കെട്ടിച്ചുവിട്ട പെണ്‍മക്കളോട് ഭൂരിഭാഗം അമ്മമാരും അന്വേഷിക്കുന്ന ചില കാര്യങ്ങളുണ്ട്: ഇന്നെന്നാ കറിവച്ചെ? പിള്ളാര് വല്ലോം കഴിച്ചോ? കുരിശു വരച്ചോ? പച്ചക്കറി പുറത്ത്ന്നാണോ മേടിച്ചെ? മുളകുപൊടി തീര്‍ന്നോ? ആവര്‍ത്തിക്കപ്പടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കലായിരുന്നു ഒരു കാലഘട്ടം മുഴുവന്‍ ഞാന്‍. എന്നാല്‍, കലണ്ടറില്‍ 2020 നവംബര്‍ 3 എന്ന് അടയാളപ്പെടുത്തിയ ആ ദിവസംമുതലാണ് ജീവിതത്തില്‍, പ്രത്യേകിച്ച് കുടുംബമെന്ന സംവിധാനത്തില്‍ അറിഞ്ഞോ അറിയാതെയോ ഒരു പുരുഷന്‍ എടുക്കുന്ന റോളിനെക്കുറിച്ചു ഞാന്‍ പരിചയപ്പെടുന്നത്. ഒരിക്കലെങ്കിലും ചോദ്യങ്ങളുടെ ആവര്‍ത്തനം മാറി ''നിനക്കു സുഖമാണോ മോളേ'' എന്നു കേള്‍ക്കാന്‍ എന്റെ കാതുകള്‍ ആഗ്രഹിച്ചിരുന്നു. ആ ഒരു സമയംമുതല്‍ സ്ത്രീയുടെയും പുരുഷന്റെയും റോള്‍ അതിന്റെ ഏറ്റവും ഭാരത്തില്‍, വേദനയില്‍, ആധിയില്‍, ഉന്മാദങ്ങളില്ലാതെ അവതരിപ്പിക്കാനുള്ള എന്റെ പെടാപ്പെടലിലാണ് ഞാന്‍ മനുഷ്യരെ, പ്രത്യേകിച്ച് സ്ത്രീകഥാപാത്രങ്ങളെ കൂടുതല്‍ മനസ്സിലാക്കിത്തുടങ്ങിയത്.
അന്ന് ഞാനും എന്റെ ഏറ്റവും അടുത്ത സുഹൃത്തായ അനിതയുംകൂടി തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ് നടത്തുകയായിരുന്നു. സമയം ഏകദേശം രാത്രി ഒമ്പതു മണിയായിക്കാണും. എന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. അശ്വതി എന്ന് ഡിസ്‌പ്ലേയില്‍ തെളിഞ്ഞു.
''ടീച്ചര്‍ ഏട്യാ?''
ആദ്യത്തെ ചോദ്യം. പിന്നെ മഴ വന്നു വീണ ഇലച്ചില്ല ഉലയും പോലെ ഒരു കരച്ചിലും. സൂപ്പര്‍മാര്‍ക്കറ്റിന്റെ നടവഴിയില്‍നിന്ന് ഞാന്‍ 'എന്താ എന്താ'യെന്ന് ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. എന്റെ ഉറക്കെയുള്ള ചോദ്യം കേട്ട് അകത്തേക്കു സാധനങ്ങള്‍ വാങ്ങാന്‍ പോയ അനിതയും തിരികെയിറങ്ങി.
''ടീച്ചറേ ഞാന്‍ പൊരേന്ന് ഇറങ്ങിനടക്കുകയാണ്. ഇനി ആവൂല ടീച്ചറേ ഇവിടെ നിക്കാന്‍.'' രാത്രി എട്ടുമണിക്ക് അഞ്ചുമാസംമാത്രം പ്രായമുള്ള ഒരു കുഞ്ഞിനെയും എടുത്തുകൊണ്ടു നടക്കുന്ന ഒരു സ്ത്രീയോട് പ്രശ്‌നത്തിന്റെ രൂക്ഷഭാവങ്ങള്‍ എന്താണെന്നു ചോദിക്കാന്‍ ആ സമയത്തു ഞാന്‍ ആഗ്രഹിച്ചില്ല. എവിടെയാ ഉള്ളത് എന്നുമാത്രം ചോദിച്ചു. ഞാന്‍ വരുന്ന സമയംവരെ എങ്ങോട്ടേക്കും പോകാതെ ഏതെങ്കിലും വീട്ടില്‍ കയറി നില്‍ക്കണം എന്നു മാത്രം പറഞ്ഞു. അവള്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നുള്ള ഭയത്തിന്‍മേല്‍ ഞാന്‍ ഫോണ്‍ കട്ടു ചെയ്യാതെ അവളോടുമിണ്ടിക്കൊണ്ടിരുന്നു. എന്താ പ്രശ്‌നം എന്ന് എന്നോടു ചോദിക്കുന്ന അനിതയോടു മറുപടി പറയാതെ ഞാന്‍ കാറില്‍ കയറി. ''ഒരിടംവരെ പോണം. നീയും വരണം.'' അത്രമാത്രം ഞാന്‍ പറഞ്ഞു.
ഫോണ്‍ ലൗഡ് സ്പീക്കറോടെ എന്റെ മടിയിലേക്കു വീണു. ഉയര്‍ന്നുകേള്‍ക്കുന്ന പൊട്ടിക്കരച്ചിലിനോട് 'ഞാനെത്തിയെടീ' എന്ന മറുപടി നിരന്തരം ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു. കാര്‍ ഇടവഴിയിലേക്കു തിരിഞ്ഞതും ഇരുട്ടിലും ദുഃഖത്തിലും കുതിര്‍ന്ന ഒരു രൂപം കുഞ്ഞിനെയുംകൊണ്ട് വെളിയില്‍നില്‍ക്കുന്നതു കണ്ടു. അശ്വതി എന്റെ ക്ലാസിലെ ഒരു കുട്ടിയുടെ അമ്മ മാത്രമായിരുന്നു എന്നു പറഞ്ഞാല്‍ പോരാ, എന്റെ വീട്ടിലെ തീന്‍മുറിയിലേക്ക് അതിരുചികരമായ അച്ചാറും ചമ്മന്തിപ്പൊടിയും എത്തിക്കുന്നവള്‍കൂടിയായിരുന്നു അശ്വതി.
മഴച്ചാറ്റല്‍ വീണ് കാഴ്ച മറഞ്ഞെങ്കിലും ഞാന്‍ കാര്‍ നിര്‍ത്തി ഡോര്‍ തുറന്നു. ''വേഗം വന്ന് വണ്ടിയില്‍ കയറ്'' ഹോംവര്‍ക്ക് ചെയ്യാത്ത കുട്ടികളോട് ഒച്ചയിടുന്നതുപോലെ ഞാന്‍ അശ്വതിയോടു ശബ്ദം ഉയര്‍ത്തിപ്പറഞ്ഞു. പരിചയമില്ലാത്ത നാട്ടില്‍നിന്ന് ഒരാളെ അസ്വാഭാവികമായ സാഹചര്യത്തില്‍ വണ്ടിയില്‍ കയറ്റി കൊണ്ടു പോകുമ്പോള്‍ വരാന്‍പോകുന്ന ഭവിഷ്യത്തുകള്‍ ആ സമയംമുതല്‍ എന്നെ പിന്തുടരാന്‍ തുടങ്ങി. അതിലുപരിയായി എനിക്ക് അവളെക്കുറിച്ച് കൂടുതലൊന്നും അറിയുകയും ഇല്ലായിരുന്നു.
''നിനക്കു പരിചയമുള്ള വീട് ഏതെങ്കിലും ഉണ്ടോ, നമുക്ക് അങ്ങോട്ടേക്കു പോകാം തല്‍ക്കാലം.'' ഞാന്‍ പറഞ്ഞു.
''വേണ്ട ടീച്ചറേ, എനിക്കു മരിച്ചാല്‍ മതി.''
കൈ രണ്ടും സ്റ്റിയറിങ്ങില്‍ ആയതുകൊണ്ടും അടിക്കാന്‍ ചൂരല്‍ ഇല്ലാത്തതുകൊണ്ടും അശ്വതി എന്റെ പ്രഹരത്തില്‍ നിന്ന് ആ സമയം രക്ഷപ്പെട്ടതായി വേണം പറയാന്‍. എന്റെ കുറെനേരത്തെ നിര്‍ബന്ധം കൊണ്ടാണ് അവള്‍ ഏകദേശം പരിചയമുള്ള ഒരു വീട് പറഞ്ഞത്. ഞാനും അനിതയും അശ്വതിയുംകൂടി ആ വീടിന്റെ മുറ്റത്തേക്കു പ്രവേശിച്ചു. ഞങ്ങള്‍ പ്രവേശിച്ചതും ആണും പെണ്ണും അടക്കം ഒരു കൂട്ടം ആളുകള്‍ ആ വീടിനെ വിഴുങ്ങാന്‍ തുടങ്ങി. എന്റെ മുഖം കണ്ടതും, 'ഓള്‍ക്കൊന്നും പറ്റീലല്ലോ ടീച്ചറേ' എന്ന ചോദ്യവുമായി കുറച്ചുപേര്‍ അകത്തേക്കു പ്രവേശിച്ചു. ''അപ്പോള്‍ നിങ്ങള്‍ കണ്ടിരുന്നോ ഇവള്‍ വഴിയില്‍ക്കൂടി നടക്കുന്നത്?'' ഞാന്‍ ചോദിച്ചു. 'സ്ത്രീകളുടെ പ്രശ്‌നമല്ലേ ഇമ്മക്ക് ഇടപെടാന്‍ പറ്റൂലല്ലോ' എന്ന് ഒരു കൂട്ടര്‍. മരിച്ചുകിടക്കുമ്പോള്‍പോലും മടിച്ചി എന്നു പറയുന്ന ഒരു ജനത്തെ എനിക്കോര്‍മ വന്നു.
സമയം ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, ഒരു മണി, കരച്ചിലിന്റെ കനം കുറഞ്ഞുതുടങ്ങി. ഒരാളുടെ വീട്ടിലെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനല്ലാതെ പൂര്‍ണമായി പരിഹരിക്കാന്‍ നമുക്ക് ഒരിക്കലും സാധിക്കില്ല എന്നുള്ള തിരിച്ചറിവ് എപ്പോഴൊക്കെയോ എനിക്കു ലഭിച്ചിരുന്നതുകൊണ്ട് ഞാനന്നു മുഴുവന്‍ ഇരുന്ന് അവള്‍ പറഞ്ഞതൊക്കെ കേട്ടു. നേരം വെളുപ്പിന് ഇറങ്ങിപ്പോരുംമുമ്പ് 'എന്തുവന്നാലും ഞാന്‍ കുറ്റപ്പെടുത്തില്ല. ഇനിമേല്‍ കരയരുത്, ഞാന്‍ കൂടെയുണ്ടാകും' എന്ന വാക്കിന്റെ ഉറപ്പിന്മേല്‍ അവള്‍ അവളുടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെപ്പോയി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എനിക്കു മനസ്സിലായ കാര്യം അവളെ കേള്‍ക്കാന്‍ രണ്ടു കാതുകള്‍ വേണമെന്നുള്ളതായിരുന്നു. അതിന്റെ ഇടയില്‍ ഞാന്‍ ഒരു നിബന്ധന വച്ചു. എന്നോടല്ലാതെ വേറേ ആരോടും മുറുമുറുപ്പുകളും പരാതിയും പറയരുതെന്ന്. കുറെ അവള്‍ അനുസരിച്ചു എന്നു തോന്നുന്നു. പുളിച്ചുപൊന്തിയൊഴുകുന്ന മാവുപോലെ അവളുടെ പരാതികള്‍ രണ്ടുമൂന്നാഴ്ച എന്റെ ചെവിയിലേക്കുമാത്രം ഒഴുകിക്കൊണ്ടിരുന്നു. പഞ്ചായത്തു മെമ്പറെ കണ്ട് കുടുംബശ്രീ തുടങ്ങുന്ന പുതിയ അച്ചാറു കമ്പനിയില്‍ ഒരു ജോലിയാക്കി കൊടുക്കുന്നിടംവരെ അവള്‍ക്കുവേണ്ടിമാത്രം എന്റെഫോണ്‍ ഉപയോഗിച്ചു എന്നുവേണം പറയാന്‍.
പുഴയോളം മൊഞ്ചുപോലെ പെണ്ണൊഴുകി ജീവിക്കുന്നത് പിന്നെ ഞാന്‍ കണ്ടുതുടങ്ങുകയായിരുന്നു. അശ്വതിക്കിപ്പോള്‍ സ്വപ്നങ്ങളുണ്ട്. അവളുണ്ടാക്കുന്ന അച്ചാര്‍ഭരണികള്‍ ഉച്ചയൂണുകളില്‍ താരമാവുന്നു എന്നുള്ളത് അവളുടെമാത്രം അഭിമാനമാണ്. അശ്വതിയുടെ ഭര്‍ത്താവ് ഇപ്പോള്‍ അന്യരാജ്യത്താണ്. മരുഭൂമിയിലെ വേനലില്‍ പരാതിയായിട്ടെങ്കിലും അവളുടെ സ്വരത്തിനുവേണ്ടി അയാള്‍ കാതോര്‍ത്തിരിക്കുന്നു. ഒറ്റപ്പെട്ടു പോകുമ്പോഴാണല്ലോ മനുഷ്യന്‍ ബന്ധങ്ങളുടെ വിലയറിയുന്നത്. പെണ്ണിന്റെ കണ്ണീരിനല്ല വില, പെണ്ണിന്റെ ധൈര്യമാണ് അവളുടെ വില നിശ്ചയിക്കുന്നതെന്ന് ഈ പുതുവര്‍ഷത്തില്‍ അവള്‍ സ്റ്റാറ്റസ് എഴുതിയിട്ടു. ജീവിതത്തില്‍ ഒരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അവരെ കേള്‍ക്കുക എന്നത് വളരെ വലിയ കാര്യമാണെന്ന് എനിക്കും മനസ്സിലായി. എങ്കിലും ഒരേ ആകാശവും ഭൂമിയും മണ്ണും ജലവും പങ്കുവയ്ക്കുന്ന മനുഷ്യര്‍ തന്റെ ഗണത്തില്‍പ്പെട്ട ഒരു സ്ത്രീ പാതിരാത്രിയില്‍ കരഞ്ഞുകൊണ്ട് ഇറങ്ങിനടക്കുന്നതു കണ്ടിട്ടും 'നിനക്കെന്താ പറ്റിയത്' എന്നു ചോദിച്ച് അവളുടെ കൈ പിടിക്കാത്തതിന്റെ പിറകിലെ യുക്തിയും ഭക്തിയും എനിക്കിപ്പോഴും മനസ്സിലാവുന്നില്ല.