•  17 Apr 2025
  •  ദീപം 58
  •  നാളം 7
ലേഖനം

തിരിച്ചറിവിന്റെ തീന്‍മേശ

    യാത്ര... ',ഭൂമിയുടെ അതിര്‍ത്തികള്‍ വരെ'' (അപ്പ. പ്രവ. 1:8) സുവിശേഷത്തിനു സാക്ഷ്യം വഹിക്കാന്‍ തിരുസ്സഭ നടത്തുന്ന പ്രേഷിതയജ്ഞത്തിന്റെ മുന്നറിവാണ് എമ്മാവൂസ് യാത്ര. സ്വര്‍ഗീയസഹയാത്രികനെ ''തിരിച്ചറിയാനാകാത്തവിധം'' (ലൂക്കാ. 24:16) മൂടിപ്പോയ ശിഷ്യനേത്രങ്ങള്‍ക്കു ദര്‍ശനവും ''കര്‍ത്താവിന്റെ വചനം ലഭിക്കാനാവാത്തവിധം ക്ഷാമ''(ആമോസ് 8:11)മുണ്ടായ മനുഷ്യഹൃദയങ്ങള്‍ക്കു ജ്വലനവും സമ്മാനിച്ച വചനത്തിന്റെയും അപ്പത്തിന്റെയും അധിനാഥന്‍ സഭയുടെ സകലസഞ്ചാരങ്ങളിലുമുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്.
     എല്ലാ സംഭാഷണങ്ങളും സംവാദങ്ങളും സംഭവകേന്ദ്രീകൃതമാണ്. എമ്മാവൂസ്‌യാത്രയുടെ വിശദാംശങ്ങളും  സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ്. ഈശോയെ സംബന്ധിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള സംവാദങ്ങളില്‍ അവിടുന്ന് സഹയാത്രികനാണ്. ഈശോയുടെ പരിത്രാണകൃത്യങ്ങള്‍ ശിഷ്യന്മാരുടെ സംഭാഷണവിഷയമായിരുന്നെങ്കിലും അവരുടെ ഹൃദയം കഠിനവും മന്ദവുമായിരുന്നു. അപരിചിതരൂപേണ ശിഷ്യര്‍ക്കൊപ്പം യാത്ര ചെയ്ത ഈശോ നേര്‍ക്കാഴ്ചകളുടെ സാകല്യമായി അവരില്‍ നിത്യം സഞ്ചരിക്കുകയാണ്.
    'നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ' (ലൂക്കാ. 24:18) എന്നു ചോദിച്ചവന്‍ - ക്ലയോപ്പാസ്, 'സംഭവ'ത്തെപ്പറ്റി പരിചിതനല്ല എന്നതാണു കൗതുകം. അതുകൊണ്ടുതന്നെ അവന്റെ അനുഭവസാക്ഷ്യത്തിനു നിറമില്ല, സുതാര്യതയില്ല, പൂര്‍ണതയുമില്ല. അറിയാതെ പോയതും അറിയേണ്ടതുമായ സംഭവം ഈശോയുടെ ഉയിര്‍പ്പാണ്. അതേ, ഉയിര്‍ത്തെഴുന്നേറ്റവനെ ഉള്‍ക്കൊള്ളാനുള്ള കരുത്തു നഷ്ടപ്പെട്ടതാണ് ക്രിസ്ത്യാനിയുടെ ഹൃദയമന്ദത. ഈശോയുടെ നിത്യത്വത്തെ സംബന്ധിച്ചുള്ള അജ്ഞതയാണ് യഥാര്‍ഥത്തിലുള്ള അപരിചിതത്വം. അപരിചിതന്‍ പരിചയമില്ലാത്ത കാര്യങ്ങള്‍ പരിചയരൂപേണ സംസാരിക്കുന്നതാണ് ഇന്നിന്റെ സംഭാഷണങ്ങളിലെ കപടതയും അപകടങ്ങളും.
    കണ്ണു മൂടിപ്പോയവരും (വാക്യം 16) ഹൃദയം മന്ദീഭവിച്ചവരും (വാക്യം 25) തിരിച്ചറിവുകള്‍ നഷ്ടപ്പെട്ടവരാണ്. അങ്ങനെയുള്ളവര്‍ക്ക് മഹത്ത്വത്തിലേക്കു പ്രവേശിച്ചവനെ ഗ്രഹിക്കാനാവില്ല. അത്തരക്കാരുടെ കണ്ണു തുറപ്പിക്കാനും (വാക്യം 31) ഹൃദയം ജ്വലിപ്പിക്കാനും (വാക്യം 32) വേണ്ടിയാണ് നിത്യജീവന്റെ അപ്പമായവന്‍ നിത്യസഹയാത്രികനായിരിക്കുന്നത്.
    സഞ്ചാരി വെളിപാടുകളുടെ ഹൃദയഭൂമികയില്‍ ചേക്കേറുന്നവനാണ്. പാദമുറപ്പിച്ച് മണ്ണില്‍ യാത്ര ചെയ്യുമ്പോഴും ഹൃദയമുറപ്പിച്ച് വിണ്ണില്‍ യാത്ര ചെയ്യാനായാല്‍ അതു പുണ്യജന്മമാണ്. വി. ലിഖിതങ്ങളുടെ ബൃഹദാഖ്യാനങ്ങള്‍ക്കു വിശുദ്ധാലയത്തില്‍ (1 കൊറി. 3:16, 17; 6:19) പ്രതിഷ്ഠ അനുവദിച്ചപ്പോള്‍ ശിഷ്യന്മാരുടെ ഹൃദയഭൂമി ജ്വലിച്ചു. നേരും നെറിയും അവര്‍ തിരിച്ചറിഞ്ഞുതുടങ്ങി. സഹയാത്രികന്റെ നിത്യസാന്നിധ്യത്തിന് 'നിര്‍ബന്ധത്തിന്റെ' (ലൂക്കാ 24:29) ഭാഷാരൂപം അവര്‍ കല്പിച്ചുനല്‍കി. യാത്ര തുടരുകയാണെന്നു ഭാവിച്ച (വാക്യം 28) ഈശോ വെറുമൊരു യാത്രികനല്ല, 'കൂടെ താമസിക്കുന്നവ' (വാക്യം 29)നാണെന്നു വെളിപ്പെടുകയാണിവിടെ. ഒരേസമയം കൂടെ വസിക്കുകയും കൂടെ സഞ്ചരിക്കുകയും ചെയ്യുന്നവനാണ് മിശിഹാ. കാലവും ദേശവും അവന്റെ യാത്രയ്ക്ക് അറുതി വരുത്തുന്നില്ല. ഈശോയുടെ ഈ യാത്ര 'യുഗാന്തംവരെ എന്നും നമ്മോടൊപ്പമുണ്ടായിരിക്കും' (മത്താ. 28:20). സഞ്ചാരത്തിന്റെയും സംവാദത്തിന്റെയും സാര്‍വകാലികരൂപമാണ് കര്‍ത്താവായ ക്രിസ്തു.
    സ്വര്‍ഗീയസഹയാത്രികനായ ഈശോയുടെ മഹാസാന്നിധ്യം ശിഷ്യന്മാരുടെ ഹൃദയശൂന്യതയില്‍ ഉഷസ്സായി നിറയുകയും ഹരിതാഭമായ സൗഹൃദകൂടാരങ്ങളില്‍ താവളമടിക്കാന്‍ അതവരെ പ്രേരിപ്പിക്കുകയും ചെയ്തു. 'ഞങ്ങളോടുകൂടെ താമസിക്കുക, പകല്‍ അസ്തമിക്കാറായി' (വാക്യം 29) എന്ന ശിഷ്യമൊഴി വഴിയാത്രക്കാരനോടല്ല, സ്വജീവിതത്തോടു തോന്നിയ സഹതാപതരംഗമാണ്. അതായത്, തങ്ങളുടെ ഹൃദയശൂന്യതയകറ്റിയ പകലിനെ അവര്‍ തിരിച്ചറിഞ്ഞുതുടങ്ങിയെന്നു സാരം. നിരാശയും ദുഃഖവും പടര്‍ന്നുപിടിച്ച ശിഷ്യമനസ്സുകളുടെ തമസകറ്റാന്‍ കഴിയുന്ന പകലിന്റെ ഉടയവനായ കര്‍ത്താവിനെ തിരിച്ചറിഞ്ഞ്, 'തങ്ങളോടൊപ്പം താമസിക്കണേ'യെന്ന് അവര്‍ കേണപേക്ഷിക്കുകയാണ്. ഇരുളോടിണചേരാന്‍ വിധിക്കപ്പെട്ടവരെല്ലാം ആത്മാര്‍ഥമായി ജപിക്കേണ്ട പ്രാര്‍ഥനയാണിത് - 'നാഥാ, ഞങ്ങളോടൊത്തു വസിച്ചാലും' (വാക്യം 29).
    വചനമേശയില്‍നിന്ന് അപ്പമേശയിലേക്കുള്ള നടപ്പാത നാമോരോരുത്തരുടെയും മുമ്പില്‍ സുതാര്യമാകണം. തീന്‍മേശ തിരിച്ചറിവിന്റെ മേശയാകുന്നു, ദര്‍ശനങ്ങളുടെ ഇടമാകുന്നു. തീന്‍മുറിയില്‍ അന്നദാതാവുണ്ടെന്ന കാര്യം നാം മറക്കരുത്. നിന്റെ തീന്‍മേശയില്‍ അപ്പം എടുത്ത് ആശീര്‍വദിച്ച് മുറിച്ച് നിനക്കായി വിളമ്പുന്ന 'ആതിഥേയനെ' നീ തിരിച്ചറിയുന്നുണ്ടോ? ഭക്ഷണമേശയില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസംവേദനം നടക്കുന്നുണ്ടെങ്കില്‍ അവിടെ ആചാര്യപാദരുടെ പാഥേയമുണ്ട്. ഒരുമിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം ഒരുമിച്ചു നില്‍ക്കുന്നതുപോലെ, ഒരുമിച്ചു ഭക്ഷിക്കുന്ന വീടും കേടുകൂടാതെയും നിറം മങ്ങാതെയും 'മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണംപോലെ' (മത്താ. 5:14) പ്രകാശിക്കുകതന്നെ ചെയ്യും.
    അപ്പം മുറിച്ചുവിളമ്പിയപ്പോള്‍ ശിഷ്യന്മാരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു എന്നാണല്ലോ തിരുവചനത്തില്‍ നാം വായിക്കുന്നത്. തുറക്കപ്പെട്ട കണ്ണുകള്‍ ജീവിതമാകെ പ്രകാശം പ്രസരിച്ചതിന്റെ പ്രതീകമാണ്. ശാരീരികവ്യാധികളും വൈകല്യങ്ങളും അകന്നതിന്റെ സൂചനയാണ് ''കണ്ണ് ശരീരത്തിന്റെ വിളക്കാണ്. കണ്ണു കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും'' (മത്താ. 6:22). ദര്‍ശനങ്ങള്‍ ജീവി തത്തിന്റെ വിളക്കുകളാണ്. അന്നവും അന്നദാതാവുമൊക്കെ ജീവിതത്തെ വിമലീകരിക്കുന്ന സുവിശേഷരൂപങ്ങളാണെന്നു നാം തിരിച്ചറിയണം. അതുകൊണ്ടുതന്നെ, ഈലോകത്തിലെ പ്രശ്‌നകലുഷിതമായ അന്തരീക്ഷഘടനയില്‍നിന്ന് ഊട്ടുമുറിയുടെ സ്വച്ഛതയിലേക്കു പ്രയാണം ചെയ്യാന്‍ നാം ഔത്സുക്യം കാണിക്കണം. കുടുംബജീവിതത്തിലെ അന്തരീക്ഷഘടനയ്ക്കു നിറം മങ്ങിയിട്ടുണ്ടെങ്കില്‍, താളം തെറ്റിയിട്ടുണ്ടെങ്കില്‍ അതു നിന്റെ ഊട്ടുമേശ പൊടിപിടിച്ചു കിടക്കുന്നതുകൊണ്ടാവാം. ഈ ഭൂമിയില്‍  കിട്ടാവുന്ന സൗഹൃദത്തിന്റെ അനുഗൃഹീതവേദിയായി നമ്മുടെ കുടുംബങ്ങളിലെ തീന്‍മേശകളെ രൂപാന്തരപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എത്ര തിരക്കുണ്ടായാലും ദിവസം ഒരു നേരമെങ്കിലും മാതാപിതാക്കളും മക്കളും തിരിച്ചറിവിന്റെ തീന്‍മേശയ്ക്കു ചുറ്റുമിരിക്കാന്‍ സമയം കണ്ടെത്തിയേ പറ്റൂ.
    കുടുംബത്തില്‍നിന്നുറവെടുക്കുന്ന അപ്പക്കൂട്ടായ്മകളാണ് ഇടവകയും സഭയുമാകുന്ന ആശീര്‍വദിക്കപ്പെട്ട വലിയ കുടുംബങ്ങളെ രൂപീകരിക്കുന്നതും വിപുലീകരിക്കുന്നതും നിലനിറുത്തുന്നതും. അനുരഞ്ജനത്തിന്റെ വിരുന്നൂട്ടുകളെ അവഗണിക്കാതിരിക്കാം. ഭക്ഷണമേശ തിരിച്ചറിവുകളുടെ സംഗമഭൂമിയാണെങ്കില്‍ അവിടെനിന്നകലം പാലിക്കാതിരിക്കുക. വിരുന്ന് ഉപവാസത്തിന്റെ (കൂടെ വസിക്കുക) അര്‍ഥം വ്യാഖ്യാനിക്കുന്ന സുന്ദരമായ ഇടമാണ്. നാഥാ, ഞങ്ങളോടൊത്തു വസിച്ചാലും എന്നത് വിരുന്നിന്റെ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്. മരുന്നായ വിരുന്നുണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണേയെന്നത് നിത്യവും വിരുന്നൊരുക്കുന്നവനോടുള്ള പ്രാര്‍ഥനയാണ്. പരിശുദ്ധ അള്‍ത്താര സമ്മാനിക്കുന്ന സ്വര്‍ഗീയമന്ന ആസ്വദിച്ചാഹരിക്കുന്നതിനുള്ള തിരിച്ചറിവിന്റെ തീന്‍മേശകളാകട്ടെ നിത്യജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന ഓരോ വിരുന്നുവേളയും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)