പാലാ കളപ്പുരയ്ക്കല്‍ തെക്കേക്കണ്ടം തറവാട്ടിലെ പ്രമുഖ വൈദികനും സുറിയാനി മഹാപണ്ഡിതനുമായിരുന്ന ബഹുമാനപ്പെട്ട അന്ത്രയോസ് മല്പാനച്ചനെക്കുറിച്ച്
കളപ്പുരയ്ക്കല്‍ തെക്കേക്കണ്ടം തറവാട്ടിലെ പ്രഗല്ഭനായ ഒരു വൈദികനായിരുന്നു ബഹു. അന്ത്രയോസച്ചന്‍. അദ്ദേഹം മല്പാന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മല്പാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പ്രബോധകന്‍ എന്നാണ്. മല്പാന്‍ എന്ന് ഒരാളെ നമ്മള്‍ വിളിക്കണമെങ്കില്‍ അദ്ദേഹം സുറിയാനി അറിയുന്നവനും സുറിയാനിഭാഷയില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയുന്നവനും വേദപുസ്തകം വ്യാഖ്യാനിക്കാന്‍ അറിവുള്ളവനുമായിരിക്കണം. ഈ മൂന്നു കാര്യങ്ങളും ഒന്നിച്ചു വരുമ്പോഴാണ് ഒരു വൈദികനെമല്പാനച്ചന്‍ എന്നു നമ്മള്‍ വിളിക്കുന്നത്. കുര്‍ബാന സുറിയാനിയില്‍ അര്‍പ്പിക്കുക സര്‍വപ്രധാനകാര്യമായിരുന്നു. വേദപുസ്തകത്തിന് അന്നൊന്നും മലയാളത്തില്‍ വിവര്‍ത്തനങ്ങള്‍ അധികമില്ല. സുറിയാനിയില്‍ ഉള്ളതു വായിച്ച് ജനങ്ങള്‍ക്കു വിശദീകരിക്കുകയായിരുന്നു പതിവ്.
അന്ത്രയോസ് മല്പാനച്ചന്‍ 1864 മാര്‍ച്ച് 19 ന് പാലായില്‍ വലിയപള്ളി കത്തീഡ്രല്‍ ഇടവകയില്‍ ജനിച്ചു. മാന്നാനം, പുത്തന്‍പള്ളി (വരാപ്പുഴ) സെമിനാരികളില്‍ പഠിച്ചു. 1895 മാര്‍ച്ച് 31 ന് തിരുപ്പട്ടം സ്വീകരിച്ചു. വൈദികപട്ടത്തിനു തൊട്ടുമുമ്പ് പുത്തന്‍പള്ളി സെമിനാരിയില്‍ സുറിയാനി മല്പാനായി. ആലുവ മംഗലപ്പുഴ സെമിനാരിയിലും സേവനം ചെയ്തു. 1938 ല്‍ സെമിനാരിയില്‍നിന്നു പിന്‍വാങ്ങി. 1944 നവംബര്‍ 24 ന് നിര്യാതനായി. അച്ചനെ കബറടക്കിയത് പാലാ വലിയ പള്ളിയിലായിരുന്നു. പിന്നീട് പള്ളി പൊളിച്ച് പുതിയ കത്തീഡ്രല്‍ പള്ളി പണിയാന്‍ ആലോചിച്ചപ്പോള്‍ അച്ചന്റെ ഭൗതികാവശിഷ്ടം മേലുകാവ് ഇടവകയിലേക്കു കൊണ്ടുവരികയും അവിടത്തെ തിരുഹൃദയമഠം ചാപ്പലില്‍ പ്രതിഷ്ഠിക്കുകയുമാണു ചെയ്തത്. 1977 ഫെബ്രുവരി ആറിനാണ് ഭൗതികാവശിഷ്ടം മേലുകാവ് തിരുഹൃദയമഠം ചാപ്പലിലേക്കു മാറ്റി സ്ഥാപിച്ചത്.
മേലുകാവിലെ കോണ്‍വെന്റിനും പള്ളിക്കും സ്ഥലവും തിരുഹൃദയമഠത്തിന് അനുബന്ധപ്രസ്ഥാനങ്ങളും നല്‍കിയത് അന്ത്രയോസച്ചനാണ്. അദ്ദേഹം മുണ്ടാങ്കല്‍ പള്ളിയില്‍ കുറെ വര്‍ഷങ്ങള്‍ താമസിച്ചിരുന്നു. മുണ്ടാങ്കല്‍ കര്‍മലീത്താ മഠത്തിനും സ്‌കൂളിനുമെല്ലാം സ്ഥലം നല്‍കിയത് അദ്ദേഹമാണ്. അദ്ദേഹത്തിനുണ്ടായിരുന്ന നിലവും സമ്പത്തും മുഴുവന്‍ ഇതുപോലെ പാലാ രൂപതയ്ക്കുള്ളില്‍, പ്രത്യേകിച്ച്, മുണ്ടാങ്കലിനും മേലുകാവിനുമായി സംഭാവന നല്കി.
മല്പാനച്ചന്‍ വലിയ ഒരു പണ്ഡിതനായിരുന്നു. അച്ചന്റെ ഏറ്റവും വലിയ സംഭാവന സുറിയാനിഭാഷയിലുള്ള പാണ്ഡിത്യമാണ്. പാട്ടുകളും ഗദ്യങ്ങളും പ്രസംഗങ്ങളുംപോലും അച്ചന്‍ സുറിയാനിഭാഷയില്‍ ആവശ്യാനുസരണം തയ്യാറാക്കിയിട്ടുണ്ട്. വലിയ തിരുനാളുകള്‍ വരുന്ന അവസരത്തില്‍ അച്ചന്‍ സുറിയാനിയില്‍ത്തന്നെ വൈദികവിദ്യാര്‍ത്ഥികളോടു സംസാരിച്ചിരുന്നു. സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ അദ്ദേഹം മല്പാനായി അറിയപ്പെട്ടിരുന്നു. ഒരേസമയം, മറ്റു വിഷയങ്ങള്‍ക്കു കുട്ടികളുടെകൂടെ ഇരിക്കുകയും സുറിയാനിക്ലാസ്സ് വരുമ്പോള്‍ അധ്യാപകനായി മുമ്പോട്ടുവരികയും ചെയ്തിരുന്നു. അദ്ദേഹം ഒരു വൈദികവിദ്യാര്‍ത്ഥിയും ഒപ്പം അധ്യാപകനുമായിരുന്നു. എന്നുപറഞ്ഞാല്‍, ഭാഷ അതുപോലെ അറിയാവുന്ന അധ്യാപകരായ അച്ചന്‍മാര്‍ അന്ന് ആലുവ മംഗലപ്പുഴ സെമിനാരിയില്‍ അധികമില്ലായിരുന്നുവെന്നു സാരം.
അന്ത്രയോസ് മല്പാന്‍ സുറിയാനിഭാഷയില്‍ വ്യാകരണപുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, വിവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. സുറിയാനിനിഘണ്ടു അച്ചനാണ് ആദ്യമായി എഴുതിത്തയ്യാറാക്കിയത്. ഒരു ഭാഷയില്‍ വ്യാകരണവും നിഘണ്ടുവും രൂപീകരിക്കണമെങ്കില്‍ എന്തുമാത്രം അറിവ് ആ ഭാഷയില്‍ ആവശ്യമാണെന്നു നാം മനസ്സിലാക്കണം. നമ്മുടെ മാതൃഭാഷയില്‍പ്പോലും നമുക്ക് വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുവുമൊന്നും നിര്‍മിക്കാന്‍ കഴിയാത്ത അവസ്ഥയില്‍, അന്ത്രയോസച്ചന്‍ സുറിയാനിയില്‍ ഇതെല്ലാം ചെയ്തുവെന്നത് സുറിയാനിസഭയ്ക്ക്, സീറോ മലബാര്‍സഭയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ധീരപുത്രനായി അദ്ദേഹത്തെ മാറ്റി. അന്ത്രയോസച്ചന്‍ സെമിനാരിയില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന കാലഘട്ടം പൊതുവെ സുറിയാനിഭാഷയില്‍ താത്പര്യം കുറഞ്ഞുവന്ന നാളുകളായിരുന്നു. പഠിപ്പിക്കുന്ന അച്ചന്മാര്‍ക്ക് ഭാഷ ആഴത്തില്‍ അറിയില്ല, കുട്ടികള്‍ക്കും അതിനോട് അധികം താത്പര്യമില്ല. അക്കാലത്ത് അദ്ദേഹം ദീര്‍ഘമായ വര്‍ഷങ്ങള്‍ ആലുവ സെമിനാരിയില്‍ താമസിച്ചു പഠിപ്പിക്കുകയും ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തത് നിസ്സാരകാര്യമല്ല.
അന്ത്രയോസ് മല്പാനാണ് ആദ്യമായി പാലായില്‍ ഒരു പ്രസ്സ് തുടങ്ങുന്നത്. അദ്ദേഹം റോമില്‍ ചെന്ന് സുറിയാനി അറിയാവുന്ന പണ്ഡിതന്മാരുമായി ആലോചിച്ചു സുറിയാനി അക്ഷരങ്ങളുടെ അച്ച് കൊണ്ടുവന്ന് പാലായില്‍ പ്രസ്സിട്ട്, ആദ്യം അതില്‍ സുറിയാനിപ്പുസ്തകങ്ങള്‍ അടിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. മാര്‍ത്തോമ്മാശ്ലീഹാ പ്രസ്സ് എന്നായിരുന്നു പേര്. ബര്‍നാര്‍ദ് തോമ്മാക്കത്തനാരുടെ 'മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍' ആദ്യപതിപ്പ് പാലാ പ്രസ്സിലാണ് അച്ചടിച്ചത്. പിന്നീട് ആ പ്രസ്സ് ആലുവ പുത്തന്‍പള്ളി സെമിനാരിയിലേക്കും അതിനുശേഷം മംഗലപ്പുഴ സെമിനാരിയിലേക്കും മാറ്റി സ്ഥാപിച്ചു. പാലായില്‍നിന്ന് ആലുവ കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനത്തിനുപോയപ്പോള്‍ അച്ചന്‍ ആ പ്രസ്സ് മംഗലപ്പുഴ സെമിനാരിയിലേക്കു കൊണ്ടുപോയി അവിടെ സ്ഥാപിച്ചു. അവിടെവച്ചാണ് അച്ചന്‍ തന്റെ പുസ്തകങ്ങളെല്ലാം തയ്യാറാക്കിയതും അച്ചടിച്ചതും. അത് സുറിയാനിസഭയ്ക്ക് വലിയ ഒരു സംഭാവനയായിരുന്നു.
അന്ത്രയോസച്ചന്‍ ഒരു അദ്ഭുതമനുഷ്യനാണ്. തെക്കേക്കണ്ടം കളപ്പുരത്തറവാടിന് ലോകാവസാനംവരെ അഭിമാനംകൊള്ളാന്‍ തക്കവണ്ണം ആത്മീയതയും സുറിയാനിഭാഷാജ്ഞാനവും ആരാധനക്രമചിന്തകളും കൂട്ടത്തില്‍ കൊണ്ടുനടന്ന, ഹൃദയത്തില്‍ സൂക്ഷിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. പരിശുദ്ധ മാര്‍പാപ്പ എഴുതിയിട്ടുള്ള ചാക്രികലേഖനങ്ങള്‍ അദ്ദേഹം ഒറ്റവായനയില്‍ സുറിയാനിയിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 'സുറിയാനി മൂലപാഠം' എന്ന തന്റെ കൃതിയില്‍ പതിമൂന്നാം ലെയോ മാര്‍പാപ്പയുടെ ഛൃശലിമേഹശൗാ ഉശഴിശമേ െന്റെ സുറിയാനി പരിഭാഷ ചേര്‍ത്തിട്ടുണ്ട്. ഒരു ചാക്രികലേഖനം വളരെ എളുപ്പത്തില്‍ സുറിയാനിയിലേക്കു വിവര്‍ത്തനം ചെയ്യണമെങ്കില്‍ എന്തുമാത്രം അവഗാഹം ആ ഭാഷയില്‍ ഉണ്ടെന്നും ഓരോ വാക്കിന്റെയും അര്‍ത്ഥാന്തരങ്ങള്‍ തിരിച്ചറിയാനായി അദ്ദേഹത്തിന് എത്രമാത്രം സാധിച്ചിരുന്നുവെന്നും നാം മനസ്സിലാക്കേണ്ടതാണ്. ആരുംതന്നെ അദ്ദേഹത്തെ അര്‍ഹിക്കുന്ന രീതിയില്‍ ആദരിച്ചില്ലെന്നു മാത്രമല്ല പലരും അവഗണിക്കുകയാണു ചെയ്തത്. അദ്ദേഹം ചെയ്ത വലിയ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായ വൈദികര്‍പോലും വേണ്ട രീതിയില്‍ മുമ്പോട്ടു കൊണ്ടുപോയിട്ടില്ല.
മല്പാനച്ചന്റെ പുസ്തകങ്ങള്‍ ആലുവ സെമിനാരിയില്‍ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. കുറെയെല്ലാം വടവാതൂര്‍ സെമിനാരിയിലും ഉണ്ട്. അതെടുത്തു പഠിക്കുകയും വായിക്കുകയും അദ്ദേഹം അതിലൂടെ എന്താണു സഭയ്ക്ക് കൈമാറ്റം ചെയ്യാന്‍ പരിശ്രമിച്ചത് എന്നു മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ് ആ വ്യക്തിയുടെ മഹത്ത്വം നാം തിരിച്ചറിയുന്നത്.അദ്ദേഹം സുറിയാനി ഭാഷയിലെ യാമപ്രാര്‍ത്ഥനകള്‍, തിരുനാള്‍കര്‍മങ്ങള്‍ പട്ടം കൊടുക്കല്‍ കര്‍മങ്ങള്‍, വലിയ ആഴ്ചയിലെ കര്‍മങ്ങള്‍ തുടങ്ങിയവയെല്ലാം സുറിയാനിയില്‍നിന്ന് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. അദ്ദേഹം 35 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. (രള. അന്ത്രയോസ് മല്പാന്‍, സെന്റ് തോമസ് പ്രസ്സ്, പാലാ, 1997). 1905 ല്‍ വി. പത്താം പീയൂസ് പാപ്പായെ സന്ദര്‍ശിച്ച് 'മാഗ്നാത്തീസ് റൂഹാനായിസ്' എന്ന തന്റെ പുസ്തകത്തിന്റെ പ്രതികള്‍ സമ്മാനിച്ചു. സുറിയാനി പൊന്തിഫിക്കലിന്റെ കൈയെഴുത്തുപ്രതി 1934 ല്‍ അദ്ദേഹം വാങ്ങിച്ചു. ഭാരതനസ്രാണികളുടെ മനസ്സിന്റെ ആഴങ്ങളിലുള്ള കാര്യമാണ് സുറിയാനി ഭാഷാപ്രേമം (മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍,ക.നി.മൂ.സ. ഫാ.ബര്‍ണാര്‍ദ് തോമ്മാ- പേജ് 173, വാല്യം 1).
1578 ല്‍ 13-ാം ഗ്രിഗോറിയോസ് മാര്‍പാപ്പയ്ക്ക് അയച്ച ഒരു ഹര്‍ജിയില്‍ സുറിയാനിമെത്രാന്മാരെ തരണമെന്നും അവരുടെ ഇടയില്‍ പ്രചരിക്കുന്ന ഭാഷ കല്‍ദായ ആണെന്നും രേഖപ്പെടുത്തിയിരിക്കുന്നു: ''എല്ലാ ജനങ്ങളുടെയും മഹാപിതാവേ, ഇന്ത്യാനിവാസികളും അയോഗ്യരും പാപികളുമായ ഞങ്ങള്‍ കര്‍ത്താവിന്റെ ശിഷ്യനും ഞങ്ങളുടെ നാഥനുമായ വി. തോമ്മായുടെ കാലംമുതല്‍ ക്രിസ്ത്യാനികളും മാമ്മോദീസായുടെ സന്തതികളും, കൂദാശകളെയും നമ്മുടെ കര്‍ത്താവും ദൈവവുമായ ആളിന്റെ തിരുശരീരത്തെയും പങ്കുകൊള്ളുന്നവരുമാണെന്നും, ഞങ്ങളുടെ ജപങ്ങള്‍ ഞങ്ങളുടെ നാഥനായ വി. തോമ്മാശ്ലീഹായാല്‍ ഞങ്ങള്‍ക്കു തരപ്പെട്ട സുറിയാനി അല്ലെങ്കില്‍ കല്‍ദായഭാഷയില്‍ രചിക്കപ്പെട്ടവയാണെന്നും, ഞങ്ങളും ഞങ്ങളുടെ പൂര്‍വികന്മാരും ഈ ഭാഷയില്‍ അഭ്യസിക്കപ്പെട്ടവരാകുന്നുവെന്നും, ഞങ്ങളുടെ മെത്രാന്മാരും മെത്രാപ്പോലീത്താമാരും കിഴക്കന്‍ദിക്കിലെ അസീറിയക്കാരില്‍നിന്നാണ് ഇവിടേക്ക് എപ്പോഴും അയയ്ക്കപ്പെട്ടുവരുന്നതെന്നും, ഗുരുപ്പട്ടവും ആറാം പട്ടവും ഞങ്ങള്‍ക്ക് അവരാല്‍ നല്കപ്പെടുന്നുവെന്നുമുള്ള വസ്തുത ദൈവമായ കര്‍ത്താവില്‍ അറിയിക്കുന്നു.''
പ്രഗല്ഭരായ അറുന്നൂറിലധികം വൈദികര്‍ മല്പാനച്ചന്റെ ശിഷ്യന്‍മാരായുണ്ട്. ആലുവ സെമിനാരിയില്‍ പഠിച്ച ഇവരില്‍ ഏറ്റവും പ്രഗല്ഭരായ ഏതാനും ആളുകളാണ് അച്ചനുശേഷം സുറിയാനി പഠിപ്പിച്ച വടക്കേല്‍ ബഹുമാനപ്പെട്ട മത്തായിയച്ചന്‍, മോണ്‍. ജോര്‍ജ് പുത്തന്‍പുര മല്പാനച്ചന്‍, വിദ്വാന്‍ ജോണ്‍ കുന്നപ്പള്ളി അച്ചന്‍, പിന്നെ പ്രഗല്ഭനായ അരുവിത്തുറക്കാരന്‍ ഫാദര്‍ തോമസ് അരയത്തിനാല്‍ തുടങ്ങിയുള്ളവര്‍. ഇവരാണ് ഈ അന്ത്രയോസച്ചന്റെ പൈതൃകം പിന്നീടുള്ള പതിറ്റാണ്ടുകളില്‍ പകര്‍ന്നുനല്കിയത്.