.ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ചു ധ്യാനിക്കുന്ന ഈ നോമ്പുകാലം ഒരു ക്രൈസ്തവന്റെ ജീവിതത്തിലെ ഒളിമങ്ങാത്ത ദൈവസ്‌നേഹത്തിന്റെ മധുരിക്കുന്ന ഓര്‍മകളാണ്. നമുക്കുവേണ്ടി പീഡ സഹിക്കാനും മരിക്കാനും ആരെങ്കിലും തയ്യാറായാല്‍ ആ മനുഷ്യനെ നമ്മുടെ ഹൃദയത്തില്‍നിന്നു പറിച്ചുമാറ്റാന്‍ പറ്റുമോ?
പ്രിയമുള്ളവരേ, കര്‍ത്താവിന്റെ നാമം നാവുകൊണ്ടുപറഞ്ഞാല്‍മാത്രം പോരാ, നമ്മുടെ മരണശേഷംപോലും മായാത്ത രീതിയില്‍ ജീവിതംകൊണ്ട് ഈലോകത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ എഴുതിവച്ചിട്ടു പോകണം.
ഈശോ മുപ്പത്തിമൂന്നുവര്‍ഷക്കാലം ഈ ഭൂമിയില്‍ ജീവിച്ചു. അതില്‍ മൂന്നുവര്‍ഷം നമുക്കുവേണ്ടിമാത്രമാണ് അദ്ദേഹം ജീവിച്ചത്. ദൈവമായ അവിടുത്തേക്ക് മനുഷ്യരുടെ ഹൃദയത്തിലേക്ക് എളുപ്പത്തില്‍ കടന്നുചെന്ന് തന്റെ പിതാവിന്റെ സ്‌നേഹം പകര്‍ന്നുതരാന്‍ സാധിച്ചു. പക്ഷേ, ഈ ലോകവും ലോകത്തിന്റെ മോഹങ്ങളും തിന്മയുടെ ശക്തികളും ചേര്‍ന്ന് അതെല്ലാം നമ്മുടെ ഹൃദയത്തില്‍നിന്നു മായ്ച്ചുകളഞ്ഞിരിക്കുന്നു. മറ്റുള്ളവരുടെ മുമ്പില്‍ ഞാന്‍ ക്രിസ്ത്യാനിയാണ് എന്നു തെളിയിക്കലല്ല; ക്രിസ്തുവിന്റെ മുമ്പില്‍ ഞാന്‍ ക്രിസ്ത്യാനിയാണ് എന്നു തെളിയിക്കണം. അതാണ് നമ്മുടെ ഉത്തരവാദിത്വം. അങ്ങനെയുള്ളവരുടെ പേരാണ് വിശുദ്ധര്‍. ആര്‍ക്കുവേണ്ടിയാണ് ഈശോ പീഡകള്‍ സഹിച്ചത്? എന്തിനാണ് ഈശോ നിശ്ശബ്ദനായി നിന്നത്? എന്തിനാണ് അവിടുന്നു നഗ്നനാക്കപ്പെട്ടപ്പോള്‍ ഒരു വാക്കുപോലും ഉരിയാടാതെ നിന്നത്? എന്തിനാണ് ഈശോ ബറാബാസിന്റെ മുമ്പില്‍ നാണം കെട്ടുനിന്നത്? അതിനൊക്കെയുള്ള ഉത്തരം എന്റെയും നിങ്ങളുടെയും ജീവിതത്തിനുവേണ്ടിയാണ് എന്നതുമാത്രമാണ്. ഇതൊന്നു തിരിച്ചറിയാന്‍ കുരിശില്‍ കിടക്കുമ്പോള്‍പോലും കര്‍ത്താവ് ദാഹിച്ചു.
'എന്നെ നിങ്ങള്‍ കല്ലെറിയുന്നു.' മുന്തിരിത്തോട്ടത്തിലെ കാവല്‍ക്കാര്‍ യജമാനനെ കണ്ടപ്പോള്‍ 'ഇവനെ കൊന്ന് മുന്തിരിത്തോട്ടം നമുക്കു കൈവശമാക്കാ'മെന്നു പറഞ്ഞതുപോലെ ജറുസലേമും ഈ ലോകം മുഴുവനെയും സ്വന്തമാക്കാന്‍ അതെല്ലാം തന്നവനെ കുരിശില്‍ തറച്ചവരുടെ മക്കളാണു നാം.
ഇന്നു ക്രിസ്തുവിന്റെ രൂപം എവിടെയുമുണ്ട്. ക്രിസ്തുവിനെക്കുറിച്ചുള്ള പാട്ടുകള്‍ കോടാനുകോടിയുണ്ട്. ക്രിസ്തുവിനെക്കുറിച്ച് എഴുതിയിട്ടുള്ള പുസ്തകങ്ങളുടെ എണ്ണം ആര്‍ക്കും നിര്‍ണയിക്കാന്‍ സാധിക്കില്ല. ക്രിസ്തുവിന്റെ നാമത്തിലുള്ള ദൈവാലയങ്ങള്‍ എത്രയോ ഉണ്ട്. ക്രിസ്തുവിനെപ്പറ്റി പ്രസംഗിക്കാന്‍ ധ്യാനകേന്ദ്രങ്ങളുണ്ട്. പക്ഷേ, ക്രിസ്തു നമ്മുടെ ഉള്ളിലുണ്ടോ? ക്രിസ്തുവാണോ നമ്മിലൂടെ സംസാരിക്കുന്നത്? അതോ ഞാന്‍തന്നെയാണോ സംസാരിക്കുന്നത്?
വി. പൗലോസിന്റെ വാക്കുകളുണ്ട്; ഞാനല്ല, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. നെഞ്ചിലിരിക്കുന്ന ക്രിസ്തുവിനെ കാണാനില്ല, കുരിശില്‍ മരിച്ചുകിടക്കുന്ന ക്രിസ്തുവിന്റെ രൂപം കാണാനുണ്ട്, പക്ഷേ, ജീവിക്കുന്ന ക്രിസ്തു, നമ്മിലുണ്ടോ, നാം അതു കാണുന്നുണ്ടോ?
നമ്മുടെ ഉള്ളിലാണ് ക്രിസ്തു ജീവിച്ചിരിക്കാത്തത്. നമ്മുടെയുള്ളില്‍ നമ്മുടെ മോഹങ്ങള്‍, അധികാരങ്ങള്‍, അവകാശങ്ങള്‍, സ്ഥാനമാനങ്ങള്‍, ആരോഗ്യം, സമ്പത്ത്, ബന്ധുക്കള്‍ ഇതെല്ലാമാണ് ജീവിക്കുന്നത്. ഇതെല്ലാം ആരുതന്നു? ക്രിസ്തു കടന്നുപോയ വഴികളിലൂടെ നാം സഞ്ചരിക്കണം. അതുകൊണ്ടാണ് ഈശോ പറഞ്ഞത്, ഞാനാണു നിങ്ങള്‍ക്കു വഴി, ഞാനാണ് നിങ്ങള്‍ക്കു സത്യം, ഞാനാണ് നിങ്ങള്‍ക്കു ജീവന്‍ തരുന്നവന്‍. എത്രയോ ലളിതമായിട്ടാണ് ഈശോ സംസാരിച്ചത്. തന്റെ പീഡാസഹനകാലങ്ങളില്‍ ഈശോ നിശ്ശബ്ദനായി നമ്മോടു സംസാരിച്ചു. യൂദാസ് ഒറ്റിക്കൊടുത്തപ്പോള്‍മാത്രം ഒന്നു സംസാരിച്ചു. നിന്റെ ഗുരുവിനെ ചുംബിച്ചുകൊണ്ട് ഒറ്റിക്കൊടുക്കുകയാണല്ലേ? പിന്നെ ഈശോ ആരോടും ഒന്നും മിണ്ടിയിട്ടില്ല. തന്നെ തള്ളിപ്പറഞ്ഞ പത്രോസിനോടും ഒന്നും പറഞ്ഞില്ല. ഓടിപ്പോയ ശിഷ്യരോടും ഒന്നും പറഞ്ഞില്ല. അവസാനം തന്റെ ശ്വാസം ശരീരത്തില്‍നിന്നു കടന്നുപോകുമ്പോള്‍ തന്റെ പ്രിയപ്പെട്ട ശിഷ്യനെ നോക്കിയിട്ടു പറഞ്ഞു: നിനക്കു ഞാന്‍ ഒന്നും തന്നില്ല എന്നു പറയരുത്. എന്റെ ശരീരവും രക്തവും തന്നിട്ടുണ്ട്. ഇതാ, എന്റെ അമ്മയെക്കൂടി നിനക്കു തരുന്നു. ഈ സ്‌നേഹത്തെയാണ് നാം അറിയാതെ പോകുന്നത്.
നമ്മെ സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടിയെ നമുക്കറിയാം. അവള്‍ കഷായം തന്നാലും വിഷമാണെങ്കിലും വാങ്ങിക്കുടിക്കും. പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ ദൈവത്തെയും ഈശോയെയും ഈശോയിലുള്ള സ്‌നേഹത്തെയും മറന്നുകളയാന്‍ മനുഷ്യര്‍ക്കു മടിയില്ല. പണം മാത്രം മതി. പണം നേടുന്തോറും അതിനോടുള്ള ആര്‍ത്തി കൂടിവരുന്നു. ഈലോകസുഖങ്ങള്‍ അനുഭവിച്ചനുഭവിച്ചു മതിവരുന്നില്ല. ഒരു പ്രായം കഴിയുമ്പോള്‍ എല്ലാം അവസാനിച്ചു എന്നു മനുഷ്യന്‍ തിരിച്ചറിയും.
എന്നാല്‍, ക്രിസ്തുവിനോടുള്ള സ്‌നേഹത്തിന്റെ ആഴം നാം പ്രായമാകുന്തോറും വര്‍ധിക്കും; വര്‍ധിക്കണം. അങ്ങനെ, ഈലോകത്തില്‍നിന്നു കടന്നുപോകുമ്പോള്‍ ഈശോ പോയതുപോലെ, ചിരിച്ച് സംതൃപ്തിയോടെ 'നിന്റെ കൈകളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു, ഞാന്‍ വരികയാണ്' എന്നു പറയാന്‍ കഴിയണം.
ഈശോ കാണിച്ചുതന്നത്, നാം എങ്ങനെയാണ് ഈ ഭൂമിയില്‍ ജീവിക്കേണ്ടത് എന്നാണ്. എങ്ങനെയാണ് നമ്മള്‍ സ്‌നേഹിക്കേണ്ടത്, എങ്ങനെയാണ് നമ്മള്‍ ക്ഷമിക്കേണ്ടത്, എങ്ങനെയാണ് നാം എളിമയോടുകൂടി വ്യാപരിക്കേണ്ടത് എന്നൊക്കെയാണ് അവിടുന്നു നമ്മെ പഠിപ്പിച്ചത്.
ഇന്ന് എവിടെ നോക്കിയാലും അധികാരങ്ങളും വാശികളും പ്രതികാരങ്ങളും വിദ്വേഷങ്ങളും താന്‍പോരിമകളും നിറഞ്ഞുനില്ക്കുന്നു. ഇതിനിടയില്‍ എവിടെയാണ് ഈശോയുടെ സാന്നിധ്യം? നമ്മുടെയുള്ളില്‍ ക്രിസ്തുവിന്റെ സാന്നിധ്യമുണ്ടെന്നു നെഞ്ചത്തു കൈവച്ചു പറയാന്‍ കഴിയണം. വിശുദ്ധ പൗലോസ് ചോദിക്കുന്നുണ്ട്, യേശുക്രിസ്തു നിങ്ങളുടെ ഉള്ളിലുണ്ടെന്നു പറയാന്‍ നിങ്ങള്‍ക്കു ബോധ്യമുണ്ടോ?
ഈശോയുടെ പീഡാസഹനവും ഭാരമുള്ള കുരിശും വഹിച്ചു ഗാഗുല്‍ത്തായിലേക്കുള്ള യാത്രയുമൊക്കെ നമ്മുടെ കണ്ണു നനയ്ക്കണം, നമ്മുടെ ഹൃദയം പൊട്ടണം. മനുഷ്യനായി വന്ന ദൈവപുത്രന്‍ നമുക്കുവേണ്ടി ഇങ്ങനെയൊക്കെ ചെയ്തു എന്ന ചിന്ത നിരന്തരം നമ്മുടെ മനസ്സിലുണ്ടാവണം. ആ ചിന്തകള്‍കൊണ്ട്, കദനഭാരംകൊണ്ട് നമ്മുടെ തല കുനിഞ്ഞ് ആ കുരിശു ചുംബിക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ.
പ്രസംഗിച്ചതുകൊണ്ടോ, പാട്ടുകള്‍ എഴുതിയതുകൊണ്ടോ, പാടിയതുകൊണ്ടോ, വാട്‌സാപ്പില്‍ ഹാപ്പി ഈസ്റ്റര്‍ പറഞ്ഞതുകൊണ്ടോ, ദുഃഖവെള്ളിയുടെ പടം കൊടുത്തതുകൊണ്ടോ ആയില്ല. ക്രിസ്തുവിനെ കാണാനില്ല ഈ ലോകത്ത്.
ഈശോ നമ്മുടെ ഉള്ളിലുണ്ടാകണം, നമ്മുടെ സംസാരത്തിലും പ്രവൃത്തിയിലും മനോഭാവത്തിലും ആഗ്രഹങ്ങളിലും, വിചാരങ്ങളിലും ഈശോ ഉണ്ടാകണം. അതാണ് അവിടുന്നു പറഞ്ഞത്, നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍, ഞാന്‍ നിങ്ങളിലും വസിക്കാം എന്ന്.
എന്റെ ഈശോയേ, നീ ഈ ലോകത്തിനു കാണിച്ചുകൊടുത്ത പിതാവിന്റെ സ്‌നേഹം തിരിച്ചറിയാന്‍ ഈ മണ്‍കൂന പോലത്തെ ഭൂമിയില്‍ കണ്ണുവയ്ക്കാതെ വിണ്ണിലേക്കു നോക്കി ജീവിക്കാനും മരിച്ചാല്‍, നാം ജനിക്കുകയാണെന്നുള്ള ബോധ്യത്തോടെ ഈ ലോകത്തിനു തുലനം ചെയ്യാന്‍ പറ്റാത്ത സ്വര്‍ഗീയാനന്ദം നിങ്ങള്‍ക്കായി ഞാന്‍ കാത്തുവച്ചിരിക്കുന്നു എന്നു മനുഷ്യഹൃദയങ്ങളെ ബോധ്യപ്പെടുത്താനും സ്‌നേഹംകൊണ്ടും ത്യാഗംകൊണ്ടും സ്വയം എളിമപ്പെട്ടുകൊണ്ടും സ്വര്‍ഗത്തില്‍ നിക്ഷേപങ്ങളുണ്ടാക്കാന്‍ ഉദ്‌ബോധിപ്പിച്ച നിന്റെ കുരിശിന്റെ വഴിയിലൂടെ ഞങ്ങള്‍ക്കും, നിനക്കുവേണ്ടി നിശ്ശബ്ദനാകാന്‍, നിനക്കുവേണ്ടി ക്ഷമിക്കാന്‍, നിനക്കുവേണ്ടി മരിക്കാന്‍, അങ്ങനെ സാധിക്കട്ടെ. ഞങ്ങളുടെ അപരാധങ്ങളെ ക്ഷമിക്കണമേ, ഞങ്ങളോടു കരുണ തോന്നണമേ...
ലേഖനം
ഉത്ഥിതനുണ്ടോ നിങ്ങളുടെയുള്ളില്‍?
