•  9 Feb 2023
  •  ദീപം 55
  •  നാളം 48

തിമിരം പിടിച്ച ക്യാമറക്കണ്ണുകള്‍


.

-

സംസ്ഥാനത്തെ ഗതാഗതനിരീക്ഷണക്യാമറകളുടെ കണ്ണടഞ്ഞുതുടങ്ങിയിട്ടു നാളുകളേറെയായി. ഏതു കേസിലും പ്രതിയെ പിടിക്കാന്‍ ക്യാമറക്കണ്ണുകള്‍ പൊലീസിനു സഹായകമായിരുന്നെങ്കില്‍, ഇന്നു പ്രതിക്കൂട്ടിലാണു ക്യാമറയുടെ സ്ഥാനമെന്നതു വിചിത്രം! കേരളം ക്രിമിനലുകളുടെ ഹബ്ബാണെന്ന ചീത്തപ്പേരു കേള്‍പ്പിക്കുന്നതുവരെ കുറ്റകരമായ അനാസ്ഥ തുടരാനാണു സര്‍ക്കാരിന്റെ ഭാവമെങ്കില്‍, ജനത്തിനു പ്രതികരിക്കേണ്ടിവരും. സമരവും സമരാഭാസങ്ങളുംകൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന കേരളത്തില്‍, ക്യാമറക്കണ്ണുകളില്‍ ഇരുള്‍വീഴ്ത്തിയതിന്റെ പിന്നാമ്പുറങ്ങള്‍ തേടി ജനം തെരുവിലിറങ്ങേണ്ട ഗതികേടുകൂടി ഉത്തരവാദിത്വപ്പെട്ടവര്‍ ഉണ്ടാക്കാതിരിക്കുകയാണു നന്ന്.

സംസ്ഥാനത്തു റോഡില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ പകുതിയോളവും പ്രവര്‍ത്തിക്കുന്നില്ല എന്നതാണു കണ്ടെത്തല്‍. പ്രവര്‍ത്തിക്കുന്നവയില്‍ത്തന്നെ കാലപ്പഴക്കംമൂലം ദൃശ്യങ്ങള്‍ വ്യക്തമല്ല. പൊലീസോ സര്‍ക്കാര്‍ ഏജന്‍സികളോ സ്ഥാപിച്ച ക്യാമറകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ഡിജിപി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് പരിതാപകരവും കുറ്റകരവുമായ ഓഡിറ്റ്‌റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
പൊലീസ് സ്ഥാപിച്ചിട്ടുള്ളത് 2006 സിസിടിവി ക്യാമറകളാണ്. ഇതില്‍ 550 എണ്ണം പ്രവര്‍ത്തിക്കാതായിട്ടു മാസങ്ങളായി. ബാക്കി 1456 ക്യാമറകളില്‍ പകുതിയോളവും പഴയ സാങ്കേതികവിദ്യയിലുള്ളതും പഴക്കംചെന്നതുമാണ്. കാലപ്പഴക്കംമൂലം ചിത്രം വ്യക്തമല്ല. ആളെ തിരിച്ചറിയാനും കഴിയുന്നില്ല. ചിത്രങ്ങളുടെ അവ്യക്തത സംശയത്തിന്റെ നിഴലില്‍ നിരപരാധികളെ പ്രതിക്കൂട്ടിലാക്കുകയും കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയ്ക്കും കാരണമാകുന്നുണ്ട്. ഇതെല്ലാം കേസന്വേഷണത്തെ വഴിമുട്ടിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണെന്ന് പോലീസുദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് സ്മാര്‍ട്‌സിറ്റി പദ്ധതിപ്രകാരം സ്ഥാപിച്ചതിന്റെയും മോട്ടോര്‍വാഹനവകുപ്പ് സ്ഥാപിച്ചതിന്റെയും ചരിത്രവും മറിച്ചല്ലെന്നാണ് ഓഡിറ്റ്‌റിപ്പോര്‍ട്ട്. ഗുണമേന്മയില്ലാത്തവയും പഴയ സാങ്കേതികവിദ്യയിലുള്ളവയും വാങ്ങിയതാണ് പൊലീസിനു തിരിച്ചടിയായത്. കേടായാല്‍ നന്നാക്കുന്നതിനുള്ള പണമോ പദ്ധതികളോ കൂടിയാലോചനകളോ ഒന്നുമില്ലാത്തത് പ്രശ്‌നപരിഹാരത്തിനുള്ള വഴിയടയ്ക്കുകയും ചെയ്യുന്നു.
മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ് കേരളപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച 675 എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ  നിര്‍മിതബുദ്ധി) ക്യാമറകള്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും ഇതുവരെയും പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല. കെല്‍ട്രോണ്‍ നേരിട്ടു സ്ഥാപിച്ച ക്യാമറകളില്‍നിന്നു കഴിഞ്ഞ ഏപ്രില്‍ മുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടില്ലാത്തതിനാല്‍ പിഴയീടാക്കാന്‍ കഴിഞ്ഞിട്ടില്ല. 30 ലക്ഷം രൂപവീതം ചെലവഴിച്ചാണ് ഓരോ ക്യാമറയും സ്ഥാപിച്ചതെന്നോര്‍ക്കണം. എ.ഐ. ക്യാമറകള്‍ക്കു പുറമേ റെഡ് ലൈറ്റ് വയലേഷന്‍, പാര്‍ക്കിങ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകളും ഉള്‍പ്പെടെ 726 ഗതാഗതനിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുന്നതിനായി 235 കോടി രൂപയാണ് സേഫ് കേരളപദ്ധതിവഴി ചെലവഴിച്ചത്. മോട്ടോര്‍വാഹനവകുപ്പും കെല്‍ട്രോണും സംയുക്തമായി പൂര്‍ത്തിയാക്കേണ്ട പരിശോധനകള്‍ വൈകിയത് സാങ്കേതികതടസ്സമായി അവതരിപ്പിക്കാമെങ്കിലും ഇപ്പോള്‍ എല്ലാ കടമ്പകളും കടന്ന് അന്തിമാനുമതിക്കായി ധനവകുപ്പിന്റെ പരിഗണനയിലാണ്.
കേരളത്തില്‍ നിലവിലുള്ള സിസിടിവി ക്യാമറകള്‍ അപര്യാപ്തമാകയാല്‍ തെലുങ്കാന മോഡല്‍ ക്യാമറനിരീക്ഷണം നടപ്പാക്കാന്‍ ഉന്നതപൊലീസ് തലത്തില്‍ ആലോചനയായിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യപദ്ധതിയിലൂടെ ക്യാമറനിരീക്ഷണം ശക്തമാക്കുന്നതിന് പൊതുസുരക്ഷാസൊസൈറ്റികള്‍  രൂപവത്കരിക്കുകയും ക്യാമറകളുടെ പരിപാലനവും ഫണ്ടിങ്ങും സൊസൈറ്റികള്‍ വഹിക്കുകയും വേണം. അതേസമയം, മേല്‍നോട്ടം പൊലീസിനായിരിക്കും. ക്യാമറകളുടെ നിരീക്ഷണത്തിലായതോടെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനായെന്നാണ് തെലുങ്കാന പൊലീസിന്റെ റിപ്പോര്‍ട്ട്. സ്വകാര്യപങ്കാളിത്തത്തോടെ 6 ലക്ഷം ക്യാമറകള്‍ ഇതിനോടകം തെലുങ്കാനയില്‍ സ്ഥാപിച്ചുകഴിഞ്ഞു. 15 ലക്ഷം ക്യാമറകളാണ് അവര്‍ ലക്ഷ്യമിടുന്നത്.
കേരളത്തില്‍ സ്വകാര്യസ്ഥാപനങ്ങള്‍ പൊതുസ്ഥലത്തേക്കു വച്ച ക്യാമറ അരലക്ഷത്തില്‍ താഴെ മാത്രമാണ്. റോഡും പൊതുസ്ഥലവുംകൂടി കാണുന്ന രീതിയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആശയം കേരളത്തിലും നടപ്പാക്കുന്നതിന് ഉന്നതപൊലീസുദ്യോഗസ്ഥരുടെ യോഗം ആഭ്യന്തരവകുപ്പിന് ഈയിടെ ശിപാര്‍ശ നല്‍കിക്കഴിഞ്ഞു.
റോഡുസുരക്ഷാനിയമങ്ങളും നിയമപാലനവും ഇത്രമാത്രം താറുമാറായ മറ്റൊരു സംസ്ഥാനവും ഇന്ത്യയിലുണ്ടാവില്ല. ഗതാഗതത്തിന്റെ പിഴവു വരുത്തിവച്ച അപകടമരണങ്ങള്‍ക്കും ആഘാതങ്ങള്‍ക്കും മുറിവേറ്റ ഓര്‍മകള്‍ക്കും കേരളം  സാക്ഷ്യം വഹിച്ചതിനു കൈയും കണക്കുമില്ല.  പൊതുഗതാഗതത്തിനും മനുഷ്യജീവിതത്തിനും അച്ചടക്കവും നിയന്ത്രണവും കൈവരാന്‍ നിരീക്ഷണക്യാമറകള്‍ വഹിക്കുന്ന പങ്ക് വിസ്തരിക്കേണ്ടതില്ലല്ലോ. പക്ഷേ, അവയുടെ കണ്ണടഞ്ഞുപോയാല്‍, താറുമാറാകുന്നത് മനുഷ്യജീവിതമാണെന്ന് സര്‍ക്കാരും പൊതുജനവും സഗൗരവം ഓര്‍മിക്കേണ്ടതാണ്.