•  21 Nov 2024
  •  ദീപം 57
  •  നാളം 37
സൂക്തിമഞ്ജരി

പ്രാരബ്ധവും ജന്മാന്തരവും


''യഥാ ധേനുസഹസ്രേഷു വത്സോ ഗച്ഛതി മാതരം
തഥാ പൂര്‍വകൃതം കര്‍മ കര്‍താരമനുഗച്ഛതി''
യഥാ-എപ്രകാരമാണോ; ധേനുസഹസ്രേഷു-പശുക്കളുടെ ആയിരങ്ങളില്‍; വത്സഃ - പശുക്കിടാവ്; ഗച്ഛതി-പോകുന്നു; മാതരം-അമ്മയിലേക്ക് (അമ്മയുടെ അടുത്തേക്ക്); തഥാ-അപ്രകാരം; പൂര്‍വകൃതം-മുന്‍പു ചെയ്യപ്പെട്ട; കര്‍മ-കര്‍മ്മം; കര്‍താരം-കര്‍ത്താവിനെ (അതു ചെയ്തയാളെ); അനുഗച്ഛതി-അനുഗമിക്കുന്നു.


എപ്രകാരമാണോ ആയിരക്കണക്കിനു പശുക്കള്‍ നിരന്നുനിന്നാലും പശുക്കിടാവ്, അതിന്റെ അമ്മയുടെ അടുത്തുതന്നെ തെറ്റാതെ ചെല്ലുന്നത്, അപ്രകാരം മുമ്പു ചെയ്യപ്പെട്ട കര്‍മ്മങ്ങള്‍ അതതിന്റെ കര്‍ത്താക്കളെത്തന്നെ പ്രാപിക്കുന്നു.
''താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍താന്‍ അനുഭവിച്ചീടുകെന്നേ വരൂ'' എന്നു പണ്ടു മഹര്‍ഷിമാര്‍ വാല്മീകിയെ ഉപദേശിച്ചുവെന്ന കഥ പ്രസിദ്ധമാണല്ലോ! ഓരോ മനുഷ്യനും ചെയ്യുന്ന പ്രവൃത്തികള്‍, അവ പുണ്യമായാലും പാപമായാലും അവയുടെ കര്‍ത്താക്കളെത്തന്നെ തെറ്റാതെ പ്രാപിക്കുന്നു എന്നു തന്നെയാണ് ഈ സുഭാഷിതവും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. നാം ഓരോ കാലത്തും അനുഭവിക്കുന്ന സുഖദുഃഖങ്ങള്‍ നാം മുമ്പു ചെയ്തിട്ടുള്ള പുണ്യപാപങ്ങളുടെ പരിണതഫലമാണത്രേ! ഇങ്ങനെ ഒരാശയം നമ്മുടെ ഉള്ളില്‍ത്തന്നെയുണ്ടെന്നു തോന്നുന്നു. നമുക്കു കഷ്ടങ്ങള്‍ വരുമ്പോള്‍ നാം പറയുന്നു-''പ്രാരബ്ധമൊക്കെയായി.'' കഷ്ടങ്ങളില്‍നിന്നു മോചിതരായാലോ ''ജന്മാന്തരംകൊണ്ടു രക്ഷപ്പെട്ടു'' എന്നു നാം പറയുന്നു. പ്രാരബ്ധം എന്ന പദത്തിനര്‍ത്ഥം  പ്രാരംഭിച്ചത് എന്നാണ്. അതായത്, മുമ്പു ചെയ്തിട്ടുള്ള ദുഷ്‌കര്‍മ്മങ്ങള്‍ ക്ലേശങ്ങളുടെ രൂപത്തില്‍ ഫലിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നു താത്പര്യം. ഒരു ദുരിതത്തില്‍നിന്നു പ്രതീക്ഷിക്കാത്തവിധം രക്ഷ നേടിയാല്‍ അതു ജന്മാന്തരമാണെന്നു നാം കരുതുന്നു. ജന്മാന്തരമെന്ന പദത്തിന് മറ്റൊരു ജന്മം എന്നാണര്‍ത്ഥം. ഗത്യന്തരം വേറെ ഗതിയാണല്ലോ! അപ്പോള്‍ അപ്രകാരമൊരു നന്മ വരുന്നതിനുള്ള സത്പ്രവൃത്തിയൊന്നും ഈ ജന്മത്തില്‍ ചെയ്തിട്ടില്ലെന്നും ഏതോ മുജ്ജന്മസുകൃതംമൂലമാണ് പ്രസ്തുത നേട്ടമുണ്ടായിട്ടുള്ളതെന്നുമാണ് നാം അര്‍ത്ഥമാക്കുന്നത്. അപ്പോള്‍ നമ്മുടെ കഷ്ടനഷ്ടങ്ങള്‍ക്ക് നാം തന്നെയാണ് ഉത്തരവാദികള്‍ എന്നു വന്നുചേരുന്നു! വേലക്കാരന്‍ അവന്റെ കൂലിക്ക് അര്‍ഹനാണെന്ന് ബൈബിളും നിഷ്‌കര്‍ഷിക്കുന്നുണ്ടല്ലോ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)