•  18 Apr 2024
  •  ദീപം 57
  •  നാളം 6
കവിജീവിതങ്ങള്‍

ചിന്നത്തമ്പി അണ്ണാവി

വിട്ടുനാടകം എന്ന കലാരൂപത്തിന്റെ സ്ഥാപകനായി പരിഗണിച്ചുവരുന്നത് ''ചിന്നത്തമ്പി അണ്ണാവി'' എന്ന പോര്‍ച്ചുഗീസ് മിഷണറിയെയാണ്. പോര്‍ച്ചുഗീസുകാരുടെ വരവിനെത്തുടര്‍ന്ന് നമുക്കു ലഭിച്ചതാണ് ചവിട്ടുനാടകം. വിദേശമിഷണറിമാര്‍, തങ്ങള്‍ എത്തിപ്പെടുന്ന നാടുകളിലെ പേരു സ്വീകരിക്കുന്ന പതിവ് മുമ്പേ ഉണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഇദ്ദേഹത്തിന്റെ ജീവചരിത്രമോ രൂപമോ ലഭ്യമല്ല. തമിഴ്‌നാട്ടില്‍നിന്ന് പോര്‍ച്ചുഗീസ് മിഷനറിമാരോടൊപ്പം കേരളത്തില്‍ എത്തി പതിനേഴു വര്‍ഷക്കാലം ഇവിടെ താമസിച്ചശേഷം തിരിച്ചുപോയെന്നുള്ള ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. ചരിത്രപരമായ തെളിവുകളൊന്നും ചിന്നത്തമ്പിയെക്കുറിച്ചു ലഭ്യമല്ല.  
ദൈവമാതാവിനോട് ഏറെ ഭക്തിയുണ്ടായിരുന്ന ചിന്നത്തമ്പി ഒരിക്കല്‍ മട്ടാഞ്ചേരിയിലെ സീഞ്ഞോര്‍ മാതാവിന്റെ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ചെന്നു. അവിടുത്തെ വൈദികന്‍ അണ്ണാവിയുടെ ശത്രുക്കളുടെ പ്രേരണയാല്‍ പ്രാര്‍ത്ഥനാകര്‍മങ്ങളില്‍ പങ്കുകൊള്ളാന്‍ അനുവദിച്ചില്ല. അപ്പോള്‍ അണ്ണാവി മാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ മുട്ടുകുത്തി.
'തെയയൈ ചെയ്താളും തായയൈ' എന്നാരംഭിക്കുന്ന 40 അടിപാട്ടുകള്‍ പാടിയെന്നും പാട്ടിന്റെ അവസാനത്തില്‍ മാതാവ് കൈയിലിരിക്കുന്ന ഉണ്ണിയേശുവിനെ അണ്ണാവിയുടെ കൈയില്‍ കൊടുത്തുവെന്നുമാണ് ഐതിഹ്യം. ഇതുകണ്ട് അദ്ഭുതപരതന്ത്രനായ വൈദികനോട് അണ്ണാവി, ഉണ്ണിയേശുവിനെ തന്റെ കൈകളില്‍നിന്ന് മാതാവിന്റെ കരങ്ങളില്‍ ഏല്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വൈദികന്‍ നിസ്സഹായനായി മാതാവിന്റെ മുന്നില്‍ മുട്ടുകുത്തി മാപ്പപേക്ഷിച്ചു. ഇതുകണ്ട അണ്ണാവി ഉണ്ണിയേശുവിനെ പ്രാര്‍ത്ഥിച്ചുകൊണ്ട് മറ്റൊരു കവിത ആലപിച്ച് മാതാവിന്റെ കരങ്ങളില്‍ തിരിച്ചേല്പിച്ചു എന്നാണ് കഥ. 
പരമഭക്തനും സന്ന്യാസിയുമൊക്കെയാണെങ്കിലും ബുദ്ധിഭ്രമം ഉണ്ടായിരുന്നതായും മദ്യപാനം ചെയ്തിരുന്നതായും കഥകളുണ്ട്. നിമിഷകവിയായിരുന്ന ചിന്നത്തമ്പി പലപ്പോഴും പാടിയിരുന്ന പാട്ടുകള്‍ ശിഷ്യന്മാര്‍ എഴുതിയെടുത്തിരുന്നു. ബൃശ്ചീനായാണ് ആദ്യനാടകം. അല്ലേശു നാടകവും അദ്ദേഹത്തിന്റേതുതന്നെ. 
ചിന്നത്തമ്പിയുടേതെന്നു വിശ്വസിക്കപ്പെടുന്ന കാറല്‍മാന്‍ചരിതം ഏറ്റവും ശ്രദ്ധേയമായ ചവിട്ടുനാടകമായാണു പരിഗണിക്കുന്നത്.
അദ്ദേഹം പലപ്പോഴായി പാടിയതും പറഞ്ഞതുമായ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ശിഷ്യന്മാര്‍ അദ്ദേഹത്തെ കാണിച്ചപ്പോള്‍ 'അല്ല, ഇത്രയൊക്കെ സ്വന്തമായി രചിച്ചല്ലോ, മോശക്കാരനല്ല ഞാന്‍' എന്ന് ആത്മബോധമുണ്ടായി. കൊച്ചിയിലും പരിസരങ്ങളിലുമായി താമസിച്ചിരുന്ന ചിന്നത്തമ്പി കൊച്ചിയിലെ 'കൂനന്‍കുരിശി'ന്റെ   കപ്പേളയിലാണ് അന്തിയുറങ്ങിയിരുന്നത്. ഭക്തിനിറഞ്ഞു തുളുമ്പുന്ന പാട്ടുകള്‍ പാടി വിശ്വാസികളെ ആകര്‍ഷിച്ചിരുന്ന ചിന്നത്തമ്പി പാടി കുരിശു കുമ്പിട്ടു എന്നും അങ്ങനെയാണ് 'കൂനന്‍കുരിശ്' എന്ന പ്രയോഗം ഉണ്ടായതെന്നും ഒരു വിശ്വാസമുണ്ട്.
പതിനേഴുവര്‍ഷത്തെ ഇവിടുത്തെ ജീവിതം മതിയാക്കി നാട്ടിലേക്കു കപ്പല്‍ കയറാന്‍ തീരുമാനിച്ചു. നിരവധി ശിഷ്യന്മാര്‍ അദ്ദേഹത്തെ യാത്രയാക്കാന്‍ എത്തി. എല്ലാവരും ദക്ഷിണ നല്കി. എല്ലാവരെയും അനുഗ്രഹിച്ചു. യാത്ര പറഞ്ഞു പിരിയാന്‍നേരം ഒരു ശിഷ്യന്‍ ഓടിയെത്തി. വൈകിയതിനു ക്ഷമ ചോദിച്ചു. 'എനിക്കൊന്നുമില്ലേ ഗുരു' എന്നു ചോദിക്കുകയും തിരിഞ്ഞുനിന്ന് നാക്കുനീട്ടാന്‍ പറയുകയും നീട്ടിയപ്പോള്‍ ചവച്ചുകൊണ്ടിരുന്ന താംബൂലം ഇട്ടുകൊടുക്കുകയും 'ഉനൈയ്ക്ക് ഇതുതാന്‍ പോതും' എന്നനുഗ്രഹിച്ച് നടക്കുകയും ചെയ്തു. ആ ശിഷ്യന്‍ വലിയ കവിയും നാടകകൃത്തുമായിത്തീരുകയും ചെയ്തുവത്രേ.
ചിന്നത്തമ്പിയുടെ ഫോട്ടോയോ രൂപമോ കിട്ടാനില്ലാത്തിനാല്‍ ശിഷ്യരുടെ ഭാവനയില്‍ കൊച്ചി ബിനാലെ കമ്മിറ്റി മുന്‍കൈയെടുത്തു ചവിട്ടുനാടകഗ്രാമമായ ഗോതുരുത്തില്‍ ചിന്നത്തമ്പിയുടെ ഒരു ശില്പം സ്ഥാപിച്ചിട്ടുണ്ട്. തൃശൂര്‍ക്കാരനായ ആന്റോ എന്ന ശില്പിയാണ് ആ പ്രതിമ രൂപകല്പന ചെയ്തത്.
Login log record inserted successfully!