അനന്തവിശാലമായ ഈ ഭൂമിയിലെ സര്‍വചരാചരങ്ങളും ദൈവകൃപയുടെ മഹത്ത്വം വെളിപ്പെടുത്തുന്ന സൃഷ്ടികളാണ്. ആ സൃഷ്ടികളുടെ പൂര്‍ണതയാണ് മനുഷ്യര്‍. ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം സാദൃശ്യത്തില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നാണ് വിശുദ്ധഗ്രന്ഥത്തില്‍ നാം വായിച്ചറിയുന്നത്. അങ്ങനെ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍, ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കാന്‍ ഉത്തരവാദപ്പെട്ട മനുഷ്യന്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ ദൈവകൃപയില്‍നിന്നു വ്യതിചലിക്കുകയും സ്വതന്ത്രമായി കൈക്കൊണ്ട നിലപാടുകള്‍ നിമിത്തം പാപത്തില്‍ നിപതിക്കുകയും ചെയ്തു. അങ്ങനെ പാപിയായിത്തീര്‍ന്ന അവന്‍ തീര്‍ച്ചയായും കാലാകാലങ്ങളില്‍ ദൈവകരുണയ്ക്കായി യാചിച്ചുകൊണ്ടിരുന്നു എന്നത് വിശുദ്ധഗ്രന്ഥത്തില്‍ നാം വായിക്കുന്നുണ്ട്.
മനുഷ്യനെ ആശ്വസിപ്പിക്കാനും ദൈവത്തിന്റെ മാര്‍ഗങ്ങളിലേക്കു തിരികെക്കൊണ്ടുവരാനും ദൈവം കാലാകാലങ്ങളില്‍ പ്രവാചകന്മാരെയും ന്യായാധിപന്‍മാരെയും രാജാക്കന്മാരെയും നിയോഗിക്കുന്നു. അങ്ങനെ, ദൈവത്തിന്റെ അനന്തകൃപ മനുഷ്യനെ തേടിയെത്തുന്നതായി നാം വേദപുസ്തകത്തില്‍ കാണുന്നുണ്ട്. അപ്പോഴൊക്കെയും ദൈവം നല്കുന്ന വാഗ്ദാനം, മനുഷ്യനെ പാപത്തില്‍നിന്നു മോചിപ്പിക്കാന്‍ ദൈവം മനുഷ്യനായി അവതരിക്കും അല്ലെങ്കില്‍ ദൈവകൃപ ഭൂമിയില്‍ വീണ്ടും അവതരിക്കും എന്നതായിരുന്നു. ഒരു പുതിയ സൃഷ്ടി സംഭവിക്കും എന്ന വാഗ്ദാനം തീര്‍ച്ചയായും നമുക്കു ലഭിച്ചിട്ടുണ്ട്. ആ വാഗ്ദാനത്തിന്റെ നിറവേറലാണ് യൂദയായില്‍ യൗസേപ്പിനു വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന മറിയം എന്ന കന്യകയുടെ അടുത്തേക്കെത്തുന്ന ദൈവദൂതന്‍ അറിയിക്കുന്നത്. ദൈവത്തിന്റെ വാഗ്ദാനത്തിന്റെ നിറവേറലാണ് ക്രിസ്മസിലൂടെ യാഥാര്‍ഥ്യമാകുന്നതു ദൈവം ഭൂമിയില്‍ മനുഷ്യനായി അവതരിച്ചതും.
ആ അവതാരത്തിന്റെ മുഖ്യലക്ഷ്യം മനുഷ്യന്റെ ആത്യന്തികമായ രക്ഷയാണ്. അങ്ങനെ മുപ്പത്തിമൂന്നുവര്‍ഷക്കാലം ക്രിസ്തു ഭൂമിയില്‍ ജീവിച്ചു നന്മകള്‍ പ്രവര്‍ത്തിച്ചു, അദ്ഭുതങ്ങള്‍ നടത്തി, പാപത്തില്‍ വീണുപോയ മനുഷ്യനെ അവിടെനിന്നു വീണ്ടെടുക്കാനുള്ള നല്‍വരങ്ങളും പ്രബോധനങ്ങളും നല്കി അവന്റെ അനന്തമായ കൃപ വെളിപ്പെടുത്തി.
ആര് അവന്റെ ശബ്ദം കേള്‍ക്കും എന്നു പ്രതീക്ഷിക്കുന്നുവോ, അവരില്‍ ഒരു വിഭാഗം, വേര്‍തിരിഞ്ഞ് ശാസ്ത്രികള്‍, പരീശന്മാര്‍ എന്നു നമ്മള്‍ അടയാളപ്പെടുത്തുന്ന വിഭാഗങ്ങളില്‍പ്പെട്ട ഉന്നതന്മാര്‍, യഹൂദവംശത്തിന്റെ ഉന്നതങ്ങളില്‍ വ്യാപരിച്ചിരുന്ന ആളുകള്‍, യേശുവിന്റെ രക്ഷാകരസന്ദേശം ഉള്‍ക്കൊള്ളുന്നതിനു വിസമ്മതിക്കുകയും അവനെ എങ്ങനെയെങ്കിലും അപകടത്തില്‍പ്പെടുത്തണമെന്നു തീരുമാനിക്കുകയും ചെയ്തു. യേശുവില്‍ കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്ന പരീശരെയും ശാസ്ത്രികളെയും മഹാപുരോഹിതരെയും ഇവിടെ നാം കാണുന്നുണ്ട്. നന്മയുടെ പൂക്കള്‍ വിരിയുന്ന മനോഹരമായ ഒരു ഉദ്യാനമോ പ്രകാശത്തിന്റെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശമോപോലെ സുന്ദരവും വിശാലവുമായ യേശുവിന്റെ ജീവിതപഥം, ക്രിസ്തുമാര്‍ഗം ഉള്‍ക്കൊള്ളുന്നതിന് അവരുടെ സങ്കുചിതമായ മനസ്സുകള്‍ക്കു സാധിച്ചില്ല.
തങ്ങള്‍ ഉയരങ്ങളില്‍ നില്ക്കുന്നു എന്ന് അവര്‍ ഭാവിച്ചുക്കൊണ്ടിരുന്നപ്പോള്‍ യേശുതമ്പുരാന്‍ എല്ലാവര്‍ക്കും തുല്യമായ പദവി കല്പിച്ചു. ഏറ്റവും പാവപ്പെട്ടവരെ, സമൂഹം ബഹിഷ്‌കരിച്ച ആളുകളെ തന്റെ ശിഷ്യന്മാരാക്കുക, പാപികള്‍ക്കു മോചനം നല്‍കുക, രോഗികള്‍ക്കു സൗഖ്യം നല്‍കുക, മരിച്ചവര്‍ക്ക് ഉത്ഥാനം നല്കുക തുടങ്ങങ്ങിയ പ്രവൃത്തികളിലൂടെ അനന്തമായ ദൈവകരുണ വെളിപ്പെടുത്തിക്കൊണ്ട് യേശുതമ്പുരാന്‍ ഈ ഭൂമിയില്‍ മുപ്പത്തിമൂന്നു വര്‍ഷക്കാലം ജീവിക്കുകയാണു ചെയ്തത്. ഇങ്ങനെയുള്ള യേശുതമ്പുരാന്റെ ജീവിതം സഹിക്കാനോ ആ ഉദാരമായ ദൈവവചനം ഉള്‍ക്കൊള്ളാനോ കഴിയാതെ, അസഹിഷ്ണുക്കളായിത്തീര്‍ന്ന ഒരു വിഭാഗം ആളുകള്‍, യേശുവിന്റെതന്നെ വംശത്തിലെ ഏറ്റവും ഉന്നതരായ ആളുകള്‍, അവനെതിരേ ഗൂഢാലോചന നടത്തുകയാണു ചെയ്തത്. അതിന്റെ ഫലമായി യേശുവിനെ എങ്ങനെയും കുറ്റാരോപിതനായി കണ്ടെത്തി മരണശിക്ഷയ്ക്കു വിധിക്കണമെന്ന് ആ ഗൂഢസംഘം തീരുമാനിച്ചു. അതിനുവേണ്ടി ഏറ്റവും മോശമായ ഒരു മാര്‍ഗമാണ് അവര്‍ സ്വീകരിക്കുന്നതും: അവന്റെ ശിഷ്യന്മാരില്‍ ഒരുവനെ ഒറ്റുകാരനാക്കുന്നു. ഗുരുവിനെ ഒറ്റിക്കൊടുക്കുകയെന്നത് ഏറ്റവും നീചമായ ഒരു പ്രവൃത്തിയാണ്. ഒരിക്കലും ആരും ചെയ്യരുതാത്ത കാര്യമാണത്. അതിനുവേണ്ടി അവര്‍ ഒരു ശിഷ്യനെ ഒരുക്കിക്കൊണ്ടുവരികയാണ്. യൂദാസ്‌കറിയാത്തയെ, യേശുവിന്റെ പന്ത്രണ്ടു ശിഷ്യരില്‍ ഒരുവനെ. പണം കൊടുത്തു മയക്കി അവര്‍ അവനെ തങ്ങളുടെ വശത്താക്കി. അതിന്റെ അനന്തരഫലമാണ് പെസഹാവ്യാഴാഴ്ച രാത്രി ഗദ്‌സമെന്‍ തോട്ടത്തില്‍വച്ച് യൂദാസ് യേശുവിനെ ഒരു ചുംബനംകൊണ്ട് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നത്. അവര്‍ യേശുവിനെ ബന്ധിതനാക്കി പീലാത്തോസിന്റെ മുമ്പില്‍ ഹാജരാക്കുന്നു. ഇവന്‍ ദൈവദൂഷണം പറഞ്ഞു എന്നതായിരുന്നു മുഖ്യമായ ആരോപണം. റോമന്‍ ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്കു ഹിതമായ ചില വാദഗതികളും അവര്‍ ഉന്നയിക്കുന്നു. സ്വയം ദൈവമായും രാജാവായും ചമഞ്ഞു. ഭരണാധികാരിയായ സീസറിന് കപ്പംകൊടുക്കരുത് എന്നു പറഞ്ഞു തുടങ്ങിയ ആരോപണങ്ങള്‍ ഒന്നൊന്നായി നിരത്തി എങ്ങനെയും അവനെ വധശിക്ഷയ്ക്കു വിധിക്കുന്നതാണ് നാം കാണുന്നത്.
ദുഃഖവെള്ളിയാഴ്ച. ലോകചരിത്രത്തിലെ ഏറ്റവും കറുത്തദിവസം. ഗുരുവിന്റെ ശിഷ്യന്‍ വഞ്ചനയുടെ ചുംബനംകൊണ്ടു ശത്രുക്കള്‍ക്ക് ഒറ്റുകൊടുത്ത ദുര്‍ദിനമാണത്. റോമാഭരണാധികാരിയായ പീലാത്തോസ്, യാതൊരു കുറ്റവുമില്ലാത്ത യേശുവിനെ യഹൂദപ്രമാണികളുടെ നിര്‍ബന്ധത്തിനുവഴങ്ങി കുരിശുമരണത്തിനു വിധിക്കുന്നു. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും ഉടയവനായ ദൈവപുത്രന്‍ നിന്ദ്യവും ക്രൂരവുമായ കുരിശുമരണത്തിനു വിധേയനാകുന്നത് നാം ദുഃഖവെള്ളിയാഴ്ച ദര്‍ശിക്കുന്നു.
സംസ്‌കരിച്ചതിനുശേഷം മൂന്നാംനാള്‍ മൃതദേഹത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ ലേപനം ചെയ്യുകയെന്നത് അക്കാലത്തെ ഒരു പതിവായിരുന്നു. അതനുസരിച്ച് യേശുവിനെ സംസ്‌കരിച്ചതിന്റെ മൂന്നാംനാള്‍ (അന്ന് ആഴ്ചവട്ടത്തിന്റെ ഒന്നാംദിവസമായിരുന്നു) മൃതദേഹം തേടിയെത്തുന്ന സ്ത്രീകള്‍ യേശുവിന്റെ കല്ലറ ശൂന്യമാണെന്നു കണ്ട് പരിഭ്രമിക്കുന്നു.
അവര്‍ സംഭ്രമിച്ചുനില്‍ക്കുമ്പോള്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് അവരോടു ചോദിക്കുന്നത്, 'ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്തിന്' എന്നാണ്. അവന്‍ മുമ്പ് അരുള്‍ ചെയ്തതനുസരിച്ച്, മരിച്ചതിന്റെ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന സദ്വാര്‍ത്ത ആദ്യമറിയിക്കുന്നതും ആ സാധുസ്ത്രീകളെത്തന്നെയാണ്. ക്രിസ്മസ് കാലത്ത് രക്ഷയുടെ സദ്വാര്‍ത്ത ആദ്യം അറിയിക്കുന്നതും സാധാരണക്കാരായ ആട്ടിടയന്മാരെയാണ്.
ഉയിര്‍പ്പിന്റെ സന്ദേശം തിരുപ്പിറവിയുടെ സന്ദേശംപോലെതന്നെ പ്രധാനപ്പെട്ടതാണ്. ലോകരക്ഷയ്ക്കായി നിങ്ങള്‍ക്ക് ഒരു രക്ഷകന്‍ ജനിച്ചിരിക്കുന്നു എന്ന് ആട്ടിടയര്‍ കേട്ട സന്ദേശവും, മരിച്ചവരുടെ ഇടയില്‍നിന്ന് മൂന്നാംനാള്‍ അവന്‍ ഉയിര്‍ക്കപ്പെട്ടിരിക്കുന്നു എന്ന മഗ്ദലേനമറിയം സന്ദേശവും മാനവരാശിക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണ്.
ചരിത്രത്തില്‍ അന്നോളം നടന്നിട്ടില്ലാത്തതും മനുഷ്യബുദ്ധിക്ക് ദുര്‍ഗ്രഹവുമായ അദ്ഭുതങ്ങളാണ് കന്യകാഗര്‍ഭവും മരണത്തില്‍നിന്നുള്ള ഉയിര്‍പ്പും. ഇപ്രകാരമുള്ള രണ്ട് അദ്ഭുതങ്ങളുടെ നടുവിലാണ് യേശുക്രിസ്തുവിന്റെ ജീവിതം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്.
യേശുവിന്റെ തിരുപ്പിറവിയും മരണോത്ഥാനവും കഴിഞ്ഞിട്ട് രണ്ടായിരം വര്‍ഷങ്ങള്‍ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നാം നില്‍ക്കുന്നത്. ഈ മാറുന്ന യുഗപരിവേഷങ്ങള്‍ക്കപ്പുറത്തു നിലകൊള്ളുന്ന സനാതനമായ സത്യത്തിന്റെ ശബ്ദവും ചൈതന്യവുമാണ് നാം യേശുവിന്റെ ജീവിതത്തിലൂടെ തിരിച്ചറിയുന്നത്. ദൈവം മനുഷ്യനായി അവതരിച്ചു, പാപികള്‍ക്കു മോചനം നല്‍കി. ശിക്ഷാവിധികള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട പാവം മനുഷ്യന് മോചനത്തിന്റെ പാത തെളിച്ചുകൊടുത്തു. ശിക്ഷാവിധിയില്‍നിന്നു പൂര്‍ണമായി അവന് രക്ഷയുടെ പാത കാണിച്ചുകൊടുത്തു. അതുപോലെ, തന്റെ ഉയിര്‍പ്പിലൂടെ, മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗാരോഹണം ചെയ്തു എന്ന മഹത്തായ സത്യത്തിന്റെ പഠനത്തിലൂടെ നാം തിരിച്ചറിയുന്ന മഹത്തായ യാഥാര്‍ഥ്യം എന്നത്, ജീവനിലേക്ക് ഉയരുന്നതിനു പ്രതിബന്ധമായ പാപത്തിന്റെ എല്ലാ കെട്ടുകളും അഴിച്ച് പൂര്‍ണമായ വിമോചനം മനുഷ്യനു നല്കുന്നു എന്ന ഉയിര്‍പ്പിന്റെ സന്ദേശമാണ്. ഉയിര്‍പ്പ് വിമോചനത്തിന്റെ ദൈവശാസ്ത്രമാണ് നമുക്കു നല്കുന്നത്. പാപത്തില്‍ പതിക്കാതെ, മരണത്തില്‍ പതിക്കാതെ ഉയിര്‍ത്ത് ഒരു പുതിയ മനുഷ്യനായി ഈ ഭൂമിയില്‍ ജീവിക്കുക; ദൈവത്തിന്റെ സാദൃശ്യത്തില്‍ അവന്റെ ചൈതന്യം ഉള്‍ക്കൊണ്ട്, അനുഗ്രഹം പ്രാപിച്ച് ജീവിതം അതിന്റെ പൂര്‍ണതയില്‍ എത്തിക്കുകയെന്ന മഹാസന്ദേശം ഉയിര്‍പ്പിലൂടെ നാം ദര്‍ശിക്കുകയാണ്. അനന്തമായ ദൈവകരുണയുടെ ആ ഒരു അനുഗ്രഹമാണ് ഉയിര്‍പ്പ് വാഗ്ദാനം ചെയ്യുന്നത്.
കവര്‍സ്റ്റോറി
നിത്യരക്ഷയുടെ സാക്ഷാത്കാരം
