ജീവന്‍ മുറിഞ്ഞ് മനുഷ്യരും മൃഗങ്ങളും സസ്യലതാദികളുമായി മാറുന്ന ഈ ഭൂമിയില്‍ ദുഃഖങ്ങള്‍ക്കു വല്ലാതെ അടിമപ്പെട്ടുപോകുന്ന ജീവി മനുഷ്യനാണെന്നാണു തോന്നുന്നത്. ഒരിക്കല്‍ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍നിന്നു വിദ്യാരംഗത്തിന്റെ ക്ലാസ്സെടുത്തു കഴിഞ്ഞ് ഇറങ്ങവേ ഒരു സ്ത്രീ ഓടിവന്നു. അതിസുന്ദരിയായ അവരുടെ മുഖത്തേക്ക് ഞാന്‍ ഉള്ളുണര്‍ന്ന് നോക്കിനില്‍ക്കേ ഇടംകൈയിലെ വിയര്‍പ്പിലലിഞ്ഞ ഫോണിലേക്ക് അവളെന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചെഴുതിവച്ചു. അധികം വിരിയാത്ത ചുണ്ടുകള്‍ക്കിടയിലൂടെ ഏതാനും വാക്കുകള്‍ പതിയെ ജനിപ്പിച്ചുകൊണ്ട് അവള്‍ ചോദിച്ചു:
''ഇങ്ങളോട് എനിക്കൊരു കാര്യം പറയാനുണ്ട്. എപ്പഴാ സമയംണ്ടാവുക?'' സുന്ദരി ചോദ്യചിഹ്നംപോലെ മുന്നില്‍ നിന്നു.
''എപ്പോ വേണമെങ്കിലും വിളിക്കാം.''
ഞാനപ്പോഴേക്കും അതിവിദൂരമല്ലാത്ത ഒരു സംഭാഷണരംഗം സുന്ദരിയുമായി സങ്കല്പിച്ചുകഴിഞ്ഞിരുന്നു. അതെന്തായിരിക്കുമെന്നറിയാന്‍ ഇനിയും എത്ര സമയം കടന്നുപോകണം എന്നതായിരുന്നു എന്റെ ചിന്ത. ഞാന്‍ അവളുടെ പേരു ചോദിച്ചു. അവളുടെ പേര് അവളെക്കാള്‍ മൃദുലമായും സുന്ദരമായും കരിമ്പിന്‍തണ്ടുപോലെ എനിക്കു രുചിച്ചു. തല്‍ക്കാലം സുന്ദരിക്ക് ഇഷാനി എന്നു പേരിടാം. അന്ന് ഉച്ചയ്ക്കുശേഷം സ്‌കൂളില്‍ ജനറല്‍ബോഡിയോഗം ഉള്ളതുകൊണ്ട് ഇഷാനിയോടു യാത്ര പറഞ്ഞ് ഞാന്‍ പെട്ടെന്നുതന്നെ നാട്ടിലേക്കു തിരിച്ചു.
അന്തിവെയില്‍ ഇരുട്ടുമായി കൂടിക്കലരാന്‍ തുടങ്ങിയപ്പോഴേക്കും അവളുടെ ഫോണ്‍ വന്നു.
സങ്കടത്തെയോ സന്തോഷത്തെയോ വാക്കുകളാല്‍ പ്രസവിക്കാനുള്ള അവളുടെ തിടുക്കം എനിക്ക് ആരംഭത്തില്‍ത്തന്നെ മനസ്സിലായി. വാക്കുകളുടെ ഗതിവേഗം തിട്ടപ്പെടുത്താന്‍ സാധിക്കാതെ തുടക്കമോ ഒടുക്കമോ ഇല്ലാതെ അവള്‍ മരണത്തെക്കുറിച്ചുമാത്രം പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ വരാന്തയിലെ മരക്കസേരയില്‍ അവളുടെ സ്വരവും കേട്ടുകൊണ്ട് പുറത്തേക്കു കണ്ണുനീട്ടിയിരുന്നു. ടീച്ചര്‍ ട്രെയിനിങ്ങിന് സൈക്കോളജി ഒരു ചെറിയ ബുക്കുമാത്രമാണു ഞാന്‍ പഠിച്ചത്. ഇതുപോലുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് സത്യം പറഞ്ഞാല്‍ അറിയില്ലായിരുന്നു. അനിയത്തി സൈക്കോളജിസ്റ്റ് ആയതുകൊണ്ട് മനുഷ്യരുടെ ഉന്മാദാവസ്ഥയെപ്പറ്റി ധാരാളം ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. അടുത്ത ആവശ്യം ഇഷാനിക്ക് എന്നെ കാണണം എന്നുള്ളതായിരുന്നു. എന്റെ വാക്കുകളുടെ അധ്വാനം കൊണ്ട് എന്റടുത്തു വന്ന മനുഷ്യനെ എനിക്കു നിരാശപ്പെടുത്താന്‍ തോന്നിയില്ല. ഞാന്‍ കാണാമെന്നു സമ്മതിച്ചു.
കുറെ ദിവസങ്ങള്‍ക്കുശേഷം ആഴ്ചയവസാനത്തിലെ ഒരു സായാഹ്നത്തില്‍ അവള്‍ എന്നെ കാണാന്‍ വന്നു. ഒരു ബ്രൂ കോഫിയുടെ ആവിപറക്കലില്‍ ഞങ്ങള്‍ അഭിമുഖമായി ഇരുന്നു. ആണാണോ പെണ്ണാണോ എന്ന് ഇനം തിരിയാത്ത ജീവന്റെ പൊടിപ്പ് ജനിച്ചതുമൂലം അവളുടെ ഭര്‍ത്താവും കുടുംബവും അവളെ ഉപേക്ഷിച്ചതാണു പ്രശ്‌നം. പ്രാണന്‍ പറിഞ്ഞുപോകുന്ന പ്രശ്‌നത്തിന്റെ ഇങ്ങേയറ്റത്ത് നിസ്സഹായതയുടെ ആള്‍രൂപമായി ഞാന്‍ കണ്ണുനിറച്ചിരുന്നു. എനിക്കു മറുപടിയുണ്ടായിരുന്നില്ല. മനുഷ്യന്‍ അനുഭവിക്കുന്ന യഥാര്‍ഥവേദനകള്‍ക്ക് എവിടെയാണു പരിഹാരം ഉണ്ടാവുക എന്നു ഞാന്‍ ചിന്തിച്ചു. പ്രസവിക്കാന്‍ എടുത്ത വേദനയുടെ എത്രയോ അധികമായിരിക്കും ആ സ്ത്രീ ഇപ്പോള്‍ പേറുന്നതെന്ന് ഞാന്‍ ഓര്‍ത്തു. ദുഃഖംമാത്രം അനുഭവിച്ചുകൊണ്ട് സന്തോഷമില്ലാതെ ഒരാള്‍ക്ക് എത്രകാലം ജീവിതത്തില്‍ തുടര്‍ന്നുപോകാനാകും എന്ന ഉത്തരമില്ലാത്ത ചോദ്യങ്ങളെ ഞാന്‍തന്നെ എന്നില്‍ കുഴിച്ചുമൂടി. എല്ലാം പറഞ്ഞു കഴിഞ്ഞ് എന്റെ മുഖത്തേക്കു നോക്കി അവള്‍ പറഞ്ഞതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്.
അവളുടെ കണ്ണിലെ പ്രളയജലം അവസാനിച്ചിരുന്നു. ഇഷാനിയില്‍ മറ്റൊരു വ്യക്തി ഉദയംകൊള്ളുന്നതിന്റെ നിഴല്‍ എന്റെ കണ്ണില്‍ വീണുതുടങ്ങി. 'ടീച്ചറേ, ഞാന്‍ മൂത്ത കുട്ടികളെ അമ്മയെ ഏല്പിച്ച് എന്റെ കുട്ടീനേംകൊണ്ട് എന്നും കോഴിക്കോടുനിന്ന് എറണാകുളത്തേക്കു ട്രെയിന്‍ കയറും. കുറേ കാഴ്ചകള്‍ കാണും. വൈകുന്നേരം വീണ്ടും നാട്ടില്‍ക്കു പോരും. ഇയ്ക്ക് പ്രാന്താണെന്നു കുടുംബക്കാര്‍ പറയും. പക്ഷേ, ഭ്രാന്താവാതിരിക്കാനുള്ള ചികിത്സയാ ഞാന്‍ നടത്തുന്നതെന്ന് എനിക്കുമാത്രമേ അറിയൂ.' ഇതൊക്കെ കേട്ടുകഴിഞ്ഞ് മോനെവിടെയാ അല്ലെങ്കില്‍ മോള്‍ എവിടെയാ എന്നു ചോദിക്കേണ്ടതിനുപകരം എന്താണു ചോദിക്കേണ്ടത് എന്നറിയാതെ ഞാന്‍ അവളോടു വിഷമിക്കരുത് എപ്പോ വേണമെങ്കിലും വിളിക്കാം എന്നു പറഞ്ഞ് എനിക്കു സാധ്യമായ രീതിയില്‍ അവളെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് യാത്ര പിരിഞ്ഞു. ഇപ്പോഴും സ്റ്റാറ്റസുകളില്‍ കാണാം അവരുടെ യാത്രകള്‍. സ്വന്തം വിഷമങ്ങളെ വേണ്ട രീതിയില്‍ പരിഹരിക്കാന്‍ അറിയാതെ നൂറിടങ്ങളിലേക്കു സ്വന്തം രഹസ്യങ്ങളെ പകര്‍ത്തിവച്ച് പിന്നെ അതിന്റെ പേരില്‍ ദുഃഖിച്ചുനടക്കുന്നവരെ കാണാറുണ്ട്. എന്നാല്‍, ഇഷാനി അവളുടെ സങ്കടങ്ങളെ വേണ്ടരീതിയില്‍ ശുശ്രൂഷിക്കുന്നു എന്നതായിരുന്നു എന്റെ ഏറ്റവും വലിയ തിരിച്ചറിവ്. അമ്മ എന്നതിലെ കൂട്ടക്ഷരത്തിന്റെ ശക്തി അവള്‍ക്ക് എന്നും തുണയാകട്ടെ.