''കര്‍മണ്യേവാധികാരസ്‌തേ മാ ഫലേഷു കദാചന
മാ കര്‍മ ഫലഹേതുര്‍ഭൂര്‍മാ തേ സംഗോസ്ത്വകര്‍മണി'' (ഭഗവദ്ഗീത2/47)
അര്‍ത്ഥം അന്വയക്രമത്തില്‍ - കര്‍മണി ഏവ തേ അധികാരഃ - നിനക്ക് അധികാരം കര്‍മ്മത്തില്‍ മാത്രമാണ്; കദാചന ഫലേഷു മാ (അസ്തു) - ഒരിക്കലും ഫലങ്ങളിലായിരിക്കരുത്; കര്‍മ ഫലഹേതുഃ മാ ഭൂഃ - കര്‍മ്മം ഫലത്തിന്നു കാരണമാകരുത്; (തതഃ അപി) തേ സംഗഃ അകര്‍മണി മാ അസ്തു - എന്നിരുന്നാലും നീ കര്‍മ്മവിമുഖനാവുകയുമരുത്.
ഭഗവദ്ഗീതയില്‍ ശ്രീകൃഷണന്‍ അര്‍ജുനനു നല്‍കുന്ന ഈ ഉപദേശം വളരെയേറെ തെറ്റായി മനസ്സിലാക്കപ്പെടുന്ന ഒന്നാണ്. കര്‍മ്മം ചെയ്യുന്ന മനുഷ്യന്, കൂലിക്കുപോലും അവകാശമില്ലെന്ന നിലയില്‍വരെ ഇതിന്റെ വ്യാഖ്യാനം ചെന്നെത്തിയിട്ടുണ്ട്! എന്നാല്‍, കൃഷ്ണന്‍ പറയുന്നത്, നിനക്കു ഫലത്തില്‍ അധികാരമില്ലെന്നല്ല, നിന്റെ അധികാരം ഫലത്തില്‍ ആകരുതെന്നാണ്! ഒരു വസ്തുവില്‍ അധികാരമുള്ളയാള്‍ക്ക്, ആ വസ്തു വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ആകാം. അപ്പോള്‍ കര്‍മ്മാധികാരിക്ക് തന്റെ കര്‍മ്മം അഥവാ സേവനം വില്‍ക്കുവാന്‍ അധികാരമുണ്ടല്ലോ! അപ്രകാരമുള്ള ഒരധികാരത്തില്‍ അധിഷ്ഠിതമാണ് ലോകത്തില്‍ നിലവിലുള്ള സേവനവേതനവ്യവസ്ഥകളെല്ലാം.
അപ്പോള്‍ പിന്നെ കൃഷ്ണന്‍ നല്‍കുന്ന ഈ ഉപദേശത്തിന് പ്രസക്തിയെന്താണ്? സാധാരണഗതിയില്‍ തൊഴില്‍ ചെയ്യുന്നവന്‍ തന്റെ കര്‍മ്മം വിറ്റു ജീവിക്കുകയാണു ചെയ്യുന്നത്. കര്‍മ്മം വിറ്റ്, കര്‍മ്മത്തിനു വില ലഭിക്കുന്നതോടെ അയാളുടെ അധികാരം തീരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതിയെന്താണ്? കര്‍മ്മം വില്‍ക്കുന്നവന്‍ കര്‍മ്മഫലത്തെക്കുറിച്ചാണു ചിന്തിക്കുന്നത്! പാടത്തു പണിയെടുത്തതിന്റെ ഫലം വിളവാണ്. താന്‍ ജോലി ചെയ്തതിനു തനിക്കു കിട്ടിയ കൂലിമാത്രം പോരാ, തന്റെ തൊഴില്‍കൊണ്ട് തൊഴിലുടമയ്ക്കുണ്ടായ നേട്ടത്തിനും താന്‍ അവകാശിയാണെന്നയാള്‍ ശഠിക്കുന്നു. ഈ വ്യവസ്ഥിതിയില്‍നിന്നാണല്ലോ ലോകത്തില്‍ മനുഷ്യജീവിതംതന്നെ ദുസ്സഹമാക്കിത്തീര്‍ത്ത കമ്മീഷന്‍ സമ്പ്രദായത്തിന്റെ ആവിര്‍ഭാവം! രോഗിയെ പരിശോധിച്ച് രോഗനിര്‍ണ്ണയം നടത്തി മരുന്നു നിശ്ചയിക്കുന്ന ഡോക്ടര്‍, താന്‍ ചെയ്യുന്ന അത്രയും പ്രവൃത്തിയുടെ പ്രതിഫലം സ്വീകരിക്കുമ്പോള്‍ അദ്ദേഹം തനിക്കവകാശപ്പെട്ട കര്‍മ്മത്തിന്റെ വിലയാണു സ്വീകരിക്കുന്നത്. എന്നാല്‍, രോഗനിര്‍ണ്ണയത്തിനായി നടത്തിയ ടെസ്റ്റുകളുടെ ഫലമായി, മെഡിക്കല്‍ ലാബുകള്‍ക്കും, ഔഷധം വിറ്റതിനു കടക്കാര്‍ക്കും കിട്ടിയ ലാഭത്തിന്റെ വിഹിതംകൂടി തനിക്കു വേണമെന്നു ഡോക്ടര്‍ പറയുന്നത് കര്‍മ്മഫലത്തിലേക്കുള്ള കടന്നുകയറ്റമാണ്. ദൂരവ്യാപകമായ ദുഷ്ഫലങ്ങളുളവാക്കുന്ന ഈ വ്യവസ്ഥയ്‌ക്കെതിരായ മുന്നറിയിപ്പാണ് ശ്രീകൃഷ്ണന്‍ ലോകത്തിനു നല്‍കുന്നത്!