''ഈശോ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.'' (ലൂക്കാ. 2:52)
ദൈവപിതാവിനെ ലോകത്തിനു വെളിപ്പെടുത്തിയ വചനമാണ് ഈശോ. അതായത്, ദൈവം ആരെന്നും ദൈവഹിതം എന്താണെന്നും, ലോകത്തിനു വെളിപ്പെടുത്തിയ മനുഷ്യരൂപമാണ് ഈശോ. മനുഷ്യജീവിതത്തിന്റെ വിവിധഘട്ടങ്ങളാണ് ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നിവ.
മാതാപിതാക്കള്‍ നല്ല ഭക്ഷണം നല്‍കി ശൈശവഘട്ടത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നു. ചിക്കനും കുഴിമന്തിയും നൂഡില്‍സും പൊറോട്ടയും എന്നു വേണ്ട, അവര്‍ എന്താണ് ആഗ്രഹിക്കുന്നത്, ആവശ്യപ്പെടുന്നത് അത് അവര്‍ക്കു നല്‍കുന്നു. എല്ലാവരുമായി സാഹോദര്യത്തില്‍ കഴിയാന്‍ മിക്‌സഡ് ക്ലാസുകളില്‍ പഠിക്കുന്നു. ഇതൊക്കെ ശാരീരികവളര്‍ച്ചയ്ക്കും മാനസികവളര്‍ച്ചയ്ക്കും അനിവാര്യമാണ്. എന്നാല്‍, ഈ കാലഘട്ടത്തില്‍ നേടേണ്ട ആത്മീയവളര്‍ച്ചയ്ക്ക് ഈശോയോടുകൂടി സമയം ചെലവഴിക്കുന്നത് എങ്ങനെയാണ്? അതിന് സഭ നല്‍കുന്ന സമ്മാനമാണ് വിശുദ്ധ കൂദാശകളും ദൈവവചനവും. വചനം നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും പ്രാവര്‍ത്തികമാക്കണം.
ലോകപ്രശസ്തനായ ഭൗതികശാസ്ത്രജ്ഞനാണ് വില്യം ആമ്പിയര്‍. വൈദ്യുതിസംബന്ധമായ ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളുമാണ് ഫ്രഞ്ചുകാരനായ ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തം എന്താണെന്ന ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി, നസ്രായനായ ഈശോ എന്റെ രക്ഷകനാണെന്നു കണ്ടെത്തിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്നാണ്.
വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യഭക്തിയും തന്റെ ജീവനായി കണ്ട കൗമാരക്കാരന്‍ കാര്‍ലോസ് അക്വിറ്റസ് എന്ന വിശുദ്ധന്‍ കൗമാരക്കാര്‍ക്കൊക്കെ മാതൃകയാണ്. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ദിവ്യകാരുണ്യഭക്തിയുടെ പ്രചാരണത്തിന് അദ്ദേഹം ഉപയോഗിച്ചു. ഈശോ രക്ഷകനാണെന്നു പറയാന്‍ ചങ്കുറ്റം കാട്ടി. ദിവ്യകാരുണ്യത്തിന്റെ വെളിച്ചത്തില്‍മാത്രം സഞ്ചരിച്ച ആ കുട്ടി ഏപ്രില്‍ 24 ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയാണ്.
നമുക്കു ധാരാളം കൂട്ടുകാര്‍ ഉണ്ടല്ലോ. നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും അടുത്ത സുഹൃത്തുക്കളോടു നാം പറയാറില്ലേ? നമ്മുടെ ഏറ്റവും നല്ല സുഹൃത്തായി ഈശോയെ നാം കാണണം. അതിനായി നാം ഈശോയില്‍ വിശ്വസിക്കണം. അവിടുത്തെ വചനങ്ങള്‍ പാലിക്കണം. അവിടുത്തെ ഏറ്റുപറയണം. അപ്പോഴാണ് ലോകരക്ഷകനായ ഈശോ നമ്മുടെ ഓരോരുത്തരുടെയും രക്ഷകനായിത്തീരുന്നത്.
സ്‌നേഹം വിദ്വേഷത്തെക്കാള്‍ ശക്തമാണെന്നും വെളിച്ചം എല്ലായ്‌പ്പോഴും ഇരുട്ടിനെ മറികടക്കുമെന്നും മിശിഹാ നമുക്കു കാട്ടിത്തന്നു. ഈശോയുടെ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈശോയാവുന്ന സ്‌നേഹത്തെ പൂര്‍ണമായി സ്വീകരിച്ചുകൊണ്ട് നമ്മുടെ ജീവിതത്തില്‍ നന്മയുടെ വസന്തം തീര്‍ക്കാന്‍ നമുക്കു പരിശ്രമിക്കാം.