എന്റെ മുറ്റത്തെ പേരമരച്ചുവട്ടില്‍ കുറെ പുഴക്കല്ലുകളുണ്ട്. പ്രവൃത്തിദിനത്തിന്റെ ഒരു ഭാരവും എന്നെ കാത്തിരിക്കുന്നില്ല എന്നാശ്വാസമുള്ള ഒരു ദിവസം കിളിയൊച്ചകള്‍ കേട്ട മുറ്റത്തേക്കു ഞാന്‍ സന്തോഷവതിയായി ഇറങ്ങി. കാവെന്നും കാടെന്നും പറഞ്ഞ് മക്കള്‍ എന്നെ കളിയാക്കുന്ന കോളാമ്പിവള്ളികള്‍ക്കുള്ളിലേക്കു ഞാന്‍ തല കുന്തിച്ചുനോക്കി. രണ്ടു കല്ലന്‍കുരുവികള്‍ കൂടിളക്കി പറന്നുപോകുന്നു. അപ്പോഴാണ് മണ്ണില്‍ കല്ലുകള്‍ മുഴുവന്‍ ചെളിപുരണ്ടു കിടക്കുന്നതു കണ്ടത്. ആ പുഴക്കല്ലു മുഴുവന്‍ നന്ദന ചെമ്പുകടവില്‍നിന്നു കൊണ്ടുവന്നതാണ്. കാട്ടിലെ കനി എന്നു പറയാം. കുറെനാള്‍ അവളെന്റെ വീട്ടിലായിരുന്നു. ആ കാലം മുഴുവന്‍ എനിക്കു നിധിപോലെ കാത്തുവയ്ക്കാനുള്ള നിമിഷങ്ങളാണ്.
നന്ദന ഉള്ള സമയത്ത് എന്നും രാവിലെ ഒരു കപ്പ് കാപ്പി കൊണ്ടുവന്നു തരും. ജീവിതത്തില്‍ ഒരു വീണ്ടെടുക്കലിന്റെ കാലമായതുകൊണ്ട് ഞാനതു വളരെയേറെ ആസ്വദിച്ചിരുന്നു. അവധിക്കു ഹോസ്റ്റലില്‍നിന്നു വീട്ടിലെത്തുമ്പോള്‍ അമ്മ കാപ്പിയുമായി അടുത്തുവരുന്ന ഓര്‍മയൊക്കെയേ എന്റെ ശേഖരത്തില്‍ ഉള്ളൂ. എന്റെ ജനറേഷനിലുള്ള സ്ത്രീകളുടെയൊക്കെ വിവാഹത്തോടെ അറ്റുപോയ പുലര്‍കാല ആനന്ദം. എന്റെ റൂമില്‍ ഞാന്‍ തനിച്ചാക്കപ്പെട്ട നാളുകളായിരുന്നു അത്. ഉറക്കം പിണങ്ങി നില്‍ക്കുന്ന രാത്രികള്‍ മുഴുവന്‍ നിലത്തു കുത്തിയിരുന്ന് ബെഡ്ഡില്‍ വശം ചരിഞ്ഞു കിടക്കുന്ന എന്റെ കണ്ണില്‍ നോക്കി നന്ദന കഥകള്‍ പറയും. നിലമ്പൂര്‍ ചോലനായ്ക്കരുടെ ഇടയില്‍നിന്നു ചെമ്പുകടവു കോളനിയിലേക്കു കല്യാണം കഴിച്ചുവന്നത്, പേരറിയാത്ത തെയ്‌വങ്ങളുടെ ഉത്സവം കൂടാന്‍ പോകുന്നത്, ആറ്റുമീന്‍ പിടിച്ചുണക്കി വയ്ക്കുന്നത്, മൂപ്പനെ പറ്റിച്ചു വാറ്റ് കട്ടുകുടിക്കുന്നത്, കോടഞ്ചേരി സിനിമാഹാളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമയ്ക്കു പോകുന്നത്. കഥ കേള്‍ക്കാനുള്ള പ്രായം കഴിഞ്ഞുപോയിട്ടും ഡിപ്രഷന്റെ ആ സമയത്ത് എന്നെ പിടിച്ചുനിര്‍ത്തിയതില്‍ നിഷ്‌കളങ്കതയുടെ ആ വിശുദ്ധ മുഹൂര്‍ത്തങ്ങളുമുണ്ടായിരുന്നു. കോളനിവീടുകളിലൊക്കെ ടിവി ഉണ്ടാകും. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും സീരിയലിലെ ഇംഗ്ലീഷ്ഡയലോഗടക്കം അവള്‍ കാണാതെ പറയുമായിരുന്നു. അവധികഴിഞ്ഞ് കോളനിയില്‍നിന്നു നന്ദനയെ തിരികെക്കൊണ്ടുപോരുമ്പോള്‍ ഓരോ കെട്ട് കല്ല് അവള്‍ വീട്ടിലെ മുറ്റത്തേക്കു കരുതും. നന്ദനതന്നെ അതു പാകും. അവള്‍ നട്ട കോളാമ്പിയും കോവലുമാണ് പേരമരത്തില്‍ പടര്‍ന്നുകയറി ഇന്ന് അവളില്ലാതെ പൂത്തുലഞ്ഞു നില്‍ക്കുന്നത്. വല്ലാതെ ഭ്രമിപ്പിക്കുന്ന സൗന്ദര്യമായി ഞാനതു മിക്കപ്പോഴും എന്റെ സ്റ്റാറ്റസുകളില്‍ പകര്‍ത്താറുണ്ട്. ഇവിടെനിന്നു പോയി കുറെ നാളത്തേക്ക് അവള്‍ ഫോണ്‍ വിളിക്കുമായിരുന്നു. പിന്നീടു വിൡള്‍ തീരെ ഇല്ലാതെയായി. ഞാനെന്റെ ജീവിതത്തിരക്കിലേക്ക് ഒഴുകി.
കഴിഞ്ഞ നവംബറില്‍ ഒരു ദിവസം നന്ദന വിളിച്ചു. കുറെ കരഞ്ഞു. ടീച്ചറമ്മയെ കാണണമെന്നു പറഞ്ഞു. ഞാന്‍ ക്ലാസ്സിലായിരുന്നുവെങ്കിലും ഉച്ചയ്ക്കുശേഷം ലീവെടുത്ത് അവളെ കാണാന്‍ പോയി. മുഷിഞ്ഞ വേഷത്തില്‍ ഒരു ചുവപ്പു ചുരിദാറുമിട്ട് വിഷാദരോഗിയെപ്പോലെ പുഴയുടെ തീരത്തെ ഒരു പാറക്കല്ലില്‍ അവള്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ എന്റെ കൈയും പിടിച്ച് കുറച്ചുനേരം നടന്നു. കോളനി അവസാനിക്കുന്നിടത്ത് ഒരു ലൈബ്രറിക്കരികിലായി മഞ്ഞുവീഴാന്‍ തുടങ്ങുന്ന ഒരു മണ്‍കൂന ചൂണ്ടിക്കാണിച്ചിട്ട് അവള്‍ പറഞ്ഞു:
''കണ്ണന്‍ മരിച്ചുപോയി ടീച്ചറമ്മാ. അവനെ സംസ്‌കരിച്ച സ്ഥലമാണിത്.'' ആ സങ്കടത്തിനിടയിലും 'സംസ്‌കരിച്ച' എന്ന വാക്ക് അവള്‍ ഉപയോഗിച്ചത് ഇപ്പോഴും എന്റെ ഓര്‍മയില്‍ നില്‍ക്കുന്നു. മൗനത്തിന്റെ ഇഴകള്‍ അല്പനേരം ഞങ്ങളുടെ ഇടയില്‍ കൂടുകെട്ടി. എന്റെകൂടെ പോരുന്നോ എന്നല്ലാതെ മറ്റൊന്നും എനിക്ക് അവളോടു ചോദിക്കാനില്ലായിരുന്നു. കുട്ടിയെ ഒരു ചോദ്യചിഹ്നംപോലെ എന്റെ മുന്നിലേക്കു നിര്‍ത്തി അവള്‍ ഒന്നും മിണ്ടാതെ നിന്നു. അന്ന് രണ്ടുമണിമുതല്‍ അഞ്ചു മണിവരെ ഞാന്‍ അവളുടെ അടുക്കല്‍ നിന്നു. ഒരുകാലത്ത് എന്നെ കഥകള്‍കൊണ്ട് അവള്‍ പുനര്‍ജീവിപ്പിച്ചതുപോലെ എനിക്കു പകരം പറയാന്‍ കഥകള്‍ ഒന്നുമില്ലായിരുന്നു. മുഖംമൂടിയിട്ട മനുഷ്യരെക്കുറിച്ചുള്ള കഥകളില്‍ അവള്‍ക്കു താത്പര്യമില്ലാത്തതുകൊണ്ട് ഞങ്ങള്‍ അവളുടെ നാട്ടിലെ പുഴയ്ക്കരികിലെ മനുഷ്യരെക്കുറിച്ചുതന്നെ പറഞ്ഞുകൊണ്ടിരുന്നു.
പറച്ചിലിന്റെ ഇടയില്‍ അവളെപ്പോഴോ പറഞ്ഞു, കഞ്ചാവു കിട്ടാതെ ദേഷ്യം വന്നപ്പോഴാണ് അവന്‍ ആത്മഹത്യ ചെയ്തത് എന്ന്.
പുഴയ്ക്കു മുകളിലേക്കു ചന്ദ്രനുദിക്കാന്‍ തുടങ്ങിയിരുന്നു. അവളുടെ പുഴ, അവളുടെ കാട്, അവളുടെ കണ്ണന്‍. അവരുടെ ഉത്സവദിനങ്ങള്‍, അത് വീണ്ടും അതുപോലെതന്നെ കടന്നുവരട്ടെ എന്ന പ്രാര്‍ഥനയില്‍ ഒട്ടും തീരാത്ത അവളുടെ സങ്കടത്തില്‍നിന്ന് അനുവാദം ചോദിക്കാതെ അവള്‍ക്കും എനിക്കും നഷ്ടത്തെ സമ്മാനിച്ച നവംബറിന്റെ തണുത്ത സന്ധ്യയിലേക്കു ഞാന്‍ നടന്നകന്നു.