•  23 Jan 2025
  •  ദീപം 57
  •  നാളം 45
ലേഖനം

സത്യവിശ്വാസം സംരക്ഷിക്കാന്‍

നിഖ്യാസൂനഹദോസിന്റെ 1700-ാം വര്‍ഷം പ്രമാണിച്ച് നിഖ്യസൂനഹദോസിനെയും നിഖ്യാവിശ്വാസപ്രമാണത്തെയുംകുറിച്ചുള്ള ഒരു പഠനപരമ്പര 
2   
 
രിയൂസിന്റെ പുതിയ പഠനങ്ങള്‍ റോമാസാമ്രാജ്യത്തില്‍ ഉളവാക്കിയ അസ്വസ്ഥതകള്‍ ഒരു സഭാസമ്മേളനം വിളിച്ചുകൂട്ടുന്നതിന് അന്നത്തെ റോമന്‍ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈനെ പ്രേരിപ്പിച്ചു. കൊര്‍ദോവായിലെ ഹോസിയൂസിന്റെ മധ്യസ്ഥശ്രമവും പരാജയപ്പെട്ടപ്പോഴാണ് കൗണ്‍സില്‍ വിളിച്ചുകൂട്ടാന്‍ ചക്രവര്‍ത്തി തീരുമാനിച്ചത്. ആരിയൂസിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്തവര്‍ ഉണ്ടായിരുന്നതുകൊണ്ട് എന്താണു സത്യം, ഏതാണു ശരിയായ പഠനം എന്ന് ആര്‍ക്കും നിശ്ചയമില്ലായിരുന്നു. അതിനാലാണ് ഒരു പൊതുസമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്ത് കൃത്യമായ തീരുമാനത്തിലെത്താന്‍ ചക്രവര്‍ത്തി ശ്രമിച്ചത്. ആരിയൂസിന്റെ പഠനങ്ങള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ കൂടാതെ ഈസ്റ്റര്‍ദിവസത്തെ സംബന്ധിച്ച വാഗ്വാദങ്ങളും ഈ കൗണ്‍സിലിനു കളമൊരുക്കി. ഈ കൗണ്‍സിലിലേക്കു ക്ഷണിച്ചുകൊണ്ട് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിലെ എല്ലാ മെത്രാന്മാര്‍ക്കും കത്തയച്ചു. ബിഥീനിയായിലെ നിഖ്യാ എന്ന സ്ഥലത്താണ് കൗണ്‍സില്‍ വിളിച്ചുകൂട്ടിയത്. ബിഥീനിയ അഥവാ അനത്തോലിയ അന്നത്തെ ഏഷ്യാമൈനറിലെ (ഇപ്പോഴത്തെ തുര്‍ക്കി) ഒരു പ്രദേശമായിരുന്നു. അവിടത്തെ ഒരു പ്രധാന ക്രൈസ്തവപട്ടണമായിരുന്നു നിഖ്യാ. ബിഥീനിയ, ഗലേഷ്യ, ഫ്രീജിയാ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഏഷ്യാമൈനര്‍ അന്ന് ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള രാജ്യമായിരുന്നു. 1204 മുതല്‍ 1261 വരെ ബൈസന്റൈന്‍സാമ്രാജ്യത്തിന്റെ താത്കാലികതലസ്ഥാനവുമായിരുന്നു. അങ്ങനെ, ഗ്രീക്കുസംസ്‌കാരത്തിന്റെയും ക്രൈസ്തവമതത്തിന്റെയും കേന്ദ്രമായ നിഖ്യായാണ് ആദ്യസാര്‍വത്രികസൂനഹദോസിനായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി തിരഞ്ഞെടുത്തത്. 
1. സമ്മേളനത്തില്‍ പങ്കെടുത്തവര്‍
325 മേയ് 20 മുതല്‍ ജൂലൈ 25 വരെയായിരുന്നു സമ്മേളനം. രണ്ടുമാസം നീണ്ട ഈ സമ്മേളനം ചക്രവര്‍ത്തിയുടെ നിഖ്യായിലെ വേനല്‍ക്കാലവസതിയിലെ ഒരു ഹാളിലായിരുന്നു. സമ്മേളനത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് ചക്രവര്‍ത്തി ലത്തീനില്‍ സംസാരിച്ചു. രാജ്യത്തു സമാധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുകാട്ടി. ചില ദിവസങ്ങളിലെ സമ്മേളനങ്ങളില്‍ രാജാവുതന്നെ പങ്കെടുത്തെങ്കിലും ചര്‍ച്ചയിലും തീരുമാനമെടുക്കുന്നതിലും അദ്ദേഹം ഇടപെട്ടില്ല. കൗണ്‍സിലംഗങ്ങള്‍ക്കു സ്വതന്ത്രമായി ചര്‍ച്ചചെയ്യാന്‍ അവസരം കൊടുത്തു. സൂനഹദോസില്‍ പങ്കെടുത്ത ചക്രവര്‍ത്തി താഴെവരുംവിധം പ്രസംഗിച്ചു: 
''സ്‌നേഹിതരേ, എല്ലാറ്റിനെപ്രതിയും, എന്നാല്‍ പ്രത്യേകമായി ഇവിടെ സമ്മേളിച്ച നിങ്ങളെ കാണുന്നതിന് അനുവദിച്ചതിനെപ്രതി, ഞാന്‍ ദൈവത്തിനു നന്ദിപറയുന്നു. കാരണം, ക്രിസ്തുവിന്റെ പുരോഹിതന്മാരെ ഒന്നിച്ച് ഒരിടത്തു വിളിച്ചുകൂട്ടാന്‍ ഞാന്‍ വളരെ തീവ്രമായി ആഗ്രഹിച്ചു. ഇപ്പോള്‍, നിങ്ങള്‍ ഏകമനസ്സായിരിക്കണമെന്നും ആത്മാവിന്റെ ഐക്യത്തില്‍ ഒരേ അഭിപ്രായം പുലര്‍ത്തണമെന്നുള്ളതാണ് എന്റെ ആഗ്രഹം. ദൈവത്തിന്റെ സഭയിലെ വിഭജനമാണ് ഏറ്റവും വലിയ തിന്മ. നിങ്ങളുടെ ഇടയില്‍ നുഴഞ്ഞുകയറിയ അഭിപ്രായഭിന്നതയെപ്പറ്റി കേട്ടപ്പോഴുള്ള കടുത്ത ദുഃഖം മറ്റൊരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല. ദൈവദാസന്മാരും സമാധാനം പകര്‍ന്നുനല്‍കുന്നവരുമായ നിങ്ങളുടെ ഇടയില്‍ അത്തരം തിന്മയ്ക്കു യാതൊരിടവും ഉണ്ടാകരുതായിരുന്നു. അതിനാലാണ്, വിശുദ്ധ സിനഡിലേക്കു ഞാന്‍ നിങ്ങളെ വിളിച്ചുകൂട്ടിയത്. ഞാന്‍ നിങ്ങളുടെ ചക്രവര്‍ത്തിയും സഹവൈദ്യനുമാണ്. നമ്മുടെ പെസ്‌നേഹിതരോവിനു സ്വീകാര്യമായ ഒരാനുകൂല്യം ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. സ്വീകരിക്കുന്ന എനിക്കും തരുന്ന നിങ്ങള്‍ക്കും അതു ബഹുമാന്യമായിരിക്കും. ഇതാണ് ഞാന്‍ ആവശ്യപ്പെടുന്ന ആനുകൂല്യം: വിഭജനഹേതു എന്താണെന്നു പരിശോധിച്ച് ഈ തര്‍ക്കം ഇതോടെ അവസാനിപ്പിക്കുക. അങ്ങനെ നിങ്ങളുടെ ഇടയില്‍ സമാധാനവും അഭിപ്രായൈക്യവും പുനഃസ്ഥാപിക്കുക. അതുവഴി, നിങ്ങളോടൊപ്പം ഞാന്‍ നമ്മുടെ പൊതുശത്രുവായ പിശാചിന്മേല്‍ ജയം നേടട്ടെ. അവനാണ് ഈ ആഭ്യന്തരകലഹം ഇളക്കിവിട്ടത്. കാരണം, ബാഹ്യശത്രുക്കളെ കീഴ്‌പ്പെടുത്തി കാല്‍ക്കീഴിലമര്‍ത്തിയതുകണ്ട് അവന്‍ ഹാലിളകിയിരിക്കയാണ്'' Ecclesiastical History, Book 1, Ch. 19).  ചക്രവര്‍ത്തി ഈ വാക്കുകള്‍ ലത്തീനില്‍ പ്രസംഗിക്കുകയും ഒരാള്‍ അത് ഗ്രീക്കില്‍ ഭാഷാന്തരം ചെയ്യുകയും ചെയ്തു.
   തീരുമാനങ്ങള്‍ എടുത്തിരുന്നത് സഭയിലെ നേതാക്കന്മാരായിരുന്നു. രാജാവാണ് ഇതു വിളിച്ചുകൂട്ടിയതെങ്കിലും അതു രാജാധികാരപ്രയോഗമായി കണക്കാക്കാന്‍ പാടില്ല. കാരണം, നേരത്തേ കണ്ടതുപോലെ സഭയെ അസ്വസ്ഥമാക്കിയ ആരിയൂസ്പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ സഭയിലെ നേതാക്കന്മാരെ വിളിച്ചുകൂട്ടാന്‍ അദ്ദേഹം ധൈര്യം കാണിച്ചു എന്നതു നല്ലകാര്യംതന്നെ. പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്നുമാത്രമല്ല, സഭയ്ക്കു വിശ്വാസസംബന്ധമായ കാര്യങ്ങളില്‍ ശക്തമായ അടിത്തറയിടാനും അതു സഹായകമായി. ദൈവേഷ്ടത്തിന്റെ നടത്തിപ്പിന് അദ്ദേഹം അങ്ങനെ നിമിത്തമായിഭവിച്ചു എന്നു കണക്കാക്കിയാല്‍ മതി. റോമിലെ മാര്‍പാപ്പാമാരുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായി ഇതിനെ കാണാന്‍ പാടില്ല. കാരണം, അന്നു പല ക്രൈസ്തവകേന്ദ്രങ്ങളുണ്ടായിരുന്നു. അവയെ ഒന്നിപ്പിക്കുന്ന ഘടകം റോമന്‍ചക്രവര്‍ത്തിതന്നെ ആയിരുന്നു. റോമിലെ മാര്‍പാപ്പായുടെ സ്ഥാനം വാസ്തവത്തില്‍ കൗണ്‍സിലുകളോടെയാണു കൃത്യമായതും വര്‍ധിച്ചുവന്നതും; മറ്റു കേന്ദ്രങ്ങളുടെമേലുള്ള അധികാരം പ്രയോഗിക്കാന്‍ തുടങ്ങുന്നതും. അങ്ങനെ പിറകോട്ടുനോക്കുമ്പോള്‍ ഈ അധികാരം റോമിലെ മാര്‍പാപ്പായില്‍നിന്ന് ആരംഭിക്കുന്നതു കാണാം. എന്നാല്‍, അതു കൃത്യമായി കാണുന്നത് എഫേസൂസ്, കാല്‍സിഡന്‍ കൗണ്‍സിലുകളോടുകൂടിയാണ്.
2. സില്‍വെസ്റ്റര്‍ മാര്‍പാപ്പാ
   പുതിയ മാര്‍പാപ്പാ സില്‍വെസ്റ്ററും തന്റെ മുന്‍ഗാമിയുടെ പാത ഇക്കാര്യത്തില്‍ തുടരുമോ എന്ന ആശങ്ക അന്നുണ്ടായിരുന്നു. മാത്രവുമല്ല, അധികാരത്തിലേക്കു വന്നയുടനെ ആയതുകൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി എന്താണെന്ന് ആളുകള്‍ക്കു ബോധ്യമാവുന്നതേ ഉണ്ടായിരുന്നുള്ളൂ. 325 ലെ നിഖ്യാകൗണ്‍സിലിലും സില്‍വെസ്റ്റര്‍ മാര്‍പാപ്പാ പങ്കെടുത്തില്ല. കാരണം, പ്രായാധിക്യമാണ് എന്നാണ് Liber Pontificalesഎന്ന ഗ്രന്ഥത്തില്‍ കാണുന്നത്. പകരം; രണ്ടു വൈദികരെ പ്രതിനിധികളായി അയയ്ക്കുകയാണു ചെയ്തത്. അവര്‍ക്കും ഈ കൗണ്‍സിലില്‍ മുന്‍ഗണന (precedence) നല്‍കിയില്ലെങ്കിലും മറ്റെല്ലാ മെത്രാന്മാര്‍ക്കും മുമ്പില്‍വച്ച് ഇവരാണ് കൗണ്‍സില്‍തീരുമാനങ്ങള്‍ക്കു താഴെ ഒപ്പിട്ടത്. അന്ന് റോമിലെ മാര്‍പാപ്പായുടെ അധികാരം അംഗീകരിച്ചു എന്നതിനു തെളിവായി ഇതു കണക്കാക്കാനാവും. പിന്നീടുണ്ടായ മറ്റു കൗണ്‍സിലുകളിലും മാര്‍പാപ്പായുടെയോ പ്രതിനിധികളുടെയോ ഒപ്പ് കൗണ്‍സില്‍തീരുമാനങ്ങളുടെ നിയമസാധുതയ്ക്ക് ആവശ്യമായിവന്നു. 318    പേര്‍ ഈ കൗണ്‍സിലില്‍ പങ്കെടുത്തെന്നാണ് പൊതുവേയുള്ള വിശ്വാസം. 
    പേര്‍ഷ്യയില്‍നിന്ന് ഒരു മെത്രാന്‍ ഇതില്‍ പങ്കെടുത്തു എന്നു കാണുന്നു. എന്നാല്‍, ഷീസ്യയില്‍നിന്ന് ആരും വന്നില്ല. പോന്തസ്, ഗലേഷ്യ, കപ്പഡോഷ്യ, ഏഷ്യ, ഫ്രീജിയ, പംഫീലിയ എന്നിവിടങ്ങളില്‍നിന്നു വന്നവര്‍ ഏറ്റവും പ്രശസ്തരായ മെത്രാന്മാരായിരുന്നു. ത്രെയിസ്, മാസിഡോണിയ, അക്കായിയ, എപ്പിറസ് എന്നിവിടങ്ങളില്‍നിന്നും വളരെ ദൂരസ്ഥലങ്ങളില്‍നിന്നും മെത്രാന്മാര്‍ എത്തി. സ്‌പെയിനില്‍നിന്നു വന്ന കൊര്‍ദോവയിലെ ഹോസിയൂസ് ആയിരുന്നു ഈ സിനഡിലെ ഒരു പ്രധാന വ്യക്തി എന്നും കൗണ്‍സില്‍ചരിത്രം പറയുന്നു. എന്നാല്‍, റോമിലെ മെത്രാന്‍ സില്‍വസ്റ്റര്‍ വന്നില്ല; പകരം പ്രതിനിധികളായി വീത്തൂസ്, വിന്‍സെന്റ് എന്നീ രണ്ടു വൈദികര്‍ എത്തി. അവര്‍ രണ്ടുപേരെ കൂടാതെ വേറേ അഞ്ചു പേര്‍കൂടിമാത്രമേ പാശ്ചാത്യറോമാസാമ്രാജ്യത്തില്‍നിന്ന് ഇതില്‍ പങ്കെടുത്തുള്ളൂ. കൊര്‍ദോവയിലെ ഹോസിയൂസ്, കാര്‍ത്തേജിലെ ചെച്ചീലിയന്‍, കലാബ്രിയായിലെ മാര്‍ക്കോസ്, ദിയോനിലെ നിക്കോസിയൂസ്, പന്തോണിയായിലെ ദോമിനൂസ് എന്നിവരായിരുന്നു ആ അഞ്ചുപേര്‍. 
'കര്‍ത്താവിന്റെ മുറിവുകളെ സ്വന്തം ശരീരത്തില്‍ വഹിച്ചിരുന്ന ചിലരും' ഇതില്‍ പങ്കെടുത്തു എന്ന് എഴുതിയിട്ടുണ്ട്. അത് അര്‍ഥമാക്കുന്നത്, ഡയക്ലീഷ്യന്റെ കാലത്ത് (284-305) മതപീഡനംമൂലം സാരമായ പരിക്കേറ്റവര്‍ എന്നാണ്. മതപീഡനകാലത്ത് ക്രിസ്തുവിലുള്ള വിശ്വാസത്തിനുവേണ്ടി വളരെയേറെ സഹിച്ചവരില്‍ ചിലരാണിവര്‍. അതില്‍ ഒരാളായിരുന്നു യൂഫ്രട്ടീസിലെ നെയോചെസാരിയായിലെ പോള്‍. അദ്ദേഹത്തിന്റെ കൈകള്‍ക്കു സ്വാധീനമില്ലായിരുന്നു. ചുട്ടുപഴുപ്പിച്ച കമ്പി അദ്ദേഹത്തിന്റെ കൈയില്‍വച്ചാണു പീഡിപ്പിച്ചത്. ഈജിപ്തില്‍നിന്നുവന്ന പഫ്‌നൂസിയൂസിന്റെ ഒരു കണ്ണിനു കാഴ്ചയില്ലായിരുന്നു. മാക്‌സിമീനൂസിന്റെ കാലത്തെ മതപീഡനാവസരത്തിലാണ് അദ്ദേഹത്തിന്റെ ഒരു കണ്ണ് കുത്തിത്തുരന്നത്. അന്നത്തെ മാര്‍പാപ്പായായിരുന്ന സില്‍വെസ്റ്ററും ഡയക്ലീഷ്യന്റെ മതപീഡനകാലത്ത് വളരെയേറെ സഹിച്ച വ്യക്തിയാണ്. 
3. പേര്‍ഷ്യയുടെയും ഇന്ത്യയുടെയും മെത്രാനായ ജോണ്‍
   ഈ കൗണ്‍സിലില്‍ ഇന്ത്യയില്‍നിന്ന് ഒരു മെത്രാന്‍ പങ്കെടുത്തുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അതിനു കാരണം, ഈ കൗണ്‍സിലില്‍ പങ്കെടുത്തവരില്‍ ഒരാള്‍ 'പേര്‍ഷ്യയുടെയും ഇന്ത്യയുടെയും മെത്രാന്‍' എന്നാണ് ചില ചരിത്രരേഖകളില്‍ കാണുന്നത്. നിഖ്യാകൗണ്‍സിലിന്റെ യഥാര്‍ഥ (orginal ) രേഖകള്‍ സൂക്ഷിച്ചുവയ്ക്കപ്പെട്ടിട്ടില്ല. കാരണം, ചിലര്‍ അഭിപ്രായപ്പെടുന്നത് കൗണ്‍സിലിലെ സെക്രട്ടറിമാര്‍ സൂക്ഷിച്ചുവയ്ക്കത്തക്ക രീതിയില്‍ രേഖപ്പെടുത്തിയില്ല എന്നാണ്. എങ്കിലും, കൗണ്‍സിലിനെപ്പറ്റിയുള്ള കാര്യങ്ങള്‍ മിക്കതും മറ്റു രേഖകളില്‍നിന്നും അതില്‍ പങ്കെടുത്തവരുടെ കുറിപ്പുകളില്‍നിന്നും വ്യക്തമാണ്. 
ഈ കൗണ്‍സിലില്‍ പങ്കെടുത്തവരുടെ ഒരു ലിസ്റ്റ് സിക്കിക്കൂസിലെ ജലാസിയൂസ് 475 ല്‍ തയ്യാറാക്കുന്നുണ്ട്. Patrologia Greca  വാല്യം 85 ല്‍ 1314 മുതലുള്ള പേജുകളില്‍ ഇതു കാണാം. ഈ ലിസ്റ്റില്‍ അദ്ദേഹം എഴുതുന്നത് നിഖ്യായില്‍ പങ്കെടുത്ത ഒരു മെത്രാന്‍ 'പേര്‍ഷ്യയുടെയും ഇന്ത്യയുടെയും മെത്രാനായ ജോണ്‍' എന്നാണ്. കൗണ്‍സിലിനുശേഷം ആദ്യമായി ഔദ്യോഗികമായി ലിസ്റ്റ് തയ്യാറാക്കുന്നത് ജലാസിയൂസാണ്. മാത്രവുമല്ല, മെത്രാന്റെ പേരുകൂടി കൃത്യമായി രേഖപ്പെടുത്തുന്നു. എങ്കില്‍ 'പേര്‍ഷ്യയുടെയും ഇന്ത്യയുടെയും' എന്നുള്ളത് കൂടുതല്‍ വിശ്വാസ്യമാണ്.
    നിഖ്യാകൗണ്‍സിലിനെപ്പറ്റി പഠനം നടത്തിയ ഗസ്‌ലര്‍ എന്ന ചരിത്രകാരന്‍ ഈ ലിസ്റ്റിനെപ്പറ്റി കൂടുതല്‍ പഠിച്ചു. അദ്ദേഹം പറയുന്നത് ജലാസിയൂസ് 475 ല്‍ ഈ ലിസ്റ്റ് തയ്യാറാക്കുന്ന കാലത്ത് പേര്‍ഷ്യന്‍സഭയും ഇന്ത്യന്‍സഭയുമായി ബന്ധപ്പെട്ടുകഴിഞ്ഞിരുന്നു; പേര്‍ഷ്യയില്‍നിന്ന് മെത്രാന്മാരും ഇന്ത്യയിലേക്കു വന്നുതുടങ്ങിയിരുന്നു എന്നാണ്. 410 ല്‍ സെലൂഷ്യായില്‍ നടന്ന മാര്‍ ഐസക്കിന്റെ സിനഡിനുശേഷമോ, സിനഡോടുകൂടിയോ ആണ് ഔദ്യോഗികമായി സെലൂഷ്യന്‍സഭ മെത്രാന്മാരെ കേരളത്തിലേക്ക് അയച്ചുതുടങ്ങിയത്. അതിനാല്‍, നാലാം നൂറ്റാണ്ടിന്റെ അന്ത്യംവരെ ഇന്ത്യയിലെ സഭ സ്വതന്ത്രമായിരുന്നു; അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭംമുതലാണ് ഹയരാര്‍ക്കിക്കല്‍ബന്ധം പേര്‍ഷ്യന്‍സഭയുമായി സ്ഥാപിക്കപ്പെടുന്നത്. എങ്കില്‍, ജലാസിയൂസ് 475 ല്‍ ലിസ്റ്റ് തയ്യാറാക്കുന്ന സമയത്ത് പേര്‍ഷ്യയിലെ മെത്രാന് ഇന്ത്യയിലെ സഭയുടെമേലും അധികാരം ആയിക്കഴിഞ്ഞിരുന്നു. 
അതിനാല്‍, കൗണ്‍സിലിന്റെ കാലത്തും ഇന്ത്യയിലെ സഭയുടെ അധികാരി പേര്‍ഷ്യയിലെ പാത്രിയാര്‍ക്കീസാണ് എന്ന അനുമാനത്തിലാണ് അദ്ദേഹം ഇങ്ങനെ 'പേര്‍ഷ്യയിലെയും ഇന്ത്യയിലെയും മെത്രാനായ ജോണ്‍' എന്ന് എഴുതുന്നത്. അതിനാല്‍, ഇന്ത്യയിലെ സഭയ്ക്കും നിഖ്യാസൂനഹദോസില്‍ പ്രാതിനിധ്യം കൊടുക്കുന്നത് ചരിത്രപരമായി തെറ്റായി കണക്കാക്കാനാവില്ല എന്നും ഇന്ത്യയിലെ സഭയുടെ നാലാം നൂറ്റാണ്ടിലെയും അതിനുമുമ്പുമുള്ള അസ്തിത്വത്തെ അംഗീകരിക്കലാണ് അതെന്നും ന്യായമായി പറയാനാവും. 
4. കൗണ്‍സിലിന്റെ സമാപനം
രണ്ടുമാസം നീണ്ടുനിന്ന ഈ കൗണ്‍സില്‍ അവസാനിക്കുന്നത്, പങ്കെടുത്ത മെത്രാന്മാര്‍ക്ക് ചക്രവര്‍ത്തി ഒരുക്കിയ ഒരു വലിയ വിരുന്നോടെയാണ്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയായതിന്റെ ഇരുപതാംവാര്‍ഷികദിനമായിരുന്നു അന്ന്. അതിന്റെ ആഘോഷമായിരുന്നു ഈ വിരുന്ന്. വളരെ വിഭവസമൃദ്ധവും രാജകീയപ്രൗഢി കാണിക്കുന്നതുമായിരുന്ന ഈ വിരുന്നാഘോഷത്തെപ്പറ്റി എവുസേബിയൂസ് പറയുന്നത് 'ഇതൊരു യാഥാര്‍ഥ്യമല്ല, സ്വപ്നമായിരുന്നുവെന്നു തോന്നിപ്പോയി' എന്നാണ്. നീണ്ടകാലത്തെ മതപീഡനത്തില്‍നിന്നു വിമുക്തമായ ഒരു സഭയുടെ ആശ്വാസവും അതിനു വഴിയൊരുക്കിയ കോണ്‍സ്റ്റന്റൈന്‍ചക്രവര്‍ത്തിയുടെ സാമ്രാജ്യമായ റോമിന്റെ പ്രൗഢിയും കാണിക്കുന്നതായിരുന്നു ഈ ആഘോഷം. ഇതു സംബന്ധിച്ച് സൊസോമെന്‍ എഴുതുന്നു: ''അദ്ദേഹം അവര്‍ക്ക് ഉചിതമായ സമ്മാനങ്ങള്‍ നല്‍കി. അവര്‍ മടക്കയാത്രയ്ക്ക് ഒരുങ്ങിയപ്പോള്‍, അവരെ വിളിച്ചുകൂട്ടി, ഭാവിയില്‍ അവരുടെ ഇടയില്‍ യാതൊരു വിഭജനവും നുഴഞ്ഞുകയറാതിരിക്കാന്‍ ഏകമനസ്സും ഏകവിശ്വാസവും പുലര്‍ത്തി സമാധാനത്തില്‍ കഴിയണമെന്ന് ഉപദേശിച്ചു. ഇത്തരം നിരവധി ഉപദേശങ്ങള്‍ക്കുശേഷം, പ്രാര്‍ഥനയില്‍ ശ്രദ്ധാലുക്കളായിരിക്കണമെന്നും തനിക്കും മക്കള്‍ക്കും സാമ്രാജ്യത്തിനുംവേണ്ടി എപ്പോഴും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ഉപസംഹരിച്ചു. അതിനും പുറമേ, അലക്‌സാണ്ട്രിയന്‍സഭയ്ക്ക് പ്രത്യേകമായും എഴുതി; കലഹവും വിഭജനങ്ങളും മാറ്റിവച്ച് സിനഡു പഠിപ്പിച്ച വിശ്വാസം മുറുകെപ്പിടിക്കാന്‍ അദ്ദേഹം അവരെ പ്രേരിപ്പിച്ചു. ഇതു ദൈവതീരുമാനമാണ്. മഹനീയരായ അനേകം വൈദികശ്രേഷ്ഠരിലൂടെ പരിശുദ്ധാത്മാവാണ് ഇവ രൂപീകരിച്ചത്. സംശയാസ്പദസംഗതികളെപ്പറ്റി സൂക്ഷ്മപരിശോധനയ്ക്കുശേഷമാണ് ഇവയെല്ലാം അംഗീകരിച്ചത് ((Ecclesiastical History, Book 1, Ch.25).
എന്നാല്‍, ആര്യനിസത്തെ തള്ളിക്കളഞ്ഞെങ്കിലും അതുകൊണ്ട് കലുഷിതമായ സഭയില്‍ പൂര്‍ണസമാധാനം കൈവരിക്കാന്‍ ഈ കൗണ്‍സിലിനു കഴിഞ്ഞില്ല. തുടര്‍ന്ന്, ഇതിന്റെ പേരില്‍ അരനൂറ്റാണ്ടു നീണ്ടുനിന്ന പ്രശ്‌നങ്ങളുടെ തുടക്കംകുറിക്കലാണ് ഇവിടെ നടന്നത് എന്നു പറയുന്നവരുണ്ട്. എങ്കിലും, ഇത്തരം ഒരു കൗണ്‍സില്‍ വിളിച്ചുകൂട്ടിയതും ആര്യനിസത്തെ തള്ളിക്കളഞ്ഞതും മറ്റനേകം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞതും സഭയുടെ വളര്‍ച്ചയുടെ അംഗീകാരമായി. റോമാസാമ്രാജ്യത്തിലെ മെത്രാന്മാരെ ഒരുമിച്ചുകൂട്ടിയതും സത്യവിശ്വാസം സംരക്ഷിക്കാന്‍ സാധിച്ചതുമെല്ലാം ഈ കൗണ്‍സിലിന്റെ വിജയങ്ങള്‍തന്നെ.   
 
  (തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)