•  1 May 2025
  •  ദീപം 58
  •  നാളം 8
സാഹിത്യവിചാരം

മൂന്നാം ലോകഫെമിനിസം

    ഫെമിനിസം ഒരു ഏകവചനമോ ഏകീകൃതാശയമോ അല്ല; മറിച്ച്, വൈവിധ്യമാര്‍ന്നതും ബഹുതലങ്ങളുള്ളതും സങ്കീര്‍ണവും പലപ്പോഴും വൈരുധ്യാത്മകവുമായ ആശയങ്ങളുടെ ഒരു ബഹുസ്വരസംയുക്തമാണ്. ഫെമിനിസത്തിന്റെ വിഷയങ്ങളില്‍ വിവിധ സമീപനങ്ങളുണ്ട്.  അത് ഏതെങ്കിലും ഒരു നിര്‍വചനത്തിലേക്ക് എത്തിച്ചേരുന്നത് അത്ര എളുപ്പമല്ലെന്ന് അര്‍പ്പിത മുഖോപാധ്യായ അഭിപ്രായപ്പെടുന്നു. ലിസ എസ് പ്രൈസ്, ഫെമിനിസം എന്നത് ഒരു വിശകലനരീതിയാണ്, ഒരു കാഴ്ചപ്പാട്, സ്ത്രീകളുടെ വീക്ഷണകോണില്‍നിന്ന് ലോകത്തെ നോക്കാനുള്ള ഒരു മാര്‍ഗം എന്ന് അതിനെ നിര്‍വചിക്കുന്നു. ഫെമിനിസം ഗവണ്‍മെന്റുനയങ്ങള്‍, ജനപ്രിയസംസ്‌കാരം, പ്രവര്‍ത്തനരീതികള്‍, ഉണ്മ എന്നിവയെ ചോദ്യം ചെയ്യുകയും പ്രത്യയശാസ്ത്രപരവും സ്ഥാപനപരവുമായ ഈ ആചാരങ്ങള്‍ സ്ത്രീകളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നു ചോദിക്കുകയും ചെയ്യുന്നുവെന്ന് രസകരമായി ആ നിര്‍വചനത്തിന് ഒരനുബന്ധവും  നല്‍കുകയുണ്ടായി. 
    ഫെമിനിസത്തെ ബഹുവചനത്തില്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് ആദ്യംമുതല്‍ അംഗീകരിക്കണമെന്ന നിലപാടാണ് അര്‍പ്പിത മുഖോപാധ്യായയ്ക്കുള്ളത്. അതുകൊണ്ട്, ഫെമിനിസമല്ല ഫെമിനിസങ്ങളാണ് ശരിയെന്ന് അവര്‍ പറഞ്ഞുവയ്ക്കുന്നു.  'ഫെമിനിസങ്ങള്‍' തിരിച്ചറിയുന്നതിനു കൂടുതല്‍ ആധികാരികമായ ഒരു സമീപനമാണു വേണ്ടത്. ഫെമിനിസങ്ങള്‍ സമൂഹത്തിലെ സ്ത്രീകളുടെ കീഴാളനിലയുടെ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുകയും സ്ത്രീകള്‍ക്കു നേരിടേണ്ടിവരുന്ന സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സാമ്പത്തികവിവേചനങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള വഴികളും രീതികളും തേടുകയും ചെയ്യുന്നു. 
ഫെമിനിസ്റ്റുസിദ്ധാന്തത്തിന് ഒരു രാഷ്ട്രീയമാനമുണ്ട് എന്ന് മേരി ക്ലേജസ് ചൂണ്ടിക്കാണിക്കുന്നു. ആ രാഷ്ട്രീയമാനം, ഏറ്റവും കുറഞ്ഞപക്ഷം, സ്ത്രീപുരുഷ അസന്തുലിതാവസ്ഥകളെക്കുറിച്ചുള്ള അവബോധംമാത്രമല്ല, നമ്മുടെ ലോകത്ത് നാം എങ്ങനെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതിനെ രൂപപ്പെടുത്തുന്ന വിപരീതദ്വന്ദ്വങ്ങളിലെ   അസമത്വങ്ങള്‍ നടപ്പാക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന അധികാര അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള അവബോധംകൂടി അത് ഉള്‍ക്കൊള്ളുന്നു. പുതിയ കാലത്ത്  ഫെമിനിസ്റ്റുസിദ്ധാന്തങ്ങള്‍ ഈ അസമത്വങ്ങള്‍ എങ്ങനെ പരിണമിച്ചു, അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും പരിശോധിക്കുന്നു. ഒരുപക്ഷേ, ഏറ്റവും പ്രധാനമായും ഏറ്റവും പ്രസക്തമായും അസമത്വങ്ങള്‍ എങ്ങനെ മാറ്റാം, സാമൂഹികാധികാരത്തിന്റെയും പദവിയുടെയും കൂടുതല്‍ തുല്യമായ ക്രമീകരണം സൃഷ്ടിക്കുന്നതിന് അവ എങ്ങനെ മാറ്റണം എന്നതിനെക്കുറിച്ചുള്ള വിശകലനങ്ങള്‍ ഫെമിനിസം നല്‍കുന്നു. 
    പോസ്റ്റ്‌കൊളോണിയല്‍ സിദ്ധാന്തത്തിലും പാശ്ചാത്യഫെമിനിസത്തിലും ചര്‍ച്ച ചെയ്യപ്പെടാത്ത പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാണ് പോസ്റ്റ് കൊളോണിയല്‍ ഫെമിനിസ്റ്റുസിദ്ധാന്തം ശ്രമിക്കുന്നത്. വെള്ളക്കാര്‍, മധ്യവര്‍ഗക്കാര്‍, വിദ്യാഭ്യാസം നേടിയവര്‍, ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ തുടങ്ങിയ സ്ത്രീകളുടെ ആശങ്കകളില്‍നിന്നു വ്യത്യസ്തമായ ദേശീയ സാംസ്‌കാരികസന്ദര്‍ഭങ്ങളില്‍നിന്നുള്ള സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപഴകുന്ന ഒരു മാറ്റത്തെ ഇത് അടയാളപ്പെടുത്തുന്നു. ഫെമിനിസ്റ്റുസിദ്ധാന്തത്തിന്റെ ഈ ലോകം  എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കുകയോ സംസാരിക്കുകയോ ചെയ്യുന്ന വെള്ളക്കാരായ ഫെമിനിസ്റ്റുകളുടെ അവകാശവാദങ്ങളുടെ അധികാരത്തെയും ആധികാരികതയെയും ചോദ്യം ചെയ്യുന്നു. ലിംഗപരമായ ചോദ്യവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌കൊളോണിയല്‍ സിദ്ധാന്തത്തിന്റെ പുനര്‍രൂപകല്പനയ്ക്കും ഇത് അവസരമൊരുക്കിയിട്ടുണ്ട്. പോസ്റ്റ്‌കൊളോണിയല്‍ ഫെമിനിസം, ഈ പ്രക്രിയയില്‍, മുഖ്യധാരാ ഫെമിനിസത്തിനോ പോസ്റ്റ് കൊളോണിയലിസത്തിനോ നേര്‍ക്കുള്ള ഒരു പ്രതിപക്ഷസമീപനം എന്ന നിലയില്‍ മാത്രമല്ല, ആശയങ്ങളുടെയും മനോഭാവങ്ങളുടെയും ഒരു വ്യതിരിക്തമായ സംവിധാനമെന്ന നിലയിലും കടന്നുവരുന്നു. സ്ത്രീകളുടെ അടിച്ചമര്‍ത്തലിനെ സാര്‍വത്രികമാക്കാനുള്ള പാശ്ചാത്യഫെമിനിസ്റ്റ് പ്രവണതയ്‌ക്കെതിരേ അപരസ്ത്രീകളുടെ വ്യത്യസ്തതകളെയും വൈവിധ്യങ്ങളെയും സിദ്ധാന്തവത്കരിക്കുകയാണ് പോസ്റ്റ്‌കൊളോണിയല്‍ ഫെമിനിസം ലക്ഷ്യമിടുന്നത്. 
    പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വത്വത്തിന്റെ നിര്‍മിതിസംസ്‌കാരം ദേശീയത, വംശീയത, വര്‍ഗം, ചരിത്രപരമായ വ്യത്യാസങ്ങള്‍ എന്നിവയാല്‍ സ്വാധീനിക്കപ്പെടുന്നു. 'സ്ത്രീ' എന്ന സങ്കല്പം വര്‍ഗം, വംശം, ജാതി എന്നിവ പരിഗണിക്കാതെ എല്ലാ സ്ത്രീകളെയും ഉള്‍ക്കൊള്ളുകയും നിര്‍വചിക്കുകയും ചെയ്യുന്ന ഒരു മാതൃക പക്ഷേ, മൂന്നാം ലോകസ്ത്രീകളുടെ പ്രത്യേകതകളെ  ഒഴിവാക്കുന്നു. ചന്ദ്ര തല്‍പാഡെ മൊഹന്തി ഈ  പ്രവണതയെ വെല്ലുവിളിക്കുന്നു. മൂന്നാംലോകസ്ത്രീയെ 'നിശ്ശബ്ദ'വിഷയിയായി പ്രതിനിധീകരിക്കുന്നത് അവളുടെ അപരത്വവും ശബ്ദമില്ലായ്മയുമായി ഒത്തുചേരുന്നു. തദ്ദേശീയരായ സ്ത്രീകള്‍ ഒന്നിലധികം വ്യവഹാരങ്ങളുടെ നാല്ക്കവലയില്‍ സ്ഥിതി ചെയ്യുന്നവരാണെന്നും അങ്ങനെ അവര്‍ക്ക് ഒന്നിലധികം കര്‍ത്തൃത്വങ്ങളുണ്ടെന്നും അവര്‍ വാദിക്കുന്നു. 
    പാശ്ചാത്യഫെമിനിസ്റ്റ് വ്യവഹാരത്തിന്റെ മൊത്തത്തിലുള്ള പ്രവണതകളെ മൊഹന്തി ചോദ്യം ചെയ്യുന്നു. പാശ്ചാത്യഫെമിനിസ്റ്റുകള്‍ വെളിപ്പെടുത്തിയ പുരുഷാധിപത്യത്തിന്റെ ഏകശിലാത്മകവും ഏകവചനാത്മകവുമായ ആശയത്തെക്കുറിച്ച് മൊഹന്തിക്ക് സംശയമുണ്ട്. അതാണ് 'മൂന്നാം ലോകവ്യത്യാസം' എന്ന സങ്കല്പത്തിലേക്കു നയിക്കുന്നത്. പാശ്ചാത്യഫെമിനിസ്റ്റുകള്‍ മൂന്നാംലോകരാജ്യങ്ങളിലെ സ്ത്രീകളുടെ ജീവിതത്തെ സവിശേഷമാക്കുകയും 'കോളനിവത്കരിക്കുകയും' ചെയ്യുന്നതിനു കണ്ടെത്തിയ ഒരു മാര്‍ഗമാണ് അതെന്നു മൊഹന്തി സംശയിക്കുന്നു. അത് മൂന്നാം ലോകസ്ത്രീകളുടെ ജീവിതത്തിന്റെ വൈജാത്യത്തെ ഇല്ലാതാക്കുന്നു, ആര്‍ക്കുവേണ്ടിയാണു സംസാരിക്കുന്നതെന്ന പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് അവരുടെ ശബ്ദം സ്വായത്തമാക്കുന്നതുമായി ചേര്‍ത്തുവായിക്കാനാവില്ല. രണ്ടാമത്തേത് ഒരു കോളനിവത്കരണം, രക്ഷാധികാരം/മാതൃത്വം എന്നിവയുള്ള മനോഭാവമാണ്. മൂന്നാംലോകസ്ത്രീകളുടെ ചരിത്രം, സ്ഥാനം, അനുഭവങ്ങള്‍ എന്നിവയിലെ വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഫെമിനിസ്റ്റ് ജ്ഞാനശാസ്ത്രത്തിന് അനുകൂലമായി മൊഹന്തി വാദിക്കുന്നു. 
     ഫെമിനിസം വിത്തൗട്ട് ബോര്‍ഡേഴ്സ്: ഡീകോളനൈസിങ് തിയറി, പ്രാക്ടീസിങ് സോളിഡാരിറ്റി (2003) എന്ന കൃതിയില്‍ മൊഹന്തി ആഗോളമുതലാളിത്തപശ്ചാത്തലത്തില്‍ സ്ത്രീകളുടെ അവസ്ഥ പരിശോധിക്കുന്നു. അവര്‍ നിര്‍ദേശിക്കുന്ന ഫെമിനിസ്റ്റ് ചട്ടക്കൂട്, ഒരു നവകൊളോണിയല്‍ലോകത്തെ വംശീയവും സാമ്പത്തികവും രാഷ്ട്രീയവുമായ അസമത്വങ്ങളെ വരച്ചിടുന്നു. മുതലാളിത്തം ഒരു പൗര-ഉപഭോക്തൃബന്ധം സൃഷ്ടിക്കുന്നു, അത് കീഴാളപൗരന്മാരുടെ വിലകുറഞ്ഞതും പലപ്പോഴും അദൃശ്യവുമായ അധ്വാനത്തെ ആശ്രയിച്ചിരിക്കുന്നു. ഇവിടെ, ഭിന്നലിംഗസ്ത്രീത്വം, ഗാര്‍ഹികത, വിധേയത്വം എന്നിവയുടെ മാതൃകകള്‍ മൂന്നാംലോകസ്ത്രീകളെ ദേശീയ സമ്പദ്വ്യവസ്ഥയില്‍ നിലവാരമില്ലാത്ത ജോലികള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ കീഴാളനിലയും കുറഞ്ഞ ശമ്പളവും അംഗീകാരമില്ലാത്ത തൊഴിലാളികള്‍ക്കു പ്രബലവംശത്തിന്റെയും ലിംഗപദവിയുടെയും മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നു. സാമ്പത്തികവും വംശീയവും രാഷ്ട്രീയവുമായ സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള തന്ത്രമെന്ന നിലയില്‍ ഒരു ദേശാന്തര സ്ത്രീ ഐക്യദാര്‍ഢ്യത്തിനായാണ് മൊഹന്തി വാദിക്കുന്നത്.
     കൊളോണിയല്‍, പോസ്റ്റ് കൊളോണിയല്‍ സന്ദര്‍ഭങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള വിശകലനത്തില്‍ രാജേശ്വരി സുന്ദര്‍രാജന്‍ ഇന്ത്യന്‍സ്ത്രീകളുടെ ഇമേജില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പോസ്റ്റ് കൊളോണിയല്‍ സ്ത്രീകര്‍ത്തൃത്വവും സ്ത്രീത്വവും ആലേഖനം ചെയ്ത രീതികള്‍ ദേശീയ സ്വത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ പ്രതിഫലിപ്പിക്കുന്നുവെന്ന് അവര്‍ തറപ്പിച്ചുപറയുന്നു. തദ്ദേശീയസ്ത്രീകര്‍ത്തൃത്വം ഇല്ലാത്തവളായി സ്റ്റീരിയോടൈപ്പ് ചെയ്യുന്നു. എന്നാല്‍, 'നാട്ടുകാരി'സ്ത്രീയുടെ ചരിത്രപരമായി ഇരയാക്കപ്പെട്ട കര്‍ത്തൃസ്ഥാനം 'ബദല്‍ ആത്മനിഷ്ഠതകളുടെ ഭരണഘടനയ്ക്കുള്ള' ഒരു ഇടമായി പര്യവേക്ഷണം ചെയ്യാന്‍ കഴിയുമെന്ന് അവര്‍ വാദിക്കുന്നു. കൊളോണിയല്‍ ഇന്ത്യയില്‍ സ്ത്രീകളുടെ കര്‍ത്തൃത്വം കണ്ടെത്താന്‍ സതി നിര്‍ത്തലാക്കിയതിനെക്കുറിച്ചുള്ള ചര്‍ച്ചയെ രാജേശ്വരി സുന്ദര്‍രാജനും ലതാമണിയും വിശകലനം ചെയ്തിട്ടുണ്ട്. സതിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്ത്രീകളെ കര്‍ത്തൃസ്ഥാനത്തുനിന്നു മാറ്റുകയും ഇരകളായി ചിത്രീകരിക്കുകയും ചെയ്യുന്നതിനെ ലതാമണി വിമര്‍ശിക്കുന്നു. സതി ഒരു പ്രയോഗമെന്ന നിലയില്‍ സ്ത്രീകളുടെയും പാരമ്പര്യത്തിന്റെയും ഇടകലര്‍ന്ന ഒരു മൈതാനമായി മാറി. വെള്ളക്കാരായ  ഫെമിനിസ്റ്റുകള്‍ കറുത്തനിറമുള്ള സ്ത്രീകളെ അല്ലെങ്കില്‍ മൂന്നാംലോകസ്ത്രീകളെ അവരുടെ ജീവിതത്തിന്റെ ഒരു തലത്തിലേക്ക് (പ്രത്യുത്പാദനത്തിന്റെയും വീട്ടുജോലിയുടെയും മാതൃക) ചുരുക്കുകയും അവരുടെ സങ്കീര്‍ണമായ ചരിത്രം, വൈവിധ്യം, വിഷയകര്‍ത്തൃസ്ഥാനം എന്നിവ അവഗണിക്കുകയും ചെയ്യുന്നു. നിറമുള്ള മൂന്നാംലോകസ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, വെളുത്ത ഫെമിനിസ്റ്റുകള്‍ തങ്ങളെ സ്വയം വിമോചിതരായ പ്രജകളായി കാണുന്നു. പാശ്ചാത്യഫെമിനിസം ലിംഗവിവേചനത്തില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ലിംഗപരമായ മാനങ്ങളുള്ള വംശീയപോരാട്ടങ്ങള്‍പോലുള്ള മറ്റു തരത്തിലുള്ള പോരാട്ടങ്ങളെ അവഗണിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകളുടെ താത്പര്യങ്ങളും അനുഭവങ്ങളും പാശ്ചാത്യഫെമിനിസത്തിന്റെ ഈ ഒഴിവാക്കല്‍സമീപനത്തെ വെല്ലുവിളിക്കുന്നുണ്ട്. എന്നാല്‍, അവരുടെ ശബ്ദം മൂന്നാംലോകരാഷ്ട്രങ്ങളില്‍പ്പോലും മുഴങ്ങുന്നില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)