•  28 Nov 2024
  •  ദീപം 57
  •  നാളം 38
കവിജീവിതങ്ങള്‍

ലാവോത്സുവും പൂന്താനവും

''അന്യരെ ഗ്രഹിക്കുന്നതു ബുദ്ധിയാം,
തന്നെത്തന്നെ ഗ്രഹിപ്പതു ജ്ഞാനവും.
അന്യരെ ജയിക്കുന്നതു  ശക്തിയാം,
തന്നെത്തന്നെ ഗ്രഹി പ്പതു സ്ഥൈര്യവും,
ഉള്ളതില്‍ തൃപ്തിയുള്ളവന്‍ വിത്തവാന്‍
ഉള്ളിലെ ശക്തിയോ സ്ഥിരോത്സാഹമാം.
നിന്നിടത്തു നില്ക്കുന്നോന്‍  സഹിഷ്ണുവാം,
നാശമെന്നി മരിപ്പോനനശ്വരന്‍.''
ഈ വരികള്‍ പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലേതോ ഇനി ശ്രീനാരായണഗുരുവിന്റേതുതന്നെയോ എന്നു തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. എന്നാല്‍, ഈ കവിത ''താവോയിസം'' എന്ന തത്ത്വചിന്തയുടെ സ്ഥാപകന്‍ ലാവോത്സുവിന്റേതാണെന്നറിയുന്നവര്‍ ചുരുക്കം.
ബൈബിള്‍ കഴിഞ്ഞാല്‍ കൂടുതല്‍ വിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള ഗ്രന്ഥമാണ് ലാവോത്സുവിന്റെ താവോ തേ ചിങ്ങ്. 81 ഗാനങ്ങളും ചൈനീസ്ഭാഷയിലെ 5000 അക്ഷരങ്ങളുമുള്ള ഒരു കൊച്ചുപുസ്തകത്തിന് ഇത്ര പ്രാധാന്യം എങ്ങനെയുണ്ടായി എന്നു പരിശോധിക്കുമ്പോഴാണ് ലാവോത്സുവിന്റെ ചിന്തകളുടെ ആഴവും പരപ്പും നമ്മെ അമ്പരപ്പിക്കുന്നത്.
ലാവോത്സു ചൈനയിലെ 'ചു' എന്ന നഗരത്തില്‍ ക്രിസ്തുവിനുമുമ്പ് ആറാം ശതകത്തില്‍ ജീവിച്ചിരുന്നു എന്നാണു വിശ്വസിക്കപ്പെടുന്നത്. അദ്ദേഹം താവോയിസം എന്ന ആത്മീയവഴിയുടെ ഉപജ്ഞാതാവായി കരുതിപ്പോരുന്നു.
താവോയിസം എന്ന സങ്കല്പം ലാവോത്സുവിനുമുമ്പുണ്ടായിരുന്നതായി ചില ചരിത്രകാരന്മാര്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, താവോയിസത്തിനു നിയതമായ ആത്മീയദര്‍ശനം നല്കിയത് ലാവോത്സുവാണ്.
കണ്‍ഫ്യൂഷ്യസിന്റെ സമകാലികനായിരുന്ന ലാവോത്സുവിനെ കണ്‍ഫ്യൂഷ്യസ് (ബി.സി. 551-479) സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അറിവും തത്ത്വചിന്തയും നേരിട്ടറിഞ്ഞ കണ്‍ഫ്യൂഷ്യസ് അദ്ഭുതപ്പെട്ടുവെന്നും ഒരു ഐതിഹ്യമുണ്ട്.
ചൗ രാജവംശത്തിന്റെ ഗ്രന്ഥസൂക്ഷിപ്പുകാരനായിരുന്നു ലാവോത്സു. പിന്നീട് ഭരണത്തിന്റെ അപചയത്തില്‍ മനംമടുത്ത് ലാവോത്സു രാജ്യം വിട്ടുപോയി.
അതിര്‍ത്തിയിലെ ഉദ്യോഗസ്ഥനായിരുന്ന 'യിന്‍സിക്‌സി'യുടെ പ്രേരണയാല്‍ തന്റെ ജ്ഞാനം ഒരു പുസ്തകത്തില്‍ എഴുതിവച്ചു. അങ്ങനെയാണ് 'താവോ തേ  ചിങ്' എഴുതപ്പെട്ടതെന്നാണ് ഒരു കഥ.
ലാവോത്സു എന്നാല്‍ വയോധികനായ ഗുരു എന്നാണര്‍ത്ഥം. മാതൃകാഭരണത്തെക്കുറിച്ചും മാതൃകാഭരണകര്‍ത്താക്കളെക്കുറിച്ചുമുള്ള ഒട്ടേറെ നിരീക്ഷണങ്ങള്‍ ഈ കവിതകളില്‍ കാണാം.
ചൈനയുടെ ആദ്യചക്രവര്‍ത്തിയായിരുന്ന ക്വിഷിഹ്വാങ്തി (221-206)യുടെ ഉപദേശകനായിരുന്ന 'ഹാന്‍ഫെയ്‌സി' ലാവോത്സുവിന്റെ താവോ തേ ചിങ്ങിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഈ കൃതിക്ക് ചൈനീസ്ഭാഷയില്‍ എഴുന്നൂറോളം ഭാഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പടിഞ്ഞാറന്‍ ഭാഷകളില്‍ 250 ല്‍പ്പരം പരിഭാഷകളും. മലയാളത്തില്‍ ചില പരിഭാഷകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടെ ദര്‍ശനങ്ങളോടു ചേര്‍ന്നു നില്‍ക്കുംവിധം ഗാനരൂപത്തില്‍ ഒരു പരിഭാഷ അവതരിപ്പിച്ചത് ചീഫ് സെക്രട്ടറിയും കവിയുമായ ഡോ. ജോയ് വാഴയിലാണ്.
''താവോ തേ ചിങ്ങി'ല്‍ 81 കവിതകളാണുള്ളത്. ഒന്നുമുതല്‍ മുപ്പത്തിയേഴുവരെയുള്ള കവിതകളടങ്ങിയ ആദ്യഭാഗം താവോ ചിങ്' (വഴിയുടെ ഗ്രന്ഥം) എന്നും മുപ്പത്തിയെട്ടുമുതല്‍ എണ്‍പത്തിയൊന്നു വരെയുള്ള കവിതകള്‍ ഉള്‍പ്പെടുന്ന രണ്ടാംഭാഗം 'തേ ചിങ്' (നന്മയുടെ ഗ്രന്ഥം) എന്നും അറിയപ്പെടുന്നു. താവോതേ ചിങ് വഴിയുടെയും നന്മയുടെയും ഗ്രന്ഥമെന്നും അറിയപ്പെടുന്നു.
താവോ തേ ചിങ് ലളിതമാണെങ്കിലും അതീവ അര്‍ത്ഥവ്യാപ്തിയുള്ള കൃതിയാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജീവിതസങ്കല്പം എങ്ങനെയെന്ന് അന്വേഷിക്കുന്നവര്‍ക്കു കാലാതിവര്‍ത്തിയായ മനുഷ്യമനസ്സിന്റെ ഉള്‍പ്രേരണകളെ തിരിച്ചറിയാനാവും.
താവോയെ ഉണര്‍ന്നു വായിക്കുന്ന ഓരോ മലയാളിക്കും പൂന്താനത്തിന്റെ കാവ്യലോകം ഓര്‍ത്തെടുത്തുകൊണ്ട് ഉള്‍ക്കാഴ്ചയോടെ ഉള്‍ക്കൊള്ളാനാകും.
'നേടുവോരെ മഹത്ത്വീകരിക്കൊലാ,
കൂടുമേ വൃഥാ ശണ്ഠയതാല്‍ ജനം
നിധി ദുര്‍ല്ലഭം ശേഖരിച്ചീടൊലാ,
നിനയും ജനം ചോരണമായതാല്‍
ആശ ഹൃത്തിലുള്‍ച്ചേര്‍പ്പവ കാട്ടൊലാ,
ആളുകള്‍ക്കവയേറ്റിടും വിഭ്രമം.''
എന്നും
'നായകരേറ്റമുത്തമന്മാരെങ്കില്‍
ആയവരെയറികയില്ലാ ജനം
അത്രയല്ലാത്തോര്‍ നേടുന്നു മാനവും
എത്രയും സല്‍പ്രശംസയും സ്‌നേഹവും'
എന്നും
'കൊതി വസ്തുവിലേറ്റുന്നു ദുഃഖവും
അതിശേഖരം നഷ്ടവും കൂട്ടുന്നു.
തൃപ്തിയുണ്ടെങ്കില്‍ വന്നിടുകില്ലവ-
നല്പവുപമാനം നിരാശയും.'
എന്നും
'കൂട്ടിടുന്നു നികുതികള്‍ മന്നവര്‍,
കൂടിടുന്നു ജനങ്ങള്‍ക്കു പട്ടിണി.
നൃപനേറെയിടപെടുമ്പോള്‍ ജനം
നടകൊള്ളുന്നെതിര്‍പ്പിന്‍ വഴികളില്‍.'
എന്നും
എല്ലാ കാലത്തേക്കും 'ലാവോത്സു' ആത്മാവില്‍നിന്നു കുറിച്ച വരികള്‍ നമ്മെ കൂടെക്കൂടെ പൂന്താനത്തെ ഓര്‍മിപ്പിക്കുന്നു.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)