭ്രൂണാവസ്ഥയില്‍ ഒരു വ്യക്തിയല്ല എന്ന വാദഗതിയാണ്. അതുകൊണ്ട് ഗര്‍ഭച്ഛിദ്രം കൊലപാതകമാകുന്നില്ല എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ഗര്‍ഭധാരണനിമിഷംമുതല്‍ മനുഷ്യഭ്രൂണം ഒരു വ്യക്തിയാണെന്ന് ആധുനിക എംബ്രിയോളജിയും പൊതുധാര്‍മികതയും ഒരുപോലെ സമ്മതിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഈ ഉദാത്തചിന്തയെ തള്ളിപ്പറയുന്ന ഏതൊരു പരിഷ്‌കൃതസമൂഹവും അതിന്റെ വിലകൊടുക്കേണ്ടിവരുമെന്നുള്ളത് ഉറപ്പാണ്. മനുഷ്യജീവന്‍ അനുസ്യൂതമായ ഒരു തുടര്‍ച്ചയാണ്. ഉദ്ഭവത്തിന്റെ ആദ്യനിമിഷംമുതല്‍ സ്വാഭാവികമായ അന്ത്യംവരെ അതീവശ്രദ്ധയോടെ പരിചരിക്കപ്പെടേണ്ടതാണ് മനുഷ്യജീവന്‍. മാതൃഗര്‍ഭംമുതലേ ജീവന്‍ ഒരു വ്യക്തിയാണെന്ന ചിന്ത തികച്ചും വേദപുസ്തകാധിഷ്ഠിതവും കത്തോലിക്കാസഭയുടെ ശക്തമായ പഠനവുമാണ്.
ക്രൈസ്തവേതര വേദഗ്രന്ഥങ്ങളിലും ഈ ചിന്ത ശക്തമാണ്. ഭാരതീയപൈതൃകത്തിലെ അമൂല്യനിക്ഷേപങ്ങളായ വേദങ്ങളും ഉപനിഷത്തുക്കളും ഗര്‍ഭച്ഛിദ്രത്തെ കടുത്ത അപരാധമായിട്ടാണ് അവതരിപ്പിക്കുന്നത്.
വിവാഹവും കുടുംബവും 
സ്‌നേഹത്തിന്റെ ആഘോഷം
വിവാഹവും കുടുംബവും ഒരു ബാധ്യതയായി കരുതുന്ന ചിന്തയും ഈ സിനിമയിലുണ്ട്. വാസ്തവത്തില്‍ ഇവ രണ്ടും ഏതൊരു സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും  സ്ഥായിയായ അടിത്തറയാണ്. ഓരോ മനുഷ്യവ്യക്തിയും ജനിക്കുന്നതും വളരുന്നതും പുഷ്പിക്കുന്നതും ഒടുവില്‍ കൊഴിഞ്ഞുവീഴുന്നതും കുടുംബത്തിലാണ്. കേവലം ഒരു മാനുഷികസ്ഥാപനം മാത്രമല്ല ഇത്, പ്രത്യുത, ഒരു ദൈവികപദ്ധതിയും രക്ഷാകരയാഥാര്‍ത്ഥ്യവുമാണ്. കുടുംബത്തെ 'ഗാര്‍ഹികസഭ' എന്നാണല്ലോ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശേഷിപ്പിക്കുന്നത്. കുടുംബത്തിന്റെ സന്തോഷം സഭയുടെ സന്തോഷം തന്നെയെന്നാണ് ഫ്രാന്‍സീസ് പാപ്പായും പഠിപ്പിക്കുന്നത് (സ്‌നേഹത്തിന്റെ സന്തോഷം 1). കുടുംബം സ്‌നേഹത്തിന്റെ നിരന്തരമായ ആഘോഷവും ക്രമാനുഗതമായ വളര്‍ച്ചയും അസ്തമിക്കാത്ത സ്‌നേഹത്തിന്റെ കൂടാരവുമാണെന്നും പാപ്പാ ഓര്‍മിപ്പിക്കുന്നുണ്ട്. വിവാഹം ഒരു ഭാരമോ പ്രശ്‌നമോ നുകമോ ആയി കാണാതെ ദൈവത്തിന്റെ ആശീര്‍വാദവും അനുഗ്രഹവുമായി കാണുവാനാണ് മാര്‍പാപ്പ ഉദ്‌ബോധിപ്പിക്കുന്നത്. 'സ്വതന്ത്രവും വിശ്വസ്തവും അന്യപ്രവേശമില്ലാത്തതുമായ സ്‌നേഹത്തില്‍, പരസ്പരം നല്കുന്ന, മരണംവരെ ഓരോ ആളും മറ്റെയാളുടേതായിരിക്കുകയും ജീവന്റെ കൈമാറ്റത്തോടു തുറന്നിരിക്കുകയും ചെയ്യുന്ന, ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും ഐക്യത്തിലാണ്, മിശിഹായും അവിടുത്തെ സഭയും തമ്മിലുള്ള ഐക്യത്തിന്റെ ഒരു പ്രതിഫലനം എന്ന നിലയ്ക്ക് ക്രൈസ്തവവിവാഹം പൂര്‍ണമായി സാക്ഷാത്കൃതമാകുന്നത്.
മനുഷ്യലൈംഗികതയുടെ മനോഹാരിത
ലൈംഗികതയെ കേവലം ഉപഭോഗവസ്തുവായി കാണുന്ന ഒരു പ്രവണതയും പരോക്ഷമായി ഈ സിനിമയില്‍ നാം കാണുന്നു. സമകാലികസംസ്‌കാരത്തിലും ഈ പ്രവണതയുടെ നിരവധി അനുരണനങ്ങള്‍ നാം ദര്‍ശിക്കുന്നുണ്ട്. സ്ത്രീധന-ഗാര്‍ഹികപീഡനങ്ങളും കുടുംബകലഹങ്ങളും ദാമ്പത്യ അവിശ്വസ്തതകളും ലൈംഗികദുരുപയോഗങ്ങളും ഇവയുമായി ബന്ധപ്പെട്ട ജീവഹത്യകളും ഇന്ന് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നു. പ്രണയാഭ്യര്‍ത്ഥനകള്‍ നിരസിക്കുന്ന പെണ്‍കുട്ടിയെ നിഷ്‌കരുണം കൊന്നുകളയുന്ന നീചമായ കൊലപാതകങ്ങളും കൂടിവരുന്നു. വിവാഹിതരാകാന്‍ പെണ്‍കുട്ടികള്‍ മടിക്കുന്നു. പരിഭ്രമവും ഉത്കണ്ഠയും അവരില്‍ വര്‍ദ്ധിക്കുന്നു. പോര്‍ണോഗ്രാഫിയുടെ വ്യാപനവും ലൈംഗികകുറ്റകൃത്യങ്ങള്‍ പെരുകുവാന്‍ ഇടയാക്കുന്നുണ്ട്.
സ്ത്രീപുരുഷലൈംഗികതയുടെ പൂരകത്വവും സ്ത്രീ-പുരുഷ ശരീരങ്ങളുടെ പ്രത്യേകതകളും നന്മകളും ആണ്‍-പെണ്‍ സൗഹൃദങ്ങളും പ്രണയങ്ങളും റൊമാന്‍സും ഈറോസുമെല്ലാം ഭാവാത്മകമായ ദൈവദാനങ്ങളും അനുഗ്രഹങ്ങളും മനുഷ്യനിലെ സ്വാഭാവികമായ അഭിവാഞ്ഛകളുമാണെന്നു നാം തിരിച്ചറിയണം. പക്ഷേ, അവിടെയെല്ലാം മിതത്വത്തിന്റെയും ശുദ്ധതയുടെയും വൈവാഹികചാരിത്രശുദ്ധിയുടെയും ബ്രഹ്മചര്യവിശുദ്ധിയുടെയും ലക്ഷ്മണരേഖകളുണ്ടെന്ന കാര്യം നാം വിസ്മരിക്കരുത്.
നമുക്കു വേണ്ടത്
ദൈവവിചാരവും മൂല്യബോധവും കുറയുന്ന ഈ കാലഘട്ടത്തിലും പക്വതയും തുറവുമുള്ള ജീവിതവീക്ഷണങ്ങളും ലോകദര്‍ശനവും മനുഷ്യദര്‍ശനവും ഉണ്ടാകണം. മതവിശ്വാസവും ധാര്‍മികതയും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയോ മനുഷ്യനെ വരിഞ്ഞുമുറുക്കുകയോ അല്ല; മറിച്ച്, മനുഷ്യജീവിതത്തെ കൂടുതല്‍ ദീപ്തമാക്കുകയാണു ചെയ്യുന്നത്. വിശുദ്ധ സുവിശേഷത്തിലെ നിധിയും രത്‌നവും കണ്ടെത്തിയ മനുഷ്യനെപ്പോലെ ലൈംഗികതയും വിവാഹവും കുടുംബവും എന്നും തിളക്കമുള്ള നിധികളായിരിക്കട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)