ഉപയോഗയോഗ്യമായ ഭക്ഷ്യവസ്തുക്കളുടെ 17 ശതമാനവും (93.1 കോടി ടണ്‍)ആഗോള ജനത പാഴാക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പുറത്തുവന്നു. ഭൂമിയിലുള്ളവരെ മുഴുവന്‍ ഏഴു തവണ തീറ്റാനുള്ള വിഭവങ്ങള്‍ വരുമിത്. ഭക്ഷണം പാഴാക്കുന്നതില്‍ സമ്പന്നരെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ല. വരുമാനം കണക്കിലെടുക്കാതെ എല്ലാ രാജ്യങ്ങളിലും എല്ലാ വിഭാഗം ജനങ്ങളും ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നുണ്ട്. ഹോട്ടലുകളെക്കാളും വീടുകളിലാണ് കൂടുതലായി ഭക്ഷണം പാഴാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ 2019 ല്‍ പാഴായത് 6.8 ടണ്‍ കോടി ഭക്ഷ്യവസ്തുക്കളാണ് എന്നാണ് കണക്ക്. ഒരു ഇന്ത്യക്കാരന്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 50 കിലോ ഭക്ഷണമാണ്. ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന രാജ്യമാണ് ഇന്ത്യ. അമേരിക്കയില്‍ പ്രതിവര്‍ഷം ഒരാള്‍ 65 കിലോഗ്രാം, ചൈനയില്‍ 64, ബംഗ്ലാദേശില്‍ 65, പാക്കിസ്ഥാനില്‍ 75, ശ്രീലങ്കയില്‍ 76, നേപ്പാളില്‍ 79, അഫ്ഗാനിസ്ഥാനില്‍ 82 എന്നിങ്ങനെയാണ് പാഴാക്കുന്ന ഭക്ഷണത്തിന്റെ കണക്ക്. അതേസമയം യു.എന്നിന്റെ കണക്കുപ്രകാരം 2019 ല്‍ ലോകത്ത് 690 മില്യന്‍ ജനങ്ങള്‍ പട്ടിണി മൂലം ദുരിതത്തിലായിരുന്നു.
യുഎന്‍ നടപടികള്‍
കൊവിഡ് വ്യാപനംമൂലം ആഗോളപ്രതിസന്ധി ഉടലെടുത്തതോടെ പട്ടിണിയിലായവരുടെ എണ്ണം പിന്നെയും വര്‍ധിച്ചിട്ടുമുണ്ട്. കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യനഷ്ടം, മലിനീകരണം എന്നിവയെ അതിജീവിക്കാന്‍ നടപടി സ്വീകരിക്കുന്നതുപോലെ ഭക്ഷ്യമാലിന്യങ്ങള്‍ കുറയ്ക്കാനും നടപടി സ്വീകരിക്കണമെന്ന് യുഎന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
ചേരിനിവാസികള്‍ക്കും സോമാലിയക്കാര്‍ക്കുമുള്ള ആഹാരം
നഗരങ്ങളാണ് ഗ്രാമങ്ങളെക്കാള്‍ ഭക്ഷണം പാഴാക്കുന്നതില്‍ മുന്‍പന്തിയില്‍. ബംഗളൂരു കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന കെ.നാരായണഗൗഡയുടെ നേതൃത്വത്തില്‍ പത്തു വര്‍ഷംമുമ്പു നടന്ന പഠനത്തില്‍ ബംഗളൂരു നഗരത്തിലെ വിവാഹപാര്‍ട്ടികളില്‍ മാത്രം പഴാക്കുന്നത് ഒരു വര്‍ഷം 339 കോടി രൂപയുടെ ഭക്ഷണമാണെന്നു വ്യക്തമാക്കുന്നു. മുംബൈയിലെ വിവാഹച്ചടങ്ങുകളില്‍ പാഴാക്കുന്ന ഭക്ഷണം നഗരത്തിലെ ചേരിനിവാസികളുടെ വിശപ്പകറ്റാന്‍ മതിയാകുമെന്നും പഠനം കാണിക്കുന്നു. അമേരിക്കയിലെ വന്‍കിട ഹോട്ടലുകളില്‍ പാഴാക്കുന്ന ഒരു ദിവസത്തെ ഭക്ഷണംകൊണ്ട് സോമാലിയപോലുള്ള ദരിദ്രരാഷ്ട്രങ്ങളിലെ ഒരു ദിവസത്തെ ഭക്ഷണാവശ്യം നിറവേറ്റാനാകുമെന്നാണു കണക്ക്.
കേരളീയരായ നമ്മള്‍
ഇന്ത്യയില്‍ കേരളീയരാണ് ഭക്ഷണം പാഴാക്കുന്നതില്‍ മുന്‍പന്തിയില്‍. ആവശ്യത്തിലധികം ഭക്ഷണം ഉണ്ടാക്കി പാഴാക്കിക്കളയുന്ന ഒരു സംസ്‌കാരംതന്നെ മലയാളികളില്‍ വളര്‍ന്നുവന്നിട്ടുണ്ട്. കൂട്ടുകുടുംബവ്യവസ്ഥ നിലനിന്നിരുന്ന ഘട്ടത്തില്‍ നമ്മുടെ വീടുകളില്‍ ആളുകള്‍ കൂടുതലും ഭക്ഷണം കുറവുമായിരുന്നു. ഇന്ന് ആളുകള്‍ കുറവും ഭക്ഷണം കൂടുതലുമാണ്. കുടുംബത്തിലെ അംഗങ്ങള്‍ക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ ഭക്ഷണമാണ് മിക്ക വീടുകളിലും പാകം ചെയ്യുന്നത്.
മലിനീകരണം, സാമൂഹിക, ആരോഗ്യപ്രശ്നങ്ങള്‍
ആവശ്യത്തിലധികം ഭക്ഷണം പാകം ചെയ്യുന്നതു മൂലം സാമ്പത്തികനഷ്ടം മാത്രമല്ല, മലിനീകരണംപോലുള്ള സാമൂഹിക, ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നു. ഭക്ഷണം പാഴാക്കുന്ന പ്രവണത അവസാനിപ്പിക്കാനായാല്‍ 14 ശതമാനം വരെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കാര്‍ബണ്‍ ഡയോക്സൈഡിനെക്കാള്‍ 23 മടങ്ങു താപമാണ് ഭക്ഷ്യവസ്തുക്കള്‍ ചീഞ്ഞളിഞ്ഞുണ്ടാകുന്ന മീഥൈല്‍ അന്തരീക്ഷത്തിലേക്കു വമിപ്പിക്കുന്നതെന്നാണ് പരിസ്ഥിതിശാസ്ത്രജ്ഞരുടെ നിരീക്ഷണം. ഭക്ഷണം പാഴാക്കുമ്പോള്‍ നഷ്ടപ്പെടുന്നത് കേവലം അതിന്റെ മൂല്യം മാത്രമല്ല, ശുദ്ധജലമുള്‍പ്പെടെ അത് ഉണ്ടാക്കാന്‍ ആവശ്യമായ പ്രകൃതിവിഭവങ്ങള്‍കൂടിയാണ്.
മാലിന്യക്കൊട്ടയില്‍
ഭക്ഷണം തള്ളുന്നത്
സത്കാരങ്ങളില്‍ ഭക്ഷണം പാഴാക്കല്‍ പ്രവണത കൂടൂതലാണ്. ആയിരംപേര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ചടങ്ങുകളില്‍ 1,200 പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നു. മിക്കപ്പോഴും എത്തിപ്പെടുന്നത് എണ്ണൂറോ തൊള്ളായിരമോ പേരായിരിക്കും. അഞ്ഞൂറുപേര്‍ക്കുള്ള കല്യാണസദ്യ കഴിഞ്ഞാല്‍ ചുരുങ്ങിയത് 75 കിലോയെങ്കിലും വരും ആളുകള്‍ കഴിക്കാതെ ബാക്കിവയ്ക്കുന്ന ഭക്ഷണത്തിന്റെ അളവ്. ചടങ്ങിനെത്തിയവര്‍തന്നെ ആവശ്യത്തിലധികം ഭക്ഷണം പാത്രത്തില്‍ നിറച്ച് അതില്‍നിന്നു കുറച്ചുഭാഗം ചിക്കിപ്പെറുക്കി കഴിച്ചശേഷം ബാക്കി മാലിന്യക്കൊട്ടയില്‍ തട്ടുകയും ചെയ്യും.
ബുഫെ സമ്പ്രദായത്തില്‍ ഭക്ഷണം
ഇപ്പോള്‍ മിക്ക ചടങ്ങുകളിലും ഭക്ഷണവിതരണത്തിനു ബുഫെ സമ്പ്രദായമാണ്. ഇത്തരം ചടങ്ങുകളില്‍ ഒരിക്കല്‍ പോയി ഭക്ഷണം വാങ്ങിയാല്‍ രണ്ടാമത് പിന്നെയും വാങ്ങിക്കാന്‍ മടിക്കുന്നവരാണ് മിക്കവരും. അവര്‍ ആദ്യമേതന്നെ പ്ലേറ്റ് നിറയെ ഭക്ഷണം എടുക്കും. പകുതി കഴിച്ചു ബാക്കി കളയുകയും ചെയ്യും.
സന്താനനിയന്ത്രണവും
ഭക്ഷ്യക്കമ്മിയും
പാചകം ചെയ്ത ഭക്ഷണം മാത്രമല്ല പാഴാകുന്നത്. മതിയായ സംഭരണശേഷിയില്ലാത്തതിനാലും ശീതീകരണികള്‍ ഘടിപ്പിച്ചിട്ടില്ലാത്ത ട്രക്കുകളില്‍ കടത്തുന്നതു കാരണവും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും വന്‍തോതില്‍ നശിക്കുന്നുണ്ട്. ഒന്നിച്ചു വിളവെടുക്കുന്ന ഉത്പന്നങ്ങള്‍ വ്യാവസായികമായി സംസ്‌കരിച്ചു സൂക്ഷിക്കാനുള്ള സംവിധാനം ഇന്ത്യയില്‍ കുറവാണ്. ദാരിദ്ര്യം ഭയന്നാണല്ലോ, ലോകരാജ്യങ്ങള്‍ സന്താനനിയന്ത്രണം നടപ്പാക്കുന്നതും ഒന്നോ രണ്ടോ കുട്ടികളില്‍ കൂടുതല്‍ വേണ്ടെന്നു നിഷ്‌കര്‍ഷിക്കുന്നതും. എന്നാല്‍, ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോ ജീവനും ആവശ്യമുള്ളത്ര ഭക്ഷണം പ്രകൃതിയില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതിന്റെ വലിയൊരു ഭാഗം നമ്മള്‍ പാഴാക്കുകയാണെന്നു മാത്രം. ഭക്ഷണം പാകം ചെയ്യുന്നതില്‍ മിതത്വം പാലിക്കുകയും ഭക്ഷ്യോത്പന്നങ്ങള്‍ കേടുവരാതെ സൂക്ഷിച്ചു വയ്ക്കാനാവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കുകയും ചെയ്താല്‍ സന്താനനിയന്ത്രണത്തിന്റെ ആവശ്യം വരില്ല.