•  22 May 2025
  •  ദീപം 58
  •  നാളം 11
സാഹിത്യവിചാരം

കഥയുടെ പളുങ്കുഗോപുരങ്ങള്‍

   കലാപരമായി യഥാര്‍ഥജീവിതത്തെ അവതരിപ്പിക്കുന്ന ഒരു സാഹിത്യരൂപമാണ് ചെറുകഥ എന്ന് ചാള്‍സ് റെയ്മണ്ട് ബാരറ്റ്  എഴുതിയിട്ടുണ്ട്. കഥയില്‍ വാഴ്‌വിന്റെ ഒരംശം ഉണ്ടായിരിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയമുണ്ടായിരുന്നില്ല. ചെറിയ വാര്‍ത്താഖണ്ഡികയില്‍ ഒരാള്‍ കണ്ടെത്തുന്നതുപോലെയുള്ള ഒരു സംഭവമാണ് ചെറുകഥ ആവിഷ്‌കരിക്കേണ്ടത് എന്നു അദ്ദേഹം വിശ്വസിച്ചു. പക്ഷേ, അതിന് നമ്മുടെ ജീവിതവീക്ഷണത്തെ സ്വാധീനിക്കാന്‍ കഴിയണമെന്നും ജീവിതഗതിയുടെ വികാസത്തിനു അതു ബാധകമാകണമെന്നും അദ്ദേഹം ശഠിച്ചു. മറുവശത്ത്, നോവല്‍   ഒരു വലിയ ലോകത്തെ അവതരിപ്പിക്കുന്നു, അത് ഒരു കൂട്ടം കഥാപാത്രങ്ങളെ വികസിപ്പിക്കുന്നു, അവര്‍ ഒന്നിച്ച് ഒരു സമ്പൂര്‍ണസമൂഹത്തെ സൃഷ്ടിക്കുന്നു. ചെറുകഥയാകട്ടെ, ഒരാളുടെ ജീവിതഗതി കണ്ടെത്തുന്നു. പ്രശസ്ത റഷ്യന്‍ ചെറുകഥാകൃത്ത് ആന്റണ്‍ ചെക്കോവ് 'ചന്ദ്രന്‍ പ്രകാശിക്കുന്നുണ്ടെന്ന് എന്നോടു പറയരുത്; തകര്‍ന്ന ഗ്ലാസിലതിന്റെ പ്രകാശത്തിന്റെ തിളക്കം കാണിക്കൂ' എന്നു പറഞ്ഞതില്‍ കഥയുടെ കലാതന്ത്രം അടങ്ങിയിട്ടുണ്ട്. ഒരു കഥ എത്ര ചെറുതാണെങ്കിലും, അതു വേഗത്തില്‍ വികാരത്തെ പ്രതിഫലിപ്പിക്കണം. പരിചിതവും അപരിചിതവുമായ അനുഭവത്തിന്റെ വൈവിധ്യത്തെയും സൂക്ഷ്മതയെയും അപാരതയെയും ആവിഷ്‌കരിക്കുവാന്‍ ഏറ്റവും അംഗീകരിക്കപ്പെട്ടതും ജനപ്രിയവുമായ സാഹിത്യരൂപമാണ് ചെറുകഥ. വാക്കുകളാലെടുക്കുന്ന ജീവിതത്തിന്റെ ഫോട്ടോഗ്രാഫുകളാണ് അവ. മനഃശാസ്ത്രപരവും സാമൂഹികവുമായ പ്രശ്നങ്ങളെക്കുറിച്ചുള്ള രസകരമായ വീക്ഷണങ്ങള്‍ അതിലുണ്ടായിരിക്കും. അത്തരം കഥകളുടെ പ്രധാന ഘടകങ്ങളായ സൗന്ദര്യവും മൗലികതയും കഥാകാരന്റെ മഹത്തായ ഗുണങ്ങളാണ്. അന്തരംഗത്തിന്റെ രഹസ്യങ്ങള്‍ ആവിഷ്‌കരിക്കുന്ന പെരുമ്പടവം ശ്രീധരന്റെ കഥാലോകത്തിലൂടെ സഞ്ചരിച്ചാല്‍ മേല്പറഞ്ഞ നിരീക്ഷണങ്ങള്‍ വാസ്തവമാണെന്നു ബോധ്യപ്പെടും.
   നഗരമാണ് പെരുമ്പടവത്തിന്റെ കഥകളില്‍ ആവര്‍ത്തിക്കുന്ന ഒരു സ്ഥലം. വേനല്‍, ഗസല്‍, ദൈവത്തിന്റെ കാട്ടിലെ ഒരില, ഗിരിശൃംഗങ്ങളിലെ മഞ്ഞ്, മുള്ളും പറക്കാരയും കിളിര്‍ക്കുന്ന കാലം, ഡിസംബര്‍, മോഹനകല്യാണി, ഉമയുടെ സ്വപ്നങ്ങള്‍, ദൂരങ്ങള്‍ കടന്ന്, നക്ഷത്രവിളക്കുകളുടെ ആകാശം, കിഴവനും കടലും, ഇടിഞ്ഞുപൊളിഞ്ഞ് ഒരു തെരുവ് തുടങ്ങിയ കഥകളിലൊക്കെ നഗരം കടന്നുവരുന്നുണ്ട്. നഗരവും നഗരത്തിലെ തെരുവുകളും വര്‍ണിക്കാതെ പെരുമ്പടവം കഥ പറയില്ല. നഗരത്തിലേക്കു തിരിച്ചെത്തുന്നവരും നഗരത്തില്‍നിന്നു പുറപ്പെടുന്നവരുമായിരിക്കും കഥാപാത്രങ്ങള്‍. അവരുടെ ദുഃഖകാണ്ഡങ്ങളാണ് പെരുമ്പടവത്തിന്റെ കഥകള്‍. നഗരത്തിലെ കാഴ്ചകള്‍ ചിലരില്‍ സ്വന്തം ജീവിതത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ചിന്തകള്‍ ഉണര്‍ത്തുന്നു. മാന്ത്രികക്കുതിര എന്ന കഥയില്‍ മനസ്സിനെ ഏതോ ഭൂകമ്പത്തില്‍ ഇടിഞ്ഞുപൊളിഞ്ഞു വീണ നഗരത്തോട് ഈ കഥാകൃത്ത് ഉപമിക്കുന്നുണ്ട്. കലാപത്തില്‍ കത്തുന്ന നഗരങ്ങളോട് ഈ കഥാകൃത്തിന് എന്തേ ഇത്ര മമത എന്നു തോന്നിക്കുന്ന പല കഥകള്‍ പെരുമ്പടവം എഴുതിയിട്ടുണ്ട്. 'നഗരത്തിനു മീതേ അദൃശ്യമായ ഒരു പ്രളയംപോലെ ഭയവും ദൈന്യവും നിശ്ശബ്ദതയും കെട്ടിനില്‍ക്കുന്നു (വേനല്‍).' ഭയവും ദൈന്യവും അവതരിപ്പിക്കാന്‍ ഏറ്റവും അനുരൂപമായ രൂപകമായി നഗരത്തെ പെരുമ്പടവം സ്വീകരിക്കുന്നു.
    വ്യക്തിയുടെ ആത്മദര്‍ശനത്തെയും അപഭ്രംശങ്ങളെയും പ്രതിഫലിപ്പിക്കാന്‍ എഴുത്തുകാര്‍ നഗരദൃശ്യങ്ങള്‍ ഉപയോഗിക്കാറുണ്ട്. പെരുമ്പടവത്തിന്റെ കഥകളില്‍ നഗരങ്ങള്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. നഗരങ്ങള്‍ ക്ഷീണിതരെയും ദരിദ്രരെയും സ്വപ്നജീവികളെയും സുഖലോലുപരെയും സ്വാര്‍ഥരെയും നിസ്വാര്‍ഥരെയും അവസരവാദികളെയും ആകര്‍ഷിക്കുന്ന സ്ഥലമാണ്. നഗരം സാധ്യതയുടെയും പ്രതീക്ഷയുടെയും സ്ഥലങ്ങളാണ്, അതുപോലെതന്നെ അധഃപതനത്തിന്റെയും ജീര്‍ണതയുടെയും സ്ഥലങ്ങളുമാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും പ്രൗഢികളെ പ്രതിഫലിപ്പിക്കുന്ന സ്ഥലവുംകൂടിയാണ് നഗരം. അവ മനുഷ്യന്റെ നവീകരണത്തിന്റെ ഉയരങ്ങളെയും അധാര്‍മികതയുടെയും അഴിമതിയുടെയും ആഴങ്ങളെയും പ്രതിനിധീകരിക്കുന്നു. മനുഷ്യനു ഭ്രാന്തുപിടിക്കുന്നതുപോലെ നഗരത്തിനു ഭ്രാന്തുപിടിക്കുന്നത് പെരുമ്പടവം 'ഇലത്തുമ്പുകളിലെ മഴ'യില്‍ വിവരിക്കുന്നുണ്ട്. വിജനമായ നഗരം. കള്ളന്മാരുടെ ശല്യമുള്ള നഗരം. മഞ്ഞുവീഴുന്ന നിരത്തുകള്‍. അവിടെ ഒരുദിനം മതവികാരങ്ങള്‍ ഏറ്റുമുട്ടി. കത്തിക്കുത്തും ദുര്‍മരണങ്ങളും തീവയ്പുകളും നടന്നു. നഗരത്തില്‍ കലാപം പടരാന്‍ നിമിഷങ്ങള്‍ മതി. കലാപത്തിനിരയായ മകനെ കാത്തിരിക്കുന്ന ഒരമ്മയുടെ കഥയാണ് ഇലത്തുമ്പുകളിലെ മഴ. നശിച്ച നഗരത്തില്‍നിന്ന് എങ്ങോട്ടെങ്കിലും പോകാന്‍ അയാള്‍ ആഗ്രഹിച്ചു. നരകം ഇതിനെക്കാള്‍ ഭേദമായിരിക്കുമെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. ഒരിക്കലും മടങ്ങിവരില്ലാത്ത മകനുവേണ്ടി കാത്തുനില്‍ക്കുന്ന കമലയ്ക്ക് പക്ഷേ, അയാളുടെ വാക്കുകള്‍ അനുസരിക്കാനാവുന്നില്ല. ഓര്‍മകളില്‍ ജീവിക്കുന്ന കമലുവിന്റെ വിഭ്രാന്തികളെ ഈ കഥ ആവിഷ്‌കരിക്കുന്നു. 
    ദുര്‍മൃതി മണക്കുന്ന തെരുവുകളില്‍ പത്രപ്രവര്‍ത്തകനായ ദിലീപന്‍  കണ്ടുമുട്ടുന്ന ഒരു വൃദ്ധന്റെ കഥയാണ് വേനല്‍. ഇതും നഗരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട കഥയാണ്. എല്ലാവര്‍ക്കുംകൂടി കാണാവുന്ന ഒരു സ്വപ്നം ഉണ്ടാക്കിയെടുക്കാന്‍ നമുക്കെന്നാണു കഴിയുക? എല്ലാവര്‍ക്കുംകൂടി ചൊല്ലാവുന്ന ഒരു പ്രാര്‍ഥനയില്‍ നമ്മള്‍ എന്നാണ് ഒന്നിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരംതേടുന്ന വൃദ്ധന്റെ ഭൂതകാലം തേടുകയാണ് ദിലീപന്‍. പട്ടാളക്കാര്‍ നഗരത്തെ ശാന്തമാക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. നഗരത്തിലെ തെരുവുകളില്‍ മനുഷ്യരക്തം ഒഴുകിക്കൊണ്ടിരുന്നു. വഴിവക്കുകളില്‍ അനാഥശവങ്ങള്‍ ചിതറിക്കിടന്നു. കുടിലുകള്‍ കത്തിയമര്‍ന്നു. ഭയാനകമായ ദിവസങ്ങള്‍. പൈശാചികരായ മനുഷ്യര്‍ അന്യോന്യം കൊല്ലുന്നു. എങ്ങും ദീനവിലാപങ്ങള്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ചെറിയ തെളിവുപോലും ശേഷിപ്പിക്കാതെ ഒരദ്ഭുതംപോലെ നഗരത്തില്‍നിന്ന് അന്തര്‍ധാനം ചെയ്ത, നഗരം മുഴുവന്‍ സ്‌നേഹത്തോടും ആദരവോടും കൂടി  പിതാമഹന്‍ എന്ന വിളിച്ചിരുന്ന ആളല്ലേ ഈ വൃദ്ധന്‍ എന്ന് ദിലീപനു തോന്നി. അയാള്‍ അഭയാര്‍ഥിക്കൂട്ടങ്ങളുടെ പിന്നാലെ നടന്നു. നഗരത്തില്‍നിന്നു പോകാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. വൃദ്ധന്റെ കണ്ണുകളില്‍ ഒരു മഹാവ്യസനത്തിന്റെ  പെരുംകടല്‍ അനക്കമറ്റുകിടന്നു. ഒടുക്കം നഗരം വിട്ടുപോകുന്ന അഭയാര്‍ഥിക്കൂട്ടങ്ങളില്‍ ഒന്നിനു പിന്നാലെ വൃദ്ധന്‍ നടന്നുപോകുന്നു. നീതിയുടെയും നന്മയുടെയും നല്ല കാലത്തിനു കാത്തിരുന്ന വൃദ്ധന്റെ പ്രതീക്ഷയറ്റു പോവുകയാണ്. കൂട് നഷ്ടപ്പെട്ടവര്‍ക്ക് ആകാശത്തിന്റെ വിദൂരവിസ്തൃതിയില്‍ ഇടംകിട്ടുമെന്നു വിശ്വസിക്കുന്ന വിവേകിയായ ഒരു കഥാകൃത്താണ് പെരുമ്പടവം ശ്രീധരന്‍.        
ഭാഗ്യനാഥന്റെ ശരീരത്തിനകത്ത് ഹൃദയം 'പ്രവര്‍ത്തിക്കാന്‍' തുടങ്ങിയതോടെ അയാളില്‍ സംഭവിക്കുന്ന മാറ്റങ്ങളെ അവതരിപ്പിക്കുന്ന കഥയാണ് 'അയാളെ ശനി പിടിച്ചത് എങ്ങനെ?' ഒരിക്കല്‍ സകലസൗഭാഗ്യങ്ങളോടുംകൂടി ജീവിച്ചിരുന്ന ആളായിരുന്നു ഭാഗ്യനാഥന്‍. അയാള്‍ക്കു ഹൃദയമുണ്ടായിരുന്നില്ല. ദൈവം ഹൃദയത്തെ അയാളുടെ അടുത്തേക്കയച്ചു. മനസ്സില്ലാമനസ്സോടെ ഹൃദയത്തെ സ്വീകരിച്ചതോടെ അയാള്‍ക്കു മറ്റുള്ളവരോടു സ്‌നേഹവും അലിവും ക്ഷമയും അനുകമ്പയും തോന്നിത്തുടങ്ങി. അതുവരെ അയാള്‍ക്ക് അന്യരെക്കുറിച്ചുള്ള വിചാരമുണ്ടായിരുന്നില്ല. ഇനി കഥ എളുപ്പം തീരുകയില്ലാത്തതിനാല്‍ കഥാകൃത്ത് കഥ നീട്ടുന്നില്ല. നദിയുടെ ഒഴുക്കില്‍ നീന്തുന്ന ഒരില അറിയാതെ ചുഴിയില്‍ വീഴുന്നപോലെ യാദൃച്ഛികമായി സ്‌നേഹത്തില്‍ വീഴുന്ന മനുഷ്യരുടെ കഥയാണ് പെരുമ്പടവം എഴുതുന്നത്.
എല്ലാവരുംകൂടി തന്നെ കൊന്നെന്നു വിലപിക്കുന്ന പെണ്‍കുട്ടിയുടെ ആത്മാവ് ഒരു ബലിക്കാക്കയുടെ രൂപം ധരിച്ച് വീടിന്റെ അടുത്തുള്ള മരക്കൊമ്പില്‍ ചെന്നിരുന്നു മരണമന്വേഷിച്ചു വരുന്നവരെ കാണുന്നതാണ് 'ജീവിതസ്വപ്നത്തിന്റെ മറുകരകള്‍.' അവളുടെ മരണത്തിന് ഓരോരുത്തരും ഓരോ വ്യാഖ്യാനമുണ്ടാക്കുന്നു. ഒരു അവിശുദ്ധബന്ധത്തിന്റെ പര്യവസാനമായിരുന്നു അവളുടെ ആത്മഹത്യ. അവളുടെ സങ്കടത്തിന്റെ, സ്വപ്‌നത്തിന്റെ, സ്‌നേഹത്തിന്റെ, ജീവിതകാലത്തിലേക്കും കഥ സഞ്ചരിക്കുന്നുണ്ട്. 
മാനുഷികമായതിനെ എല്ലാം സ്‌നേഹിക്കുന്ന ഒരു കഥാകൃത്താണ് പെരുമ്പടവം ശ്രീധരന്‍. നീതിയുടെയും നിഷ്‌കളങ്കതയുടെയും സ്‌നേഹത്തിന്റെയും ഉറവിടങ്ങളിലേക്കുള്ള മടക്കയാത്രകളാണ് അദ്ദേഹത്തിന്റെ കഥകള്‍. കലാപത്തെയും കലഹത്തെയും വിചാരണ ചെയ്യുന്ന ഈ കഥാകൃത്തിന്റെ ഭാഷയ്ക്കും ഭാവനയ്ക്കും ബൈബിളിനോടുള്ള കടപ്പാട് ഒറ്റവായനയില്‍ ആര്‍ക്കും കണ്ടെത്താവുന്നതാണ്. ദേവദാരുമരങ്ങളുടെ താഴെ മാലാഖമാരുടെ നടുവിലിരിക്കുന്ന ദൈവത്തോട് സങ്കടത്തോടെ പ്രാര്‍ഥിക്കുന്ന തോമാച്ചന്റെ കഥയാണ് 'നീതിമാനായ ദൈവം അറിയാന്‍.' മരിച്ചുപോയ ചങ്ങാതി എസ്തപ്പാന്റെ ആത്മാവിനുവേണ്ടിയുള്ള പ്രാര്‍ഥനയില്‍ വ്യാകുലമായ മനസ്സോടെ പങ്കുചേരുന്ന കുഞ്ഞാഗസ്തിയുടെ കഥയാണ് 'എന്തു കാണാനായിരുന്നു മരുഭൂമിയിലേക്കു പോയത്?' നല്ലവനായ ഒരു പുരോഹിതന്റെ കഥയാണ് 'കടല്‍കാക്ക കരയുന്നതെന്തിന്?' കടല്‍ മണക്കുന്ന ഒരു നഗരത്തിലെ പള്ളിയില്‍ ഇടവകവികാരിയായി വന്ന സില്‍വസ്റ്ററച്ചന്റെ സ്‌നേഹം തിരിച്ചറിയാതെ പോകുന്ന ഒരു ബാലന്റെകൂടി കഥയാണത്. മാനവികതയും ആത്മീയതയും ഒന്നുചേരുന്ന അനുഭവമാണ് പെരുമ്പടവത്തിന്റെ കഥകള്‍ പങ്കുവയ്ക്കുന്നത്. ആ കഥകളോരോന്നും നീതിയുടെയും നന്മയുടെയും സ്‌നേഹത്തിന്റെയും നേര്‍ക്ക് ഉയര്‍ന്നുനില്‍ക്കുന്ന ഒരു പളുങ്കുഗോപുരംപോലെ സുന്ദരമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)