''ദീയതേ വിമലം ജ്ഞാനം ക്ഷീയതേ കര്‍മവാസനാ
തേന ദീക്ഷേതി സാ പ്രോക്താ തന്ത്രശാസ്ത്രവിശാരദൈഃ''
ദീയതേ - നല്‍കപ്പെടുന്നു; വിമലം ജ്ഞാനം - നിര്‍മ്മലമായ അറിവ്; ക്ഷീയതേ - നശിപ്പിക്കപ്പെടുന്നു; കര്‍മവാസനാ - കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടുള്ള പ്രവണതകള്‍; തേന - അതിനാല്‍; ദീക്ഷാ ഇതി - ദീക്ഷാ എന്ന്; സാ പ്രോക്താ - അതു പറയപ്പെട്ടിരിക്കുന്നു; തന്ത്രശാസ്ത്രവിശാരദൈഃ - തന്ത്രശാസ്ത്രപണ്ഡിതന്മാരാല്‍.
നിര്‍മ്മലമായ ജ്ഞാനത്തെ ദാനം ചെയ്യുകയും കര്‍മ്മവാസനകളെ ക്ഷയിപ്പിക്കുകയും ചെയ്യുന്നതിനാലാണ് തന്ത്രശാസ്ത്രമറിയുന്നവര്‍ ദീക്ഷയെ ആ പേരില്‍ വ്യവഹരിക്കുന്നത്.
വിസ്തരിക്കുക എന്നര്‍ത്ഥമുള്ള തനൂ എന്ന ധാതുവില്‍നിന്നാണ് തന്ത്രമെന്ന പദമുണ്ടാകുന്നത്. മതപരമായ ആചാരങ്ങള്‍ക്കു പിന്നിലുള്ള തത്ത്വസംഹിതകളെ വിസ്തരിക്കുന്ന ശാസ്ത്രമെന്നാണ് തന്ത്രശാസ്ത്രത്തിനു ലളിതമായ ഭാഷയില്‍ പറയാവുന്ന അര്‍ത്ഥം. ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ അതതു ക്ഷേത്രങ്ങളിലെ ആചാരങ്ങളെ സംബന്ധിച്ച അന്തിമവാക്കുകളാണല്ലോ! ആചാരാനുഷ്ഠാനങ്ങളുടെ മര്‍മ്മമറിയുന്ന തന്ത്രജ്ഞര്‍ ''ദീക്ഷ'' എന്ന പാവനമായ നാമത്തിനു നല്‍കുന്ന നിര്‍വചനമാണ് മുകളില്‍ പറഞ്ഞത്.
എങ്ങനെയുള്ള ജീവിതരീതികൊണ്ടാണോ നിര്‍മ്മലമായ അറിവുണ്ടാകുകയും മുമ്പു ചെയ്ത പ്രവൃത്തികളുടെ വാസനകളനുസരിച്ച് വീണ്ടും പ്രവര്‍ത്തിക്കുവാനുള്ള പ്രവണതകള്‍ ഇല്ലാതാകുകയും ചെയ്യുന്നത്, ആ ജീവിതരീതിയെയാണ് ദീക്ഷയെന്നു പറയുന്നത്. പലതരം ദീക്ഷകളുണ്ട്. കുടുംബാംഗങ്ങളുടെ മരണം, പത്‌നിയുടെ ഗര്‍ഭകാലം മുതലായ സന്ദര്‍ഭങ്ങളില്‍ പലരും ദീക്ഷ അനുഷ്ഠിക്കാറുണ്ട്. മന്ത്രദീക്ഷ ഇതില്‍നിന്നു വ്യത്യസ്തമാണ്.
ആ സന്ദര്‍ഭങ്ങളില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കുകയും ആത്മവിശുദ്ധി ലക്ഷ്യമാക്കിയുള്ള പ്രവൃത്തികളില്‍ വ്യാപൃതരാവുകയുമാണു ചെയ്യുന്നത്. കാമപൂര്‍ത്തിക്കായുള്ള കര്‍മ്മങ്ങളും നിഷിദ്ധകര്‍മ്മങ്ങളും ഒഴിവാക്കി, നിത്യകര്‍മ്മങ്ങളും വിശേഷാവസരങ്ങളില്‍ ചെയ്യേണ്ട കര്‍മ്മങ്ങളും പ്രായശ്ചിത്തങ്ങളും ഈശ്വരോപാസനയും അനുഷ്ഠിച്ച്, ജീവിതം സമൂലമായ വിശുദ്ധിക്കു വിധേയമാക്കുന്നതാണ് ദീക്ഷ. നിഷ്‌കര്‍ഷയോടുകൂടിയ ആ ജീവിതരീതിയിലൂടെ മനുഷ്യനു സുബോധമുദിക്കുക മാത്രമല്ല, മദ്യപാനം, പുകവലി മുതലായ പല തഴക്കദോഷങ്ങളും മാറിക്കിട്ടുകയും ചെയ്യും. ശരീരസൗഖ്യത്തിനും ബാഹ്യസൗന്ദര്യത്തിനും അവിടെ യാതൊരു സ്ഥാനവുമില്ല. മുടിയും താടിയും മുറിക്കലും മറ്റും ഒഴിവാക്കുന്നത് അതുകൊണ്ടാണ്.
എന്നാല്‍, നമുക്കിന്ന് ദീക്ഷയെന്നാല്‍ താടി വളര്‍ത്തുക എന്നതു മാത്രമായി മാറിയിരിക്കുന്നു! താടി ഒരലങ്കാരമായിക്കണ്ട്, ദിവസവും അതിന്റെ പരിചരണത്തിനും മോടിപിടിപ്പിക്കലിനുമായി മണിക്കൂറുകള്‍തന്നെ ചെലവഴിക്കുന്നവരെപ്പോലും നാമിന്നു പാവനമായ ദീക്ഷ അനുഷ്ഠിക്കുന്നവരുടെ കൂട്ടത്തില്‍ ഗണിക്കുന്നുവെങ്കില്‍ അതു ധാര്‍മ്മികമായ അജ്ഞതയല്ലാതെ മറ്റെന്താണ്?