കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ മാധ്യമങ്ങളില്‍ വിവാദലേഖനങ്ങളുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ നിറഞ്ഞുനില്‍ക്കുന്നു. ''എമ്പുരാന്‍'' സിനിമയില്‍ രാജ്യവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ കാര്യങ്ങള്‍ പ്രോത്സാഹിപ്പിച്ചുവെന്നും ഗുജറാത്തുകലാപത്തിന്റെ അവതരണത്തില്‍ അര്‍ധസത്യങ്ങളാണെന്നും ആരോപിച്ച മുഖപത്രം, കത്തോലിക്കാസഭയുടെ സ്വത്തുവിവരങ്ങളെയും ക്രിസ്ത്യന്‍ മിഷനറിപ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച സത്യവിരുദ്ധമായ ലേഖനം പ്രസിദ്ധീകരിച്ചാണ് വിവാദത്തിലായത്. കത്തോലിക്കാസഭയ്ക്ക് വഖഫ് ബോര്‍ഡിനെക്കാള്‍ സ്വത്തുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമസ്ഥര്‍ കത്തോലിക്കാസഭയാണെന്നുമാണ് ലേഖനം പറയുന്നത്.
ഓര്‍ഗനൈസറിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ 'ആര്‍ക്കാണ് ഇന്ത്യയില്‍ കൂടുതല്‍ ഭൂമിയുള്ളത്? കത്തോലിക്കാസഭയും വഖഫ് ബോര്‍ഡും തമ്മിലുള്ള സംവാദം' എന്ന തലക്കെട്ടോടെ കത്തോലിക്കാസഭയുടെയും വഖഫ് ബോര്‍ഡിന്റെയും ഭൂവുടമസ്ഥാവകാശത്തെ താരതമ്യപ്പെടുത്തുന്ന ലേഖനം വിവാദമായതോടെ വെട്ടിലായ മുഖപത്രം വെബ്‌സൈറ്റില്‍നിന്ന് അതു നീക്കം ചെയ്തു. പാവം ഹിന്ദുക്കളെ ക്രിസ്ത്യന്‍ മിഷനറിമാര്‍ തെറ്റിദ്ധരിപ്പിച്ചു മതംമാറ്റിയെന്നുള്ള അസത്യപ്രചാരണലേഖനവും മുഖപത്രം പ്രസിദ്ധീകരിച്ചു.
മുഖപത്രത്തിലെ നുണപ്രചാരണമനുസരിച്ച് കത്തോലിക്കാസഭയുടെ സ്ഥാപനങ്ങള്‍ക്ക് 20,000 കോടി രൂപ മൂല്യമുള്ള ഏഴുകോടി ഹെക്ടര്‍ അഥവാ 17.29 കോടി ഏക്കര്‍ ഭൂമിയുണ്ടത്രേ. ബ്രിട്ടീഷ് ഭരണകാലത്താണ് സഭയ്ക്ക് ഇത്ര ഭൂമി ലഭിച്ചത്. കൂടാതെ, കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളുടെ കണക്കുകളും നിരത്തി, നുണലേഖനം വിവരങ്ങള്‍ ബലപ്പെടുത്താന്‍ പരിശ്രമിക്കുന്നു.
ആര്‍എസ്എസിന്റെ ലേഖനം ശരിയാണെങ്കില്‍ 32,87,263 സ്‌ക്വയര്‍ കിലോമീറ്റര്‍ ആകെ ഭൂവിസ്തൃതിയുള്ള ഇന്ത്യാമഹാരാജ്യത്തിന്റെ അഞ്ചിലൊന്നിലധികം ഭൂമി കത്തോലിക്കാസഭയുടേതാകണം. 17.29 കോടി ഏക്കര്‍ ഭൂമിയെന്നാല്‍ ഏഴുലക്ഷം സ്‌ക്വയര്‍ കിലോമീറ്ററാണ്. ഓര്‍ഗനൈസറിന്റെ കാല്‍ക്കുലേറ്റര്‍ ശരിയല്ലെന്നു തോന്നുന്നു. അല്ലെങ്കില്‍ ഈ വിധത്തിലുള്ള കണക്കുകള്‍ കൊണ്ടുവരുമോ? 2024 നവംബര്‍ 24 ന് ന്യൂനപക്ഷവകുപ്പു മന്ത്രി കിരണ്‍ റിജിജുവിനോട് കത്തോലിക്കാസഭയുടെ ഭൂമിയളവിനെക്കുറിച്ച് രാജ്യസഭയില്‍ ചോദ്യമുയര്‍ത്തിയപ്പോള്‍ മന്ത്രിക്കുപോലും ഇല്ലാതിരുന്ന കണക്കാണ് ഓര്‍ഗനൈസര്‍ വെളിപ്പെടുത്തുന്നത്. ഇനി ഇന്ത്യയിലെ ജനങ്ങള്‍ ഭൂസ്വത്തിനെ സംബന്ധിച്ച വിവരാവകാശത്തിന് ആര്‍എസ്എസിന്റെ മുഖപത്രത്തിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കുകയും കത്തുകള്‍ അയയ്ക്കുകയും ചെയ്യേണ്ടിവരുമോ? കത്തോലിക്കാസഭയുടെ 17.29 കോടി ഏക്കര്‍ ഭൂമിക്കും അതിലെ വസ്തുവകകള്‍ക്കും കല്പിച്ചിരിക്കുന്ന മൂല്യമായ 20000 കോടിയെ അടിസ്ഥാനമാക്കിയാല്‍ ഏക്കറിന് 1157 രൂപ മാത്രമേയുള്ളൂ. കള്ളമാണെങ്കിലും അല്പംകൂടി ശ്രദ്ധിക്കേണ്ടേ? കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കാലോചിതമായി മനസ്സിലാക്കാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ത്തന്നെ പത്തിലധികം എഞ്ചിനീയറിങ് കോളജുള്ളപ്പോള്‍ എണ്ണത്തില്‍ പകുതിപോലും ഓര്‍ഗനൈസര്‍ ചേര്‍ത്തില്ല എന്നത് ഖേദകരമാണ്. ഈ വിവരങ്ങള്‍ പരിഹാസരൂപേണമാത്രമേ സ്വീകരിക്കാനാവൂ. കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ അനാഥാലയങ്ങളുടെയും അഗതിമന്ദിരങ്ങളുടെയും കണക്ക് ഒഴിവാക്കിയതില്‍ എതിര്‍പ്പുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിക്കുമ്പോള്‍ കൃത്യത ആവശ്യമാണല്ലോ. രാഷ്ട്രത്തിന്റെ സ്വരമാണെന്ന് അഭിമാനിക്കുന്ന ഓര്‍ഗനൈസര്‍ അല്പംകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു. അര്‍ധസത്യങ്ങള്‍ അസഹിഷ്ണുതയോടെ അവതരിപ്പിച്ച 'ഓര്‍ഗനൈസര്‍' ജബല്‍പ്പൂരിലും ഒഡീഷയിലുമൊക്കെ ഈ ദിവസങ്ങളില്‍ നടന്ന ക്രൈസ്തവപീഡനത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. ഈ പീഡനം നടത്തിയവരുടെയും നുണലേഖനം പ്രചരിപ്പിക്കുന്നവരുടെയും ബലം, അധികാരത്തില്‍ തങ്ങളുടെ പാര്‍ട്ടിയാണെന്ന ധൈര്യമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശത്തിന്മേല്‍ അസത്യപ്രചാരണങ്ങളും അക്രമപ്രവര്‍ത്തനങ്ങളുമായി വരുന്നവരെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ തയ്യാറാകണം. സത്യംകൊണ്ടും അഹിംസകൊണ്ടും സ്വാതന്ത്ര്യം നേടിയെടുത്ത രാജ്യത്തിന്റെ മണ്ണ് അസത്യത്താലും ഹിംസയാലും മലിനമാക്കരുത്. മതേതരത്വഇന്ത്യയില്‍മാത്രമേ ന്യൂനപക്ഷങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണമുണ്ടാകൂ.