ഈസ്റ്റര്‍ ആചരണങ്ങളുടെ വൈവിധ്യം വിവരിക്കുക പ്രയാസമാണ്. ഓരോ രാജ്യത്തിനും പ്രദേശത്തിനും തനതായ രീതികളും ശൈലികളുമുണ്ട്.
ഫിന്‍ലന്‍ഡില്‍, ഈസ്റ്റര്‍സായംകാലത്ത് കുട്ടികള്‍ മുഖം വിരൂപമാക്കി തെരുവിലിറങ്ങും. അവിടെനിന്ന് അതും ഇതുമൊക്കെ സമ്പാദിച്ച് മടങ്ങിയെത്തും. പിന്നീട്, ദുഷ്ടാരൂപികളെ ഒഴിവാക്കാനെന്ന സങ്കല്പത്തില്‍ തുറസ്സായ ഒരു സ്ഥലത്ത് വലിയൊരു ആഴികൂട്ടി അവയെല്ലാം കത്തിക്കും. തണുപ്പകറ്റാനും അതു സഹായകമാകുമല്ലോ.
ക്രൈസ്തവലോകത്തിലെ ഏറ്റവും വര്‍ണശബളമായ ഈസ്റ്റര്‍ ആഘോഷങ്ങള്‍ യുക്രെയ്ന്‍ ദൈവാലയങ്ങളിലാണ്.
പൂക്കളും മറ്റു കാഴ്ചവസ്തുക്കളുമായി ആളുകള്‍ യഥാസമയം ദൈവാലയങ്ങളില്‍ എത്തുകയായി, എല്ലാ അന്തരങ്ങളും അഭിപ്രായവ്യത്യാസങ്ങളും മറന്ന്. തിരുക്കര്‍മങ്ങളുടെ പ്രാരംഭവേളകളില്‍ പരിപൂര്‍ണ അന്ധകാരമായിരിക്കും. യേശുവിനെത്തേടി കല്ലറയിലേക്കു നീങ്ങിയ ഭക്തസ്ത്രീകളെ അനുസ്മരിച്ചുകൊണ്ട് ഒരു പ്രദക്ഷിണവും കൂട്ടത്തിലുണ്ടാകും - അതും തികഞ്ഞ അന്ധകാരത്തില്‍.
പ്രധാനഘട്ടത്തില്‍ 'ലോകത്തിന്റെ പ്രകാശമായ മിശിഹാ സത്യമായും ഉയിര്‍ത്തെഴുന്നേറ്റു, ഹല്ലേലുയ്യാ' എന്ന തിരുവചനം കാര്‍മികന്‍ ഉച്ചത്തില്‍ ഉരുവിടുന്നതോടെ ദൈവാലയത്തിലും പരിസരങ്ങളിലുമുള്ള സര്‍വദീപങ്ങളും അലങ്കാരങ്ങളും ഒന്നിച്ച് ഒറ്റയടിക്കു മിന്നിത്തെളിയുന്നതു വലിയൊരു അനുഭൂതിയാണ്!
യുക്രെയ്ന്‍കാരെ സംബന്ധിച്ചിടത്തോളം തമാശയുണ്ടാക്കി സന്തോഷിക്കുന്ന ദിവസം ക്രിസ്മസാണ്. എന്നാല്‍, ഈസ്റ്റര്‍ അങ്ങനെയല്ല. വളരെ പ്രധാനപ്പെട്ട ദിവസമാണത് - വലിയൊരു തയ്യാറെടുപ്പിന്റെയും നീണ്ടുനിന്ന ഉപവാസങ്ങളുടെയും ബാക്കിപത്രം!
നോമ്പുകാലം മുഴുവന്‍ മിക്കപേര്‍ക്കും കഠിനമായ തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും ദിവസങ്ങളാണ്. വര്‍ജ്യങ്ങളായ ഭക്ഷണപദാര്‍ഥങ്ങള്‍ ഒന്നും അവര്‍ കഴിക്കാറില്ല. എന്നാല്‍, ഈസ്റ്റര്‍ ദിവസം സര്‍വനിയന്ത്രണങ്ങളും വിലക്കുകളും അവസാനിക്കുന്നതുകൊണ്ട് യഥേഷ്ടം തിന്നുകുടിച്ചു സന്തോഷിക്കാനും അവര്‍ മറക്കാറില്ല.
ആദിയിലോളം ഇതുപോലൊരു അനുഭവമായിരുന്നല്ലോ. ഹൃദയം നിറയെ വേദനയുമായിട്ടാണ് മഗ്ദലനമറിയം കല്ലറയിലേക്കു നീങ്ങുന്നത്. പക്ഷേ, തിരിച്ചോടുന്നത് ആ മറിയമല്ല. അവളുടെ ഭാവം ആകെ മാറി. എന്തോ കൈവന്നു; എന്തോ മനസ്സിലായി: ''യേശു ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു.'' (ലൂക്കാ 24:5) ഈ വലിയ സന്തോഷവാര്‍ത്ത എത്രയും തിടുക്കത്തില്‍ പങ്കുവയ്ക്കുവാനാണ് അവള്‍ ഓടുന്നത്; മറ്റു സ്ത്രീകള്‍ ഓടുന്നത്, യോഹന്നാന്‍ ഓടുന്നത്, പത്രോസും പായുന്നത്.
ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷവാര്‍ത്ത (ലൂക്കാ 2:10) എന്നാണല്ലോ യേശു ജനിച്ചപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ ഉയരങ്ങളില്‍നിന്ന് ഉദീരണം ചെയ്തത്. അതുപോലൊരു വൃത്താന്തമാണ്-സന്തോഷവാര്‍ത്തയാണ് ഇപ്പോഴും കര്‍ത്താവിന്റെ ദൂതന് അറിയിക്കാനുള്ളത്: ''അവന്‍ ഇവിടെയില്ല. അരുള്‍ ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു'' (മത്താ. 28:6). ഇതാണ് ഏറ്റവും വലിയ വാര്‍ത്ത സദ്വാര്‍ത്ത; ഏറ്റവും വലിയ വിശേഷം - സുവിശേഷം: ''യേശു ഉയിര്‍ത്തെഴുന്നേറ്റു.''
പകലത്തെ അധ്വാനംമൂലം അവശനായി കിടന്നുറങ്ങുകയായിരുന്ന തിരുവനന്തപുരംകാരന്‍ പരമേശ്വരന്‍. തല പൊക്കാന്‍ വയ്യാത്ത തളര്‍ച്ച! അപ്പോഴാണ് ഫോണ്‍ബെല്‍ അടിക്കുന്നത്. നശിച്ച ഫോണ്‍! അയാള്‍ വീണ്ടും തിരിഞ്ഞുകിടന്നുറങ്ങി. വീണ്ടും വീണ്ടും ഫോണ്‍ബെല്‍! സഹിക്കവയ്യാതെ വന്നപ്പോള്‍ കിടന്ന കിടപ്പില്‍ത്തന്നെ അയാള്‍ അതെടുത്തു. അതാ, ഒരു സന്ദേശം: ''പരമേശ്വരാ, നിന്റെ ലോട്ടറി ടിക്കറ്റിന് ഒന്നാംസമ്മാനം!''
പിന്നെ, അയാള്‍ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല-ഉള്ളിലൊതുക്കാന്‍ പറ്റാത്ത ഒരു വാര്‍ത്ത! അയാള്‍ പിടഞ്ഞെണീറ്റു. വസ്ത്രങ്ങള്‍പോലും മാറാതെ അടുത്ത വീടുകളിലേക്കോടി. സുഹൃത്തുക്കളോടും സഹോദരങ്ങളോടും വിളിച്ചുപറഞ്ഞു:
''എനിക്കു സമ്മാനം കിട്ടി! എന്റെ ടിക്കറ്റിന് ഒന്നാംസമ്മാനം.''
അതുപോലെയായിരുന്നു ഭക്തസ്ത്രീകള്‍ക്കും ശിഷ്യന്മാര്‍ക്കും. ഉള്ളിലൊതുക്കാനാവാത്ത ഒരു സന്ദേശം കല്ലറയില്‍നിന്ന്.
താന്‍ ദൈവപുത്രനാണ്, ദൈവം തന്നെയാണ് എന്നു സ്ഥാപിക്കാന്‍വേണ്ടിയായിരുന്നു യേശുവിന്റെ അദ്ഭുതങ്ങളത്രയും. യേശു പ്രവര്‍ത്തിച്ച ഏറ്റവും വലിയ അദ്ഭുതമാണ് തന്റെ ഉത്ഥാനം. അവിടെയാണ് യുക്രെയ്ന്‍കാര്‍ മതിമറന്നു സന്തോഷിക്കുന്നതും ആനന്ദനൃത്തം വയ്ക്കുന്നതും. ആ ദിവ്യാനുഭവത്തില്‍ പങ്കുചേരാന്‍ നമുക്കും ഇടവരുമാറാകട്ടെ.