പ്രത്യേകാവകാശപ്രകാരമുള്ള മരണശാസനം (Privileged Will) എന്നാല്‍ എന്താണ്?
1925 ലെ പിന്തുടര്‍ച്ചാനിയമം 65-ാം വകുപ്പുപ്രകാരം താഴെ പറയുന്നവര്‍ ഉണ്ടാക്കുന്ന മരണ ശാസനങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്.
• ഒരു യുദ്ധസംരംഭത്തില്‍ നിയോഗിക്കപ്പെട്ടതോ യഥാര്‍ഥ യുദ്ധനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ ആയ സൈനികന്‍.
• അപ്രകാരം നിയോഗിക്കപ്പെട്ടിട്ടുള്ളവനോ ഏര്‍പ്പെട്ടിരിക്കുന്നവനോ ആയ വൈമാനികന്‍.
• കടലില്‍ ആയിരിക്കുന്ന നാവികന്‍.
വകുപ്പ് 65 അനുസരിച്ച് പ്രത്യേക അവകാശപ്രകാരമുള്ള മരണശാസനങ്ങളെക്കുറിച്ച്:
ഒരു യുദ്ധസംരംഭത്തില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളവനോ യഥാര്‍ഥ യുദ്ധ നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവനോ ആയ ഏതെങ്കിലും സൈനികനോ അല്ലെങ്കില്‍ അപ്രകാരം നിയോഗിക്കപ്പെട്ടിട്ടുള്ളവനോ ഏര്‍പ്പെട്ടിരിക്കുന്നവനോ ആയ വൈമാനികനോ കടലില്‍ ആയിരിക്കുന്ന നാവികനോ തനിക്ക് 18 വയസ്സ് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ തന്റെ വസ്തു അറുപത്തിയാറാം വകുപ്പില്‍ വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ ഉണ്ടാക്കുന്ന മരണശാസനംവഴി വിനിയോഗം ചെയ്യാവുന്നതാണ്. അങ്ങനെയുള്ള മരണശാസനങ്ങളെ പ്രത്യേക അവകാശപ്രകാരമുള്ള മരണശാസനങ്ങള്‍ എന്നു വിളിക്കുന്നു.
ദൃഷ്ടാന്തങ്ങള്‍
• ഒരു റെജിമെന്റിനോടു ചേര്‍ന്ന് ഒരു മെഡിക്കല്‍ ഓഫീസര്‍ ഒരു യുദ്ധസംരംഭത്തില്‍ യഥാര്‍ഥത്തില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു. അയാള്‍ ഒരു യുദ്ധസംരംഭത്തില്‍ യഥാര്‍ഥത്തില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള സൈനികനാണ്. അയാള്‍ക്കു പ്രത്യേക അവകാശപ്രകാരമുള്ള മരണശാസനം ഉണ്ടാക്കാന്‍ കഴിയുന്നതാണ്.
•~ഒരു കപ്പലില്‍ സേവനമനുഷ്ഠിക്കുന്ന നാവികന് പ്രത്യേക അവകാശപ്രകാരമുള്ള മരണശാസനം ഉണ്ടാക്കാന്‍ കഴിയും.
• കലാപകാരികള്‍ക്കിടയില്‍ യുദ്ധരംഗത്തു സേവനമനുഷ്ഠിക്കുന്ന സൈനികന് ഒരു വ്യക്തി, അയാള്‍ യഥാര്‍ഥയുദ്ധനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആ നിലയ്ക്ക് പ്രത്യേക അവകാശപ്രകാരമുള്ള മരണശാസനം ഉണ്ടാക്കാന്‍ കഴിയുന്നതാണ്.
• ഒരു കപ്പലിലെ നാവികനായ വ്യക്തി, അയാള്‍ ഒരു യാത്രയ്ക്കിടയില്‍ കപ്പല്‍ തുറമുഖത്തു കിടക്കുമ്പോള്‍ താത്കാലികമായി കടല്‍ത്തീരത്താണ്. ഈ വകുപ്പിന്റെ ആവശ്യങ്ങള്‍ക്ക് അയാള്‍ കടലില്‍ ആയിരിക്കുന്ന നാവികനാണ്. അയാള്‍ക്ക് പ്രത്യേക അവകാശപ്രകാരമുള്ള മരണശാസനം ഉണ്ടാക്കാന്‍ കഴിയുന്നതാണ്.
• ഒരു നാവികസേനയെ നയിക്കുന്ന അഡ്മിറലും എന്നാല്‍ കടല്‍ത്തീരത്തു താമസിക്കുകയും കപ്പലിലേക്ക് ഇടയ്ക്കുമാത്രം പോകുന്നവനുമായ ഒരു വ്യക്തി കടലില്‍ ആയിരിക്കുന്നതായി കരുതപ്പെടുന്നതല്ലാത്തതും അയാള്‍ക്ക് പ്രത്യേക അവകാശപ്രകാരമുള്ള മരണശാസനം ഉണ്ടാക്കാന്‍ കഴിയുന്നതല്ലാത്തതുമാകുന്നു.
• ഒരു സൈനികയുദ്ധസംരംഭത്തില്‍ സേവനമനുഷ്ഠിക്കുന്ന നാവികനും എന്നാല്‍, കടലില്‍ അല്ലാതിരിക്കുന്നവനുമായ ഒരു വ്യക്തി സൈനികനായി കരുതപ്പെടുന്നതും അയാള്‍ക്കു പ്രത്യേക അവകാശപ്രകാരമുള്ള മരണശാസനം ഉണ്ടാക്കാന്‍ കഴിയുന്നതുമാകുന്നു.
പ്രത്യേക അവകാശപ്രകാരമുള്ള മരണശാസനങ്ങള്‍ ഉണ്ടാക്കുന്ന സമ്പ്രദായവും ഒപ്പിട്ടു പൂര്‍ത്തീകരിക്കാനുള്ള ചട്ടങ്ങളും സംബന്ധിച്ച്:
പ്രത്യേക അവകാശപ്രകാരമുള്ള മരണശാസനങ്ങള്‍ ലിഖിതമായിരിക്കാവുന്ന വാക്കാല്‍ ഉണ്ടാക്കാവുന്നതോ ആകുന്നു.
പ്രത്യേക അവകാശപ്രകാരമുള്ള മരണശാസനങ്ങളുടെ ഒപ്പിട്ടു പൂര്‍ത്തീകരിക്കല്‍ താഴെ പറയുന്ന ചട്ടങ്ങളെ അനുശാസിതമായിരിക്കുന്നതാകുന്നു.
• മരണശാസനം മുഴുവനും മരണശാസനാകര്‍ത്താവിന് സ്വന്തം കൈകൊണ്ട് എഴുതാവുന്നതാണ്. അങ്ങനെയുള്ള സംഗതിയില്‍ അത് ഒപ്പിടുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്യേണ്ടതില്ല.
• അത് മുഴുവനായോ ഭാഗികമായോ മറ്റൊരാള്‍ എഴുതിയതും മരണശാസനാകര്‍ത്താവ് ഒപ്പിട്ടതും ആകാവുന്നതാണ്. അങ്ങനെയുള്ള സംഗതിയില്‍ അത് സാക്ഷ്യപ്പെടുത്തേണ്ടതില്ല.
• മരണശാസനമായി കരുതപ്പെടുന്ന പ്രമാണം മുഴുവനായോ ഭാഗികമായോ മറ്റൊരാള്‍ എഴുതുകയും മരണശാസനാകര്‍ത്താവ് അത് ഒപ്പിടാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അത് മരണ ശാസനാകര്‍ത്താവിന്റെ നിര്‍ദേശപ്രകാരം എഴുതിയതാണെന്നോ അല്ലെങ്കില്‍ അതു തന്റെ മരണ ശാസനമായി അയാള്‍ അംഗീകരിച്ചുവെന്നോ കണക്കാക്കപ്പെടുന്നതെങ്കില്‍ അത് അയാളുടെ മരണശാസനമായി കരുതപ്പെടാവുന്നതാകുന്നു.
• മരണശാസനാകര്‍ത്താവ് ഉദ്ദേശിച്ച രീതിയില്‍ പ്രമാണത്തിന്റെ പൂര്‍ത്തീകരിക്കല്‍ മുഴുമിപ്പിച്ചിട്ടുണ്ടായിരുന്നുവെന്നും അതില്‍നിന്നു പ്രത്യക്ഷത്തില്‍ ത്തന്നെ കാണപ്പെടുന്നുവെങ്കില്‍ പ്രമാണം ആ കാരണത്താല്‍ അസാധുവായിരിക്കുന്നതല്ല. എന്നാല്‍, അതിന് അയാള്‍ അത് ഒപ്പിട്ടു പൂര്‍ത്തീകരിക്കാതിരുന്നത് പ്രമാണത്തില്‍ പ്രകടമാക്കിയിട്ടുള്ള മരണശാസനോദ്ദേശ്യങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നുവെന്നുള്ളതല്ലാത്ത മറ്റു വല്ല കാരണത്താലുമാണെന്നു ന്യായമായി കല്പിക്കപ്പെടാവുന്നതായിരിക്കണം.
• സൈനികനോ വൈമാനികനോ നാവികനോ തന്റെ മരണപത്രം തയ്യാറാക്കുന്നതിനുള്ള ആദേശങ്ങള്‍ എഴുതിയിരിക്കുകയും, എന്നാല്‍ അത് തയ്യാറാക്കുകയും ഒപ്പിട്ടു പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതിനുമുമ്പ് മരണപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അങ്ങനെയുള്ള ആദേശങ്ങള്‍ അയാളുടെ മരണശാസനം ആകുന്നതായി പരിഗണിക്കാവുന്നതാണ്.
• സൈനികനോ വൈമാനികനോ നാവികനോ തന്റെ മരണ ശാസനം തയ്യാറാക്കുന്നതിന് രണ്ടു സാക്ഷികളുടെ സാന്നിധ്യത്തില്‍ വാക്കാല്‍ ആദേശങ്ങള്‍ നല്‍കിയിരിക്കുകയും അവ അയാളുടെ ജീവിതകാലത്ത് ലിഖിതമാക്കിയിരിക്കുകയും എന്നാല്‍, അയാള്‍ പ്രമാണം തയ്യാറാക്കുകയും ഒപ്പിട്ടു പൂര്‍ത്തീകരിക്കുകയും ചെയ്യാന്‍ കഴിയുന്നതിനുമുമ്പ് മരിച്ചുപോയിരിക്കുകയും ചെയ്യുന്നു വെങ്കില്‍ അങ്ങനെയുള്ള ആശയങ്ങള്‍ അവ അയാളുടെ സാന്നിധ്യത്തില്‍ ലിഖിതമാക്കുകയോ അത് അയാളെ വായിച്ചുകേള്‍പ്പിക്കുകയോ ചെയ്തിട്ടില്ലാതിരിക്കാമെങ്കിലും അയാളുടെ മരണശാസനം ആകുന്നതായി പരിഗണിക്കപ്പെടുന്നതാണ്.
• സൈനികനോ വൈമാനികനോ നാവികനോ, ഒരേസമയത്ത് സന്നിഹിതരായിരിക്കുന്ന രണ്ടു സാക്ഷികളുടെ മുമ്പാകെ തന്റെ ഉദ്ദേശ്യം പ്രഖ്യാപിച്ചുകൊണ്ട് വാക്കാല്‍ മരണശാസനം ഉണ്ടാക്കാവുന്നതാണ്.
വാക്കാലുള്ള മരണശാസനങ്ങള്‍ ദുര്‍ബലപ്പെടുന്നതു സംബന്ധിച്ച്:
വാക്കാല്‍ ഉണ്ടാകുന്ന മരണ ശാസനം മരണശാസനാകര്‍ത്താവ് ജീവിച്ചിരിക്കെത്തന്നെ അയാള്‍ക്ക് പ്രത്യേക അവകാശമുള്ള മരണശാസനം ഉണ്ടാക്കാനുള്ള അവകാശം ഇല്ലാതായിത്തീര്‍ന്നതിനുശേഷം ഒരു മാസം കഴിയുന്നതോടെ അസാധുവാകുന്നതാണ്.
വാക്കാലുള്ള മരണശാസനങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെടണം എന്നതു സംബന്ധിച്ച്:
വാക്കാലുള്ള മരണശാസനങ്ങള്‍ പ്രത്യേകാവകാശപ്രകാരം അംഗീകരിക്കപ്പെടണമെങ്കില്‍ പ്രത്യേകാവകാശം നഷ്ടപ്പെടുന്നതിനുമുമ്പ് അല്ലെങ്കില്‍ അന്നുമുതല്‍ ഒരു മാസത്തിനകം മരിച്ചിരിക്കണം.
വാക്കാലുള്ള മരണശാസനങ്ങള്‍ ശക്തവും അഖണ്ഡനീയവുമായ തെളിവുകള്‍ നല്‍കി സംശയാതീതമായി തെളിയിക്കപ്പെടണം എന്ന പൊതുതത്ത്വം ഇവിടെയും പ്രസക്തമാണ്.