•  21 Nov 2024
  •  ദീപം 57
  •  നാളം 37
സാഹിത്യവിചാരം

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വായനയുടെ അരനൂറ്റാണ്ട്

ദാസനും ചന്ദ്രികയും, ആത്മാവുകള്‍ തുമ്പികളായി പാറിനടക്കുന്ന വെള്ളിയാങ്കല്ലും മലയാളികളുടെ വായനയില്‍ ചേക്കേറിയിട്ട് അമ്പതാണ്ടുകളാകുന്നു. എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ പ്രസിദ്ധീകരിച്ചത് 1974 ഏപ്രിലിലാണ്. പാതാറില്‍ കടലിനെയും പുഴയെയും കരയുമായി വേര്‍തിരിക്കുന്ന വെളുത്ത മതിലോ അതിനരികില്‍ അണിനിരന്നുനിന്നു പ്രകാശിക്കുന്ന വൈദ്യുതിവിളക്കുകളോ ഇല്ലാതിരുന്ന കാലത്തുനിന്നാരംഭിച്ച് മയ്യഴിക്കു സ്വാതന്ത്ര്യം കിട്ടുന്നതുവരെയുള്ള കാലത്തിലെത്തി അവസാനിക്കുന്ന ഒരു നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. 
പാതിരാവിനു മുമ്പുതന്നെ കരിന്തിരി കത്തി ക്കെട്ടു മയ്യഴി ഇരുട്ടില്‍ ആണ്ടുകിടന്ന കാലം. സായ്‌വും ബംഗ്ലാവും കുതിരയും കാറുമൊക്കെ മയ്യഴിയുടെ മക്കള്‍ക്കു കാഴ്ചയുടെ പൂതികളായിരുന്നു. സങ്കരവര്‍ഗക്കാരും സങ്കരേതരവര്‍ഗക്കാരും അവിടെ ജീവിച്ചുപോന്നു. ഫ്രഞ്ചുകാരുടെ കൈയില്‍നിന്നു മയ്യഴിയെ മോചിപ്പിക്കണമെന്ന മോഹം മയ്യഴിയുടെ മക്കള്‍ക്കുണ്ടായി. വിമോചനസമരം ഒടുവില്‍ വിജയം കണ്ടു. ഈ പശ്ചാത്തലമാണ് നോവലിന്റെ ഇതിവൃത്തം രൂപപ്പെടുത്തിയിരിക്കുന്നത്. മുഖ്യകഥാപാത്രമായ ദാസനില്‍ മുകുന്ദന്‍ അസ്തിത്വദുഃഖം അടിച്ചേല്പിച്ചുവെന്നും കടംകൊണ്ട തത്ത്വശാസ്ത്രം നോവലിന്റെ ഇതിവൃത്തത്തിനു മങ്ങലേല്പിച്ചുവെന്നും തനതായ ജീവിതവീക്ഷണം നോവലിസ്റ്റിനില്ലായെന്നുമൊക്കെയുള്ള വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും നോവല്‍ വായനക്കാര്‍ക്കിടയില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടു.
എം. മുകുന്ദന്‍ മലയാളത്തിലെ മികച്ച സ്ഥലചിത്രീകരണനോവലിസ്റ്റുകളില്‍ ഒരാളാണ്. ഭൂഭാഗത്തെ 'വാക്കുകള്‍കൊണ്ടു നിര്‍മിക്കുന്നവന്‍' എന്ന് അദ്ദേഹത്തെ വിളിച്ചാല്‍പോലും തെറ്റില്ല. ഇവിടെ മയ്യഴിയുടെ ഭൂപടത്തെ പുനരാലേഖനം ചെയ്യുകയാണ് നോവലിസ്റ്റ്. മയ്യഴിയുടെ മക്കളുടെ  ജീവിതരീതികളെയും അവരുടെ മാനസിക-സാമൂഹിക-സാമ്പത്തിക യാഥാര്‍ഥ്യങ്ങളെയും മയ്യഴിയുടെ ഗതാഗതരീതികള്‍, കൃഷി, വീടുകള്‍, റോഡുകള്‍, പാതകള്‍, ചുവരുകള്‍, വിവാഹാചാരങ്ങള്‍, ബന്ധുത്വസമ്പ്രദായങ്ങള്‍, പ്രാദേശികാചരണങ്ങള്‍, പെരുന്നാളും തിറയും, തിറകെട്ടും മന്ത്രവാദവും എല്ലാം നോവലില്‍ വരച്ചിടുന്നു.  ഇടവിട്ടു നാട്ടിയ മരക്കാലുകളില്‍ എണ്ണവിളക്കുകള്‍ മുനിഞ്ഞുകത്തുന്ന മയ്യഴിയിലെ നിരത്തുകള്‍. അതിലെ മയ്യഴിയുടെ മക്കള്‍ അനുസരണയുള്ള കുഞ്ഞാടുകളെപ്പോലെ നടന്നു. അവര്‍ അധ്വാനിക്കുകയും തിന്നുകയും ഉറങ്ങുകയുംമാത്രം ചെയ്യുന്ന വളര്‍ത്തുമൃഗങ്ങളായിരുന്നു. അങ്ങനെയിരിക്കേ, ജീവബീജത്തിന്റെ നിറവും ക്രൗഞ്ചദ്വീപിന്റെ നിശ്ശബ്ദതയുമാര്‍ന്ന ഒരു പ്രഭാതത്തില്‍ ദാസന്‍ ജനിച്ചു. അപ്പോള്‍ ജന്മങ്ങള്‍ക്കിടയിലെ ആത്മാക്കളുടെ വിശ്രമസ്ഥലമായ വെള്ളിയാങ്കല്ലില്‍നിന്ന് ഒരു തുമ്പി മയ്യഴിയിലേക്കു പറന്നുവന്നു. ദാസന്‍ വളര്‍ന്നു, അവനു സ്‌കൂളില്‍ പോകാന്‍ ധൃതിയായി. അറിവിനുവേണ്ടിയുള്ള അസഹ്യമായ ദാഹം. ഒരിക്കല്‍ അവന്‍ സ്‌കൂളിലേക്കു നിരത്തിലൂടെ നടന്നു. നിരത്തുകളുടെ സംഗമസ്ഥലത്ത് എങ്ങോട്ടു പോകണമെന്നറിയാതെ നിന്നു. ഒരു കൊല്ലം കടന്നുപോയി. ഇന്ന് എങ്ങോട്ടു പോകണമെന്നറിയാതെ ദാസനു നട്ടംതിരിയേണ്ടിവരില്ല. പിന്നെപ്പിന്നെ സ്‌കൂളിലേക്കു പോകുന്നവഴി അവന്‍ കടപ്പുറത്തു ചെന്നു വെള്ളിയാങ്കല്ല് നോക്കിനിന്നു. അതിനു മുകളില്‍ തുമ്പികളെപ്പോലെ പറന്നുകളിക്കുന്ന ആത്മാവുകള്‍. 
ഫ്രഞ്ച് അധീനതയിലായിരുന്നു അന്ന് മയ്യഴി. സായ്പുമാരെ അവിടെനിന്നോടിച്ച് മയ്യഴിയെ മണ്ണിന്റെ മക്കളുടേതാക്കണമെന്ന ആഗ്രഹം ദാസനുണ്ടായി. പോണ്ടിച്ചേരിയിലെ പഠിത്തം അവസാനിച്ചു നാട്ടിലെത്തിയ ദാസന്‍ ഫ്രാന്‍സില്‍ പോകാനും സെക്രത്താരിയിലെ ഉദ്യോഗം സ്വീകരിക്കാനും തയ്യാറായില്ല. അതുകൊണ്ട്, അവന്റെ അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിന് ആയുസ്സുണ്ടായില്ല. ദാസന്‍ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് കുഞ്ഞനന്തന്‍മാസ്റ്റര്‍ പണ്ടു പറഞ്ഞത് അവര്‍ അപ്പോള്‍ ഓര്‍ത്തിട്ടുണ്ടാവണം. ദാസനെ പഠിപ്പിക്കാന്‍ കഴിഞ്ഞത് മാസ്റ്റര്‍ ഒരു ഭാഗ്യമായിക്കരുതി. അവനെ വായിക്കാന്‍ പ്രേരിപ്പിച്ചതും കുഞ്ഞനന്തന്‍ മാസ്റ്ററായിരുന്നു. മറ്റുള്ളവരുടെ വേദന പങ്കിടാന്‍ ദാസനു കഴിഞ്ഞു. പക്ഷേ, ദാസന്റെ വേദനയോ? മയ്യഴിയുടെ വേദന മാറുമ്പോള്‍മാത്രം ദാസന്റെ വേദന മാറും. തന്റെ നാടിന്റെ സൗഭാഗ്യമാണ് ദാസന്റെ സൗഭാഗ്യം. മയ്യഴിയുടെ സ്വാതന്ത്ര്യമായിരുന്ന ദാസന്റെ ആഗ്രഹം. താന്‍ ജീവിക്കുന്നു എന്ന ചിന്തയില്‍ കോരിത്തരിച്ച് അസ്തിത്വത്തെക്കുറിച്ച് ബോധവാനായി അതിന്റെ ആഹ്ലാദത്തില്‍ ശ്വാസം മുട്ടിയാണ് മാസ്റ്റര്‍ മരിച്ചത്. വെള്ളക്കാര്‍ മയ്യഴി വിടുന്നതു കാണാനുള്ള യോഗം മാസ്റ്റര്‍ക്കുണ്ടായില്ല. കമ്മ്യൂണിസം ഹ്യൂമനിസമാണ് എന്നു വിശ്വസിച്ച ദാസന്‍ കലാപകാരികളെ നയിച്ചു. മയ്യഴി സ്വതന്ത്രമായി. ജയില്‍മുക്തനായ ദാസന് വീടു നഷ്ടപ്പെട്ടു. ദാസന്റെ കഥ മനുഷ്യവിധിയുടെ കഥയാണ്. മയ്യഴിയുടെ മക്കള്‍ക്കു മുഴുവന്‍ അറിയാമായിരുന്ന ദാസന്റെയും ചന്ദ്രികയുടെയും കഥ. 
ചന്ദ്രികയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിലെ മനുഷ്യവിധിയുടെ മറ്റൊരുദാഹരണം. ദാസന്‍ ജയിലിലായിരുന്നപ്പോള്‍ അയാളെ വന്നു കാണാന്‍ ആര്‍ക്കും അധികാരമുണ്ടായിരുന്നില്ല. ആരുതന്നെ വന്നില്ലെങ്കിലും ചന്ദ്രിക വരുമായിരുന്നില്ലേ എന്ന് ദാസന്‍ ഓര്‍ക്കുന്നുണ്ട്. ജയിലിലായിരുന്നപ്പോള്‍ ദാസനു ചിന്തിക്കാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവള്‍ക്ക് ദാസനെക്കുറിച്ചുമാത്രമേ ചിന്തയുണ്ടായിരുന്നുള്ളൂ. ദാസന്‍ നിര്‍ഭാഗ്യവാനായിരുന്നു. അയാളുമായി ബന്ധപ്പെടുന്നവരിലേക്കുപോലും ദുരന്തം പടരുകയായിരുന്നു. ദാസന്‍ ഏതെങ്കിലും ഉയര്‍ന്ന ഉദ്യോഗം സ്വീകരിച്ച് അന്തസ്സോടെ ജീവിക്കുകയായിരിക്കുമെന്നു കരുതിയ ഭരതനു നിരാശയാണുണ്ടായത്. ജീവിതകാലം മുഴുവന്‍ കടലില്‍ക്കിടന്നു കഷ്ടപ്പെട്ട അയാള്‍ക്ക് തന്റെ മകള്‍ ചന്ദ്രികയെ ദാസന്റെ കയ്യില്‍ ഏല്പിക്കാന്‍ ധൈര്യമുണ്ടായില്ല. ദാസനുപിന്നില്‍ ചന്ദ്രികയുടെ വീട് അടഞ്ഞുകിടന്നു. അവളുടെ വിവാഹനിശ്ചയവാര്‍ത്ത അറിഞ്ഞപ്പോള്‍ ചന്ദ്രികയെ നഷ്ടപ്പെടുന്ന നിമിഷത്തില്‍ ഭൂമി പിളരുന്നതും  സൂര്യന്‍ പൊട്ടിത്തെറിക്കുന്നതും കാണാന്‍ അയാള്‍ ആഗ്രഹിച്ചു. വെള്ളിയാങ്കല്ലില്‍ കണ്ണുനട്ടുകൊണ്ട് അവിടെ അരിപ്രാവുകളെപ്പോലെ വിഹരിക്കുന്ന മനുഷ്യാത്മാക്കളെ അയാള്‍ക്കു കാണാമായിരുന്നു. ദാസനുമാത്രം കാണാന്‍ കഴിയുന്ന ഒരു ലോകത്തിലേക്ക് ചന്ദ്രിക പോയി. ആത്മാവുകള്‍ തുമ്പികളെപ്പോലെ പാറിനടക്കുന്ന വെള്ളിയാങ്കല്ലിലേക്ക്. ദാസനും അവിടേക്കു പോയി. അവിടെ പാറി നടക്കുന്ന തുമ്പികളില്‍ ഒന്നായി ദാസനും മാറി.
ദാസനെ കീഴടക്കിയ ശൂന്യതാബോധം ആധുനികതയുടെ സവിശേഷതയായിരുന്നു. ശുഭാപ്തിവിശ്വാസവും പാരമ്പര്യാനന്തരചിന്തകള്‍ വളര്‍ത്തിയെടുക്കുന്ന അന്തര്‍ലീനമായ സംശയവും വ്യക്തിയെ നിരാശനാക്കി. ആധുനികജീവിതത്തെ വര്‍ഗീകരിക്കുന്നതിന്റെയും ക്രമപ്പെടുത്തുന്നതിന്റെയും യുക്തിസഹമാക്കുന്നതിന്റെയും ഉദ്ദേശിക്കാത്ത പ്രത്യാഘാതങ്ങള്‍ക്കൊപ്പം അവ സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ വെട്ടിമാറ്റി.
അവന്റെ ജീവിതകാലം മുഴുവന്‍ അവന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിച്ചു. സ്വാതന്ത്ര്യം യാഥാര്‍ഥ്യമല്ലെന്ന് അവന്‍ ഒടുവില്‍ തിരിച്ചറിഞ്ഞു. വീട്ടിലുള്ളവരെ വേദനിപ്പിച്ചതുപോലെ യാഥാര്‍ഥ്യബോധം അവനെ വേദനിപ്പിക്കുന്നില്ല.  അവന്‍ മറ്റൊരു ജീവിതം സ്വീകരിക്കുന്നു. മരണത്തിന്റെ സാധ്യത അവനെ ഉണര്‍ത്തി. ദാസന്‍ കാണിച്ച അദ്ഭുതം സ്വാതന്ത്ര്യമല്ല, മരണമായിരുന്നു. അയാളുെട വേദനയുടെ ഉറവിടം അയാളില്‍ത്തന്നെ അയാള്‍ കണ്ടു. അയാള്‍ അവധൂതനായിരുന്നു. 
ഒരു മനുഷ്യന്റെ യഥാര്‍ഥവിധിയില്‍ പിടിമുറുക്കാന്‍ അയാളെ അനുവദിക്കുക, അതേ ദാസന്‍ ചെയ്തുള്ളൂ. അത്തരം വ്യക്തികളുടെ വിധി പ്രത്യേക സാമൂഹികമോ ചരിത്രപരമോ ആയ സാഹചര്യങ്ങളില്‍ ചില മനുഷ്യരുടെ അവസ്ഥയാണ്. അവരുടെ ഏകാന്തതയ്ക്കപ്പുറവും മറ്റു മനുഷ്യരുടെ പൊതുജീവിതവും കലഹവും കൂട്ടുകെട്ടും പഴയതുപോലെതന്നെ തുടരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, അവരുടെ ഏകാന്തത ഒരു പ്രത്യേക സാമൂഹികവിധിയാണ്, ഒരു സാര്‍വത്രിക അവസ്ഥയല്ല. ഒരു മനുഷ്യനെ അവന്റെ സ്വഭാവംകൊണ്ടോ ജീവിതസാഹചര്യങ്ങള്‍കൊണ്ടോ പ്രതിഷ്ഠിച്ചേക്കാവുന്ന ഒരു പ്രത്യേക സാഹചര്യമാണ്. വെള്ളിയാങ്കല്ലില്‍നിന്നു വന്ന ആത്മാവാണ് ദാസന്‍. അയാള്‍ വെള്ളിയാങ്കല്ലിലേക്കുതന്നെ തിരിച്ചു പോകുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.    
ആധുനികനോവലിന് യഥാര്‍ഥ 'ആരംഭം' ഇല്ല, കാരണം, അത് അനുമാനത്തിന്റെയും കൂട്ടുകെട്ടിന്റെയും ഒരു പ്രക്രിയയിലൂടെ ക്രമേണ സ്വയം പരിചിതമാകുന്ന അനുഭവത്തിന്റെ ഒഴുക്കിലേക്കു നമ്മെ വീഴ്ത്തുന്നു; അതിന്റെ അവസാനം സാധാരണയായി തുറന്നതോ അവ്യക്തമോ ആണ്, ഇത് കഥാപാത്രങ്ങളുടെ അന്തിമവിധിയെക്കുറിച്ച് വായനക്കാരനെ സംശയത്തിലാക്കുന്നു. ആഖ്യാനഘടനയുടെയും ഐക്യത്തിന്റെയും കുറവ് നികത്താന്‍, സൗന്ദര്യാത്മകക്രമപ്പെടുത്തലിന്റെ ബദല്‍രീതികള്‍ നോവലിസ്റ്റ് സ്വീകരിക്കുന്നു.  ഇത്തരം നിഗമനങ്ങളെയെല്ലാം മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ തകര്‍ത്തുകളയുന്നു. നോവലിലൊരിടത്ത് കാലത്തിന്റെ സന്ദേശങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ട് കടല്‍ക്കാറ്റ് വീശിക്കൊണ്ടിരുന്നു എന്നു പറയുന്നുണ്ട്. അതുപോലെ, കാലത്തിന്റെ സന്ദേശങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് അരനൂറ്റാണ്ടായി നോവല്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍  മലയാളികള്‍ വായിച്ചുകൊണ്ടേയിരിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)