•  28 Mar 2024
  •  ദീപം 57
  •  നാളം 4
കവിജീവിതങ്ങള്‍

അവിസ്മരണീയം ഈ വിശുദ്ധനാമം

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ ആത്മീയജീവിതത്തിന്റെ പിന്‍ബലത്തില്‍ മാത്രമല്ല, വിശുദ്ധപദവിയിലേക്ക് എത്തപ്പെടുന്നത് എന്നതു പ്രത്യേകം സ്മരണീയമാണ്. വൈകുണ്ഠസ്വാമികള്‍ ജനിക്കുന്നതിന്റെ നാലുവര്‍ഷം മുമ്പ് 1805 ഫെബ്രുവരി 10 ന് കുര്യാക്കോസ് - മറിയം ദമ്പതികളുടെ ഇളയമകനായി ആലപ്പുഴ ജില്ലയിലെ കുട്ടനാടന്‍ഗ്രാമമായ കൈനകരിയില്‍ ജനിച്ചു. വൈകുണ്ഠസ്വാമികള്‍ തെക്കേ തിരുവിതാംകൂറില്‍ സാമൂഹികപരിഷ്‌കരണപ്രക്രിയകളില്‍ സജീവമായ നാളുകളില്‍ ചാവറയച്ചനും നിശ്ശബ്ദവിപ്ലവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. ചരിത്രനിര്‍മിതിയില്‍ വേണ്ടത്ര രേഖപ്പെടുത്താതെ പോയ ആ പ്രവര്‍ത്തനങ്ങള്‍ ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനശില്പികള്‍ക്കു ശക്തിപകര്‍ന്നു എന്നു നാം തിരിച്ചറിയേണ്ടതുണ്ട്.

കുടുംബമാണ് ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. വഴക്കുള്ള തറവാട് വേഗം ക്ഷയിക്കും. മക്കളോട് അടുപ്പവും അകല്‍ച്ചയും അധികം പാടില്ല. കുടുംബം പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളെ നന്മയുടെ വഴിയില്‍ സംരക്ഷിക്കാന്‍ കഴിയണം. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യത പാലിക്കണം. മറ്റുള്ളവര്‍ക്കു നന്മ ചെയ്യാതെ ഒരു ദിവസം കടന്നുപോകരുത്. ജോലി ചെയ്തവന്റെ വിയര്‍പ്പു വറ്റുന്നതിനു മുന്നേ കൂലി നല്കണം. മാന്യമായ കൂലി കൊടുക്കാത്തവനു സമാധാനം ലഭിക്കയില്ല - ചാവറയച്ചന്റെ നിര്‍ദേശങ്ങളാണ്.
നിത്യദാരിദ്ര്യത്തിന്റെ ആ നാളുകളില്‍ ശവമടക്കാന്‍ ഓരോ കുടുംബവും പെടാപ്പാടു പെട്ടിരുന്നു. എല്ലാ കുടുംബങ്ങളും പ്രതിമാസം നിശ്ചിതസംഖ്യ സ്വരൂപിച്ച് മരണപ്പെടുന്ന കുടുംബങ്ങളെ സഹായിക്കുന്ന ആശയം മുന്നോട്ടുവച്ചത് ചാവറയച്ചനാണ്. 
സാധാരണക്കാര്‍ക്കുവേണ്ടി സ്ഥാപിച്ച സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനാവശ്യമായ പണം സമ്പാദിക്കുന്നതിനായി ചാവറയച്ചന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു പിടിയരിസമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്നു പാത്രത്തിലിടുമ്പോള്‍ ഒരുപിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവച്ച് ആഴ്ചയുടെ അവസാനം ആശ്രമത്തില്‍ എത്തിക്കുകയും അത് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യുക. സ്ത്രീകളുടെ ഇടയില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ഇതു സഹായിച്ചു.
ഉള്ളവരില്‍നിന്ന് ഇല്ലാത്തവനെ സഹായിക്കാനുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം കണ്ടെത്തി. വരുമാനത്തിന്റെ അഞ്ചു ശതമാനം സാധുജനസംരക്ഷണത്തിനായി നീക്കിവയ്ക്കാന്‍ സമ്പന്നനെ നിര്‍ബന്ധിക്കുന്നതായിരുന്നു നൂറ്റിക്കഞ്ച് എന്ന ഈ പദ്ധതി. തെങ്ങ് ധാരാളമുള്ള സമ്പന്നരില്‍നിന്ന് ഒരു തെങ്ങ് പള്ളിക്കായി നീക്കിവച്ച് അതിലെ വരുമാനം പാവപ്പെട്ടവരെ സഹായിക്കാന്‍ നല്കുക തുടങ്ങിയ ആശയങ്ങള്‍ ചാവറയച്ചന്‍ സമൂഹത്തിനു നല്‍കി. 
കവിയെന്ന നിലയില്‍ തന്റേതായ സംഭാവനയും മലയാളസാഹിത്യത്തിനു നല്കിയാണ് അദ്ദേഹം കടന്നുപോയത്. മലയാളകാവ്യധാരയിലെ ചെറുശേരി, എഴുത്തച്ഛന്‍, പൂന്താനം  തുടങ്ങിയ കവികളുടെ കാവ്യശൈലിയുടെ അടുത്താണ് ഈ കവിതകളുടെ സ്ഥാനം. മനോഹരമായ വാങ്മയചിത്രങ്ങള്‍ അദ്ദേഹം കവിതയിലൂടെ വരച്ചുവച്ചു. ഏതാണ്ട് 112 രേഖകളാണ് ചാവറയച്ചന്റെ രചനകളായി കണ്ടെത്തിയിട്ടുള്ളതത്രേ. മലയാളം, തമിഴ്, സംസ്‌കൃതം, ലത്തീന്‍, ഇറ്റാലിയന്‍, സുറിയാനി, പോര്‍ച്ചുഗീസ് ഭാഷകളില്‍ അദ്ദേഹത്തിനു പരിജ്ഞാനമുണ്ടായിരുന്നു.
ചരിത്രസംഭവങ്ങളുടെ വിവരണം, സാഹിത്യകൃതികള്‍, ആധ്യാത്മികകൃതികള്‍, കത്തുകള്‍, ജീവചരിത്രങ്ങള്‍, ഇടയനാടകങ്ങള്‍, മരണവീട്ടില്‍ പാടുന്നതിനുള്ള പാന എന്നിങ്ങനെ അദ്ദേഹത്തിന്റെ രചനകളെ തിരിക്കാം.
ഡോ. സുകുമാര്‍ അഴീക്കോട് ചാവറക്കൃതികളെ വിലയിരുത്തിക്കൊണ്ട് അദ്ദേഹം മതത്തെ സാഹിത്യവത്കരിക്കുകയും സാഹിത്യത്തെ മതവത്കരിക്കുകയും ചെയ്തു എന്നുപറയുന്നുണ്ട്. വെണ്‍മണിക്കവികള്‍ രൂപസൗന്ദര്യത്തിലും ബാഹ്യസൗന്ദര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കാലത്ത് ആത്മസൗന്ദര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നേര്‍ച്ചിത്രങ്ങളുമായി ചാവറയച്ചന്‍ കവിതകളെഴുതി. ഭക്തിസാഹിത്യത്തില്‍ എഴുത്തച്ഛന്‍ശൈലിയോടാണ് കവിതകള്‍ ഐക്യപ്പെടുന്നത്. 
ചാവറയച്ചന്റെ സാഹിത്യകൃതികളില്‍ പ്രമുഖം 'ആത്മാനുതാപം' മഹാകാവ്യമാണ്. ആത്മചരിതത്തില്‍ തുടങ്ങി ക്രിസ്തുജീവിതത്തില്‍ അവസാനിക്കുന്നതാണ് ഈ കൃതി. മനോഹരമായ കാവ്യവര്‍ണനകളാല്‍ സമ്പുഷ്ടമാണ് 'ആത്മാനുതാപം'. 'അനസ്താസ്യയുടെ രക്തസാക്ഷ്യം' എന്ന ഖണ്ഡകാവ്യവും പ്രധാനപ്പെട്ട രചനയാണ്.
മലയാളസാഹിത്യത്തിനും സമൂഹത്തിനും മഹത്തായ സംഭാവന ചെയ്ത യാളാണ് ചാവറയച്ചന്‍ എന്നത് വേണ്ടത്ര ഗൗരവത്തോടെ വിലയിരുത്തേണ്ടിരിക്കുന്നു.

Login log record inserted successfully!