•  21 Nov 2024
  •  ദീപം 57
  •  നാളം 37
കവിജീവിതങ്ങള്‍

സര്‍വാദരണീയനായ കവിപ്രവാചകന്‍

ലയാളിക്ക് ഏറെ പ്രിയങ്കരനും പ്രവാചകസമമായ ഭാഷ കൊണ്ടു സാഹിത്യത്തെയും ചിത്രകലയെയും സമന്വയിപ്പിച്ചു സാര്‍വലൗകികമാനങ്ങള്‍ എല്ലാക്കാലത്തേക്കുമായി സമ്മാനിക്കുകയും ചെയ്ത കവിയാണ് ഖലീല്‍ ജിബ്രാന്‍. ലെബനണിലെ ബിഷാറി എന്ന ഗ്രാമത്തില്‍ 1883 ജനുവരി 6 ന് ഖലീല്‍ ജിബ്രാന്‍ ജനിച്ചു. പിതാവ് ഖലീല്‍ ജിബ്രാന്‍. അമ്മ കമീല. അച്ഛനും മകനും ഒരേ പേരുതന്നെയായിരുന്നു. ആ ദമ്പതികളുടെ ആദ്യപുത്രനായിരുന്നു ജിബ്രാന്‍ എങ്കിലും അമ്മ കമീലയുടെ ആദ്യവിവാഹത്തില്‍ ജനിച്ച ബുട്രോസ് അവരുടെ കൂടെത്തന്നെയായിരുന്നു. ചെറുകിട കര്‍ഷകനും നികുതി പിരിക്കുന്ന ഉദ്യോഗസ്ഥനുമായിരുന്ന പിതാവ് കുടുംബം നോക്കി നടത്തുന്നതില്‍ അലംഭാവിയായിരുന്നു. അതുകൊണ്ടുതന്നെ മക്കളെ വളര്‍ത്തുന്നതിന്റെയും അവരുടെ വിദ്യാഭ്യാസത്തിന്റെയുമൊക്കെ മേല്‍നോട്ടം അമ്മ കമീലയ്ക്കായിരുന്നു. മാരോനൈറ്റ് ക്രിസ്തുമത വിശ്വാസികളായിരുന്നു ജിബ്രാന്റെ കുടുംബം. ജിബ്രാനു രണ്ടു സഹോദരിമാര്‍കൂടി ഉണ്ടായിരുന്നു; മാരിയാനയും സുല്‍ത്താനയും. നന്നെ ചെറുപ്പത്തില്‍ത്തന്നെ സംഗീതവും ഫ്രഞ്ചും അറബിയും മക്കളെ പഠിപ്പിച്ചത് കമീലയായിരുന്നു. ആറു വയസ്സുള്ളപ്പോള്‍ അമ്മ ഡാവിഞ്ചിചിത്രങ്ങള്‍ ജിബ്രാനു നല്‍കി. ചിത്രകലാലോകത്തേക്കുള്ള മഹാവാതിലുകളായിരുന്നു ആ ഡാവിഞ്ചി ചിത്രങ്ങളുടെ പ്രിന്റുകള്‍. അമ്മതന്നെയാണ് അറബിക്കഥകളും നാടോടിക്കഥകളും പറഞ്ഞുകൊടുത്ത് ബാല്യകാലത്തുതന്നെ വിശാലമായ ഒരു ലോകം ജിബ്രാനു തുറന്നുകൊടുത്തത്.
തുര്‍ക്കിഭരണത്തിന്‍കീഴിലായിരുന്ന ലബനീസ് ജനത ഒരു വിമോചനം ആഗ്രഹിച്ച കാലമായിരുന്നു അത്. ജീവിതം ദുസ്സഹമായ ആ നാളുകളില്‍ അനേകം ലബനന്‍കാര്‍ അമേരിക്കയുടെ വിസ്മയലോകത്തേക്കു കുടിയേറിയിരുന്നു. അങ്ങനെ 1895 ല്‍ ജിബ്രാന്റെ കുടുംബവും അമേരിക്കയിലെ ബോസ്റ്റണിലേക്കു കുടിയേറി. പിതാവ് ജിബ്രാന്‍ ബിഷാറി വിട്ടുപോരാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട് കുടുംബത്തിന്റെ നായകന്‍ ബൂട്രോസ് ആയിരുന്നു. അകലെനിന്നു കണ്ട അമേരിക്കയല്ല അടുത്തു കണ്ടപ്പോള്‍ എന്നു മനസ്സിലായെങ്കിലും അമേരിക്ക നല്‍കിയ അവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോയി. കമീലയുടെ ഉത്സാഹത്താല്‍ ഒരു ചെറുകിട കച്ചവടസ്ഥാപനം തുടങ്ങി ജീവിക്കാനുള്ള വരുമാനം കണ്ടെത്തി. കുടിയേറ്റക്കാരുടെ ഇംഗ്ലീഷറിയാത്ത മറ്റു കുട്ടികളോടൊപ്പം ജിബ്രാനും സ്‌കൂളില്‍ ചേര്‍ന്നു. ക്വിന്‍സി സ്‌കൂളിലെ അധ്യാപികയാണ് ജിബ്രാന്, 'ഖലീല്‍ ജിബ്രാന്‍' എന്ന പേരിട്ടത്. ലോകം മുഴുവന്‍ ആരാധകരുള്ള ഒരു കവിയെയും ചിത്രകാരനെയും ഈ പേരിലൂടെ സൃഷ്ടിക്കയാണെന്ന് ആ അധ്യാപിക കരുതിയിട്ടുണ്ടാവില്ല. ചുറുചുറുക്കുള്ള ബൂട്രോസിനെ അപേക്ഷിച്ച് ജിബ്രാന്‍ അന്തര്‍മുഖനും ആലോചനാശീലനുമായിരുന്നു. ചിത്രം വരയ്ക്കാന്‍ കഴിവുള്ള ജിബ്രാനെ അധ്യാപകര്‍ സഹായിച്ചു. അതിനിടയില്‍ ഹോളണ്ട് ഡേ എന്ന കലാപ്രവര്‍ത്തകനെ പരിചയപ്പെട്ടു. ഡേയുടെ സ്റ്റുഡിയോയിലും ചിത്രരചനയിലും ജിബ്രാന്‍ സഹായിയായി. പുസ്തകപ്രസാധകര്‍ക്കും കലാകാരന്മാര്‍ക്കും പതിനഞ്ചു തികയാത്ത ഈ ബാലനെ ഡേ പരിചയപ്പെടുത്തി. 'റൂബിയാത്തി'ന്റെ പുറംചട്ട ചെയ്യാനുള്ള ഭാഗ്യം ജിബ്രാനെ തേടിയെത്തി. അതു വലിയ പ്രോത്സാഹനമായി. 1898 ല്‍ ജിബ്രാന്‍ തിരികെ ബെയ്‌റൂട്ടിലേക്കു പോയി. കുടിയേറ്റജീവിതത്തിന്റെ ബാക്കിപത്രമായി ലഭിച്ച ക്ഷയരോഗം ആ കുടുംബത്തെ ബാധിച്ചു. ആദ്യം സഹോദരി സുല്‍ത്താനയും, പിന്നീട് തന്റെ പ്രിയ ജ്യേഷ്ഠന്‍ ബൂട്രോസും മരണമടഞ്ഞു. കാന്‍സര്‍രോഗബാധിതയായിരുന്ന അമ്മ കമീലയും അദ്ദേഹത്തെ വിട്ടുപിരിഞ്ഞ അഞ്ചു പേരുമായി കുടിയേറിയ ആ കുടുംബം രണ്ടു പേരായി ചുരുങ്ങി; ജിബ്രാനും മാരിയാനയും. 1904 ല്‍ ജിബ്രാന്‍ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കപ്പെട്ടു. ഈ പ്രദര്‍ശനം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാക്കി. 'മേരി ഹാസ്‌കല്‍' എന്ന ഹെഡ്മിസ്ട്രസ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലും ആകൃഷ്ടയായി. ഇതിനിടെയാണ് ഡേയുടെ സ്റ്റുഡിയോ അഗ്‌നിക്കിരയാകുന്നത്. അനേകം ചിത്രകാരന്മാരുടെ ചിത്രങ്ങളോടൊപ്പം ജിബ്രാന്റെ ചിത്രങ്ങളും കത്തി നശിച്ചു. വാര്‍ത്തകളില്‍ ജിബ്രാന്റെ പേരുപോലും ഉണ്ടായിരുന്നില്ല. എന്നാല്‍, മേരി ഹാസ്‌കല്‍ ദുഃഖം അറിയിച്ചിരുന്നു. മേരിയും ജിബ്രാനും തമ്മില്‍ മരണംവരെ നീണ്ടുനിന്ന സൗഹൃദത്തിനു തുടക്കം കുറിക്കുന്നതായിരുന്നു ഇത്. മേരിയുടെ സഹായത്താല്‍ പാരീസില്‍ ചിത്രകല പഠിക്കാനുള്ള അവസരം ജിബ്രാനു കൈവന്നു. കലകളുടെ ലോകമായിരുന്നു പാരീസ്. പാരീസ് ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ജിബ്രാനെ ഏറെ ധന്യനാക്കി. നീത്‌ഷെയുടെയും ബ്ലേയ്ക്കിന്റെയും ചിന്തകളുമായി ബൗദ്ധികബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അല്‍-മുജാഹിര്‍ എന്ന അറബിപ്പത്രത്തിലെ കഥകളും ലേഖനങ്ങളും അമേരിക്കയിലെ അറബിജനതയില്‍ വലിയ ജനപ്രീതി ഉണ്ടാക്കിയിരുന്നു. 1912 ല്‍ 'ഒടിഞ്ഞ ചിറകുകള്‍' പ്രസിദ്ധപ്പെടുത്തിയ കാലത്ത് കെയ്‌റോവിലുള്ള 'മേയ് സിയാദ' എന്ന നിരൂപിക എഴുത്തിലൂടെ ജിബ്രാനുമായി ബന്ധപ്പെടുകയും മാനസികമായി അടുപ്പത്തിലാവുകയും ചെയ്തിരുന്നു. ജിബ്രാന്റെ പ്രസിദ്ധമായ കൃതി പ്രവാചകന്‍ 1920 ല്‍ എഴുതി പൂര്‍ത്തിയാക്കിയെങ്കിലും 1923 ലാണ് പ്രസിദ്ധീകരിച്ചത്. 1928 ല്‍ 'മനുഷ്യ പുത്രനായ യേശു'  എന്ന ഗ്രന്ഥത്തിന്റെ രചന പൂര്‍ത്തിയാക്കി. തന്റെ അന്ത്യം അടുത്തിരിക്കുന്നു എന്ന തോന്നലില്‍ മാരിയാനയ്ക്ക് ബോസ്റ്റണില്‍ മെച്ചപ്പെട്ട ഒരു വീട് വാങ്ങി നല്‍കി. കുറെ പണം മാരിയാനയുടെ പേരില്‍ നിക്ഷേപിച്ചു. 1931 ഏപ്രില്‍ 10 ന് സിറോസിസും ക്ഷയരോഗവും ബാധിച്ച് ജിബ്രാന്‍ യാത്രയായി.
ലോകപ്രശസ്ത ചിത്രകാരനും കവിയും നോവലിസ്റ്റും എല്ലാമെല്ലാമായിരുന്ന ജിബ്രാന്‍ കേവലം 48-ാം വയസ്സിലാണ് വിട വാങ്ങിയത്. ലെബനണിലെത്തിച്ച ഭൗതികശരീരം സര്‍വ ബഹുമതികളോടുംകൂടി ബിഷറിയില്‍ മാര്‍ സാര്‍ക്കീസ് മൊണാസ്റ്ററിയില്‍ കബറടക്കി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)