•  1 May 2025
  •  ദീപം 58
  •  നാളം 8
അതിജീവനത്തിന്റെ സ്ത്രീ മുഖങ്ങള്‍

എര

വെളുത്ത മഞ്ഞിന്‍പരലുകള്‍ ഭൂമിയെ തണുപ്പ് പുതപ്പിക്കുന്നൊരു പ്രഭാതത്തിലാണ് അവളെ ഞാന്‍ പരിചയപ്പെട്ടത്. പത്തുവയസ്സു പ്രായം തോന്നിക്കുന്ന ഒരു മുഖം. ബാല്യം അവളോടു കൂട്ടുവെട്ടിയ ഭാവം. ഫ്രീസ് ചെയ്തുവച്ച മാംസക്കഷണംപോലെ നിര്‍വികാരത അവളുടെ മുഖത്ത് ഒട്ടിച്ചുവച്ചിരിക്കുന്നു. വല്യച്ഛന്റെ കൈയില്‍ തൂങ്ങി എന്റെ വീട്ടിലേക്കാണ് അവള്‍ വന്നതെങ്കിലും ദൃഷ്ടി എന്റെ മുഖത്തേക്കയയ്ക്കാന്‍ പ്രയാസപ്പെടുന്നതുപോലെ തോന്നി. അവളുടെ വല്യച്ഛന്‍ രാമന്‍നായരാണ്.

എന്റെ വീട്ടില്‍ സ്ഥിരമായി പാലു തരുന്ന ആള്‍. ആ ഒരു ബന്ധംവച്ച് ഞാന്‍ മത്സ്യമാംസാദികള്‍, പച്ചക്കറികള്‍, പൂച്ചെടികള്‍ക്കുള്ള പച്ചിലവളം തുടങ്ങി പലതും അയാളെക്കൊണ്ടു വാങ്ങിപ്പിച്ചിരുന്നു.
''ഇത് ആരുടെ മോളാ രാമേട്ടാ?''
വരാന്തയില്‍നിന്നു പാല്‍ക്കുപ്പി എടുത്ത് അതിനുള്ളിലെ വെള്ളം മുറ്റത്തെ തറയോടിലേക്കു തൂവിക്കൊണ്ട് രാമേട്ടന്‍ പറഞ്ഞു:
''കമലയുടെ.'' പിന്നീട് എനിക്കധികമൊന്നും ചോദിക്കാനുണ്ടായിരുന്നില്ല. വലയ്ക്കുള്ളില്‍ കുരുങ്ങിയ പക്ഷിയെപ്പോലെ സ്വരം തൊണ്ടക്കൂടിനുള്ളില്‍ പിടഞ്ഞു. ഞാന്‍ രാമേട്ടനെ പരിചയപ്പെടുമ്പോള്‍മുതല്‍ രാമേട്ടന്‍  കൂടുതല്‍  പങ്കുവച്ച കഥാപാത്രമാണ് കമല.
കമലയെക്കുറിച്ചു പറഞ്ഞതില്‍ മുഴുവന്‍ ഞാന്‍ കാണപ്പെടാതെ പോയ കമലയുടെ അവിഭാജ്യഘടകമാണ്  മുന്നില്‍വന്നു കണ്‍മിഴിച്ചുനില്‍ക്കുന്നതെന്ന് എനിക്കപ്പോള്‍ മനസ്സിലായി.
''കേസൊക്കെ കഴിഞ്ഞോ?'' ഞാന്‍ അല്പം പ്രയാസപ്പെട്ടാണ് രാമേട്ടനോടു ചോദിച്ചത്.
''നടക്കുന്നു ടീച്ചറേ, ഇടയ്ക്കു കുട്ടീനേംകൊണ്ടു കോടതിയില്‍ പോകണം.'' രാമേട്ടന്‍ നിര്‍ത്തി.
അയാള്‍ കമലയെ കാണാന്‍ ആശുപത്രിയിലേക്കു പോവുകയാണെന്നും മറ്റെവിടെയും മോളെ ഏല്പിക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് ടീച്ചറിന്റെ അടുക്കല്‍ ഏല്പിക്കുന്നതെന്നും പറഞ്ഞു. സത്യം പറഞ്ഞാല്‍ ഒരു ദിവസത്തേക്കാണെങ്കിലും അവളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആ നിമിഷം എനിക്കു ഭയം തോന്നി. എന്നാലും, രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണെന്ന ഉത്തരവാദിത്വമോ അല്ലെങ്കില്‍ അധ്യാപികയാണെന്ന സര്‍ട്ടിഫിക്കറ്റോ എന്തുകൊണ്ടോ ഞാന്‍ അവളെ ഏറ്റെടുക്കാന്‍  തയ്യാറായി. 
രാമേട്ടന്‍ യാത്രയായി. ഞാന്‍ അവളുടെ കൈപിടിച്ചു. എന്റെ വലതുകൈക്കുള്ളിലേക്ക് അവളുടെ കുഞ്ഞുകൈ ചേര്‍ത്തുവച്ച് ശൂന്യമായ വീട്ടകത്തേക്കു നടന്നു. എന്റെ രണ്ടു കുട്ടികളും അവധി ആഘോഷിക്കാന്‍ നാട്ടിലേക്കു പോയിരുന്നു. കമലയെക്കുറിച്ച് എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം, ഞാന്‍ എങ്ങനെ എഴുതിയാലും ആ നൊമ്പരപ്പാടിനെ വ്യാഖ്യാനിക്കാന്‍ എന്റെ വാക്കുകള്‍ മതിയാവില്ല. കൈക്കുമ്പിളില്‍നിന്നു മണല്‍ത്തരി ചോര്‍ന്നുപോയപോലെ രാമേട്ടന്റെ കൈയില്‍നിന്നു മാനസികരോഗാശുപത്രിയിലേക്ക് എത്തിച്ചേര്‍ന്നവളാണ് കമല. വിവാഹവേളയില്‍ കമലയും ഭര്‍ത്താവും ഒരുമിച്ചെടുത്ത തീരുമാനങ്ങള്‍ പിന്നീട് തെറ്റിപ്പോയതാണ് കമലയുടെ ദുര്‍വിധിക്കു കാരണമെന്നാണ് കൈതയോല വെട്ടാന്‍ വരുന്ന പരുന്തി പറയുന്നത്. കേട്ടതല്ലാതെ ഞാന്‍ ഒരിക്കലും കമലയെ കണ്ടിട്ടുണ്ടായിരുന്നില്ല. 
അകത്തെ മുറിയില്‍ ഞങ്ങള്‍ രണ്ടുപേര്‍ ഉണ്ടായിരുന്നിട്ടും ഒരൊറ്റപ്പെടലിന്റെ അസ്വസ്ഥത എനിക്കും അവള്‍ക്കും ഫീല്‍ ചെയ്തു. അവധിക്കാലമായതു കാരണം എന്റെ ദിനചര്യകളൊക്കെ വളരെ വൈകിയാണ് ഓടിത്തുടങ്ങിയിരുന്നത്. അടുക്കളയില്‍ ചായ ആയിട്ടുണ്ടായിരുന്നില്ല. ഞാന്‍ ടിവി ഓണ്‍ ചെയ്തശേഷം അവളെ സെറ്റിയില്‍ ഇരുത്തി. ഒരു കപ്പ് ചായ ഉണ്ടാക്കാം എന്നു കരുതിയാണ് അടുക്കളയിലേക്കു പോയത്. ചായ തിളയ്ക്കുമ്പോഴും പൊടിയിടുമ്പോഴുമൊക്കെ എനിക്കെന്തോ വല്ലാത്ത ഭയം തോന്നി. ഞാന്‍ വീണ്ടും ലിവിങ് റൂമിലേക്ക് ചെന്നു. അവള്‍ ഇരുന്നിടം ശൂന്യമാണ്.  ആ ഒരു നിമിഷം ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍ ഇപ്പോഴും എനിക്കു തര്‍ജമ ചെയ്യാന്‍ ആവില്ല. പേരു വിളിക്കാന്‍ ഞാന്‍ വാ തുറന്നു. എനിക്ക് അവളുടെ പേര് അറിയില്ല എന്ന സത്യം ഞാന്‍ അപ്പോഴാണ് ഓര്‍ത്തത്. മോളേ എന്നു വിളിച്ചുകൊണ്ട് ഞാന്‍ വരാന്തയിലേക്കു ചാടിയിറങ്ങി. നിനയ്ക്കാതെ കടന്നുവന്ന വലിയ ഭയത്തില്‍ ഞാന്‍ ദൈവമേ എന്ന് ആഞ്ഞുവിളിച്ചു. ഭീതിയുടെ ഇരുട്ടില്‍ കാഴ്ച മങ്ങിപ്പോവാഞ്ഞതുകൊണ്ടു മാത്രം ഞാന്‍ അവളെ കണ്ടു. എന്റെ മുറ്റത്ത് സ്ഥിരമായി വരാറുണ്ടായിരുന്ന വാലന്‍പൂച്ചയുടെ മുന്നിലാണ് അവള്‍. എന്റെ വാക്കുകള്‍ വിരസമാവാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ അവളോട് 'മോള് അകത്തേക്കു വാ' എന്നു പറഞ്ഞു. ഇന്നിനി ഭക്ഷണമുണ്ടാക്കേണ്ടാ എന്നു കരുതി ഞാനും അവളുമൊരുമിച്ച് ഇരുന്നു.
അവളൊന്നും മിണ്ടുന്നില്ല.
''മോള്‍ടെ പേരെന്താണ്?''
ചുണ്ടു കൂര്‍പ്പിച്ച്, ഉടുപ്പിലെ പൂമ്പാറ്റക്കുഞ്ഞിന്റെ മേല്‍ കൈതൊട്ട് അവള്‍ നിലത്തേക്കുമാത്രം നോക്കിയിരുന്നു. എന്നോടു മിണ്ടാത്ത ആരോടും സ്ഥിരമായി ചോദിക്കാന്‍ തയ്യാറാക്കിവച്ച ഒരു ചോദ്യമാണ് ഞാന്‍ പിന്നീട് അവളോടു ചോദിച്ചത്: ''എന്നെ ഇഷ്ടമില്ലേ മോള്‍ക്ക്?''
അവള്‍ ചെറുതായിമാത്രം തലയാട്ടി. ഒരുപാടു നേരത്തെ തലോടലുകള്‍ക്കും വാത്സല്യങ്ങള്‍ക്കുംശേഷം അവള്‍ എന്റെ മുഖത്തേക്കു നോക്കിത്തുടങ്ങി. ഞാന്‍ കൊടുത്ത കളിപ്പാട്ടങ്ങളോട് പ്രതികരിച്ചുതുടങ്ങി.
''ടീച്ചറോട് പേരു പറയ്യ്വോ?'' ഞാന്‍ വീണ്ടും ചോദിച്ചു.
വലിയ ഒരു രഹസ്യമാണ് ഞാന്‍ പറയാന്‍ പോകുന്നത് എന്ന ഭാവത്തില്‍ അവള്‍ മുഖം നിവര്‍ത്തി.
''ന്റെ പേര് ലക്ഷ്മീന്നാണ്. പക്ഷേ, ന്നെ ആരും അങ്ങനെ വിളിക്കാറില്ല. ആട്ന്ന് പോന്നശേഷം എന്നെ എല്ലാരും എരെ എരെ എന്നാണു വിളിക്കാറ്.''
വേദനയുടെ വയറു പൊട്ടി  ഇരച്ചുവരുന്ന മിന്നലുകള്‍ എന്റെ കണ്ണിനെ മാത്രമല്ല ശരീരത്തിലെ ഓരോ രോമകൂപങ്ങളെയും നനച്ചുകൊണ്ടിരുന്നു.
''ഇര''
പ്രിയ വായനക്കാരാ,
ഇരയായും നിര്‍ഭയയായും പീഡിതയായും പെണ്‍കുട്ടികള്‍ക്കു പേരു വീഴുന്ന ഈ കാലത്ത് ലോകത്ത് ഏതൊരമ്മയും തന്റെ കുട്ടിക്ക് ഒരിക്കലും വന്നുചേരാന്‍ ആഗ്രഹിക്കാത്ത ഒരു പേര് അവള്‍ പറഞ്ഞപ്പോള്‍ അതിന്റെ അര്‍ഥവ്യാപ്തിയും കഥയുടെ പിന്നാമ്പുറവും ഞാന്‍ നിങ്ങളെയും അറിയിക്കേണ്ടല്ലോ.
ഞാന്‍ ശ്വാസഗതി നിയന്ത്രിക്കാന്‍ എടുത്ത സമയത്തിനുള്ളില്‍ അവള്‍ വീണ്ടും തുടര്‍ന്നു:
''അതോണ്ട് ഞാന്‍ വല്യച്ഛനോടു പറഞ്ഞു, എന്നെ എന്റെ പേരുമാത്രം വിളിക്കുന്ന സ്‌കൂളില്‍ ചേര്‍ത്താല്‍ മതീന്ന്.'' ജീവിതത്തില്‍ എന്തുതന്നെ സംഭവിച്ചാലും സ്വന്തം പേരുകൊണ്ടു മേല്‍വിലാസം എഴുതുന്നവളായി ജീവിക്കണമെന്ന അവളുടെ നിശ്ചയദാര്‍ഢ്യത്തിനു പിറകില്‍ ദൈവത്തിന്റെ കരങ്ങളല്ലാതെ മറ്റെന്താണ്? പ്രിയ ലക്ഷ്മീ, നിന്റെ കഥയില്‍നിന്ന് ഇപ്പോള്‍ ജീവിതം തിരികെപ്പിടിച്ചത് ഞാന്‍കൂടിയാണ്. ദൈവം എഴുതിയ കഥയില്‍ ആര്‍ക്കും ഒന്നും പുതുതായി ചെയ്യാനില്ലല്ലോ. അഭിനയിച്ചുതീര്‍ക്കുക എന്നതൊഴികെ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)