വനിതകള്ക്കു സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി വനിതാഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓട്ടോറിക്ഷകള്‍ നല്‍കുന്നതിന് സൂചന ഉത്തരവുപ്രകാരം അനുമതി നല്‍കിയിട്ടുണ്ട്.
ആദ്യഘട്ടം എന്ന നിലയില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കുറഞ്ഞത് പത്ത് ഓട്ടോറിക്ഷകള്‍ എങ്കിലും നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതും ഇതിലേക്കായി കുടുംബശ്രീ പ്ലാന്‍മിത്ര തയ്യാറാക്കുന്ന പ്രോജക്ടുകള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉപയോഗിക്കേണ്ടതുമാണ്.
ഈ പദ്ധതിപ്രകാരം വാങ്ങിക്കൊടുക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് മാര്‍ക്കറ്റ് വിലയെക്കാള്‍ കുറഞ്ഞ വില നിശ്ചയിക്കുന്നതിനും വനിതാഡ്രൈവര്‍മാര്‍ക്കു സൗജന്യപരിശീലനം നല്‍കുന്ന സബ്‌സിഡിയുടെ കീഴിലുള്ള തുക ധനകാര്യസ്ഥാപനങ്ങളില്‍നിന്നു കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനുംവേണ്ടി താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
1. വിവിധ കമ്പനികളുമായി ചര്‍ച്ച ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഓട്ടോറിക്ഷയുടെ വില നിശ്ചയിക്കുന്നതിന് തദ്ദേശസ്വയംഭരണവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറും കുടുംബശ്രീ പ്രതിനിധികളും ഉള്‍പ്പെട്ട സമിതി നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
2. 10 ശതമാനം വര്‍ധിക്കാത്ത പലിശനിരക്കില്‍ ധനകാര്യസ്ഥാപനങ്ങളില്‍നിന്നു ലോണ്‍ ലഭ്യമാക്കേണ്ടതാണ്.
3. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന വനിതകളുടെ ഡ്രൈവിങ് പരിശീലനം, ലൈസന്‍സ്, ബാഡ്ജ് എന്നിവ ലഭിക്കുന്നതിനുള്ള നടപടികള്‍ കുടുംബശ്രീ സ്വീകരിക്കേണ്ടതാണ്.
4. തിരഞ്ഞെടുക്കപ്പെടുന്ന വാഹനത്തിന്റെ ഒരു വര്‍ഷത്തെ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സൗജന്യമായി നല്‍കേണ്ടതും വാഹനത്തിന്റെ പീരിയോഡിക് മെയിന്റനന്‍സ്, പ്രോജക്ട് ട്രെയിനിങ്, ഒരു വര്‍ഷത്തേക്കുള്ള സൗജന്യ സര്‍വീസ് കസ്റ്റമര്‍ കെയര്‍ സര്‍വീസ് സംബന്ധിച്ച് സൗജന്യ മെഡിക്കല്‍ കിറ്റുകള്‍, അംഗത്തിനും കുടുംബത്തിനും സൗജന്യമെഡിക്കല്‍ ഇന്‍ഷുറന്‍സ്, വാഹനത്തിന് എനിടൈം ആന്‍ഡ് എനിവെയര്‍ സപ്പോര്‍ട്ട് എന്നിവ സൗജന്യമായി നല്‍കേണ്ടതാണ്. ഇതിന് അടിയന്തരനടപടികള്‍ തദ്ദേശസ്വയംഭരണവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സ്വീകരിക്കേണ്ടതാണ്.
എന്താണ് കുടുംബശ്രീ
ഓട്ടോപദ്ധതിയുടെ ലക്ഷ്യം?
സ്വയംതൊഴിലിലൂടെ കൂടുതല്‍ സ്ത്രീകളെ തൊഴില്‍മുഖത്ത് എത്തിക്കുക, ഇപ്പോള്‍ പുരുഷന്മാര്‍മാത്രമുള്ള ഓട്ടോ ഡ്രൈവിങ് മേഖലയില്‍ പരിചയസമ്പന്നരായ സ്ത്രീകളെ തിരഞ്ഞെടുത്ത് അവര്‍ക്ക് വിദഗ്ധപരിശീലനം നല്‍കി ബാങ്കുമായി ലിങ്ക് ചെയ്ത സബ്‌സിഡി നല്‍കി കുറഞ്ഞ വായ്പാസൗകര്യം ഒരുക്കി സ്വയംതൊഴിലില്‍ ഏര്‍പ്പെടുത്തുന്നതിന് കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരെ സജ്ജരാക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമാക്കുന്നത്. ഇതിലൂടെ ഓരോ തദ്ദേശസ്വയം ഭരണസ്ഥാപനവും പത്തു വനിതകള്‍ക്കെങ്കിലും സ്വയംതൊഴിലും വരുമാനവും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കുടുംബശ്രീ ഓട്ടോ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരെല്ലാം? ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം?
ഗ്രാമസഭയിലൂടെ തിരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ ബിപിഎല്ലില്‍ ഉള്‍പ്പെട്ടവരോ അല്ലെങ്കില്‍ 50,000 രൂപ വാര്‍ഷികവരുമാനം ഉള്ളവരോ ഡ്രൈവിങ് ലൈസന്‍സ്, ബാഡ്ജ് ഉള്ളവരോ ആയിരിക്കണം. പതിനെട്ടിനും അമ്പതിനും ഇടയ്ക്കു പ്രായമുള്ള ഇവര്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ അംഗമായിരിക്കണം. കുടുംബശ്രീ പ്ലാന്‍ മിത്രകള്‍ പദ്ധതികള്‍ തയ്യാറാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കി ഗ്രാമസഭയിലൂടെ അര്‍ഹതയുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത്, തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതിക്ക് സബ്‌സിഡി വകയിരുത്തി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് (ഒരു സിഡിഎസില്‍ ഏറ്റവും കുറഞ്ഞത് പത്തുപേര്‍ക്ക് സബ്‌സിഡി വകയിരുത്തി) കുടുംബശ്രീ ജില്ലാ മിഷന്‍ ഡ്രൈവിങ് പരിശീലനം നല്‍കി ബാഡ്ജ് എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് ബാക്ക് എന്‍ഡ് സബ്‌സിഡിയായി തുക ബാങ്കിലേക്കു നല്‍കുന്നതാണ് പദ്ധതി പ്രവര്‍ത്തനം.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹായം സംബന്ധിച്ച്:
11-01-2016 ലെ ജി.ഒ. (എം.എസ്.) 4/2016 സര്‍ക്കാര്‍ ഉത്തരവുപ്രകാരം സ്വയംതൊഴിലിന് ഓട്ടോറിക്ഷ വാങ്ങുന്നതിന് പൊതുവിഭാഗങ്ങളില്‍പ്പെട്ട ഒരാള്‍ക്ക് 40,000 രൂപയും എസ്.സി./ എസ്.ടി.ക്ക് 50,000 രൂപയും വകയിരുത്താവുന്നതാണ്. തദ്ദേശസ്വയംഭരണസ്ഥാപനം പത്തു ഗുണഭോക്താക്കള്‍ക്ക് കാറ്റഗറി അനുസരിച്ചു തുക വകയിരുത്തേണ്ടതാണ്.
സംസ്ഥാനതലത്തില്‍ പിന്തുണാസഹായം സംബന്ധിച്ച്...
ഓട്ടോറിക്ഷയുടെ വില വിവിധ കമ്പനികളുമായി ചര്‍ച്ച ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്ക് നിശ്ചയിച്ചിരിക്കുന്നു. അത് ചുവടെ ചേര്‍ക്കുന്നു.
ബജാജ് ഓട്ടോ ലിമിറ്റഡ്:
1. വാഹനത്തിന്റെ ഒരു വര്‍ഷത്തെ സര്‍വീസ് തുക ഈടാക്കാതെ നല്‍കുന്നു.
2. വാഹനത്തിന് ഗവണ്‍മെന്റ് പ്രത്യേകമായി പറഞ്ഞിരിക്കുന്ന കളര്‍ പെയിന്റ് സൗജന്യനിരക്കില്‍ ചെയ്തു തരുന്നു.
3. വാഹനം മീറ്റര്‍ ഉള്‍പ്പെടെ ടെസ്റ്റ് കണ്ടീഷനില്‍ ആയിരിക്കും വിതരണം ചെയ്യുക.
4. വാഹനത്തിന് 45 ദിവസത്തെ ഇടവേളയില്‍ അല്ലെങ്കില്‍ 5000 കിലോമീറ്റര്‍ പൂര്‍ത്തിയാക്കുന്നമുറയ്ക്ക് ലേബര്‍ ചാര്‍ജ്, പാര്‍ട്‌സുകളുടെ വില എന്നിവ ഈടാക്കാതെ സൗജന്യമായി ഒരു വര്‍ഷത്തേക്ക് സര്‍വീസ് ചെയ്തു നല്‍കുന്നു.
5. വാഹനത്തിന്റെ കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് സൗജന്യമായി കമ്പനി എടുത്തു കൊടുക്കുന്നു.
നിയമവീഥി