ആഘോഷങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കുമിടയില്‍ ഒരു വിളിപ്പാടകലെ നമ്മെ കാത്തിരിക്കുന്നത് സങ്കടങ്ങളുടെ കാളരാത്രികളാണ് എന്ന് ഓശാന ഞായര്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. ജനങ്ങളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണവും ആയ മിശിഹായുടെ രാജകീയ പ്രവേശനത്തിനു വഴിയൊരുക്കപ്പെട്ടപ്പോള്‍ ക്രിസ്തു എത്ര മാത്രം വിനീതനായിട്ടാണ് ആ എതിരേല്പിനെ സ്വീകരിച്ചത് എന്നത് ധ്യാനിക്കേണ്ടതുതന്നെ. ഓശാനവിളികള്‍ക്കിടയില്‍ പ്രതിധ്വനിച്ചു നിന്ന ''ക്രൂശിക്കുക'' എന്ന വാക്കുകള്‍ അവിടുത്തെ കാതുകളില്‍ മാത്രമല്ല ഹൃദയത്തിലും അപ്പോള്‍ മുഴങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം കുലീനമായ മുഖപ്രസാദത്തോടെ എല്ലായിടത്തും ആയിരിക്കാന്‍ ക്രിസ്തുവിനു കഴിഞ്ഞത്.
അഗാധമായ ധ്യാനത്തിലൂടെ ഒരുവനില്‍ ഉണരുന്ന ജ്ഞാനമാണ് പ്രപഞ്ചത്തില്‍ മുഴങ്ങുന്ന ശബ്ദങ്ങളുടെ ധ്വനികള്‍പോലും തിരിച്ചറിയാന്‍ കഴിയുക എന്നത്. ഇത്തരം ആളുകള്‍ക്ക് സ്വീകരണത്തിന്റെ മറുവശമായ 'നിരാകരണത്തെ'യും ഒപ്പം കാണാന്‍ കഴിയും. അവര്‍ക്കു വിജയത്തെയും തോല്‍വിയെയും കുലീനതയോടെ സ്വീകരിക്കാനുമാകും. ആഘോഷങ്ങളില്‍ അമിതമായ ആഹ്ലാദപ്രകടനങ്ങളോ പീഡകളില്‍ അമിതമായ സങ്കടങ്ങളോ ഇല്ല. മനസ്സിനെ ബാലന്‍സ് ചെയ്യാന്‍ ഇക്കൂട്ടര്‍ക്കാകും.
മറ്റൊന്ന് ഒരു കഴുതയെ തിരഞ്ഞെടുത്തപ്പോള്‍പോലും അവിടെയും ഒരു കരുണയുടെ മഹാസാഗരം തീര്‍ക്കുകയായിരുന്നു ക്രിസ്തു. കഴുതക്കുട്ടിയെ മാത്രം അഴിച്ചുകൊണ്ടു പോരുമ്പോള്‍ അടുത്തുനില്‍ക്കുന്ന കഴുത വേദനിക്കും. ഇനി കഴുതയെ മാത്രം അഴിച്ചു കൊണ്ടുവരുമ്പോള്‍ ആവട്ടെ കഴുതക്കുട്ടിയും വേദനിക്കാന്‍ ഇടയാകും. അതുകൊണ്ട് തന്റെ നിയോഗത്തിന്റെ പൂര്‍ത്തീകരണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു ജീവിപോലും ഭൂമിയില്‍ വേദനിക്കാന്‍ ഇടയാവരുത് എന്ന കരുതലിന്റെ സുവിശേഷമാണ് ഇവിടെ കാണുക. ആരും തനിച്ചാവരുതെന്ന വേദവും ഈ വരികളില്‍ മുഴങ്ങുന്നുണ്ട്.
കുരുത്തോല കൊണ്ടുള്ള പ്രദക്ഷിണമാണ് ഓശാനഞായറില്‍ നടക്കുന്നത്, പെരുത്തോലകൊണ്ടുള്ളതല്ല. ആ തളിരിലകള്‍ മനസ്സിന്റെ നിഷ്‌കളങ്കതയെയാണ് തെളിയിക്കുന്നത്. ക്രിസ്തുവിനെ സ്വീകരിക്കാന്‍ എത്തുന്നവരുടെ ഹൃദയലാളിത്യത്തിന്റെ, നൈര്‍മല്യത്തിന്റെ പ്രതീകം.
അസൂയാലുക്കളായ യഹൂദ, ഫരിസേയപ്രമാണിമാര്‍ ജനക്കൂട്ടത്തോടു നിശ്ശബ്ദരാന്‍ ആവശ്യപ്പെടുന്ന ഒരു രംഗം സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്. 'ഇവര്‍ നിശ്ശബ്ദരായാല്‍ ഈ കല്ലുകള്‍ ആര്‍പ്പുവിളിക്കുമെന്ന്' ക്രിസ്തുവിന്റെ മറുമൊഴിയും. നമ്മള്‍ നിസ്സാരരെന്നു കരുതുന്നവര്‍പോലും എത്രമാത്രം വില മതിക്കപ്പെടുന്നുണ്ട് എന്ന് ഈ വചനം വെളിവാക്കുന്നു. ഒപ്പം നമ്മുടെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും തിരുത്താനുള്ള ഒരു ആഹ്വാനവും ഈ വരികളില്‍ നിറയുന്നുണ്ട്.
യഹൂദപശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ ഒരു ദരിദ്രന്റെ ഉപജീവനത്തിനുള്ള അവസാനത്തെ കച്ചിത്തുരുമ്പാണ് അവന്റെ മേല്‍വസ്ത്രം. ഇവിടെ ഈ വസ്ത്രങ്ങള്‍ മണ്ണില്‍ വിരിച്ചിട്ടാണ് അവര്‍ ക്രിസ്തുവിനെ സ്വീകരിക്കാന്‍ നില്‍ക്കുന്നത്. അങ്ങനെ തങ്ങള്‍ക്കുള്ളതു മുഴുവന്‍ നല്‍കി, ഹൃദയനിഷ്‌കളങ്കതയോടെനിന്നവരുടെ അധരങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന കീര്‍ത്തനങ്ങളായിരുന്നു ഓശാനവിളികള്‍. സ്‌തോത്രഗീതം പാപിക്ക് ഇണങ്ങുകയില്ല എന്ന സങ്കീര്‍ത്തനഭാഗവും ഇവിടെ ഓര്‍മിക്കേണ്ടതാണ്.
ഈ കെട്ടകാലത്തിന്റെ മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന നമ്മുടെ ഹൃദയങ്ങളില്‍നിന്നും അധരങ്ങളില്‍ നിന്നും ഓശാനവിളികള്‍ ഉയരട്ടെ...