•  22 May 2025
  •  ദീപം 58
  •  നാളം 11
അതിജീവനത്തിന്റെ സ്ത്രീ മുഖങ്ങള്‍

അമ്മമ്മ

  എന്റെ നാട്ടില് വീടിന്റെ അടുത്ത് ഒരു അമ്മമ്മ ഉണ്ടായിരുന്നു. അവരുടെ പേര് ഞങ്ങള്‍ കുട്ടികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ അറിയില്ലായിരുന്നു. എല്ലാവരും അവരെ പറയ്ക്കലെ അമ്മമ്മ എന്ന് വിളിച്ചുപോന്നു. വടകരദേശത്തുനിന്നു കുടിയേറിപ്പാര്‍ത്തവരായതുകാരണം ആ നാട്ടുഭാഷയായിരുന്നു അവരുടെ സൗന്ദര്യം. എന്റെ ചെറുപ്പത്തില്‍ സ്‌കൂളില്‍ പോയി വന്നശേഷമുള്ള വൈകുന്നേരങ്ങളില്‍ ഭൂരിഭാഗവും ഞാന്‍ പറയ്ക്കലെ വീട്ടിലായിരുന്നു ചെലവഴിച്ചിരുന്നത്. വീട്ടതിരുകള്‍ക്കന്ന് വേലികളില്ല. എന്റെ വീട്ടില്‍നിന്ന് അവരുടെ വീട്ടിലേക്ക് രണ്ടു വാളമ്പുളിമരത്തിന്റെയും ഒരു നാട്ടുമാവിന്റെയും രണ്ടു പശുത്തൊഴുത്തിന്റെയും അകലമേ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ കുടുംബങ്ങളിലൊക്കെ കുട്ടികളടക്കം ധാരാളം ആള്‍ക്കാര്‍  ഉണ്ടായിരുന്നു. ഓണത്തിനും വിഷുവിനും ആ വീട്ടില്‍ മക്കളും കൊച്ചുമക്കളുമായി ഒത്തിരി ആളുകള്‍  വരും. പുളിമരത്തെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന മുല്ലമൊട്ടു പറിച്ച് മാലകെട്ടല്‍, പറമ്പിന്റതിരിലെ തോട്ടില് മീന്‍പിടിക്കല്‍ ഇതൊക്കെയായിരുന്നു ഏറ്റവും വലിയ വിനോദങ്ങള്‍.
ഞാന്‍ കടന്നുചെല്ലുമ്പോഴൊക്കെ എന്നെമാത്രം കാത്തിരിക്കുന്നതുപോലെ ഇറയത്ത് അമ്മമ്മ പുഞ്ചിരിച്ച് ഇരിപ്പുണ്ടാവും. അവരെ ഒരിക്കലും നിറങ്ങള്‍ അണിഞ്ഞു കണ്ടിട്ടില്ല. നീരിറക്കത്തിന്റെ ശല്യം ഉള്ളതുകൊണ്ട് അമ്മമ്മ ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യംമാത്രമേ തല നനച്ചിരുന്നുള്ളൂ. അന്നവര്‍ ദേഹത്ത് കുഴമ്പു പുരട്ടും; തലയില്‍ പലതരം പച്ചമരുന്നിട്ടു കാച്ചിയ വെളിച്ചെണ്ണയും. കുളികഴിഞ്ഞിറങ്ങിയ അവരെ കാണാന്‍ എഴുപതു തൊട്ട പ്രായത്തിലും വല്ലാത്ത അഴകും ഗന്ധവുമായിരുന്നു. വെളുത്ത മുണ്ടും വെളുത്ത ബ്ലൗസും വെളുത്ത മേല്‍മുണ്ടും ധരിച്ച അവരുടെ കൈയിലെ ചുളിവുകളില്‍ തൊട്ടുതലോടി ഞാന്‍ ചോദിക്കും, എന്താ അമ്മമ്മയുടെ മേല് ഇങ്ങനെയിരിക്കുന്നത്? ഇയ്ക്ക് പ്രായമായതുകൊണ്ടാണെന്ന് അവര്‍ മറുപടി പറയും. എന്തുകൊണ്ടോ ആ പ്രായത്തിലും അവരുടെ തൊലിയും ഗന്ധവും എനിക്കു കിട്ടണമേ എന്നു ഞാന്‍ ആഗ്രഹിച്ചു. ഒരിക്കല്‍, ഞാന്‍ അമ്മമ്മയോട് അവരുടെ പേരെന്തെന്നു ചോദിച്ചു. അമ്മമ്മ പുഞ്ചിരിച്ചുകൊണ്ട് അമ്മമ്മ എന്നുമാത്രം പറയും. മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി അത് അങ്ങനെതന്നെയാണെന്നു വിശ്വസിച്ചുപോന്നു. പിന്നീട് ഞാന്‍ ഒരിക്കലും അവരുടെ പേരു  ചോദിച്ചിട്ടേയില്ല.
അവരായിരുന്നു ആ വീട്. മുറ്റത്ത് പൂത്തു നിന്നിരുന്ന മന്ദാരത്തെക്കാളും നിശാഗന്ധിയെക്കാളുമധികമായി അവര്‍ പുഞ്ചിരിച്ചിരുന്നു. ഒരിക്കലും ചിരിച്ചുകൊണ്ടല്ലാതെ അവരെ എനിക്കു കാണാന്‍ സാധിച്ചിട്ടില്ല. ആ വീട്ടില്‍ മക്കളും മരുമക്കളും അവരുടെ കൊച്ചുമക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും എനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പം അമ്മമ്മയോടായിരുന്നു. തൊണ്ണൂറു കാലഘട്ടത്തില്‍ ഞങ്ങള്‍ അച്ചായന്മാര്‍ കുടംപുളിയിട്ട് മീന്‍ വറ്റിച്ചെടുക്കുമ്പോള്‍ വടകരദേശക്കാര്‍ അവരുടെ അടുക്കളയില്‍ തേങ്ങ അരച്ചുവച്ച മീന്‍കറി എനിക്ക് ആദ്യമായി വിളമ്പി. അമ്മിക്കല്ലില്‍ അരച്ചെടുക്കുന്ന മീന്‍കറി അന്ന് ഞങ്ങള്‍ക്കു പുതുമയാണ്.
കാലം പോകെ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരോണക്കാലത്ത് എന്റെ വല്യമ്മച്ചി മരിച്ചുപോയി. അത്രയും നാള്‍ ഞാന്‍ അമ്മച്ചിയുടെ കഥകളുടെ കൂടെയായിരുന്നു കിടന്നിരുന്നത്.
അമ്മച്ചിയുടെ മണം, കറുത്ത കരിമ്പടത്തിന്റെ ചൂടും വാത്സല്യവും ഒക്കെ നഷ്ടപ്പെട്ടുതുടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും അമ്മമ്മയോട് അടുത്തുതുടങ്ങി അവരെന്റെ തലയില്‍ പലപ്പോഴും തലോടിയിരുന്നു. സ്‌കൂള് വിട്ടുവരുന്ന എന്റെ തലമുടി വെറുതെ കെട്ടഴിച്ച് ഒന്നു കുടഞ്ഞിട്ട് വീണ്ടും കെട്ടിവയ്ക്കും. തൊടലുകളുടെയും തലോടലുകളുടെയും വില അതു നഷ്ടപ്പെടുമ്പോള്‍മാത്രമാണല്ലോ നമ്മള്‍ അറിയുന്നത്. ശിശിരമാകുമ്പോഴേക്കും അവര്‍ക്കും ഞങ്ങള്‍ക്കും പറമ്പ് നിറയെ ചക്ക കായ്ക്കും. ചുവന്ന ചീരത്തലപ്പുകള്‍ ചിരിക്കും. ചക്കമണങ്ങള്‍ അതിരുവിട്ട് ദേശങ്ങളിലേക്ക് ഇണക്കത്തോടെ യാത്രപോകും. ഞങ്ങള്‍ രണ്ടു വീട്ടുകാരും ചക്കകൊണ്ട് വ്യത്യസ്തതരത്തിലുള്ള വിഭവങ്ങളാണ് ഉണ്ടാക്കുന്നത്. എന്റെ വീട്ടില്‍ ജീരകവും വെളുത്തുള്ളിയും തേങ്ങയും അരച്ച് ചക്കപ്പുഴുക്ക് ഉണ്ടാക്കുമ്പോള്‍, അമ്മമ്മ ചക്കക്കുരു ചേര്‍ത്താണ് പുഴുക്കുണ്ടാക്കുന്നത്. എന്നാല്‍, എത്ര അടുക്കളപാരമ്പര്യം പറഞ്ഞാലും എന്റെ അമ്മയ്ക്ക് എത്തിനോക്കാന്‍ പറ്റാത്ത അത്ര ഒരു രുചിക്കൂട്ട് അമ്മമ്മയുടെ കൈക്കുള്ളില്‍ ഉണ്ടായിരുന്നു. ചക്കക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട പലഹാരമായിരുന്നു അത്. രാത്രികാലങ്ങളിലാണ് അതു തയ്യാറാക്കുന്നത്. മുറത്തിലേക്ക് അടര്‍ത്തിയിട്ട പഴുത്ത ചക്കച്ചുളകള്‍ അടുപ്പത്ത് വലിയ ഉരുളിയില്‍വച്ച് ശര്‍ക്കരപ്പാനിയില്‍ വരട്ടിയുണ്ടാക്കിയെടുക്കുന്ന ഒരു വിഭവം. ഞങ്ങള്‍ അതിനെ ചക്ക വരട്ടിയത് എന്നു പറയും. ചക്ക ഹല്‍വ എന്നു പറഞ്ഞാല്‍ ഒരുപക്ഷേ, രുചി കുറഞ്ഞുപോകും. അത്രയേറെ മധുരതരമായിരുന്നു അത്. എന്റെ അമ്മ എടനയില വാട്ടി കുമ്പിളപ്പം അപ്പച്ചെമ്പില്‍ വേവിച്ചെടുക്കുമ്പോള്‍ അമ്മമ്മ ഒരു കുഞ്ഞുപാത്രത്തില് ചക്ക വരട്ടിയതുമായി വരും. അതിന്റെ ആദ്യത്തെ കഷണം എനിക്കു തന്നെയാണ്. ചക്കരമിട്ടായി അലിയിച്ച് എടുക്കുമ്പോലെ വളരെയേറെ സമയമെടുത്ത് നാവിലിട്ട് അലിയിച്ചാണ് ഞങ്ങള് പിള്ളാര് ചക്ക വരട്ടിയതു കഴിക്കുന്നത്. അത്രയ്ക്കു സ്വാദായിരുന്നു അതിന്. വേനല്‍ക്കാലത്തേക്കുമാത്രമല്ല, ആ വര്‍ഷം മുഴുവനും വരുന്ന വിരുന്നുകാര്‍ക്കുവേണ്ടിയുള്ള മധുരപലഹാരംകൂടിയായിരുന്നു അത്. ഞാന്‍ എസ്എസ്എല്‍സി കഴിഞ്ഞു. പാലാ അല്‍ഫോന്‍സായിലേക്ക് പിന്നീടുള്ള പഠനം തുടര്‍ന്നു. എല്ലാ അവധികള്‍ക്കും വീട്ടിലെത്തിക്കഴിഞ്ഞാല്‍ പറത്തിവിട്ട തുമ്പിയെപ്പോലെ ഞാന്‍ ആദ്യം പോകുന്നത് അമ്മമ്മയുടെ അടുത്തേക്കായിരുന്നു. അവിടത്തെ അടുക്കയലമാരയില്‍ എവിടെയാണ് പലഹാരങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നത് എന്ന് ഒരുപക്ഷേ അവിടത്തെ കൊച്ചുമക്കളെക്കാള്‍ കൂടുതലായി അറിയാമായിരുന്നത് എനിക്കായിരുന്നു. മല്ലികച്ചേച്ചി (അമ്മമ്മയുടെ മൂത്ത മരുമകള്‍)എനിക്ക് മീന്‍കറി ഒഴിച്ച് ചോറു വിളമ്പും. വിശന്ന കുട്ടിയെപ്പോലെ ഞാനത് ആര്‍ത്തിയോടെ വാരിക്കഴിക്കും. ചുറ്റുമിരിക്കുന്നവരോട് ഒരുപാട് സംസാരിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ചോറുണ്ടുകഴിഞ്ഞാല്‍ പിന്നെ അമ്മമ്മ അലമാര തുറന്ന് ചക്ക വരട്ടിയത് എടുത്ത് മുറിച്ചു തരും. വാശിപിടിച്ച കുട്ടിയെപ്പോലെ വീണ്ടും വീണ്ടും ഞാനത് ലജ്ജയില്ലാതെ ആവശ്യപ്പെടും.
കുട്ടിക്കാലത്ത് അയല്‍പക്കങ്ങളില്‍ അത്രയും അവകാശം ലഭ്യമായിരുന്നു.
ഇന്നില്ലാതെ പോകുന്നതും അതുതന്നെ. ആഹാരസേവ കഴിഞ്ഞാല്‍ പിന്നെ കഥകളാണ്. വെളുത്ത വിരിപ്പുവിരിച്ച കട്ടിലില്‍ അമ്മമ്മ കിടക്കും. കാല്‍ച്ചുവട്ടില്‍ അത്രയും കാലത്തെ മലയാള മനോരമ, മംഗളം എല്ലാം കാണും. നോവലുകള്‍ വായിച്ചുകൊണ്ട് ഞാനിരുന്ന് വര്‍ത്തമാനം പറയും. എന്റെ എല്ലാ വര്‍ത്തമാനങ്ങളും രണ്ടു ചെവിയും തുറന്നുവച്ച് കണ്ണുകള്‍ എനിക്കുമാത്രമായി തന്ന് അമ്മമ്മ എന്റെ ചുറ്റിലും നിറയും. ചക്കപ്പഴങ്ങളുടെ ഗന്ധവുമായി തണുത്ത കാറ്റ് തുറന്നിട്ട ജനലില്‍ക്കൂടി വരും. പെണ്ണുങ്ങള്‍മാത്രമുള്ള കോളജ് ആയിരുന്നിട്ടുകൂടി  ഒരോര്‍മപ്പെടുത്തല്‍ എന്നപോലെ പ്രേമോന്നുമില്ലല്ലോ എന്നു ചോദിച്ച് അമ്മമ്മ ഉറപ്പുവരുത്തും. അവിടെ ഫ്രഞ്ച് പഠിപ്പിക്കുന്ന ഒരു പാതിരിമാത്രമേയുള്ളൂ അമ്മമ്മേ എന്നു ഞാന്‍ ചിരിച്ചുകൊണ്ട് മറുപടി പറയും. പലപ്പോഴും ഞാന്‍ ഓര്‍ക്കും, അമ്മമ്മയ്ക്ക് എന്റെ അതേ പ്രായമായിരുന്നോ എന്ന്. എത്രയൊക്കെ വിഷമത്തിന്റെ ഇടയ്ക്കും മനുഷ്യന്‍ ചിരിച്ചുമാത്രമേ പെരുമാറാവൂ എന്ന് എന്നെ പഠിപ്പിച്ച മുഖങ്ങളില്‍ ഒന്നാണ് അമ്മമ്മ. ഒരുപക്ഷേ, അമ്മമ്മമാത്രമല്ല ആ കാലഘട്ടങ്ങളിലെ സ്ത്രീകളെല്ലാവരും വളരെ കരുത്തുള്ളവരായിരുന്നു. ഞാന്‍ വളര്‍ന്നു. ഇരുപതു വയസ്സിനു മുമ്പേ ഞാന്‍ വിവാഹിതയായി. കല്യാണം അടുത്തപ്പോള്‍ അമ്മമ്മ എന്നോടു പറഞ്ഞു, ഭര്‍ത്താവിന്റെ കാലില്‍ തൊട്ട്  വന്ദിച്ചിട്ട് വേണം അടുക്കളയില്‍ കയറാന്‍ എന്ന്. തൊണ്ണൂറുകളില്‍ അടുക്കള ആയിരുന്നല്ലോ പെണ്ണിന്റെ ലോകം. ഒരു ക്രിസ്ത്യാനിപ്പെണ്ണിന് അതത്ര പഥ്യമാകുമായിരുന്നില്ല. എന്നാലും, അമ്മമ്മ പറഞ്ഞതിനെക്കാള്‍ അധികമായി സ്‌നേഹമെന്ന വികാരം എനിക്ക് അദ്ദേഹത്തോടുണ്ടായിരുന്നു. എപ്പോ നാട്ടില്‍ ചെന്നാലും പതിവുപോലെ ഞാന്‍ അമ്മമ്മയുടെ അടുത്തു പോകും. നെഞ്ചില്‍ താലിയും നെറ്റിയില്‍ സിന്ദൂരവും കണ്ടില്ലെങ്കില്‍ അമ്മമ്മയുടെ മുഖം വാടും. നിനക്കു സുഖമല്ലേ കുട്ടീ എന്ന് വാത്സല്യത്തോടെ ചോദിക്കും. തീരെ വണ്ണമില്ലാത്ത ചുക്കിച്ചുളിഞ്ഞ വിരലുകള്‍ എന്റെ കവിളില്‍ തൊടും. ഓന്‍ പറയുന്നതെല്ലാം അനുസരിക്കണമെന്ന് എന്നെ ഓര്‍മിപ്പിക്കും. അവിടെനിന്ന് തിരിച്ചുപോരുമ്പോള്‍ കുട്ടിയായിരുന്നാല്‍ മതി എന്ന ചിന്ത എന്റെ ഉള്ളില്‍ കൂടും. ഞാന്‍ അന്നൊക്കെ തിരുവമ്പാടിയില്‍ ആയിരുന്നു. അങ്ങനെ ഒരു പുലര്‍ച്ചെ എന്റെ അമ്മ ഫോണ്‍ വിളിച്ചു പറഞ്ഞു, അമ്മമ്മ മരിച്ചുപോയി എന്ന്. അന്നു വൈകുന്നേരം അമ്മമ്മയുടെ ദേഹമെരിച്ച അഗ്‌നിനാളങ്ങള്‍ വെളുത്ത മേഘപാളിയിലേക്ക് ഉയര്‍ന്നുപൊങ്ങുന്നത് ഞാനും അവരുടെ മക്കളോടൊപ്പം നോക്കിനിന്നു. ഒരു സ്‌നേഹം മരിച്ചുപോയ വേദനയോടെ അന്ന് ഞാന്‍ കിടന്നു. പിറ്റേദിവസം പത്രത്തില്‍ ഞാനൊരു ചരമവാര്‍ത്ത കണ്ടു, കണ്ണാടിക്കല്‍ കൗസല്യ നിര്യാതയായി എന്ന്. മരിച്ചശേഷം മാത്രമറിഞ്ഞ ആ പേരിലേക്ക് ഞാന്‍ വീണ്ടും വീണ്ടും അതീവ സങ്കടത്തോടെ നോക്കിയിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)