•  1 Dec 2022
  •  ദീപം 55
  •  നാളം 38

ഇതു ഹര്‍ത്താലോ അക്രമസമരമോ?


.

*

കേരളമടക്കം പതിനഞ്ചു സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംസ്ഥാനപോലീസും ചേര്‍ന്നു നടത്തിയ റെയ്ഡില്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയനേതാക്കളടക്കമുള്ളവരെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച്, ഇവിടെ കേരളത്തില്‍മാത്രം അരങ്ങേറിയ അക്രമാസക്തമായ ഹര്‍ത്താലിനെയോര്‍ത്ത് 'സാംസ്‌കാരിക'കേരളം ലജ്ജിച്ചു തലതാഴ്ത്തണം! ഹര്‍ത്താലുകള്‍ ഇന്ത്യയില്‍, അതും കേരളത്തില്‍ മാത്രമേ നടക്കൂ. ജനദ്രോഹനയമെന്ന നിലയില്‍ ഹര്‍ത്താലുകളെ വെറുത്തുപേക്ഷിക്കാനും അതിനെതിരേ പൊതുബോധമുണര്‍ത്താനും കേരളത്തിലെ 'വിദ്യാസമ്പന്നര്‍' ഇനിയെന്നാണ് കരുത്തുള്ളവരാകുന്നത്?
മിന്നല്‍ഹര്‍ത്താലുകള്‍ വിലക്കി 2019 ജനുവരി ഏഴിനു പുറപ്പെടുവിച്ച ഹൈക്കോടതിയുടെ ഉത്തരവു നിലവിലിരിക്കേ, അതു മറികടന്ന് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനു മുതിര്‍ന്നത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണ്. ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്കാതെ അനധികൃതമായി നടത്തിയ മിന്നല്‍ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നു വിലയിരുത്തി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാത്രമല്ല, മിന്നല്‍ഹര്‍ത്താലാഹ്വാനങ്ങളെ ഉരുക്കുമുഷ്ടികൊണ്ടു നേരിടണമെന്നും കോടതി ജനങ്ങളെ ബോധവത്കരിച്ചു.
വാര്‍ത്തകള്‍ (ിലം)െ കൊടുക്കുന്ന മാധ്യമസ്ഥാപനങ്ങളുടെ കാഴ്ചപ്പാടുകള്‍ (്ശലം)െ പ്രസക്തമാണെന്നു പറയുമ്പോഴും അതിന്റെ ധര്‍മാധര്‍മവിവേചനം വിലയിരുത്തപ്പെടേണ്ടതാണ്. വാര്‍ത്തകളുടെ നിര്‍മാതാക്കളും അവതാരകരും വായനക്കാരന്റെ സ്വതന്ത്രമനസ്സിലേക്ക് അനുകൂലമോ പ്രതികൂലമോ ആയ ആശയതരംഗങ്ങള്‍ അടിച്ചേല്പിക്കുന്നിടത്താണ് അപകടം പതിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധഹര്‍ത്താലാണെന്നു പറയാന്‍ അച്ചടി-ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഹര്‍ത്താലിന്റെ തലേദിവസംപോലും മടികാണിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്കാതെയുള്ള മിന്നല്‍ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നു ജനങ്ങളെ അവസരോചിതമായി ബോധവത്കരിക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്നുള്ള   ഒളിച്ചോട്ടം സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമല്ല. ഇത് ആരെയെങ്കിലും പ്രീതിപ്പെടുത്തുന്നതിന്റെയോ ഭയപ്പെടുന്നതിന്റെയോ ഭാഗമാണെങ്കില്‍ ലജ്ജിക്കുകയല്ലാതെ തരമില്ല!
നഷ്ടക്കണക്കുകളുടെ കഥ പറയാനിഷ്ടപ്പെടാത്ത വര്‍ത്തമാനകാലത്ത് അനധികൃതഹര്‍ത്താലിന്റെ പേരിലുണ്ടായ അതിക്രമങ്ങള്‍ക്ക് ആരു സമാധാനം പറയും? വരവും ചെലവും കൂട്ടിമുട്ടിക്കാനാവാതെ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് 42 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ആരു വഹിക്കും ഈ ഭീമമായ നഷ്ടം?  ഹര്‍ത്താലനുകൂലികള്‍ പല സ്ഥലത്തും വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരേ അക്രമം അഴിച്ചുവിട്ടു. മുഖംമൂടിയണിഞ്ഞ് രണ്ടുപേര്‍ വീതം ബൈക്കുകളില്‍ സഞ്ചരിച്ച് പെട്രോള്‍ബോംബുകളും വടിവാളുകളും മറ്റുമുപയോഗിച്ച് ഭീകരതാണ്ഡവമാടുന്ന പുത്തന്‍ അക്രമരീതിയാണ് ഹര്‍ത്താലില്‍ കേരളം കണ്ടത്. ചോരരാഷ്ട്രീയത്തിന്റെ സിദ്ധാന്തങ്ങളെ പൂജിക്കുന്ന ഭീകരപ്രസ്ഥാനങ്ങളെ അമര്‍ച്ച ചെയ്യാനായില്ലെങ്കില്‍ വരും നാളുകളിലും ഹര്‍ത്താലിന്റെ മറവില്‍ ഈ കേരളമണ്ണില്‍ കൊലവിളികളും അക്രമങ്ങളും അരങ്ങേറിക്കൊണ്ടിരിക്കും.
മതതീവ്രവാദത്തിനും ഭീകരപ്രസ്ഥാനങ്ങള്‍ക്കും വേരോട്ടമുള്ള സംസ്ഥാനമാണു കേരളമെന്ന് ഉന്നതപോലീസുദ്യോഗസ്ഥരടക്കം സമ്മതിക്കുമ്പോഴും, സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയലാഭത്തിനുവേണ്ടി കുറ്റകരമായ മൗനം അവലംബിക്കുന്നത് ഗുരുതരമായ തെറ്റാണ്. മാനവികതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ബഹുഭൂരിപക്ഷമുള്ള ഈ കേരളമണ്ണില്‍ തീവ്രവാദഭീകരപ്രസ്ഥാനങ്ങളെ നിലയ്ക്കുനിര്‍ത്താന്‍ ചങ്കുറപ്പുള്ള പൗരന്മാരുടെ സംഘാതാത്മകതയ്ക്കു കഴിയണം. ഇടുങ്ങിയതും സ്വാര്‍ത്ഥപ്രേരിതവുമായ കക്ഷിരാഷ്ട്രീയസാമുദായികപ്രീണനങ്ങള്‍ വെടിഞ്ഞ് സര്‍ക്കാരും പ്രതിപക്ഷകക്ഷികളും മതനേതൃത്വങ്ങളും കൈകോര്‍ക്കാന്‍ ഇനി വൈകരുത്. ഭീകരതയുടെ വേരറുക്കണമെന്ന് ഉച്ചൈസ്തരം പ്രഘോഷിക്കേണ്ട സമയമാണിത്. മതമൈത്രിക്കും വിശ്വസമാധാനത്തിനുംവേണ്ടിയുള്ള പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ മതേതരജനാധിപത്യവിശ്വാസികളുടെ ഹൃദയത്തില്‍നിന്നുയരണം. 
ഭീകരതീവ്രവാദവര്‍ഗീയതയെ ചെറുത്തുതോല്പിക്കാന്‍ ഉത്തരവാദിത്വപ്പെട്ട എല്ലാവരും പ്രതിജ്ഞാബദ്ധരായി മുന്നോട്ടുവന്നില്ലെങ്കില്‍,  നമ്മുടെ നാടു ഭരിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയവും ഹിംസയുടെ പ്രത്യയശാസ്ത്രവുമായിരിക്കും; കണ്ണീരും ചോരയും ഈ നാട്ടില്‍ പുഴ പോലൊഴുകുന്നതു കണ്ടു നാം നിസ്സഹായരായി നില്‌ക്കേണ്ടിവരും. അതൊരിക്കലും ഉണ്ടാവാതിരിക്കട്ടെയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ശാന്തിസമാധാനസമവാക്യങ്ങള്‍ക്കായി സഹോദരസ്‌നേഹത്തോടെ നമുക്കൊരുമിച്ചു നില്ക്കാം.