•  17 Apr 2025
  •  ദീപം 58
  •  നാളം 7
വചനനാളം

ഉയിര്‍പ്പു നല്കുന്ന ഉറപ്പ്

ഏപ്രില്‍ 20  ഉയിര്‍പ്പുകാലം   ഒന്നാം ഞായര്‍
ഏശ 60:1-7  1 സാമു 2:1-10
റോമാ 6:1-14  മത്താ 28:1-6

  മിശിഹായുടെ ഉയിര്‍പ്പ് സൃഷ്ടപ്രപഞ്ചത്തിനുമുഴുവന്‍ പുതുജീവന്‍ നല്കുന്നതാണ്. മനുഷ്യകുലത്തെ പ്രത്യാശയിലേക്കു നയിക്കുന്നതാണ് അത്. ഇഹലോകജീവിതം കല്ലറകൊണ്ടവസാനിക്കാനുള്ളതല്ല; മറിച്ച്, മനുഷ്യനു മരണശേഷം നിത്യജീവനുണ്ട്, അവന്റെ ആത്മാവ് അനശ്വരമാണ് എന്നുള്ള ദൈവികവെളിപ്പെടുത്തലാണ് ഉത്ഥിതനായ മിശിഹാ നല്കുന്നത്. അവിടുന്ന് സഹനത്തെയും മരണത്തെയും അഭിമുഖീകരിച്ച് അതിന്മേല്‍ വിജയം നേടി മാനവകുലത്തെ പ്രത്യാശയിലേക്കു നയിച്ചു. പ്രത്യാശയുടെ സന്ദേശം നല്കുന്ന ദൈവവചനഭാഗങ്ങളാണ് ഉയിര്‍പ്പുദിനത്തില്‍   സഭാസമൂഹം ധ്യാനവിഷയമാക്കുന്നത്.
    സഹനാനുഭവത്തിലൂടെ കടന്ന് മരണത്തിന്റെ താഴ്‌വരയില്‍ എന്നപോലെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന യൂദാജനത്തിന് പ്രത്യാശ നല്കികൊണ്ട് ഏശയ്യാപ്രവാചകന്‍ നടത്തുന്ന പ്രത്യാശയുടെ സന്ദേശമാണ്  പ്രവചനഗ്രന്ഥത്തില്‍നിന്നു വായിക്കുന്ന ഒന്നാം പ്രഘോഷണം. പ്രത്യാശ നഷ്ടപ്പെട്ട പ്രവാസികളെ അവര്‍ക്ക് ദൈവികമായ ഒരു ഭാവിയുണ്ടെന്നു ബോധ്യപ്പെടുത്തുക. ദൈവമായ കര്‍ത്താവ് ഇസ്രയേലിനെ പുനര്‍ജീവിപ്പിച്ച് ആനന്ദത്തോടെ അവര്‍ സിയോണിലേക്കു തിരിച്ചുവരുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഏശയ്യായുടെ വാക്കുകളില്‍നിന്നു ശ്രവിക്കുന്നത്. ഇസ്രായേല്‍ജനത്തിന്റെ ജീവിതാനുഭവങ്ങളില്‍ ദൈവിക പദ്ധതി കാണാനും സഹനാനുഭവങ്ങളില്‍നിന്നുള്ള തിരിച്ചുവരവ് ഒരു യാഥാര്‍ഥ്യമാണ് എന്നു മനസ്സിലാക്കാനുമാണ് പ്രവാചകവചസ്സുകള്‍ പ്രചോദിപ്പിക്കുന്നത്.
    സാമുവേലിന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാമത്തെ പ്രഘോഷണത്തില്‍ കര്‍ത്താവിന്റെ മഹത്ത്വവും പരിശുദ്ധിയും പ്രഘോഷിക്കുന്ന ഹന്നായുടെ കീര്‍ത്തനമാണു ശ്രവിക്കുന്നത്. പരിശുദ്ധകന്യാമറിയം എലിസബത്തിനെ സന്ദര്‍ശിച്ചപ്പോള്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടുപാടിയ കീര്‍ത്തനത്തിനു സമാനമാണ് ഹന്നായുടെ കീര്‍ത്തനം. മക്കളില്ലാതിരുന്ന ഹന്നായ്ക്ക് ഒരു പുത്രനെ ലഭിക്കുമെന്ന പ്രത്യാശയുടെ സന്ദേശത്തിനു പ്രത്യുത്തരമായി ഹന്ന ആലപിച്ച കീര്‍ത്തനമാണ് നാം ശ്രവിക്കുന്നത്. ബലഹീനരെയും അശക്തരെയും ഉയര്‍ത്തുന്നവനും പ്രത്യാശയുടെ ഉറവിടവും പരിശുദ്ധനുമായ ദൈവത്തെ പ്രകീര്‍ത്തിക്കുകയാണ് ഹന്നാ ചെയ്യുന്നത്. 
    പൗലോസ്ശ്ലീഹാ റോമായിലെ  സഭയ്ക്ക് എഴുതിയ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നതും  ക്രൈസ്തവവിശ്വാസത്തിന്റെ അടിത്തറയായ മിശിഹായുടെ ഉത്ഥാനമാണ്. അതുപോലെതന്നെ മിശിഹായുടെ ഉയിര്‍പ്പു നല്കുന്ന എറ്റവും വലിയ ഉറപ്പ് മിശിഹായില്‍ മരിക്കുന്ന എല്ലാവരും ഉയിര്‍പ്പിക്കപ്പെടും എന്നതാണ്. മനുഷ്യവര്‍ഗത്തിന്റെയും സമസ്തലോകത്തിന്റെയും രക്ഷാദൗത്യം മിശിഹായുടെ ഉയിര്‍പ്പിലൂടെ യാഥാര്‍ഥ്യമായി എന്ന് പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നു. ഉത്ഥിതനായ മിശിഹായെ കണ്ടതാണ് തന്റെ അപ്പസ്‌തോലികതയുടെ തെളിവ് എന്ന് പൗലോസ് ശ്ലീഹാ ആവര്‍ത്തിക്കുന്നുണ്ട് (1 കോറി 9:1; 15:8; ഗലാ1:12.16). മിശിഹാ മനുഷ്യകുലത്തിന്റെ പാപത്തിനുവേണ്ടി മരിച്ച് ഉത്ഥാനം ചെയ്തതുപോലെ മിശിഹായോടൊത്ത് പാപത്തിനു മരിച്ച്  ഉത്ഥാനത്തില്‍ പങ്കാളിയാകുവാനുള്ള ആഹ്വാനമാണ് പൗലോസ് ശ്ലീഹാ നല്കുന്നത്.   
ഉയിര്‍പ്പ് ഒരു അറിയിപ്പാണ്: ആഴ്ചയുടെ ഒന്നാംദിനം അതിരാവിലെ കര്‍ത്താവിന്റെ കല്ലറയിലേക്കുപോയ സ്ത്രീകള്‍ക്കു ലഭിക്കുന്നത് ദൂതന്റെ ഒരറിയിപ്പാണ്: നിങ്ങള്‍ ക്രൂശിക്കപ്പെട്ട മിശിഹായെ അന്വേഷിക്കുന്നു എന്ന് എനിക്കറിയാം. അവന്‍ ഇവിടെയില്ല; അരുള്‍ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു. മരിച്ചവരുടെ ഇടയിലല്ല ജീവിക്കുന്നവരുടെ ഇടയിലാണ് മിശിഹാ എന്ന അറിയിപ്പാണ് ഉയിര്‍പ്പുദിനം നല്കുന്നത്. 
ഉയിര്‍പ്പ് ഒരു സന്ദേശമാണ്: ഉയിര്‍പ്പു നല്കുന്ന സന്ദേശം ഭയപ്പെടേണ്ട എന്നതാണ്! ഉയിര്‍പ്പറിയിക്കുന്ന ദൂതന്‍ പറയുന്നതും (മത്താ. 28:5) ഉത്ഥിതനായ ഈശോ ആദ്യം പറയുന്നതും (മത്താ 28:10) ഭയപ്പെടേണ്ട എന്ന സന്ദേശമാണ്. നമുക്കുചുറ്റും ഭയത്തിന്റെയും ആകുലതയുടെയും ഇരുള്‍ നിറയുമ്പോള്‍ ഉത്ഥിതന്‍ നല്കുന്ന സന്ദേശം ഭയപ്പെടേണ്ട! ഞാന്‍ ആകുന്നു എന്നതാണ്. ഉത്ഥിതനായ മിശിഹാ നല്കുന്ന ഉറപ്പ് അതാണ്: ഭയപ്പെടേണ്ട. ലോകാവസാനം വരെയും എന്നും ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും.
    ഉയിര്‍പ്പ് ഒരു ആഹ്വാനമാണ്: ദൂതന്‍ നല്കുന്ന ആഹ്വാനം നിങ്ങള്‍ ഗലീലിയായിലേക്കു മടങ്ങുവിന്‍, അവിടെ മിശിഹായെ കണ്ടെത്തുവിന്‍ എന്നതാണ്. മിശിഹാ നിങ്ങള്‍ക്കുമുമ്പേ ഗലീലിയായിലേക്കു യാത്രയായിരിക്കുന്നു. അവനെ അവിടെ കണ്ടെത്തുവിന്‍. ഗലീലിയാ ഈശോയുടെയും ശിഷ്യന്മാരുടെയും ജീവിതത്തിന്റെ സ്ഥലമായിരുന്നു. ഗലീലിയായിലേക്കു മടങ്ങുവിന്‍ അവിടെ മിശിഹായെ കണ്ടെത്തുവിന്‍ എന്നു പറയുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്കു മടങ്ങുവിന്‍, അവിടെ മിശിഹായെ കണ്ടെത്തുവിന്‍ എന്ന ആഹ്വാനമാണ് നല്കുന്നത്. അനുദിനജീവിതത്തില്‍ ഉത്ഥിതനെ കണ്ടെത്തുവിന്‍ എന്നതാണ് ഈ ആഹ്വാനം. 
    ഉയിര്‍പ്പ് ഒന്നാം ഞായറാഴ്ചത്തെ സുവിശേഷപ്രഘോഷണം യോഹന്നാന്റെ സുവിശേഷത്തില്‍നിന്നുള്ളതാണ്. സമാന്തരസുവിശേഷങ്ങളില്‍നിന്നു വ്യത്യസ്തമായ ഉത്ഥാനാനുഭവവിവരണങ്ങളാണ് യോഹന്നാന്‍ ശ്ലീഹാ തന്റെ സുവിശേഷത്തില്‍ നല്കുന്നത്. മിശിഹായുടെ പീഡാസഹനവും ഉത്ഥാനവും ശിഷ്യന്മാരെ വളരെയധികം തളര്‍ത്തി. എന്നാല്‍, അവിടുത്തെ ഉത്ഥാനം അവരുടെയിടയില്‍ സന്തോഷവും വിശ്വാസവും വിസ്മയവും പടര്‍ത്തി. വിശദീകരിക്കുവാനാകാത്ത ഈ ഉത്ഥാനാനുഭവത്തെ ശൂന്യമായ കല്ലറയുടെയും ചുരുട്ടിവച്ച തൂവാലയുടെയും പ്രതീകത്തിലൂടെയും മിശിഹായുടെ പ്രത്യക്ഷപ്പെടലുകളിലൂടെയുമാണ് സുവിശേഷകന്‍ വിവരിക്കുന്നത്. മിശിഹായുടെ ഉയിര്‍പ്പിന് ആദ്യം സാക്ഷ്യം വഹിക്കുന്ന ശിഷ്യന്മാരെയാണ് ഇന്നത്തെ സുവിശേഷത്തില്‍ കാണുന്നത്. ശൂന്യമായ കല്ലറയാണ് മിശിഹായുടെ ഉയിര്‍പ്പിന്റെ ആദ്യ അടയാളം. ഉത്ഥിതനായ മിശിഹാ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നതിനുമുമ്പുതന്നെ ശൂന്യമായ കല്ലറകണ്ട് മിശിഹായുടെ ഉയിര്‍പ്പ് വിശ്വസിച്ചവരാണ് ശിഷ്യന്മാര്‍. ശൂന്യമായ കല്ലറ മിശിഹായുടെ ഉത്ഥാനത്തിന്റെ പ്രതീകമാണ്. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാര്‍ തിരിച്ചുവന്നപ്പോള്‍ മിശിഹായുടെ ഉത്ഥാനത്തക്കുറിച്ച് മറ്റു ശിഷ്യന്മാര്‍ സംസാരിച്ചത്, മിശിഹാ സത്യമായും ഉയിര്‍ത്തെഴുന്നേറ്റു അവന്‍ ശിമയോനു പ്രത്യക്ഷപ്പെട്ടു എന്നാണ് (ലൂക്കാ 24,34). പൗലോസ് ശ്ലീഹാ ഉത്ഥാനത്തെക്കുറിച്ചു സാക്ഷ്യം നല്കുമ്പോഴും ഉത്ഥിതനായ മിശിഹാ ആദ്യം പത്രോസിനു പ്രത്യക്ഷപ്പെട്ടു (1 കോറി 15:5) എന്നാണു പറയുന്നത്. 
കല്ലറയില്‍ കച്ച കിടക്കുന്നതും തലയില്‍കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടിവെച്ചിരുന്നതും അവര്‍ കണ്ടു    എന്ന് എഴുതിയിരിക്കുന്നതും മിശിഹായുടെ ഉത്ഥാനത്തിന്റെ  അടയാളമാണ്. ലാസറിന് പുതുജീവന്‍ നല്കിയപ്പോള്‍ അവന്‍ തൂവാലകൊണ്ട് മുഖം ആവരണം ചെയ്യപ്പെട്ടാണ് പുറത്തുവന്നത്. എന്നാല്‍, മിശിഹായുടെ കബറിടത്തില്‍ തുവാല ചുരുട്ടിവച്ചിരുന്നു. ഇത് മിശിഹാ ഉയിര്‍ത്തതിന്റെ തെളിവായി ചിത്രീകരിച്ചിരിക്കുന്നു. 
മറ്റു സുവിശേഷങ്ങളില്‍ സ്ത്രീകള്‍ കല്ലറയിലേക്കു പോയി എന്നു പറയുമ്പോള്‍ യോഹന്നാന്റെ സുവിശേഷത്തില്‍ മഗ്ദലനാമറിയം മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളു. എന്നാല്‍, ഞങ്ങള്‍ (20:2) എന്ന് ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവരുടെ സാനിധ്യവും കണക്കാക്കാം. കല്ലറയുടെ കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു എന്നു പറഞ്ഞിരിക്കുന്നു. ആദ്യ ഉടമ്പടിയില്‍ നിയമം എഴുതപ്പെട്ടിരുന്നത് കല്ഫലകങ്ങളിലായിരുന്നു (പുറ. 24:12; 34:1). ആ കല്ലിനെ കല്ലറയുടെ കല്ല് പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. കല്ലറയുടെ കല്ല് മാറ്റപ്പെട്ടിരിക്കുന്നു എന്നതും അവര്‍ കല്ലറയില്‍ പ്രവേശിച്ച് കണ്ടു വിശ്വസിച്ചു എന്നതും നിയമത്തില്‍ മറയപ്പെട്ടിരുന്ന രഹസ്യം മാറ്റപ്പെടുന്നതിനെയും ദൈവികവെളിപാടിനെയും സൂചിപ്പിക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)