•  17 Apr 2025
  •  ദീപം 58
  •  നാളം 7
ലേഖനം

ഓര്‍മകളില്‍ നിറയുന്ന ഓശാനഗീതങ്ങള്‍

    കേരളത്തിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ നോമ്പിന്റെയും ആന്തരിക രൂപാന്തരീകരണത്തിന്റെയും ദിനങ്ങളാണ്. മീനം, മേടമാസങ്ങളിലെ തീവ്രമായ ചൂടുള്ള പ്രകൃതിപോലും ഒരു മാറ്റത്തിനു ദാഹാര്‍ത്തയായി നില്‍ക്കുന്ന കാലം. എന്നാല്‍, കുട്ടികള്‍ക്ക് ഇതു സഘര്‍ഷഭരിതമായ പരീക്ഷക്കാലവും അതിനെത്തുടര്‍ന്ന് ഉല്ലസിക്കാനുള്ള നീണ്ട വേനലവധിയും.  
   ജന്മനാടായ പ്രവിത്താനം എന്ന ശാലീനസുന്ദരമായ ഗ്രാമത്തെയും അതിന്റെ പ്രശാന്തതയെയും അതിരില്ലാതെ സ്‌നേഹിക്കുന്ന ഒരു പ്രവാസിയായ എനിക്ക് ഈസ്റ്റര്‍കാലം എന്നും മനോഹരമായ ഒരു ഓര്‍മയാണ്. എണ്‍പതുകളും തൊണ്ണൂറുകളും എനിക്കു സമ്മാനിച്ച ഈസ്റ്റര്‍ ഓര്‍മകള്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. വിഭൂതിത്തിരുനാളിനു തലേന്നാള്‍ പേത്തുര്‍ത്താ ഞായര്‍ ഒരുക്കത്തിന്റെ മുന്നോടിയായി വിശ്വാസികള്‍ തങ്ങളെത്തന്നെ ആത്മശോധന ചെയ്യുന്ന സമയം. കുരിശുവരപ്പെരുന്നാളിനു പള്ളിയില്‍ പോയി തിരികെവരുമ്പോളേക്കും ഓരോരുത്തരും എന്താണു നോമ്പ് എടുക്കേണ്ടതെന്ന് അമ്മ തീരുമാനിച്ചിരിക്കും.  വര്‍ജിക്കേണ്ട ഭക്ഷണസാധനം ഏതാണെന്നു കാലേകൂട്ടി പദ്ധതിയിട്ടാണ് പള്ളിയില്‍ നിന്നുള്ള എന്റെ മടക്കയാത്ര. എല്ലാ നോമ്പുകാലത്തും നോമ്പെടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത് പോത്തിറച്ചിയായിരുന്നു. കാരണം, അന്ന് ഒട്ടുംതന്നെ ഇഷ്ടമല്ലാത്തതും കാലവൈപരീത്യത്താല്‍ ഇന്ന് ഇഷ്ടപ്പെടുന്നതുമായ ഒന്നാണ് പോത്തിറച്ചിവിഭവങ്ങള്‍. എന്നാല്‍, മനസ്സിലുള്ളത് മാനത്തുകണ്ടെന്നവണ്ണം, ഞാന്‍ പറയുംമുമ്പേ അമ്മ എന്നോട് മധുരം നോമ്പെടുക്കാന്‍ പറയും. മകന്റെ ഉള്ളിലുള്ളതു മുഴുവന്‍ ചൂഴ്‌ന്നെടുത്ത മനശ്ശാസ്ത്രജ്ഞയുടെ മനോഭാവത്തോടെ, 'ഇഷ്ടമില്ലാത്തവയല്ല ഇഷ്ടമുള്ളവയാണ് നോമ്പെടുക്കേണ്ടത്' എന്ന ഒരു ഉപദേശവും തരും. 
    ഇനിയുള്ള അമ്പതു ദിവസങ്ങളില്‍ മധുരം ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഹൃദയം തകരുന്ന വേദനയായിരുന്നു. എന്തെന്നാല്‍, മധുരവും ഞാനും തമ്മില്‍ അക്കാലത്തുണ്ടായിരുന്ന കാല്പനികപ്രണയം കവികള്‍ക്കുപോലും വര്‍ണിക്കാനാവാത്തത്ര ദൃഢമായിരുന്നു. 
അക്കാലത്തു പ്രവിത്താനം പള്ളിയില്‍ ഫാ. ജോസഫ് നെടുമ്പുറം എന്ന പ്രഗല്ഭനായ വൈദികന്‍ വികാരിയായി  സ്ഥലംമാറി വന്നു. പാതിനോമ്പുകാലത്ത് ഭവനസന്ദര്‍ശനത്തിനും വെഞ്ചരിപ്പിനുമായി എന്റെ തറവാട്ടില്‍ കപ്യാര് ജോയിച്ചേട്ടനോടൊപ്പം വന്ന അദ്ദേഹം തൂണുംചാരി നിസ്സംഗനായി നില്‍ക്കുന്ന എട്ടാം ക്ലാസ്സുകാരനായ എന്നെ കണ്ടപ്പോള്‍ ഇവനെ ഇങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലല്ലോയെന്ന മട്ടില്‍ പിറ്റേന്നുമുതല്‍ കുര്‍ബാനയ്ക്ക് അള്‍ത്താരബാലനായി സഹായിക്കാന്‍ നിര്‍ദേശം തന്നു. 
   പ്രകൃത്യാ അന്തര്‍മുഖനും മിതഭാഷിയുമായ ഞാന്‍ പിറ്റേന്ന് ജനക്കൂട്ടത്തിനു മുമ്പില്‍ നില്‍ക്കുന്നതും കാറോസൂസ ചൊല്ലുന്നതും ചിന്തിച്ചപ്പോള്‍ത്തന്നെ ശരീരം ആലിലപോലെ വിറയ്ക്കാന്‍ തുടങ്ങി. അപ്പനും അമ്മയും തങ്ങളുടെ അന്തര്‍മുഖനായ സന്തതി വീടിന്റെ മതില്‍ക്കെട്ടിനുള്ളില്‍നിന്നു പുറത്തുപോയി ബഹുമുഖപ്രതിഭയായി ഒരിക്കല്‍ തിരിച്ചുവരുന്നതിനുള്ള ആദ്യപടിയായി ഈ അവസരം വന്നതിനെയോര്‍ത്ത് അതിരില്ലാതെ സന്തോഷിച്ചു. ആ രാത്രി അവസാനിക്കാതിരുന്നെങ്കിലെന്ന് അവന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു, പക്ഷേ, ആ പ്രാര്‍ഥനകള്‍ സ്വര്‍ഗീയവാതായനങ്ങള്‍ തുറക്കാന്‍ പര്യാപ്തമല്ലായിരുന്നു. എന്നുമാത്രമല്ല, കട്ടിളപ്പടിക്കപ്പുറം ആ ശബ്ദം ആരും കേട്ടതുമില്ല.
അതിരാവിലെ അലാറം ക്ലോക്കിനെക്കാള്‍ കൃത്യനിഷ്ഠയുള്ള അപ്പന്റെ ഇടതടവില്ലാത്ത വിളികേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്, പള്ളിയില്‍ പോകാന്‍ സമയമായെന്നും പെട്ടെന്നു തയ്യാറാകാനും അദ്ദേഹം ആവശ്യപ്പെട്ടു. അറവുശാലയിലേക്ക് ആട്ടിന്‍കുട്ടിയെ കൊണ്ടുപോകുന്ന ഉത്സാഹിയായ അറവുകാരനെപ്പോലെ എന്റെ അപ്പനും മകനെ അനുധാവനം ചെയ്യാന്‍ തിടുക്കപ്പെട്ടു. അമ്മയാണെങ്കിലോ, പുലര്‍കാലേ ഉണര്‍ന്ന്, കട്ടന്‍കാപ്പി കുടിപ്പിച്ച്, നോമ്പുവീടല്‍ കഴിഞ്ഞ് കാഞ്ഞിരപ്പള്ളിയിലെ സ്വഗൃഹത്തില്‍ ഒരു കല്യാണത്തിനു പോകുമ്പോള്‍ ഇടാനായി ഇടപ്പറമ്പില്‍നിന്നു വാങ്ങിവച്ച പുത്തന്‍ഷര്‍ട്ട് ധരിച്ചു പോകാന്‍ നിര്‍ബന്ധിച്ചു. 
   പിന്നീടുള്ള നാലഞ്ചു വര്‍ഷങ്ങളില്‍ ഞായറാഴ്ചകള്‍, വിശേഷപ്പെട്ട ദിവസങ്ങള്‍, പെരുന്നാളുകള്‍ എല്ലായിടത്തും സധൈര്യം ലേഖനം വായിച്ചു. ആ നോമ്പുകാലം മനസ്സില്‍ മായാതെ ഇന്നും നില്‍ക്കുന്നു. 
   ഓശാനഞായറാഴ്ചയിലെ നീണ്ട പ്രസംഗവേളയില്‍ തങ്ങള്‍ക്കു കിട്ടിയ കുരുത്തോലകളുടെ തുമ്പില്‍ ക്രിയാത്മകമായ കുരിശുകള്‍ തീര്‍ത്ത് പിള്ളേര്‍ കേമത്തം കാണിച്ചു, മുതിര്‍ന്നവര്‍ ജറുസലേംദേവാലയത്തിലേക്ക് രാജകീയമായി പ്രവേശിച്ച ദൈവപുത്രനെയോര്‍ത്ത് പുളകിതരായി ഉച്ചത്തില്‍ ഓശാന പാടി. വെഞ്ചരിച്ച കുരുത്തോല, തറയില്‍ ഇടുകയോ കളയുകയോ ചെയ്യരുതെന്ന കല്പന വേദപാഠം പഠിപ്പിച്ച കന്യാസ്ത്രീ സീത്താമ്മ തന്നത് അക്ഷരംപ്രതി പാലിച്ച് അതു ഭക്ത്യാദരപൂര്‍വം വീട്ടിലെത്തിച്ചു. പേരപ്പന്‍ അവയെല്ലാം വാങ്ങി കിഴക്കിനി പൂമുഖഭിത്തിയിലെ തിരുഹൃദയരൂപത്തിനു പിറകില്‍ ഒളിപ്പിച്ചു. 
    അങ്ങനെ പെസഹാവ്യാഴാഴ്ച വന്നെത്തി. അന്നാള്‍വരെ പന്ത്രണ്ടു ശിഷ്യന്മാരെ അനുസ്മരിപ്പിച്ചു കാല്‍ കഴുകാന്‍ തിരഞ്ഞെടുത്തിരുന്നത്, തിരുനാള്‍ പ്രസുദേന്തിമാരെയും ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളെയുമൊക്കെയാണ്. എന്നാല്‍, അത്തവണ ആദ്യമായി കുട്ടികളുടെയും അള്‍ത്താരബാലന്മാരുടെയും കാല്‍കഴുകാന്‍ പുതിയ വികാരിയച്ചന്‍ തീരുമാനിച്ചു. വെള്ളഷര്‍ട്ടും കറുത്ത ട്രൗസറുമിട്ട് സെഹിയോന്‍ മണിമാളികയിലെ വിരുന്നിനെന്നപോലെ ഞാനും കസേരയില്‍ ഇരുന്നു. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി സ്വയം ശൂന്യനാക്കിയ ഈശോമിശിഹായെ അനുസ്മരിപ്പിച്ച് വികാരിയച്ചന്‍ ബാലന്മാരുടെ കാലുകള്‍ കഴുകി തുടച്ചു ചുംബിച്ചു, പരിപാവനമായ ആ ചടങ്ങ് അവസാനിച്ചു. അച്ചന്‍ പന്ത്രണ്ടു കുട്ടികള്‍ക്കും സമ്മാനപ്പൊതികള്‍ നല്കി ആദരിച്ചു. 
    പെസഹാവ്യാഴാഴ്ച ഒരു കല്യാണവീട്ടിലെ ബഹളമായിരുന്നു. പെസഹാ അപ്പം പുഴുങ്ങാന്‍ തേങ്ങാ ചോദിച്ച് അടുത്തഗ്രാമത്തില്‍നിന്നുപോലും ആളുകള്‍ വരും. കൃഷ്ണന്‍കുട്ടി മച്ചിന്‍പുറത്തെ തട്ടില്‍നിന്നു തേങ്ങാ തലയെണ്ണമനുസരിച്ച് പെറുക്കിക്കൊടുത്തു. 
പാചകപ്പുരയിലെ മേശമേല്‍, ഊണുമുറിയിലെ നീലച്ചായം തേച്ച തടിയലമാരയില്‍ സൂക്ഷിക്കപ്പെട്ടിരുന്ന, വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം പുറത്തെടുക്കുന്ന കുഴിയുള്ള തൂവെള്ള പിഞ്ഞാണങ്ങളില്‍ അപ്പത്തിനുള്ള മാവ് അമ്മയും മമ്മിയെന്ന പേരമ്മയും ഒഴിച്ചു. വീട്ടിലെ തലമൂത്ത കാരണവര്‍ പപ്പായെന്ന പേരപ്പന്‍ നെറ്റിയില്‍ കുരിശുവരച്ചു, തിരുഹൃദയരൂപത്തിനു പിറകില്‍ ഒളിപ്പിച്ച കുരുത്തോല ഒന്നെടുത്തു കീറി കുരിശാകൃതിയില്‍ മാവിനു മുകളില്‍ വച്ചു. അമ്മയും മമ്മിയും അപ്പം വിള്ളല്‍ വീഴാതെ വൃത്തിയായി പുഴുങ്ങിയെടുത്തു മാറ്റി. അപ്പത്തിനൊപ്പം കഴിക്കാനുള്ള ശര്‍ക്കരപ്പാലില്‍ കുടുംബത്തിലെ മുതിര്‍ന്ന ഗൃഹനാഥയായ വലിയമ്മച്ചി കുരുത്തോല കീറി കുരിശാകൃതിയില്‍ ഇട്ടു, സഹായികളായ കുഞ്ഞേലിച്ചേടത്തിയും പത്രോസ് ചേട്ടനും വട്ടയപ്പവും ഇലയടയും ഉണ്ടാക്കി അടുക്കിവച്ചു. കൃഷ്ണന്‍കുട്ടി പത്തായപ്പുരയിലെ ചാക്കില്‍ കെട്ടിത്തൂക്കിയിരുന്ന പൂവന്‍പഴം പടലകളായി ഉരിഞ്ഞെടുത്തു മുറത്തില്‍ നിരത്തി. കുട്ടികള്‍ കൂടകളില്‍ അപ്പവും മറ്റു പലഹാരങ്ങളും ബന്ധുവീടുകളിലും, മരണം നടന്നതിനാല്‍ അപ്പം പുഴുങ്ങാത്ത അയല്‍വീടുകളിലേക്കും എത്തിച്ചു. 
അന്ന് കുരിശുവരയും അത്താഴവും നേരത്തേ കഴിച്ച് എല്ലാവരും വിരിച്ചിട്ട തഴപ്പായയില്‍ ഇരുന്നു. സ്ഫുടമായി മലയാളം വായിച്ചിരുന്നതിനാല്‍ ബൈബിളിലെ അന്ത്യത്താഴ ഭാഗം വായിക്കാന്‍ പേരപ്പന്‍ എന്നോടാവശ്യപ്പെട്ടു. യേശുക്രിസ്തു ഒറ്റുകാരനായ യൂദാസ് സ്‌കറിയോത്തായില്‍നിന്ന് അന്ത്യചുംബനം സ്വീകരിച്ചത് മൃദുലമ നസ്‌കനായ ഞാന്‍ ഏറെ വികാരനിര്‍ഭരമായി വായിച്ചു വ്യസനപ്പെട്ടു. 
     വായന കഴിഞ്ഞയുടന്‍, ദൈവപുത്രന്‍ ശിഷ്യര്‍ക്കു പെസഹാഭക്ഷണം പങ്കുവച്ചതുപോലെ, പേരപ്പന്‍ ഓരോരുത്തര്‍ക്കും അപ്പവും പാലും വീതം വച്ചു.
    ദുഃഖവെള്ളിയാഴ്ച പള്ളിയില്‍ കുര്‍ബാനയ്ക്കു പകരം നീണ്ട പീഡാനുഭവവായനയും ഉച്ചകഴിഞ്ഞു കുരിശിന്റെ വഴിയുമാണ്. ആകെ ശോകമൂകവും ദുഃഖസാന്ദ്രവുമായ അന്തരീക്ഷം. അന്നേദിവസം ടീവി കാണാനോ പാട്ടുകള്‍ കേള്‍ക്കാനോ വീട്ടില്‍ അനുവാദമില്ലായിരുന്നു. വര്‍ഷത്തില്‍ ഏറ്റവും കുറച്ച് അടുപ്പില്‍ തീ പുകയുന്ന ആ ദിവസം കഞ്ഞിയും പയറും അച്ചാറുമായിരുന്നു വലുപ്പചെറുപ്പമില്ലാതെ ഏവര്‍ക്കുമുള്ള ഉച്ചഭക്ഷണം. 
   ആളും ആരവവും ഇല്ലാതെ ദുഃഖശനിയാഴ്ച പകല്‍ കടന്നുപോയി. വൈകുന്നേരമായപ്പോഴേക്കും കശാപ്പുകാരന്‍ അന്തോണിച്ചേട്ടന്‍ തേക്കിലയില്‍ പൊതിഞ്ഞു മത്സ്യമാംസാദികള്‍ എത്തിച്ചു. പിറ്റേന്ന് ഊണുകഴിക്കാന്‍ വരുന്ന അതിഥികള്‍ക്കുള്ള മെനു നേരത്തേ നിര്‍ണയിക്കപ്പെട്ടതനുസരിച്ച് മത്സ്യവും മാംസവും അടുപ്പില്‍ കയറി. രണ്ടു ദിവസത്തെ താത്കാലിക ഇടവേളയ്ക്കുശേഷം ചില്ലലമാരയിലെ പോര്‍സിലിന്‍ പാത്രങ്ങളും കരണ്ടികളും ഒരിക്കല്‍ക്കൂടി കലപിലശബ്ദം ഉണ്ടാക്കി.
     ഈസ്റ്റര്‍ഞായറാഴ്ച രാവിലെ ഏഴുമണിയുടെ കുര്‍ബാനയ്ക്ക് കൊവേന്തപ്പട്ടക്കാരന്‍ കാപ്പിപ്പൊടിളോഹധാരിയായ ഫ്രാന്‍സിസ് അച്ചന്‍ മൈക്കിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു: വിശ്വാസികളേ കേള്‍പ്പിന്‍, ദുഃഖവെള്ളി സന്തോഷവെള്ളിയാണ്, അത് വിലപിക്കാനുള്ളതല്ല, മരണത്തിന്റെയും സഹനത്തിന്റെയും താഴ്‌വരയിലൂടെ നടക്കുന്നവര്‍ക്ക് കാല്‍വരിയില്‍ പ്രത്യാശയുടെ സുവിശേഷം പ്രഘോഷിക്കപ്പെട്ട ദിനമാണത്, ഭാഗ്യപ്പെട്ട ദിനം. ക്രിസ്തു മാനവരാശിക്കുവേണ്ടി കുരിശില്‍ തൂങ്ങിമരിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു, കേള്‍ക്കാന്‍ ചെവിയുള്ളവന്‍ ഇതു കേള്‍ക്കട്ടെ.'' അച്ചന്‍ പറഞ്ഞു നിര്‍ത്തി. 
    പുതുഞായറാഴ്ച വെഞ്ചരിച്ച വെള്ളവും തിരിയും വാങ്ങി, മലയാറ്റൂര്‍ പൊന്മല കയറി, മുത്തപ്പനെ വണങ്ങി, ഒരു ഈസ്റ്റര്‍ കാലവും കഴിഞ്ഞ മനഃസംതൃപ്തിയില്‍ ആള്‍ക്കൂട്ടം പുതിയ പ്രതീക്ഷകളുമായി വീടുകളിലേക്കു തിരിച്ചു, അവരോടൊപ്പം ജീവിതകാലം മുഴുവന്‍ ഓര്‍മിക്കാനുള്ള ഈസ്റ്റര്‍ ഓര്‍മ്മകളുമായി ഞാനും കാലത്തിന്റെ പടിവാതില്‍ കടന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)